രഹസ്യവിവാഹം കഴിച്ച് വീട്ടുകാരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ ആമിർ, റീനയെ അച്ഛൻ മുറിയിൽ പൂട്ടിയിട്ടു

കുടുംബത്തിൻ്റെ കടുത്ത എതിർപ്പുകൾക്കിടയിലാണ് ബോളിവുഡ് താരം ആമിർ ഖാൻ ആദ്യഭാര്യ റീന ദത്തയെ വിവാഹം ചെയ്യുന്നത്. കൗമാരത്തിൽ തുടങ്ങിയ പ്രണയം സംഭവബഹുലമായിരുന്നു. അന്നുനേരിട്ട പ്രതിസന്ധികളെപ്പറ്റി ആമിർ ഖാൻ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. പ്രണയമറിഞ്ഞതുതൊട്ട് വീട്ടുകാർക്ക് എതിർപ്പായിരുന്നുവത്രേ. ഇടഞ്ഞുനിന്ന റീനയുടെ അച്ഛൻ മകളെ മുറിയിൽ പൂട്ടിയിട്ടു. "റീന ജനലിനരികിലിരുന്ന് കരയാൻ തുടങ്ങി. ഞാനത് കണ്ടു. എൻ്റെ നിയന്ത്രണംവിട്ടു. ഞാനവരുടെ വീട്ടിലേക്ക് വിളിച്ച്, അമ്മയോട് ദേഷ്യപ്പെട്ടു, അവരെന്നെ തിരിച്ചും വഴക്കുപറഞ്ഞു. റീനയുടെ കസിൻസും വന്നിടപെട്ടു. അച്ഛനെന്നെ ഭീഷണിപ്പെടുത്തി"- ആമിർ ഖാൻ പറഞ്ഞു.
തുടർന്ന്, സുഹൃത്ത് സത്യയോട് കാര്യങ്ങൾ തുറന്നുപറഞ്ഞ ആമിർ, റീനയ്ക്ക് കത്ത് കൈമാറാൻ അദ്ദേഹത്തിന്റെ സഹായം തേടുകയായിരുന്നു. "ഞാൻ കോളേജിന് പുറത്ത് കാത്തുനിന്നു. അവൾ വന്നു, ഞങ്ങൾ പ്രഭാദേവിയിലുള്ള സത്യയുടെ വീട്ടിലേക്ക് പോയി. അവളെന്നോട് അവിടുത്തെ അവസ്ഥകൾ പറഞ്ഞു. പിന്നീട്, ഞങ്ങൾ തീരുമാനിച്ച സ്ഥലത്ത് ഞാൻ ദിവസവും ഒരു കത്ത് വെക്കുമായിരുന്നു. കോളേജിൽ നിന്ന് തിരിച്ചുവന്ന ശേഷം, അവൾ കടലാസ് ചുരുട്ടിക്കൂട്ടി അവളുടെ കത്ത് എനിക്ക് നേരെ എറിയും"-ആമിർ ഓർത്തു.
പിന്നീടാണ് ഇരുവരും രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. "ഞങ്ങൾ സത്യയുടെ വീട്ടിൽ കണ്ടുമുട്ടി, ഞാനവളോട്, വിവാഹം കഴിക്കാമെന്നു പറഞ്ഞു. ഞാനൊരു റിസ്ക് എടുക്കാൻ ആഗ്രഹിച്ചില്ല. മാർച്ച് 14-ന് എനിക്ക് 21 വയസ്സ് തികഞ്ഞശേഷം, മാർച്ച് 18-ന് വിവാഹം രജിസ്റ്റർ ചെയ്തു. ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു. കരുതലായി വിവാഹ സർട്ടിഫിക്കറ്റും സൂക്ഷിച്ചു. അവൾ സമ്മതംമൂളാൻ ഒരു ദിവസമെടുത്തു."
വിവാഹശേഷവും റീന ദത്തയും ആമിർ ഖാനും അവരവരുടെ വീടുകളിലാണ് താമസിച്ചിരുന്നത്, വൈകുന്നേരങ്ങളിൽ ബാന്ദ്ര സ്റ്റേഷന് പുറത്ത് വെച്ച് മാത്രമാണ് കണ്ടുമുട്ടിയിരുന്നത്. താമസിയാതെ, റീനയുടെ മാതാപിതാക്കൾ വിവരങ്ങളറിഞ്ഞു. ആമിർ റീനയെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്താനായി വീട്ടിലേക്ക് വിളിച്ചു. "ഞാൻ എൻ്റെ കാമുകിയെ പരിചയപ്പെടുത്താൻ പോകുകയാണെന്നാണ് അച്ഛൻ കരുതിയത്. ഞാൻ കരയാൻ തുടങ്ങി. വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കരഞ്ഞു. അതിശയകരമെന്നു പറയട്ടെ, അബു ജാന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. അദ്ദേഹം വന്ന് എന്നെ മുറുകെ കെട്ടിപ്പിടിച്ചു.'ഇപ്പോൾ കല്യാണം കഴിഞ്ഞില്ലേ, ഇനി എന്താ പ്രശ്നം?' എന്നുപറഞ്ഞു. ഞാൻ വികാരാധീനനായി. അവളുടെ വീട്ടിലേക്ക് എൻ്റെ മാതാപിതാക്കൾ വരുന്നുവെന്നറിയിക്കാൻ വിളിച്ചപ്പോൾ, വരേണ്ടെന്നാണ് അമ്മ പറഞ്ഞത്"- ആമിർ ഖാൻ പറഞ്ഞു.
പിന്നീട് കുടുംബാംഗങ്ങൾ പരസ്പരം പൊരുത്തപ്പെട്ടു. റീനയുടെ അച്ഛനും ആമിറിനെ മരുമകനായി സ്വീകരിച്ചു. ഏറെക്കാലം വിവാഹജീവിതം നയിച്ചശേഷം 2002-ൽ ഇരുവരും പിരിയുകയായിരുന്നു. 2005-ൽ ആമിർ ഖാൻ കിരൺ റാവുവിനെ വിവാഹം കഴിച്ചു, എന്നാൽ 2021-ൽ അവരും വേർപിരിഞ്ഞു. നിലവിൽ ആമിർ ഖാൻ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan reveals the dramatic story of his secret marriage to Reena Dutta, facing family opposition and threats. Discover how love prevailed.