വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീയെ പ്രണയിച്ച കുംബ്ലെ; വിവാഹമോചനം നടക്കുമ്പോൾ അവർക്ക് പിന്തുണ നൽകി

അനിൽ കുംബ്ലെയും ഭാര്യ ചേതനയും / ANI
അനിൽ കുംബ്ലെയും ഭാര്യ ചേതനയും / ANI

ക്രിക്കറ്റർ അനിൽ കുംബ്ലെയുടെ പ്രണയകഥ ഒരു സിനിമ പോലെ മനോഹരമാണ്. ചേതന രാമതീർത്ഥയെ കണ്ടുമുട്ടിയതാണ് കുംബ്ലെയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

ചേതന ഒരു ട്രാവൽസ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് കുംബ്ലെയെ പരിചയെപ്പുന്നത്. കുംബ്ലെയ്ക്ക് ആദ്യനോട്ടത്തിൽ തന്നെ അവരോട് പ്രണയം തോന്നി. കൂടുതൽ മനസ്സിലാക്കിയപ്പോൾ ചേതനയുടെ സ്വഭാവവും കുംബ്ലെയ്ക്ക് ഇഷ്ടപ്പെട്ടു. ആ സമയത്ത് വിവാഹിതയായിരുന്നു ചേതന. മാത്രമല്ല ദുരിതങ്ങൾ നിറഞ്ഞ ഒരു കുടുംബജീവിതത്തിലൂടെ കടന്നുപോകുന്നയാളും. ഒടുവിൽ വിവാഹമോചിതയാകാൻ തീരുമാനിച്ചു. അപ്പോഴേക്കും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം ചേതന, കുംബ്ലെയുമായി പങ്കുവെച്ചു.

ആ സമയത്തൊക്കെ കുംബ്ലെയാണ് അവർക്കൊപ്പം നിന്നത്. വിവാഹമോചനസമയത്ത് കുംബ്ലെ, ചേതനയെ പിന്തുണച്ചു. അങ്ങനെ അവരുടെ സൗഹൃദം കൂടുതൽ ദൃഢമായി.
 

അനിൽ കുംബ്ലെയും ചേതനയും കുട്ടികൾക്കൊപ്പം (ഫയൽചിത്രം / PTI)

വിവാഹമോചനത്തിന്റെ കാര്യങ്ങളെല്ലാം പൂർത്തിയായി കുറച്ചുകഴിഞ്ഞപ്പോൾ, കുംബ്ലെ വിവാഹാഭ്യർഥന നടത്തി. ആദ്യ വിവാഹജീവിതം നൽകിയ നൊമ്പരങ്ങളിൽനിന്ന് അപ്പോഴും മോചിതയായിരുന്നില്ല ചേതന. എങ്കിലും കുംബ്ലെയുടെ വ്യക്തിത്വവും ആത്മാർഥതയും അവരെ ഏറെ ആകർഷിച്ചു. അധികം വൈകാതെ ചേതന യെസ് പറഞ്ഞു.

1999-ൽ അവർ വിവാഹിതരായി. വിവാഹമോചിതയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചതിന് കുംബ്ലെയ്‌ക്കെതിരെ അന്ന് ഒട്ടേറെ ആളുകൾ രംഗത്തെത്തി. അതൊന്നും ഇരുവരെയും തെല്ലുമേ ബാധിച്ചില്ല.

അതിനുമപ്പുറം മറ്റൊരു വലിയ പ്രതിസന്ധി അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചേതനയുടെ ആദ്യവിവാഹത്തിലെ മകൾ ആരുണിയുടെ സംരക്ഷണാവകാശം. അതിനെതിരെ ചേതന കോടതിയിലെത്തി. വിവാഹമോചനം കഴിഞ്ഞയുടനെയുള്ള രണ്ടാം വിവാഹം കോടതിയിൽ ചില പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. എങ്കിലും കുംബ്ലെയുടെ ശക്തമായ പിന്തുണ എല്ലാം ഭംഗിയാക്കാൻ സഹായിച്ചു. അങ്ങനെ ആരുണിയുടെ സംരക്ഷണാവകാശം ചേതനയ്ക്ക് ലഭിച്ചു. അതിനുപിറകെ രണ്ടുകുട്ടികൾ കൂടി ജനിച്ചു, സ്വസ്തി, മയസ്. ഇന്നും സമൂഹത്തിൽ നിന്നുള്ള ഒരു സമ്മർദവും തങ്ങളെ ബാധിക്കാതെ കുംബ്ലെയും ചേതനയും തങ്ങളുടെ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നു.

Content Highlights: Anil Kumbles inspiring love story with Chethana Ramathirtha, overcoming societal challenges