മാധുരിയെ പ്രണയിച്ച ക്രിക്കറ്റർ, വിവാദങ്ങൾ കരിയർ തകർത്ത താരം

ബോളിവുഡിലെ മുൻനിര നായികമാരും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയകഥകൾ ഒരുപാടുണ്ട്. 1990-കളിൽ വളരെയേറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് മാധുരി ദീക്ഷിതിന്റെയും അജയ് ജഡേജയുടെയും പ്രണയം. തുടർച്ചയായി ബ്ലോക്ക്ബസ്റ്ററുകൾ നൽകി മാധുരിയും ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളെന്ന നിലയിൽ അജയും കരിയറിൽ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്. ഒരു ഫോട്ടോഷൂട്ടിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതത്രേ. അക്കാലത്ത്, അജയ് സിനിമയിൽ അവസരങ്ങൾ തേടുകയായിരുന്നു, സിനിമാ ലോകത്ത് അവസരങ്ങൾ ഒരുക്കി അദ്ദേഹത്തെ പിന്തുണയ്ക്കാൻ മാധുരിയും താൽപ്പര്യം കാണിച്ചു. ഇരുവരുടെയും അടുപ്പം വൈകാതെ ബിടൗണിൽ ചർച്ചയായി.
ഒരു കായികതാരം മാത്രമായിരുന്നില്ല അജയ് ജഡേജ, ഗുജറാത്തിലെ നവാനഗർ രാജകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പ്രശസ്ത ക്രിക്കറ്റ് താരം ദുലീപ്സിങ്ജിയുടെ കുടുംബം.
സൗന്ദര്യവും കളിശൈലിയും കൊണ്ട്, 90-കളിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായി അജയ്. 1996-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പാകിസ്താനെതിരേ അദ്ദേഹം കാഴ്ചവെച്ച അവിസ്മരണീയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മറുവശത്ത് തേസാബ്, ഹം ആപ്കെ ഹേ കോൻ, ഖൽനായക്, ദിൽ തോ പാഗൽ ഹേ തുടങ്ങിയ സിനിമകളിലൂടെ മാധുരി താരമൂല്യം വർധിപ്പിച്ചു. അതോടെ തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി അവർ മാറി.
മാധുരിയും അജയും തമ്മിലുള്ള ബന്ധം വലിയ ചലനങ്ങളുണ്ടാക്കിയെങ്കിലും അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മുഹമ്മദ് അസ്ഹറുദ്ദീനോടൊപ്പം കുപ്രസിദ്ധമായ ഒത്തുകളി വിവാദത്തിൽ അജയുടെ പേര് ഉയർന്നുവന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഇതോടെ ദേശീയ ടീമിലെ സ്ഥാനം നഷ്ടമായി. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും കരിനിഴൽ വീണു, വിലക്കും വന്നു. ഇതോടെ പ്രണയവും അവസാനിച്ചുവെന്നാണ് പറയപ്പെടുന്നത്.
1999-ൽ ഡോ. ശ്രീറാം നെനെയെ വിവാഹം കഴിച്ച് മാധുരി യു.എസിലേക്ക് താമസം മാറി. അജയ് പിന്നീട് കമന്ററി, ടെലിവിഷൻ റിയാലിറ്റി ഷോകളിലേക്കും ശ്രദ്ധ തിരിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore the sensational story of Ajay Jadeja, former cricketer, his rumored romance with Madhuri Dixit, a career-ending controversy, and his massive Rs 1,450 crore net worth.