ഗർഭകാലത്ത് പലപ്പോഴും ഒറ്റപ്പെട്ടതായി തോന്നിയിരുന്നു എന്ന് അർച്ചന, ‘ഞാൻ ഒരു മോശം പിതാവായിരുന്നു’

നടി അർച്ചന പുരൻ സിങ്ങും നടൻ പർമീത് സേത്തിയും വിവാഹിതരായിട്ട് 34 വർഷങ്ങൾ പിന്നിടുന്നു. തങ്ങളുടെ വിവാഹജീവിതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും സംസാരിക്കുന്ന പുതിയൊരു യൂട്യൂബ് പരമ്പര ദമ്പതികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇതിലെ ഒരു പുതിയ വ്ലോഗിലാണ് തങ്ങളുടെ ആദ്യകാല ദാമ്പത്യത്തെക്കുറിച്ചും കുട്ടികളെ വളർത്തുന്നതിനിടയിലുണ്ടായ വെല്ലുവിളികളെക്കുറിച്ചും അവർ മനസ്സ് തുറന്നത്.
തന്റെ ഗർഭകാലത്ത് പർമീത് വേണ്ടത്ര പിന്തുണ നൽകിയിരുന്നില്ലെന്നും ആ സമയത്ത് പലപ്പോഴും ഒറ്റപ്പെട്ടതായി തോന്നിയിരുന്നതായും അർച്ചന വെളിപ്പെടുത്തി. തനിക്ക് സുഖമില്ലാതിരുന്ന സമയത്ത് പോലും പർമീത് ഫുട്ബോൾ കളിക്കാൻ പോയ ഒരു സംഭവം അവർ ഓർത്തെടുത്തു. തുടക്കത്തിൽ പർമീതിന് കുട്ടികൾ വേണമെന്ന് ആഗ്രഹമില്ലായിരുന്നുവെന്നും, അന്നത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും അർച്ചന പറഞ്ഞു.
കുട്ടികൾ ഉണ്ടാകുമ്പോൾ ജീവിതം എത്രത്തോളം മാറുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പർമീത് സമ്മതിച്ചു. മൂത്തമകൻ ആര്യമാന്റെ ജീവിതത്തിലെ ആദ്യത്തെ രണ്ടുമൂന്ന് വർഷങ്ങളിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നില്ലെന്ന് അർച്ചന ചൂണ്ടിക്കാട്ടിയപ്പോൾ, "ഞാൻ ഒരു മോശം പിതാവായിരുന്നു" എന്ന് പർമീത് ഏറ്റുപറഞ്ഞു. ഷൂട്ടിങ് തിരക്കുകൾ കാരണം അതിഥിയെപ്പോലെയാണ് താൻ മകനെ വന്നു കണ്ടിരുന്നതെന്നും, എന്നാൽ രണ്ടാമത്തെ കുട്ടി വരാൻ പോകുന്നു എന്നറിഞ്ഞപ്പോഴാണ് താൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യമാനെ വളർത്തിയത് താനും തന്റെ അമ്മയും ചേർന്നാണെന്ന് അർച്ചന ഓർമ്മിപ്പിച്ചു. പ്രസവശേഷം ഒരു സ്ത്രീ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ പർമീത് ശ്രദ്ധിച്ചിരുന്നില്ലെന്നും രാത്രിയിൽ ആറു തവണയൊക്കെ കുഞ്ഞിനെ നോക്കാൻ താൻ എഴുന്നേൽക്കുമായിരുന്നുവെന്നും അർച്ചന പറഞ്ഞു. "എനിക്ക് എന്ത് ചെയ്യാൻ പറ്റും, എനിക്ക് കുഞ്ഞിനെ പാലൂട്ടാൻ കഴിയില്ലല്ലോ" എന്ന് പറഞ്ഞ് അന്ന് പർമീത് ഒഴിഞ്ഞുമാറുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യ മൂന്ന് വർഷം അർച്ചനയെ താൻ ഒട്ടും സഹായിച്ചിരുന്നില്ലെന്ന് പർമീത് സമ്മതിച്ചു. കുട്ടികളെ നോക്കുന്നതിനിടയിൽ അർച്ചനയ്ക്ക് ഉണ്ടായ ക്ഷീണം കാരണം പുറത്തുപോകാതിരിക്കുമ്പോൾ താൻ ദേഷ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
1992-ലാണ് അർച്ചനയും പർമീതും വിവാഹിതരായത്. അർച്ചനയുടെ കരിയറിനെ ബാധിക്കാതിരിക്കാൻ തുടക്കത്തിൽ വിവാഹവിഷയം ഇവർ രഹസ്യമായി വെച്ചിരുന്നു. 1994-ൽ മൂത്തമകൻ ആര്യമാനും മൂന്ന് വർഷത്തിന് ശേഷം രണ്ടാമത്തെ മകൻ ആയുഷ്മാനും ജനിച്ചു. അഭിനയത്തിന് പുറമെ, തങ്ങളുടെ യാത്രകളും ഭക്ഷണവിശേഷങ്ങളും പങ്കുവെക്കുന്ന ഒരു യൂട്യൂബ് ചാനലും ഈ ദമ്പതികൾ നടത്തുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Archana Purani Singh reveals feeling lonely during pregnancy. Parmeet Sethi admits to being a distant father initially. Explore their marital journey.