അനിരുദ്ധ്-കാവ്യ വിവാഹ വിരുന്നിൽ വിജയ്യും സംഗീതയും; ചടങ്ങിനെത്തിയത് വെവ്വേറെ

സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമയും സി.ഇ.ഒയുമായ കാവ്യ മാരന്റെയും വിവാഹ സൽക്കാരമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും വിരുന്നിനെത്തിയതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെന്നൈയിലെ ഐ.ടി.സി ഗ്രാൻഡ് ചോളയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇരുവരും വെവ്വേറെയാണ് എത്തിയത്.
പരമ്പരാഗത വേഷമണിഞ്ഞ് തനിച്ചാണ് വിജയ് വിരുന്നിനെത്തിയത്. വേദിയിലെത്തിയ അദ്ദേഹം നവദമ്പതികളായ അനിരുദ്ധിനും കാവ്യയ്ക്കും ആശംസകൾ നേരുകയും ഇരുവർക്കുമൊപ്പം നിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു.
ഏറെക്കാലത്തിന് ശേഷം പൊതുവേദിയിലെത്തിയ സംഗീത ചടങ്ങിൽ പങ്കെടുത്തവരുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രത്യേക ശ്രദ്ധയാകർഷിച്ചു. മാസങ്ങൾക്ക് മുൻപ് മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചടങ്ങിൽ പിന്തുണയുമായി എത്തിയതായിരുന്നു സംഗീതയുടെ ഇതിന് മുൻപുള്ള പൊതുസാന്നിധ്യം.
1999 ഓഗസ്റ്റിലാണ് വിജയ്യും സംഗീതയും വിവാഹിതരായത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. വിജയ്യുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ നിന്നും സിനിമാ ചടങ്ങുകളിൽ നിന്നും സംഗീത പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. ഇരുവരുടെയും ദാമ്പത്യബന്ധത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും വിജയ്യോ സംഗീതയോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നവംബർ 11-ന് ഗ്രീസിൽ വെച്ചായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഗ്രീസിലെ ചടങ്ങിൽ പങ്കെടുത്തിരുന്നത്. തുടർന്നാണ് ചെന്നൈയിൽ വെച്ച് പ്രമുഖർക്കായി വിവാഹ സൽക്കാരം ഒരുക്കിയത്.
സിനിമ, കായിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. താരദമ്പതികളായ സിദ്ധാർത്ഥ്, അദിതി റാവു ഹൈദരി, ക്രിക്കറ്റ് താരങ്ങളായ കെയ്ൻ വില്യംസൺ, ഡെയ്ൽ സ്റ്റെയ്ൻ, എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തുടങ്ങിയവർ നവദമ്പതികൾക്ക് ആശംസകൾ നേരാനെത്തി.
വിവാഹത്തിന് മുൻപ് തങ്ങളുടെ പ്രണയബന്ധം ഇരുവരും അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. എങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ ഐ.പി.എൽ മത്സരങ്ങളിലും സംഗീത പരിപാടികളിലും ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ഗോസിപ്പുകൾ സജീവമായിരുന്നു. വിവാഹ വിരുന്നിന് മണിക്കൂറുകൾക്ക് മുൻപ് വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ അനിരുദ്ധ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anirudh Ravichander and Kavya Maran hosted a grand wedding reception in Chennai., Tamil Nadu politician-actor Vijay and his wife Sangeetha attended the event separately., The wedding took place on November 11 in Greece with close family and friends., Celebrities from cinema, sports, and politics including Kane Williamson and Edappadi K. Palaniswami attended.