'എന്റെയീ ശരീരം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ നിങ്ങളും നഗ്നരായി നടന്നേനെ'

ജെന്നിഫർ ലോപസ് | AFP
ജെന്നിഫർ ലോപസ് | AFP

പോപ് ഗായിക ജെന്നിഫർ ലോപസ് 56-ാം വയസ്സിലും വളരെയധികം സജീവമാണ്. ചടുലമായ പ്രകടനങ്ങളുമായി സ്റ്റേജ് പരിപാടികളിലെത്തുന്ന ജെന്നിഫർ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് സ്റ്റേജിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് താരം.

ലാസ് വെഗാസിലെ 'അപ്പ് ഓൾ നൈറ്റ് ലൈവ്' റെസിഡൻസിയിൽ പ്രകടനം നടത്തുന്നതിനിടെ, ഗായിക തന്റെ പ്രകടനം നിർത്തി വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. "എന്തുകൊണ്ടാണ് അവൾ എപ്പോഴും അങ്ങനെ വസ്ത്രം ധരിക്കുന്നത്? എന്തുകൊണ്ടാണ് പ്രായത്തിനനുസരിച്ച് വസ്ത്രം ധരിക്കാത്തത്? എന്തുകൊണ്ടാണ് എപ്പോഴും നഗ്നയാകുന്നത്?"-തുടങ്ങിയ വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു അത്.

"അതിന് ഞാൻ പറയുന്നു, ഈ ശരീരം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, നിങ്ങളും നഗ്നരാകുമായിരുന്നു"-അവരുടെ പ്രതികരണം കേട്ടതും കാണികളിൽ നിന്ന് വലിയ കരഘോഷമുയർന്നു. 'അപ്പ് ഓൾ നൈറ്റ് ലൈവ്' പരിപാടിയിലും ബോൾഡ് വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. തിളക്കമുള്ള പച്ച ബോഡി സ്യൂട്ടും താഴെ ഫ്രിഞ്ചുള്ള വസ്ത്രവും ധരിച്ചെത്തിയ ലോപസ് തന്റെ വസ്ത്രധാരണത്തെ ലക്ഷ്യമിട്ടുള്ള പരിഹാസങ്ങളെ ചിരിച്ചുതള്ളുകയാണെന്ന് തെളിയിക്കുക കൂടിയായിരുന്നു.

2016-2018 കാലഘട്ടത്തിൽ തന്റെ ആദ്യത്തെ റെസിഡൻസി ഷോ ആയ 'ഓൾ ഐ ഹാവ്' ഓർത്തെടുത്ത് ലോപ്പസ് വേദിയിൽ ഇങ്ങനെ പറഞ്ഞു, "അതൊരു മിന്നൽ പോലെ കടന്നുപോയി, അല്ലേ? അന്ന് ഞാൻ രണ്ട് തവണ മാത്രമേ വിവാഹിതയായിരുന്നുള്ളൂ."- എത്ര തവണ വിവാഹം കഴിച്ചുവെന്ന പരിഹാസച്ചോദ്യങ്ങൾക്ക് തമാശരൂപേണ മറുപടി നൽകുകയായിരുന്നു അവർ. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ എത്ര തവണ വിവാഹം കഴിച്ചു എന്നതിൽ ആശയക്കുഴപ്പമുണ്ടായതായും അവർ തമാശയായി പറഞ്ഞു. "അതൊക്കെ കഴിഞ്ഞു, നമ്മൾ മുന്നോട്ട് പോയി, എല്ലാം ശരിയാണ്. നല്ല വാർത്ത എന്തെന്നാൽ ഞാൻ പഠിക്കുകയും വളരുകയുമാണ്. ഇപ്പോൾ സന്തോഷത്തിന്റെ കാലഘട്ടത്തിലാണ്."

തന്റെ നാലാമത്തെ ഭർത്താവും ദീർഘകാല പങ്കാളിയും നടനും സംവിധായകനുമായ ബെൻ അഫ്ലെക്കുമായുള്ള വിവാഹബന്ധം ജെന്നിഫർ ലോപസ്  ഔദ്യോഗികമായി വേർപെടുത്തിയത് കഴിഞ്ഞ വർഷം ആദ്യമാണ്. 2022-ലായിരുന്നു ഇവരുടെ വിവാഹം.

നാലുതവണ വിവാഹം കഴിച്ചെങ്കിലും ഇപ്പോൾ സിംഗിൾ ആയി ജീവിക്കുകയാണ് ജെന്നിഫർ. അഫ്ലെക്കുമായുള്ള വേർപിരിയൽ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ഗായിക നേരത്തേ തുറന്നുപറഞ്ഞിരുന്നു. 'കിസ് ഓഫ് ദി സ്പൈഡർ വുമൺ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അത് സംഭവിച്ചത്. "അത് വളരെ മോശം സമയമായിരുന്നു. സെറ്റിലെ ഓരോ നിമിഷവും, ഈ റോൾ ചെയ്തപ്പോഴും  ഞാൻ വളരെ സന്തോഷവതിയായിരുന്നു, എന്നിട്ട് വീട്ടിലേക്ക് വരുമ്പോൾ, അത്ര നല്ലതായിരുന്നില്ല. ഇതിനിടയിൽ ഞാൻ എങ്ങനെ പ്രവർത്തിക്കും?"-ജെന്നിഫർ പറഞ്ഞു.

1997-98 കാലഘട്ടത്തിൽ നടനും നിർമ്മാതാവുമായ ഓജനി നോവയെയാണ് ജെന്നിഫർ ആദ്യം വിവാഹം കഴിച്ചത്. ഒരുവർഷത്തിനുശേഷം പിരിഞ്ഞു. 2001 മുതൽ 2003 വരെ നടൻ ക്രിസ് ജഡ്ഡായിരുന്നു ഭർത്താവ്. 2004-ൽ ഗായകൻ മാർക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വരെ ബന്ധം നീണ്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jennifer Lopez fires back at critics over her outfits and marriage history at 56. She owns her choices and celebrates her `happy era`. Click to read her empowering response!