'ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന് കരുതി, അന്ന് ആന്റണി കരഞ്ഞു'

കീർത്തി സുരേഷ്, കീർത്തിയും ആന്റണി തട്ടിലും / AFP, Instagram
കീർത്തി സുരേഷ്, കീർത്തിയും ആന്റണി തട്ടിലും / AFP, Instagram

2024 ഡിസംബറിലാണ് നടി കീർത്തി സുരേഷും അടുത്തസുഹൃത്തായ ആന്റണി തട്ടിലും വിവാഹിതരായത്. ഗോവയിൽവെച്ച് ഹിന്ദു-ക്രിസ്ത്യൻ രീതികളിലായിരുന്നു വിവാഹം. 15 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ജീവിതത്തിലും ഒരുമിക്കാൻ തീരുമാനിച്ചത്.

ഇപ്പോഴൊരു വീഡിയോയിൽ വിവാഹസമയത്തെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് കീർത്തി. അന്നാണ് ആന്റണി ആദ്യമായി കരയുന്നത് കണ്ടതെന്നും അവർ ഓർക്കുന്നു.

''ഇങ്ങനെയൊരു വിവാഹം ഞങ്ങൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല, കാരണം ഞങ്ങൾ ഒളിച്ചോടുമെന്നായിരുന്നു സത്യത്തിൽ ഞങ്ങൾ ചിന്തിച്ചതെല്ലാം. ഇത്തരമൊരു വിവാഹം ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. അത് യഥാർത്ഥത്തിൽ സംഭവിച്ചപ്പോൾ, ഒരു ഘട്ടത്തിനുശേഷം ഞങ്ങൾ നിശബ്ദരായി''.

വൈകാരികമായ നിമിഷങ്ങളെക്കുറിച്ച് അവർ ഓർക്കുന്നതിങ്ങനെ, ''നിങ്ങൾ 15 വർഷമായി കൊതിച്ചുകൊണ്ടിരിക്കുന്നൊരു കാര്യം. അത് വെറും 30 സെക്കന്റിലേക്ക് ചുരുങ്ങുമ്പോൾ, ഞാൻ ശരിക്കും ബ്ലാങ്ക് ആയിപ്പോയിരുന്നു. താലി ഒഴികെയുള്ളതെല്ലാം ശൂന്യമായതുപോലെ തോന്നി. അത് വളരെ വൈകാരികമായൊരു നിമിഷമായിരുന്നു. ആന്റണി ആദ്യമായി കണ്ണീരൊഴുക്കുന്നതും ഞാൻ അന്നാണ് കണ്ടത്. അതൊരു മനോഹരമായ യാത്രയായിരുന്നു''.

വ്യത്യസ്ത മതത്തിൽപെട്ടയാളായതിനാൽ, വിവാഹത്തിന് തന്റെ കുടുംബം എതിർപ്പ് പ്രകടിപ്പിക്കുമെന്ന് കരുതിയിരുന്നുവെന്ന് കീർത്തി നേരത്തെ പറഞ്ഞിട്ടുണ്ട്. ''ഞങ്ങൾക്ക് സമയം വേണമായിരുന്നു, 2010-ലാണ് ഞങ്ങൾ ഡേറ്റിങ് തുടങ്ങിയത്. എന്റെ പഠനം പൂർത്തിയാക്കണം, കരിയർ പടുത്തുയർത്തണം, അതിനൊക്കെ സമയം വേണമായിരുന്നു. ആ 15 വർഷത്തിൽ അഞ്ചാറ് വർഷത്തോളം ഞങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. ആന്റണി ഖത്തറിലായിരുന്നു, ഞാൻ ചെന്നൈയിലും''.

വിവാഹത്തിനുശേഷം വളരെ പെട്ടെന്നുതന്നെ കീർത്തി സിനിമയിലേക്ക് തിരിച്ചെത്തി. റൗഡി ജനാർദന, തോട്ടം, കന്നിവേദി എന്നിവയാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actress Keerthy Suresh shares emotional wedding moments. Antony cried for the first time after 15 years of love, a wedding unlike their elopement dreams