ഒരു സ്ക്രീൻഷോട്ട് മതി; ഓൺലൈൻ ഷോപ്പിങ്ങിൽ പണം ലാഭിക്കാം

രാത്രി വൈകിക്കിടക്കുമ്പോഴാകും പല ഓൺലൈൻ ഓഫറുകളും കണ്ണിൽപ്പെടുന്നത്. ഫോണിൽ സ്‌ക്രോൾ ചെയ്യുന്നതിനിടെ ഒരു കുർത്തിയോ ബാഗോ ഒരു ബ്യൂട്ടി പ്രൊഡക്ടോ ഒക്കെ ഓഫറുകളിൽ മിന്നിത്തിളങ്ങുന്നുണ്ടാകും. ഓഫർ ഉടൻ അവസാനിക്കും, സ്റ്റോക്ക് തീരാറായി, ഇപ്പോൾ വാങ്ങിയില്ലെങ്കിൽ നഷ്ടമാകും എന്നീ സന്ദേശങ്ങൾ വേഗത്തിൽ തീരുമാനമെടുക്കാൻ നമ്മളെ പ്രേരിപ്പിക്കും. പലപ്പോഴും അടുത്ത ദിവസം ആ വാങ്ങലിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് 'ഇത് എന്തിനാണ് വാങ്ങിയത്?' എന്ന ചോദ്യം മനസ്സിലുയരുക. ഇത്തരം സാഹചര്യങ്ങളിൽ പരീക്ഷിക്കാവുന്ന ലളിതമായ ഒരു സാമ്പത്തിക ശീലമാണ് സ്ക്രീൻഷോട്ട് വിദ്യ.
ഓൺലൈൻ ഷോപ്പിങ് നടത്താൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാവും. ആവശ്യങ്ങളെ അടിസ്ഥാനമാക്കിയല്ല പലപ്പോഴും ഷോപ്പിങ് നടത്തുന്നത്. മാനസിക സമ്മർദം, ജോലിയിലെ ക്ഷീണം, ബോറടി, അല്ലെങ്കിൽ ഒരു മോശം ദിവസത്തിന്റെ നിരാശ എന്നിവയിൽ നിന്നൊക്കെ ചെറിയൊരു സന്തോഷം കണ്ടെത്താനും മിക്കവരും ഷോപ്പിങ് നടത്താറുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകൾ എളുപ്പമായതോടെ ആഗ്രഹത്തിനും വാങ്ങലിനും ഇടയിലെ ദൂരവും കുറഞ്ഞു.
എന്താണ് സ്‌ക്രീൻഷോട്ട് വിദ്യ?
ഇഷ്ടപ്പെട്ട സാധനം കാർട്ടിൽ ചേർക്കുക. ഉടൻ ഓർഡർ ചെയ്യാതെ അതിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് ആപ്പ് ക്ലോസ് ചെയ്യുക. അടുത്ത ദിവസം ആ ചിത്രം വീണ്ടും നോക്കുക. അപ്പോൾ സ്വയം ചില ചോദ്യങ്ങൾ ചോദിക്കുക.
ഇത് എനിക്ക് ഇപ്പോഴും ആവശ്യമാണോ?
ഇതുപോലൊന്ന് വീട്ടിലുണ്ടോ?
ഞാൻ ഇത് ശരിക്കും ഉപയോഗിക്കുമോ?
അല്ലെങ്കിൽ ഇന്നലെ ഉണ്ടായ മാനസികാവസ്ഥയുടെ സ്വാധീനത്തിലാണോ ഈ തീരുമാനം?
ഒരു രാത്രിയുടെ ഇടവേള പല അനാവശ്യ വാങ്ങലുകളെയും തടയുമെന്ന് അനുഭവങ്ങൾ പറയുന്നു.
ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളെ വേഗത്തിൽ വാങ്ങാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'ഓഫർ ഇന്ന് മാത്രം', 'അവസാന മൂന്ന് എണ്ണം', 'ഇപ്പോൾ 50 പേർ കാണുന്നു' തുടങ്ങിയ മെസേജുകൾ നമ്മുടെ മനസ്സിൽ നഷ്ടഭയമുണ്ടാക്കുന്നു. ആ സമ്മർദം മാറിയ ശേഷം നോക്കുമ്പോൾ പല സാധനങ്ങളും അത്ര അത്യാവശ്യമല്ലെന്ന് മനസ്സിലാകും.
2000 രൂപ ലാഭിക്കാനുള്ള ഏറ്റവും എളുപ്പവഴി
ഉദാഹരണത്തിന്, 1,999 വിലയുള്ള ഒരു വസ്ത്രം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുക. രാത്രി അത് വാങ്ങാതെ സ്‌ക്രീൻഷോട്ട് എടുത്തശേഷം രാവിലെ വീണ്ടും നോക്കിയപ്പോൾ അതുപോലെയുള്ള രണ്ട് വസ്ത്രങ്ങൾ അലമാരയിലുണ്ട്. എന്നാൽ അടുത്തിടെയൊന്നും അത് ധരിക്കാനുള്ള അവസരമില്ലെന്ന് ഓർമ്മവന്നു. ഒടുവിൽ എന്താകും, നിങ്ങൾ അത് വാങ്ങില്ല. അതായത് അവിടെ 2,000 രൂപ സമ്പാദിച്ചതല്ല. പകരം 2000 ചെലവാകാതിരിക്കാൻ കഴിഞ്ഞു. ചിലപ്പോൾ നിങ്ങൾക്കുള്ള ഏറ്റവും മികച്ച ഓഫർ എന്നത് വാങ്ങാതിരിക്കുന്നത് തന്നെയാണ്.
ഒരാഴ്ച പരീക്ഷിച്ചുനോക്കൂ
ഏഴ് ദിവസത്തേക്ക് ആവശ്യകതയില്ലാത്ത ഒരു സാധനവും ഉടൻ വാങ്ങരുത്. പകരം അതിന്റെ സ്‌ക്രീൻഷോട്ട് മാത്രം എടുക്കുക. ആഴ്ചാവസാനം ആ ചിത്രങ്ങൾ വീണ്ടും പരിശോധിക്കുക. അവയിൽ മൂന്ന് വിഭാഗങ്ങൾ കണ്ടെത്താനാകും.
ഇപ്പോഴും വാങ്ങണമെന്ന് തോന്നുന്നവ.
പൂർണമായും മറന്നുപോയവ.
'ഇത് വാങ്ങാൻ ഞാൻ തയ്യാറായിരുന്നോ?' എന്ന് അത്ഭുതപ്പെടുന്നവ.
അവസാന വിഭാഗമാണ് നിങ്ങളുടെ ചെലവുശീലങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ പഠിപ്പിക്കുന്നത്.
ചെറിയ വാങ്ങലുകളാണ് വലിയ ചെലവ്
599 രൂപ, 799രൂപ, 1,299രൂപ എന്നിങ്ങനെ ചെറിയ തുകകൾ വലിയ ചെലവായി തോന്നില്ല. എന്നാൽ മാസാവസാനം കണക്കുകൂട്ടിയാൽ ഇത്തരം ചെറിയ വാങ്ങലുകൾ മാത്രം ആയിരക്കണക്കിന് രൂപയായി മാറാം. സ്‌ക്രീൻഷോട്ട് വിദ്യ ഷോപ്പിങ് ഒഴിവാക്കാനുള്ള വിദ്യയൊന്നുമല്ല. എങ്കിലും വാങ്ങുന്നതിന് മുമ്പ് ഒരു ചെറിയ ഇടവേള സൃഷ്ടിക്കുന്ന ശീലമാണ്. ഏതൊരു സാധനവും വാങ്ങുന്നതിനുമുമ്പ് 'എനിക്ക് ഇത് വാങ്ങാൻ പണമുണ്ടോ?' എന്നതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം 'നാളെയും എനിക്ക് ഇത് വാങ്ങണമെന്ന് തോന്നുമോ?' എന്നതാണ്. ഉത്തരം അതെ എന്നാണെങ്കിൽ വാങ്ങാം. അല്ലെങ്കിൽ ഒരു രാത്രിയുടെ ഉറക്കം മാത്രം മതി, നിങ്ങളുടെ പണവും അനാവശ്യ നിരാശയിൽനിന്നുമൊക്കെ നിങ്ങളെ രക്ഷിച്ചേക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: screenshot-trick-save-money-online-shopping