മുടി നന്നായി വളരാനും ആരോഗ്യത്തിനും കഞ്ഞിവെള്ളമോ? അറിയാം ഇക്കാര്യങ്ങൾ

പ്രതീകാത്മകചിത്രം | Magnific
പ്രതീകാത്മകചിത്രം | Magnific

കഞ്ഞിവെള്ളം ശരീരത്തിന്റെ ക്ഷീണമകറ്റാനും നിർജലീകരണം അകറ്റാനും ആരോഗ്യത്തിനും നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള സൗന്ദര്യരഹസ്യം പിന്നീടാണ് കൂടുതൽ ആളുകളിലേക്കെത്തിയത്. ചർമത്തിന്റെ മൃദുത്വത്തിനും കഞ്ഞിവെള്ളം നല്ലതാണ്. കഞ്ഞിവെള്ളം കൊണ്ട് മസാജ് ചെയ്യുന്നത് ചർമത്തിന് നല്ലതാണ്.

എന്നാൽ മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം എത്രത്തോളം നല്ലതാണ്? കഞ്ഞിവെള്ളത്തിൽ അമിനോ ആസിഡുകൾ, സ്റ്റാർച്ച്, മിനറൽസ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. സ്റ്റാർച്ച് മുടിക്ക് ഒരുതരത്തിലുള്ള കണ്ടീഷണറായി പ്രവർത്തിക്കുമെന്നാണ് പറയപ്പെടുന്നത്. സ്റ്റാർച്ച് ഒരു കണ്ടീഷണർ പോലെ പ്രവർത്തിച്ച്, മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിളിൽ പറ്റിപ്പിടിക്കുന്നു. അങ്ങനെ മുടി പൊട്ടിപ്പോവാതിരിക്കാൻ സഹായിക്കുന്നു.

അരിയിൽ അടങ്ങിയിട്ടുള്ള ഇനോസിറ്റോൾ എന്ന ആന്റി ഓക്‌സിഡന്റ് മുടിവളർച്ചയെ സഹായിക്കുന്നു. മുടിക്ക് കേടുപാടുകൾ വരുത്തുന്ന സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന നിരവധി വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനൊപ്പം മുടിക്ക് തിളക്കം നൽകാനും ഉറപ്പോടെ വളരാനും കഞ്ഞിവെള്ളം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. മുടിയുടെ പരുപരുപ്പ് ഇല്ലാതാക്കാനും കഞ്ഞിവെള്ളം ഉപകാരപ്പെടും.

എങ്ങനെയാണിത് തയ്യാറാക്കുന്നത്?
ചിലർ കഞ്ഞിവെള്ളമെടുത്ത് അതിൽ വെള്ളമൊഴിച്ച് നേർപ്പിച്ചാണ് മുടിയിൽ പുരട്ടുന്നത്. അതല്ലാതെയും വെള്ളം തയ്യാറാക്കാം. അരി വെള്ളത്തിലിട്ട് മൂന്നുമണിക്കൂർ എങ്കിലും വെക്കുക. അതിനുശേഷം അടുപ്പിൽവെച്ച് തിളപ്പിക്കുക. തണുക്കുമ്പോൾ അരിച്ചെടുത്ത് ഉപയോഗിക്കാം. മറ്റൊരുവിധത്തിലും വെള്ളം തയ്യാറാക്കാം. ഒരു കപ്പ് അരിയെടുക്കുക. ഇത് നന്നായി കഴുകിയശേഷം ഒരു ബൗളിലിട്ട് രണ്ടോ മൂന്നോ കപ്പ് വെള്ളമൊഴിക്കുക. എന്നിട്ട് രണ്ടുമണിക്കൂർ വെക്കുക. ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

മുടി നന്നായി കഴുകിയശേഷം കഞ്ഞിവെള്ളമൊഴിച്ച് പിടിപ്പിച്ച് കുറച്ചുനേരം വെക്കണം. എന്നിട്ട് നന്നായി കഴുകിക്കളയാം.

കടപ്പാട്: Clevelandclinic.org

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rice water contains amino acids, starch, minerals, and vitamins that promote hair health., Starch acts as a natural conditioner, protecting hair cuticles from breakage., Inositol, an antioxidant in rice, helps stimulate hair growth and adds shine., Multiple easy methods to prepare and apply rice water at home.