2 മില്യണിലധികം വിലയ്ക്ക് ലേലത്തിന് പോയ നെപ്പോളിയന്റെ തൊപ്പി; ലോക റെക്കോഡ്, മുന്‍പും റെക്കോഡ് നെപ്പോളിയന് തന്നെ

നെപ്പോളിയൻ ബോണപ്പാര്‍ട്ട് (എഐ ചിത്രം)
നെപ്പോളിയൻ ബോണപ്പാര്‍ട്ട് (എഐ ചിത്രം)

ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ പേരുകേട്ടാല്‍ യുദ്ധവും ആയുധവും കിരീടവും ചെങ്കോലുമൊക്കെ മനസ്സില്‍ വന്നേക്കാം. പക്ഷേ ഫാഷനുമായി അദ്ദേഹത്തെ പെട്ടെന്നൊന്നും ആരും ബന്ധിപ്പിക്കില്ല. എന്നാല്‍ മരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം നെപ്പോളിയന്‍ ഫാഷന്‍ലോകത്തെ പിടിച്ചു കുലുക്കി. അതും തന്റെ തൊപ്പി ശേഖരത്തിലൂടെ. 

അക്കാലത്തെ പ്രഭുക്കന്മാരും അധികാരികളും വ്യത്യസ്ത തൊപ്പികള്‍ ധരിക്കുമായിരുന്നു. തൊപ്പിയുടെ രൂപം കണ്ടാല്‍ ആളുടെ പദവി അറിയാന്‍ കഴിയുമായിരുന്നു. നെപ്പോളിയന് വലിയ പ്രിയമായിരുന്നു തൊപ്പികളോട്. നൂറിലധികം തൊപ്പികളുടെ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതില്‍ ഇരുപതില്‍ താഴെ തൊപ്പികള്‍ മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ.

ലോകത്ത് ലേലത്തില്‍ വിറ്റ ഏറ്റവും വിലകൂടിയ തൊപ്പി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ കറുത്ത ഫെല്‍റ്റ് കൊണ്ടുള്ള ഒരു ബൈകോണ്‍ തൊപ്പിയാണ്. 2023 നവംബര്‍ 19-ന് ഫ്രാന്‍സിലെ ഓസെനാറ്റ് ലേല കേന്ദ്രത്തില്‍ വെച്ചായിരുന്നു ലേലം. 2,114,284 ഡോളറിനാണ് തൊപ്പി വിറ്റുപോയത്. ജീന്‍-ലൂയിസ് നോയ്സി എന്ന വ്യവസായിയുടെ കയ്യിലായിരുന്നു തൊപ്പി. അദ്ദേഹത്തിന്റെ മരണശേഷമാണ് ലേലംനടത്തിയതും പേര് വെളിപ്പെടുത്താത്ത ഒരാള്‍ തൊപ്പി സ്വന്തമാക്കിയതും. 600,000 മുതല്‍ 800,000 വരെ യൂറോ പ്രതീക്ഷിച്ചിരുന്ന തൊപ്പിയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2 മില്യണിലധികം ഡോളറിന് വിറ്റുപോയത്. 1806-1815 കാലഘട്ടത്തില്‍ നെപ്പോളിയന്‍ ഉപയോഗിച്ചിരുന്ന തൊപ്പിയാണത്രെ ഇത്.

ഇതിനുമുന്‍പും ലോകത്തെ ഏറ്റവുമുയര്‍ന്ന വിലയ്ക്ക് ലേലത്തില്‍ പോയതും നെപ്പോളിയന്റെ തൊപ്പി തന്നെയായിരുന്നു. 2014-ല്‍ നടന്ന ലേലത്തില്‍ തൊപ്പി നേടിയത് 2,348,594 ഡോളറാണ്. അന്നും ഓസെനാറ്റ് ലേല കേന്ദ്രത്തില്‍ വെച്ചായിരുന്നു ലേലം. മൊണാക്കോ രാജകുമാരന്മാരുടെ ഭരണാധികാരികളായ ഗ്രിമാള്‍ഡി കുടുംബമാണ് തൊപ്പി ലേലത്തില്‍ വെച്ചത്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരാളാണ് വന്‍തുക മുടക്കി തൊപ്പി സ്വന്തമാക്കിയത്.