രാവിലെ ഇളം ചൂടുള്ള നാരങ്ങാവെള്ളം/കുമ്പളങ്ങ ജൂസ്/നെല്ലിക്ക ജൂസ്; മുഖത്ത് റോസ് വാട്ടര്‍

ഗായത്രി അരുണ്‍, സാധികാ വേണുഗോപാല്‍
ഗായത്രി അരുണ്‍, സാധികാ വേണുഗോപാല്‍

പതിവായി മേയ്ക്കപ്പ് ഉപയോഗിക്കുന്നവര്‍ക്കായി ചില നിര്‍ദേശങ്ങള്‍ നടിയും അവതാരകയുമായ ഗായത്രി അരുണിന് നല്‍കാനുണ്ട്. 
''എന്റെ ചര്‍മം ഇത്ര സെന്‍സിറ്റീവ് ആയിരുന്നില്ല. സ്ഥിരമായ മേയ്ക്കപ്പ് ഉപയോഗം കാരണമായിരിക്കാം ഇപ്പോള്‍ മുഖക്കുരു, കറുത്തപാടുകള്‍ തുടങ്ങിയവ ഉണ്ടാകുന്നു്. ദിനചര്യകളില്‍ ക്ലെന്‍സിങ് പ്രധാനമാണ്. രാവിലെ നോര്‍മല്‍ ക്ലെന്‍സിങ്ങും രാത്രി ഡബിള്‍ ക്ലെന്‍സിങ്ങും ചെയ്യും. ടോണറിന് പകരം റോസ് വാട്ടറാണ് ഉപയോഗിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ റോസ് വാട്ടര്‍ മുഖത്ത് സ്‌പ്രേ ചെയ്യും. ക്ലെന്‍സിങ്, ടോണിങ്, മോയിസ്ചറൈസിങ് ഈ മൂന്ന് കാര്യങ്ങള്‍ ചര്‍മത്തിന് നല്ലതാണ്. വരണ്ട കാലാവസ്ഥയാണെങ്കില്‍ ഡീപ്പ് മോയിസ്ചറൈസ് ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയ സണ്‍സ്‌ക്രീന്‍ ആണ് ഉപയോഗിക്കുന്നത്. 

ആദ്യം സിറം, പിന്നെ മോയിസ്ചറൈസര്‍, അവസാനം സണ്‍സ്‌ക്രീന്‍- ഇതാണ് എന്റെ സ്‌കിന്‍ കെയര്‍ രീതി. ഇതിന് മുകളിലാണ് മേയ്ക്കപ്പ്. ഷൂട്ടിങ് കഴിഞ്ഞ് എത്ര വൈകിയാലും മേയ്ക്കപ്പ് കഴുകിക്കളയും. തുടര്‍ന്ന് രാത്രിയിലേക്കുള്ള മോയിസ്ചറൈസറും മറ്റ് ചര്‍മസംരക്ഷണ പദാര്‍ഥങ്ങളും (Night skin care products) ഉപയോഗിക്കും. കണ്ണിനടിയിലെ കറുപ്പും (Dark circles) കണ്‍തടത്തിലെ വീക്കവും (Eye bag) മാറ്റാന്‍ ക്രീം ഉപയോഗിക്കും. ചുണ്ടുകള്‍ മൃദുവായിരിക്കാനും വിള്ളല്‍ ഒഴിവാക്കാനുള്ള ബാമും ഉപയോഗിക്കാറുണ്ട്. പ്രകൃതിദത്ത ഉത്പന്നങ്ങളില്‍ പലതും എനിക്ക് അലര്‍ജിയാണ്. പ്രകൃതിയില്‍നിന്നുള്ളതെല്ലാം ചര്‍മത്തിന് യോജിച്ചതാകണമെന്നില്ല. ഇണങ്ങാത്ത സൗന്ദര്യവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചര്‍മത്തെ മോശമാക്കുകയും ചെയ്യും. ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രം സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.''


ചര്‍മത്തെ സ്‌നേഹിക്കാം-സാധികാ വേണുഗോപാല്‍
നടി സാധികാ വേണുഗോപാലിന്റെ സൗന്ദര്യപരിചരണം ചര്‍മത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ''ഞാന്‍ അധികം മേയ്ക്കപ്പ് ഉപയോഗിക്കാത്ത ആളാണ്. മേയ്ക്കപ്പിനെക്കാളും ചര്‍മസംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കുളി കഴിഞ്ഞ് വിറ്റമിന്‍-സി അടങ്ങിയ ഫേസ് സിറം പുരട്ടിയാണ് തുടക്കം. ശേഷം സണ്‍സ്‌ക്രീനും പുരട്ടും. ഇളം ചൂടുവെള്ളമുപയോഗിച്ച് മേയ്ക്കപ്പ് കഴുകിക്കളയും. മുഖം തുടയ്ക്കാനായി കട്ടികുറഞ്ഞ ടവ്വലാണ് ഉപയോഗിക്കുക. മറ്റ് ശരീരഭാഗങ്ങള്‍ തുടച്ച ടവ്വല്‍കൊണ്ട് മുഖം തുടയ്ക്കുന്നത് അണുബാധ ഉണ്ടാക്കിയേക്കും.

വീര്യംകുറഞ്ഞ ഫേസ് വാഷാണ് ഉപയോഗിക്കുന്നത്. തൈര്, കടലമാവ്, കസ്തൂരി മഞ്ഞള്‍ ഇവയുടെ ഫേസ് പാക്ക് ഇടും. രാവിലെ ഇളം ചൂടുള്ള നാരങ്ങാവെള്ളം, കുമ്പളങ്ങ ജൂസ്, നെല്ലിക്ക ജൂസ് ഇവയിലൊന്നില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കും. ഇവ ചര്‍മത്തിന്റെ തിളക്കം കൂട്ടും. ധാരാളം വെള്ളം കുടിക്കാറുണ്ട്. ഇടയ്ക്ക് ഹൈഡ്രാഫേഷ്യലോ പീല്‍ ഓഫോ ചെയ്യാറുണ്ട്. മേയ്ക്കപ്പ് സ്ഥിരമായി ഉപയോഗിക്കാത്തതുകൊണ്ട് ടിന്റഡ് സണ്‍സ്‌ക്രീനാണ് ഉപയോഗിക്കുന്നത്. മേയ്ക്കപ്പ് ചെയ്തതുപോലുള്ള തിളക്കം കിട്ടും. മുഖം ബ്രൈറ്റ് ആകും. എസ്.പി.എഫ്. 50-ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. എന്ത് സ്‌കിന്‍ കെയര്‍ ഉത്പന്നം വാങ്ങുമ്പോഴും കാലാവധി പ്രത്യേകം ശ്രദ്ധിക്കണം. എന്റെ ചര്‍മം എങ്ങനെയാണോ അങ്ങനെതന്നെ അതിനെ ഇഷ്ടപ്പെടാനാണ് ആഗ്രഹിക്കുന്നത്.''


 

Content Highlights: malayalam actresses and their skin care routine