ശൈത്യകാലം തുടങ്ങുംമുൻപേ ചർമസംരക്ഷണം എങ്ങനെ? വരൾച്ച തടയാം

പ്രതീകാത്മകചിത്രം/Freepik
പ്രതീകാത്മകചിത്രം/Freepik

തണുപ്പുകാലം എത്തുമ്പോഴാണ് ചർമം വരണ്ടുതുടങ്ങുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കാലാവസ്ഥയിൽ മാറ്റം വരുന്നതോടെ ശൈത്യകാലം തുടങ്ങുന്നതിനുമുൻപും ചർമത്തിൽ വരൾച്ച അനുഭവപ്പെടാം. പതിവായി ഉപയോഗിക്കുന്ന മോയ്‌സ്ചറൈസർ മതിയാകാതെ വരിക, ചുണ്ടുകൾ വരളുക, മുഖം കഴുകിക്കഴിയുമ്പോൾ ചർമത്തിൽ വലിച്ചിൽ അനുഭവപ്പെടുക തുടങ്ങിയവ ഇതിന്റെ ആദ്യ സൂചനകളാകാം.

ചർമം പ്രതികരിക്കുന്നത് ചുറ്റുപാടുകളിലെ മാറ്റങ്ങളോടാണ്. അന്തരീക്ഷത്തിലെ ഈർപ്പം കുറയുമ്പോൾ ചർമത്തിന് ഈർപ്പം നിലനിർത്താനുള്ള കഴിവ് കുറയുന്നു. ചർമത്തിന്റെ സംരക്ഷണപാളിയിലെ ലിപിഡുകൾക്ക് (പ്രത്യേകിച്ച് സെറാമൈഡുകൾ) ഉണ്ടാകുന്ന മാറ്റങ്ങളും വരൾച്ചയ്ക്ക് കാരണമാകാം. എയർ കണ്ടീഷനിങ്, ഇടയ്ക്കിടെയുള്ള മുഖം കഴുകൽ, ചൂടുവെള്ളത്തിലെ കുളി എന്നിവയും പ്രശ്‌നം വർധിപ്പിക്കും. 

വരൾച്ചയുടെ ആദ്യ സൂചനകൾ
ചർമം പൊളിഞ്ഞുതുടങ്ങുന്നതിനുമുന്നേചില ലക്ഷണങ്ങൾ തിരിച്ചറിയാം. 

  • മുഖം കഴുകിയശേഷം ചർമത്തിൽ വലിച്ചിൽ അനുഭവപ്പെടുക.
  • വായ്ക്കുചുറ്റും പരുപരുപ്പ് ഉണ്ടാകുക.
  • ചുണ്ടുകൾ വരളുകയും വിണ്ടുകീറുകയും ചെയ്യുക.
  • പതിവിലധികം മോയ്‌സ്ചറൈസർ ആവശ്യമായി വരിക.
  • ഉപയോഗിച്ചിരുന്ന ഉത്പന്നങ്ങൾ പുരട്ടുമ്പോൾ നീറ്റലോ അസ്വസ്ഥതയോ അനുഭവപ്പെടുക.
  • എക്‌സിമ, സെൻസിറ്റീവ് സ്‌കിൻ, സ്വാഭാവികമായി വരണ്ട ചർമം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

വരുത്തേണ്ട മാറ്റങ്ങൾ
ശൈത്യകാലത്തിന് മുന്നോടിയായി വലിയ മാറ്റങ്ങളൊന്നും ആവശ്യമില്ല. എന്നാലും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അസ്വസ്ഥതകൾ ഒഴിവാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
സുഗന്ധമില്ലാത്ത മൃദുവായ ക്ലെൻസർ ഉപയോഗിക്കുക. ചർമം അമിതമായി വൃത്തിയാക്കുന്നത് ഒഴിവാക്കാം. അഞ്ച് മുതൽ പത്ത് മിനിറ്റിനുള്ളിൽ കുളി പൂർത്തിയാക്കുക. ചൂടുവെള്ളത്തിനു പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കാം.
കുളിച്ചിറങ്ങിയ ഉടൻ, ചർമത്തിൽ നേരിയ ഈർപ്പമുള്ളപ്പോൾ മോയ്‌സ്ചറൈസർ പുരട്ടുക.
പതിവ് ലോഷൻ മതിയാകുന്നില്ലെങ്കിൽ ക്രീം ഉപയോഗിക്കാം. ഗ്ലിസറിൻ, ഹൈലുറോണിക് ആസിഡ് എന്നിവ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചർമത്തിന്റെ സ്വഭാവമനുസരിച്ചുവേണം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ. വരണ്ട ചർമമുള്ളവർക്ക് കട്ടിയുള്ള ക്രീമുകൾ അനുയോജ്യമാകുമ്പോൾ മുഖക്കുരുവിന് സാധ്യതയുള്ളവർക്ക് ഭാരം കുറഞ്ഞ, സുഷിരങ്ങൾ അടയ്ക്കാത്ത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം.

ചർമം ചുരണ്ടിക്കളയരുത്
ചർമം അടർന്നുപോകുമ്പോൾ കൂടുതൽ സ്‌ക്രബ് ചെയ്യുകയോ എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണം. ഇത് ചർമത്തിന്റെ സംരക്ഷണപാളിക്ക് കൂടുതൽ കേടുണ്ടാക്കാം. കൈകൾ, ചുണ്ടുകൾ, കാൽപ്പാദങ്ങൾ, കൈമുട്ടുകൾ എന്നിവിടങ്ങളിലും മോയ്‌സ്ചറൈസർ പുരട്ടാൻ മറക്കരുത്. കൈ കഴുകിയശേഷം ഹാൻഡ് ക്രീമും ചുണ്ടുകളിൽ ലിപ് ബാമും ഉപയോഗിക്കാം. എസ്.പി.എഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്‌ക്രീനും പതിവായി ഉപയോഗിക്കണം.

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അത് മോയ്‌സ്ചറൈസറിന് പകരമാകില്ല. തുടർച്ചയായ ചൊറിച്ചിലോ രക്തസ്രാവമോ ചർമത്തിൽ തിണർപ്പോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം. ചർമത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ സംരക്ഷണം ആരംഭിക്കുന്നതാണ് ഉചിതം. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi