അല്ലുവിന്റെ പ്രണയം അച്ഛൻ എതിർത്തു; വീട്ടുകാരുടെ സമ്മതത്തിന് കാത്തത് 10 വർഷം

ടോളിവുഡിലെ ഏറ്റവും പവർകപ്പിളാണ് അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും. തന്റെ ഏറ്റവും വലിയ ക്രിട്ടിക്ക് എന്നാണ് അല്ലു എപ്പോഴും സ്‌നേഹയെ വിശേഷിപ്പിക്കാറുള്ളത്. സ്‌നേഹയാണ് ഓരോ സമയത്തും തന്റെ പ്രചോദനമെന്ന് അല്ലു പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്. പ്രശസ്തിയിലും വിനയത്തോടെ നിൽക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ക്രെഡിറ്റും സ്‌നേഹയ്ക്കാണ് അല്ലു കൊടുക്കാറുള്ളത്.
ഒരു ബിസിനസ് കുടുംബത്തിൽനിന്നുള്ള അംഗമാണ് സ്‌നേഹ. തെലങ്കാനയിലെ പ്രമുഖമായ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥനാണ് അച്ഛൻ കെ.ചന്ദ്രശേഖർ റെഡ്ഡി. തെലങ്കാനയിലെ ബിരുദപഠനത്തിനുശേഷം, പഠിക്കാനായി മസാച്ചുസെറ്റ്‌സിലെത്തി സ്‌നേഹ. അതിനിടയിലാണ് ഒരു സുഹൃത്തിന്റെ കല്യാണത്തിനായി അല്ലുവും അവിടെയെത്തുന്നത്. ആ വിവാഹത്തിലേക്ക് സ്‌നേഹയ്ക്കും ക്ഷണമുണ്ടായിരുന്നു.
സുഹൃത്ത് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയപ്പോൾ വെറുതെ കുശലം പറഞ്ഞു. പക്ഷേ, അല്ലുവിന് ഒറ്റനോട്ടത്തിൽ തന്നെ സ്‌നേഹയോട് പ്രണയം തോന്നി. അമേരിക്കയിൽനിന്ന് നാട്ടിലെത്തിയെങ്കിലും അല്ലുവിന് സ്‌നേഹയെ മറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സോഷ്യൽമീഡിയയിലൂടെ സ്‌നേഹയ്ക്ക് മെസേജ് അയച്ചു. പരിചയപ്പെട്ടപ്പോൾ നല്ല സുഹൃത്തായിരിക്കുമെന്ന് സ്‌നേഹയ്ക്കും തോന്നി. അവർക്കിടയിലൊരു സൗഹൃദമുണ്ടായി. അത് അധികം വൈകാതെ പ്രണയത്തിനു വഴിമാറി. അന്ന് ഉയർന്നുവരുന്ന താരമായിരുന്നു അല്ലു. സിനിമയിൽ തന്റേതായ ഇടംപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴേ വിവാഹം കഴിക്കാൻ ഇരുവർക്കും താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് പ്രണയം മറ്റാരുമറിയാതെ രഹസ്യമാക്കിവെച്ചു.
അപ്രതീക്ഷിതമായിട്ടാണ് അല്ലുവിന്റെ അച്ഛൻ അല്ലു അരവിന്ദ് ഈ പ്രണയത്തെ കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന് ഈ ബന്ധത്തോട് വലിയ താത്പര്യമുണ്ടായിരുന്നില്ല. കാര്യങ്ങളറിഞ്ഞപ്പോൾ സ്‌നേഹയുടെ മാതാപിതാക്കളും എതിർത്തു. പക്ഷേ, തങ്ങളുടെ പ്രണയം അങ്ങനെയങ്ങ് വിട്ടുകളയാൻ ഇരുവരും ഒരുക്കമായിരുന്നില്ല. 10 വർഷത്തെ കാത്തിരിപ്പിനുശേഷം വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. 2011-ലായിരുന്നു വിവാഹം. രണ്ടുമക്കളുമുണ്ട് ഇവർക്ക്.
അപ്പോഴും താരപത്‌നിയായി ഒതുങ്ങാനായിരുന്നില്ല സ്‌നേഹയ്ക്ക് താത്പര്യം. പഠനശേഷം തിരിച്ചുവന്ന് അച്ഛന്റെ ബിസിനസിൽ സഹായിച്ചു. 2016-ൽ ഒരു ഓൺലൈൻ ഫോട്ടോ സ്റ്റുഡിയോ അവർ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ സ്ഥാപിച്ചു, പിക്കബൂ. അങ്ങനെ സ്വന്തം പരിശ്രമത്താൽ ബിസിനസ് ലോകത്തേക്കും കടന്നു സ്‌നേഹ. ഇന്ന് 50 കോടിയാണ് അവരുടെ ആസ്തി.
Content Highlights: allu arjun and sneha reddy lovestory