ഇനി വാച്ചിനൊപ്പം ബ്രേസ്ലെറ്റും, വിരലുകളിൽ വലുപ്പമേറിയ മോതിരങ്ങളും; പുരുഷന്മാരേ, ട്രെൻഡ് മാറി, ജ്വല്ലറി ഡ്രോയറിൽ കുറച്ച് ഇടം മാറ്റിവച്ചോളൂ

പ്രതീകാത്മകചിത്രം/Freepik
പ്രതീകാത്മകചിത്രം/Freepik

ഒരു കാലത്ത് പുരുഷന്മാരുടെ ജ്വല്ലറി ശേഖരം എണ്ണിപ്പറയാൻ അധികം സമയമൊന്നും വേണ്ടായിരുന്നു. ഒരു വാച്ച്, വിവാഹമോതിരം, കുറച്ചുകൂടി പരീക്ഷണത്തിന് തയ്യാറാണെങ്കിൽ ഒരു സിഗ്‌നറ്റ് റിങ്. അത്ര തന്നെ. ബാക്കിയെല്ലാം ആചാരപരമോ വൈകാരിക മൂല്യമുള്ളതോ ആയിരുന്നു. ആഭരണങ്ങൾ പുരുഷന്മാർക്ക് അത്ര ആവശ്യമുള്ള ഒന്നല്ലെന്ന ചിന്തയും ഉണ്ടായിരുന്നു. എന്നാൽ ആ ചിന്തകളെല്ലാം ഇന്ന് പാടെ മാറിയിരിക്കുന്നു. കമ്മലുകളും മൂക്കുത്തിയും മോതിരവും മാലയും വളയുമെല്ലാം ആണിനും പ്രത്യേക ചന്തം ചാർത്തുകയാണ്. ആഭരണങ്ങളുടെ കളക്ഷനിൽ അല്പം ലക്ഷ്വറിയും കടന്നുവരുന്നുണ്ട്. 

വലുപ്പമേറിയതും ശ്രദ്ധ നേടുന്നതുമായ മോതിരങ്ങൾ, വാച്ചിനൊപ്പം അണിയുന്ന ഡയമണ്ട് ബ്രേസ്ലെറ്റുകൾ, ജാക്കറ്റിന്റെ ലാപ്പലിൽ സ്ഥാനം പിടിച്ച ബ്രൂച്ചുകൾ, നിറമുള്ള കല്ലുകളും മുത്തുകളും തുടങ്ങി പുരുഷന്മാരുടെ ആഭരണലോകം കൂടുതൽ പരീക്ഷണാത്മകമാവുകയാണ്.

2026-ലെ റെഡ് കാർപ്പറ്റുകളിലേക്ക് ഒന്നു നോക്കിയാൽ മതി. 2026 ഓസ്‌കർ വേദിയിൽ മൈക്കൽ ബി. ജോർഡൻ ജാക്കറ്റിന്റെ പിന്നിൽ ഡേവിഡ് യൂർമന്റെ നക്ഷത്രാകൃതിയിലുള്ള ഡയമണ്ട് ബ്രൂച്ച് അണിഞ്ഞെത്തിയപ്പോൾ, ചാനിങ് ടാറ്റം 22 കാരറ്റ് ടിഫാനി ആൻഡ് കോ. 'Bird on a Rock' ബ്രൂച്ചുമായാണ് ശ്രദ്ധ നേടിയത്. ടിമോത്തി ഷാലമെയുടെ ആഭരണ തിരഞ്ഞെടുപ്പുകളും ഇതിനകം തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു, സൂക്ഷ്മമായ സ്റ്റാക്ക്ഡ് റിങ്ങുകൾ മുതൽ വലുപ്പമേറിയ നെക്പീസുകൾ വരെ അക്കൂട്ടത്തിലുണ്ട്.

2026-ലെ മെറ്റ് ഗാലയിലും പുരുഷന്മാരുടെ ഹൈ ജ്വല്ലറി പരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു. അസാപ് റോക്കി (A$AP Rocky) ഡയമണ്ടുകളും പിങ്ക് സഫയറുകളും ചേർത്ത ചാനൽ ആഭരണങ്ങൾ ഒന്നിനുമുകളിൽ ഒന്നായി അണിഞ്ഞപ്പോൾ, ട്രോയ് സിവൻ പണ്ടോറയുടെ ബെൽറ്റ് ചെയിനുമായി എത്തി. ഒരുകാലത്ത് വേറിട്ടതായി തോന്നിയിരുന്ന ഈ കാഴ്ചകൾ ഇന്ന് അത്ര അമ്പരപ്പിക്കുന്നതല്ല. അതാണ് യഥാർഥ മാറ്റവും.

ദിവസവും അണിയാവുന്ന സിഗ്‌നേച്ചർ പീസായി മാറുന്ന സോളിറ്റയർ മുതൽ ഡയമണ്ട് ബ്രേസ്ലെറ്റ്, ശ്രദ്ധേയമായ ബ്രൂച്ച്, വ്യക്തിത്വം വിളിച്ചോതുന്ന ബെസ്‌പോക്ക് വാച്ച് വരെ പുരുഷന്മാരുടെ ആഭരണ തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യം നൽകുന്നു.

ഒരുപാട് ആഭരണങ്ങളല്ല, ചേരുന്ന ഒരു ആഭരണം
സ്യൂട്ട്, വാച്ച്, കാർ എന്നിവ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന ഒരാൾ ആഭരണത്തിന്റെ കാര്യത്തിലും അതേ സൂക്ഷ്മത കാണിക്കുമെന്ന ചിന്തയിലാണ് പല ബ്രാൻഡുകളും വ്യത്യസ്ത ഡിസൈനുകളുമായി വിപണിയിലെത്തുന്നത്. ഒരാൾക്ക് ഒരുപാട് ആഭരണങ്ങൾ ആവശ്യമില്ല. തനിക്ക് യോജിക്കുന്ന, താൻ ഇഷ്ടപ്പെടുന്ന ഒരെണ്ണം മാത്രം മതി.

സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമാകുന്ന തരത്തിലുള്ള സോളിറ്റയർ റിങ്ങുകളണിയാം. സ്ഥിരമായി ധരിക്കുന്ന വാച്ചിനൊപ്പം സ്വാഭാവികമായി ചേരുന്ന ഡയമണ്ട് ബ്രേസ്ലെറ്റുകളുമുണ്ട്. വലിയ കല്ലുള്ള മോതിരവും മികച്ചൊരു ഓപ്ഷനാണ്.
ഒരുപാട് ഇഷ്ടപ്പെട്ട ഒരു കാര്യത്തെ ഓർമിപ്പിച്ചതുകൊണ്ട് തിരഞ്ഞെടുത്ത ബ്രൂച്ച് അടുത്ത തലമുറയ്ക്ക് നിങ്ങളുടേതെന്ന് തിരിച്ചറിയാവുന്ന അടയാളമാകാം. വർഷങ്ങളോളം ജോലി, യാത്ര, ആഘോഷങ്ങൾ, സാധാരണ ദിവസങ്ങൾ...അങ്ങനെ എല്ലാത്തിനുമൊപ്പം അണിഞ്ഞ വാച്ചിന് മറ്റൊരു പുതിയ ആക്‌സസറിക്കും സ്വന്തമാക്കാനാകാത്ത ഒരു ചരിത്രമുണ്ടാകും.

പുരുഷന്മാരുടെ ആഭരണങ്ങൾ വീണ്ടും ഫാഷനാകുമ്പോൾ, ആണുങ്ങൾ ഇപ്പോൾ കൂടുതൽ ആഭരണങ്ങൾ അണിയാൻ തുടങ്ങിയെന്ന രീതിയിലാണ് പലപ്പോഴും ഈ മാറ്റത്തെ കാണുന്നത്. ആഭരണങ്ങളെ സ്വന്തം പേഴ്‌സണൽ യൂണിഫോമിന്റെ ഭാഗമാക്കുന്നതിൽ പുരുഷന്മാർ കൂടുതൽ സ്വാഭാവികത കണ്ടെത്തുകയാണിപ്പോൾ.

ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമായിരിക്കാം. വർഷങ്ങളോളം അവരുടെ ഫൈൻ ജ്വല്ലറി എന്നത് മിതത്വത്തിന്റെ മറ്റൊരു പേരായിരുന്നു. അധികം ശ്രദ്ധിക്കപ്പെടാത്ത മോതിരം, ക്ലാസിക് വാച്ച്, ലളിതമായ ബ്രേസ്ലെറ്റ്, അത്ര തന്നെ. അതേസമയം വസ്ത്രധാരണത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ഫാഷൻ പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ആഭരണങ്ങളും ആ വഴിയിലേക്ക് എത്തിയിരിക്കുകയാണ്.

കമ്മലുകൾ സാധാരണ കാഴ്ചയായി. ഒന്നിലധികം മോതിരങ്ങൾ ഒരുമിച്ച് അണിയുന്നതും പ്രത്യേക ഫാഷൻ താൽപര്യമുള്ളവരുടെ മാത്രം ശീലമല്ലാതായി. ഒരുകാലത്ത് 'അമ്മൂമ്മയുടെ ആഭരണം' എന്ന ചട്ടക്കൂടിൽ ഒതുങ്ങിയിരുന്ന ബ്രൂച്ചും 2026ലെ ഏറ്റവും ശ്രദ്ധേയമായ ആക്‌സസറികളിലൊന്നായി തിരിച്ചെത്തി. ജ്വല്ലറി വാർഡ്രോബിൽ ഇനി അവർക്കും വേണം ഒരിടം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi