ഹണിമൂണിന് പോയത് ഭാര്യ ഒറ്റയ്ക്ക്, തുറന്നുപറഞ്ഞ് അനിൽ കപൂർ

ബോളിവുഡ് താരം അനിൽ കപൂറും ഭാര്യ സുനിത കപൂറും വിവാഹിതരായിട്ട് 42 വർഷങ്ങളായി. ഇപ്പോഴിതാ തന്റെ ഭാര്യയെപ്പറ്റിയുള്ള രസകരമായൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അനിൽ കപൂർ. 'ഇന്ത്യ കെ ടോപ്പ് 1%' എന്ന റിയാലിറ്റി ഷോയുടെ അവതാരകനായ അദ്ദേഹം, തങ്ങളുടെ ഹണിമൂണിന് സുനിത കപൂർ ഒറ്റയ്ക്കാണ് പോയതെന്ന രഹസ്യമാണ് തുറന്നുപറഞ്ഞത്. ഷോയിലെ ഒരു മത്സരാർത്ഥിയോട് സംസാരിക്കുന്നതിനിടയിൽ, കങ്കണ റണാവത്ത് ചിത്രം 'ക്വീൻ' പരാമർശിക്കപ്പെട്ടു, അപ്പോഴാണ്, തങ്ങളുടെ ഹണിമൂണിന് ഭാര്യ ഒറ്റയ്ക്കാണ് പോയതെന്നും താൻ കൂടെപ്പോയില്ലെന്നും അനിൽ വെളിപ്പെടുത്തിയത്. മത്സരാർത്ഥിയോട് സോളോ ട്രാവലിങ്ങിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാര്യയെപ്പറ്റി വാചാലനായ അദ്ദേഹം കൂട്ടിച്ചേർത്തു, “സുനിതയാണ് എന്റെ രാജ്ഞി, അവൾ എന്നും അങ്ങനെ തന്നെയായിരിക്കും.”
വിവാഹത്തിന് മുമ്പ് മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി സുനിത ഒരു നിബന്ധന വെച്ചിരുന്നുവെന്ന് അനിൽ ഓർത്തു. താൻ ഒരിക്കലും അടുക്കളയിൽ കയറേണ്ടിവരരുത് എന്നതായിരുന്നു അത്. സുനിത പറഞ്ഞത് കേട്ടപ്പോൾ, അവൾക്ക് അടുക്കളയിൽ കയറേണ്ടി വരാത്ത വിധം താൻ വിജയം കൈവരിക്കണമെന്ന് തോന്നിയെന്നും താരം പറഞ്ഞു. “ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തു, ഇന്നുവരെ സുനിത അടുക്കളയിൽ കയറിയിട്ടില്ല”-അദ്ദേഹം പറഞ്ഞു.
1984-ലായിരുന്നു അനിൽ കപൂറിന്റെയും സുനിതയുടെയും വിവാഹം. സോനം, റിയ, ഹർഷ് വർധൻ കപൂർ എന്നിവരാണ് മക്കൾ.
തങ്ങളുടെ 42-ാം വിവാഹ വാർഷികത്തിന്റെ സന്തോഷത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, താനും സുനിതയും വളരെ ലളിതമായ ചടങ്ങിലാണ് വിവാഹിതരായതെന്ന് അനിൽ പറഞ്ഞിരുന്നു. വലിയ ആഘോഷങ്ങളോ ബഹളങ്ങളോ ഇല്ലാതെ കുടുംബാംഗങ്ങളുടെയും ഏതാനും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വെറും 30 മിനിറ്റ് മാത്രമാണ് ഇവരുടെ വിവാഹ ചടങ്ങുകൾ നീണ്ടുനിന്നത്.
“മുപ്പത് മിനിറ്റ് എന്നത് അൻപത്തിമൂന്ന് വർഷമായി മാറുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പറയുന്നതുപോലെ, വിവാഹങ്ങൾ സ്വർഗ്ഗത്തിൽ നടക്കുന്നു. ഞങ്ങളുടേത് തീർച്ചയായും അങ്ങനെയായിരുന്നു” അനിൽ എഴുതി. ഷാരൂഖ് ഖാന്റെ 'കിങ്' ആണ് അനിൽ കപൂറിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anil Kapoor revealed that his wife Sunita went on their honeymoon alone., The couple got married in 1984 after 11 years of relationship., Sunita had a condition before marriage that she would never enter the kitchen., Anil Kapoor's upcoming projects include Shah Rukh Khan's King and Jr NTR's Dragon.