പതിറ്റാണ്ടുകളായി ഇന്ത്യ കണ്ട സ്വപ്നം; മിസിസ് യൂണിവേഴ്സ് കിരീടം യാഥാർഥ്യമാക്കിയ ഷെറി സിങ്

വെല്ലുവിളി നിറഞ്ഞ പോരാട്ടത്തിനൊടുവിൽ, പതിറ്റാണ്ടുകളായി ഇന്ത്യ കണ്ട സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ടവൾ ഫിലിപ്പീൻസിലെ ഒക്കാഡ മനിലയിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുനിന്നു. മിസിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം ഇന്ന് ഷെറി സിങ്ങിന് സ്വന്തം.
വിജയകിരീടം ചൂടിയ ശേഷം ഷെറിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു-“ഈ വിജയം എന്റേത് മാത്രമല്ല, പരിധികൾക്കപ്പുറം സ്വപ്നം കാണാൻ ധൈര്യപ്പെട്ട ഓരോ സ്ത്രീയുടേതു കൂടിയാണ്. കരുത്തും ദയയും അതിജീവനവുമാണ് യഥാർത്ഥ സൗന്ദര്യത്തെ നിർവചിക്കുന്നതെന്ന് ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ചു.”
ഇന്ത്യയുടെ സൗന്ദര്യമത്സരചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ച ഷെറി സിങ്ങിന്റെ യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മിസിസ് യൂണിവേഴ്സ് മത്സരത്തിൻ്റെ 48-ാം പതിപ്പിൽ, ലോകമെമ്പാടുമുള്ള 120 മത്സരാർത്ഥികളോട് മത്സരിച്ച്, സൗന്ദര്യം, ബുദ്ധി, സ്ത്രീശാക്തീകരണത്തിൻ്റെ ശക്തമായ സന്ദേശം എന്നിവയിലൂടെ ഷെറി ഈ നേട്ടത്തിലേക്കെത്തിയത്.
മുൻ ബാസ്കറ്റ്ബോൾ ദേശീയതാരമായ ഷെറി സിങ്, എക്കാലത്തും കരുത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകമായിരുന്നു. അതിനൊപ്പം അവർ ഫാഷനിൽ ബിരുദാനന്തര ബിരുദം നേടുകയും സ്ത്രീ ശാക്തീകരണത്തിനും മാനസികാരോഗ്യ ബോധവൽക്കരണങ്ങൾക്കും വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന സംരംഭങ്ങളിലും ഷെറി സിങ് സജീവമായി. ഒരു ഇൻഫ്ലുവൻസർ എന്ന നിലയിലും ഷെറി സിങ് ഏവർക്കും പ്രചോദനമാണ്. ജീവിതശൈലി, ഫാഷൻ ടിപ്പുകൾ, പേരന്റിങ് ടിപ്സ് എന്നിവ സോഷ്യൽമീഡിയയിലൂടെ അവർ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 26.2K ഫോളോവേഴ്സുള്ള അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രേക്ഷകർക്ക് പ്രചോദനവും പ്രോത്സാഹനവും നിറഞ്ഞതാണ്.
റിപ്പോർട്ടുകൾ പ്രകാരം, 10 കോടി മുതൽ 50 കോടി രൂപ വരെയാണ് ഷെറി സിങ്ങിന്റെ ആസ്തി. ഡൽഹിയിൽ ജനിച്ച ഷെറി സിങ് കുടുംബത്തോടൊപ്പം ലണ്ടനിലാണ്. സിക്കന്തർ സിങാണ് പങ്കാളി. ദമ്പതികൾക്ക് ഒരു മകനുമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sherry Singh makes history as the first Indian to win Mrs. Universe, and her inspiring journey, her powerful message on womanhood.