കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൈയ്യിലെ വാച്ച് ചില്ലറക്കാരനല്ല

വാച്ച്‌, സിദ്ധരാമയ്യ/ Pics4news
വാച്ച്‌, സിദ്ധരാമയ്യ/ Pics4news

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പുതിയ വാച്ച് ഒരിക്കൽക്കൂടി ശ്രദ്ധാകേന്ദ്രമാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തില്‍, സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കാര്‍ട്ടിയര്‍ വാച്ചുകള്‍ ധരിച്ചാണ് എത്തിയത്. എന്നാല്‍ ആളുകളുടെ ശ്രദ്ധ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ കൈത്തണ്ടയിലെ വാച്ചിലാണ് പതിഞ്ഞത്. ഇത് ഏത് മോഡലാണ്? കട്ടിയുള്ള റോസ് ഗോള്‍ഡില്‍ തീര്‍ത്ത ഒരു വലിയ 'സാന്റോസ് ഡി കാര്‍ട്ടിയര്‍'. വിലയോ? 43 ലക്ഷം രൂപ.

സിദ്ധരാമയ്യ ധരിച്ച വാച്ച്, സാന്റോസ് ശേഖരത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടതാണ്. 18 കാരറ്റ് റോസ് ഗോള്‍ഡിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വാച്ചിന്റെ ഡയലും അതിനോട് ചേര്‍ന്ന ബ്രേസ്ലെറ്റും സ്‌ക്രൂകള്‍ പുറത്തേക്ക് കാണുന്ന തരത്തിലാണ്. 

മണിക്കൂര്‍, മിനിറ്റ്, സെന്‍ട്രല്‍ സെക്കന്റ് സൂചികളും, 'കാലിബര്‍ 1847 എം.സി' എന്ന വിന്‍ഡിംഗ് മെക്കാനിക്കല്‍ മൂവ്മെന്റുമാണ് ഈ വാച്ചിലുള്ളത്. ആറ് മണി സ്ഥാനത്ത് ഭംഗിയായി സ്ഥാപിച്ചിട്ടുള്ള ഡേറ്റ് വിന്‍ഡോയില്‍ അതാത് ദിവസത്തെ തീയ്യതിയും കാണാം.

സില്‍വര്‍-വെള്ള നിറത്തിലുള്ള ഡയല്‍, കട്ടിയുള്ള കറുത്ത റോമന്‍ അക്കങ്ങള്‍, റെയില്‍വേ-ശൈലിയിലുള്ള മിനിറ്റ് ട്രാക്ക്, ഒപ്പം നീല നിറത്തിലുള്ള വാള്‍ ആകൃതിയിലുള്ള സൂചികള്‍ എന്നിവ ഇതിനുണ്ട്. ക്രൗണില്‍ പതിപ്പിച്ച ഒരു നീല 'കാബോഷോണ്‍' കല്ല് കാര്‍ട്ടിയറിന്റെ മറ്റൊരു ക്ലാസിക് മുദ്രയാണ്.

ഏകദേശം 39.8 മില്ലിമീറ്റർ വീതിയും 9 മില്ലിമീറ്റര്‍ കട്ടിയുമുളള പ്രൗഢമായ രൂപമുണ്ടെങ്കിലും, ഈ വാച്ച് അധികം വലുതല്ല. അതിനാൽ ഇത് ധരിക്കാന്‍ ഒട്ടും പ്രയാസമില്ല. വെളളത്തെ പ്രതിരോധിക്കുന്നതിനാൽ, ദൈനംദിന ഉപയോഗത്തിനും നീന്തലിനും അനുയോജ്യമാണ്.

സാന്റോസിന് ഒരു പൈതൃകമുണ്ട്. 1904-ല്‍ ബ്രസീലിയന്‍ വൈമാനികനായ ആല്‍ബെര്‍ട്ടോ സാന്റോസ് ഡുമോണ്ടിനു വേണ്ടി ലൂയി കാര്‍ട്ടിയര്‍ ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. പുരുഷന്മാര്‍ക്കായി നിര്‍മ്മിച്ച പ്രത്യേകതകളുളള വാച്ചുകളില്‍ ഒന്നായി ആദ്യകാലങ്ങളില്‍ പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യയിലെ ആഡംബരവാച്ചുകളിൽ ഇത് ഏറ്റവും മുകളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന് കോടികള്‍ വിലമതിക്കും.

2016-ല്‍, സിദ്ധരാമയ്യയുടെ ഹുബ്ലോട്ട് വാച്ച് ഒരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ലിമിറ്റഡ് എഡിഷനായ, വജ്രം പതിച്ച ആ മോഡലിന് 50-70 ലക്ഷം രൂപ വരെ വിലയുണ്ടെന്ന് എതിരാളികള്‍ ആരോപിച്ചു. 'ദരിദ്രരുടെ ശബ്ദമായി സ്വയം ചിത്രീകരിക്കുന്ന ഒരു രാഷ്ട്രീയക്കാരന്‍ ഇത്രയും ആഢംബരമുള്ള ഒരു വസ്തു ധരിക്കേണ്ടതുണ്ടോ' എന്ന രീതിയിലുള്ള ചര്‍ച്ചകളിലേക്ക് ഈ സംഭവം വളര്‍ന്നു.

പ്രതിപക്ഷ നേതാക്കള്‍ ഹുബ്ലോട്ടിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും, അത് ഒരു ആസ്തിയായി കൃത്യമായി കാണിച്ചിട്ടുണ്ടോയെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നും ചോദ്യം ചെയ്യുകയും ചെയ്തു. ഈ കോലാഹലം ആഴ്ചകളോളം നീണ്ടുനിന്നു.

ആദ്യം ഈ വിവാദത്തെ നിസ്സാരമായി തള്ളിക്കളഞ്ഞ സിദ്ധരാമയ്യ പിന്നീട് വിശദീകരിച്ചത്, ഹുബ്ലോട്ട് ദുബായ് ആസ്ഥാനമായുള്ള കാര്‍ഡിയാക് സര്‍ജനും തന്റെ പഴയ എന്‍.ആര്‍.ഐ. സുഹൃത്തുമായ ഡോ. ഗിരീഷ് ചന്ദ്ര വര്‍മ്മയില്‍ നിന്ന് ലഭിച്ച സെക്കന്‍ഡ് ഹാന്‍ഡ് സമ്മാനമാണെന്നും അതിന്റെ യഥാര്‍ത്ഥ മൂല്യം പ്രചരിച്ച കണക്കുകളേക്കാള്‍ വളരെ കുറവാണെന്നുമാണ്.

മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാനും ഒരു കാര്‍ട്ടിയര്‍ സാന്റോസ് വാച്ച് ധരിച്ചത് ശ്രദ്ധേയമായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Karnataka CM Siddaramaiah`s new luxury Cartier Santos watch, costing Rs 43 lakh, is making headlines. Explore the details of this high-end timepiece and past watch controversies.