ഫിംഗർ പിയേഴ്സിങ് സോഷ്യൽമീഡിയ ട്രെൻഡായതെങ്ങനെ?

പ്രതീകാത്മക ചിത്രം/ Pexels
പ്രതീകാത്മക ചിത്രം/ Pexels

കർദാഷിയാൻ- ജെന്നർ കുടുംബം പുതിയ ട്രെൻഡുകൾ പിന്തുടരുകയും സമൂഹമാധ്യമങ്ങളിൽ നിറ‍ഞ്ഞുനിൽക്കുകയും ചെയ്യാറുണ്ട്. അടുത്തിടെ, കിം കാർദാഷിയൻ തന്റെ 12 വയസ്സുള്ള മകൾ നോർത്ത് വെസ്റ്റുമായി റോമിൽ എത്തിയപ്പോൾ, എല്ലാവരുടെയും ശ്രദ്ധ നോർത്തിന്റെ നടുവിരലിലെ ഡെർമൽ പിയേഴ്സിങ്ങിലായിരുന്നു.

കൗമാരപ്രായമെത്താത്ത മകളെ പിയേഴ്സിങ് ചെയ്യാൻ അനുവദിച്ചതിന് അവർ വിമർശിക്കപ്പെട്ടു. അതിനൊപ്പം ഈ ചർച്ച ഫിംഗർ പിയേഴ്സിങ്ങിനോടുള്ള ആളുകളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഈ ട്രെൻഡിന് കൂടുതൽ പ്രചാരം നൽകുകയും, ഇൻസ്റ്റാഗ്രാം, ടിക് ടോക്, പിന്റെറെസ്റ്റ് തുടങ്ങിയവയിൽ ആഭരണങ്ങൾ പതിച്ച വിരലുകളുടെ ക്ലോസപ്പ് ഷോട്ടുകൾ വൈറലാവുകയും ചെയ്തു. ഫിയർ പിയേഴ്സിങ്ങിനെക്കുറിച്ച് ആദ്യമായി കേൾക്കുന്ന പലരും ഇത് എന്താണെന്നും എങ്ങനെയാണ് ചെയ്യുന്നതെന്നും സുരക്ഷിതമാണോ എന്നും അറിയാനുളള ശ്രമത്തിലാണിപ്പോൾ.

എന്താണ് ഫിംഗർ പിയേഴ്സിങ്?
ഒരു സൂചിയോ ഡെർമൽ പഞ്ചോ ഉപയോഗിച്ച് ചർമ്മത്തിൽ ഒരു ചെറിയ സുഷിരം ഉണ്ടാക്കി, അതിലേക്ക് ചർമ്മത്തിനടിയിൽ നിൽക്കുന്ന ഒരു ആങ്കർ ബേസ് തിരുകിക്കയറ്റുന്നു. പിന്നീട് ഒരു സ്റ്റഡോ കല്ലോ ആങ്കറിലേക്ക് ഘടിപ്പിക്കുന്ന രീതിയാണ് ഡെർമൽ പിയേഴ്സിങ്. ഇതിൽ ഒന്നുമാത്രമാണ് ഫിംഗർ പിയേഴ്സിങ്.

ഡെർമൽ പിയേഴ്സിങ്, മൈക്രോ ഡെർമൽ അല്ലെങ്കിൽ സിംഗിൾ-പോയിന്റ് പിയേഴ്സിങ് എന്നും അറിയപ്പെടുന്നു. ചർമ്മത്തിൽ ആഭരണം ഉറപ്പിക്കുന്ന ഒരുതരം ബോഡി മോഡിഫിക്കേഷനാണിത്.  സാധാരണ പിയേഴ്സിങ്ങുകൾ ചർമ്മത്തിന്റെ ഒരു വശത്തുകൂടി കയറി മറുവശത്തുകൂടി പുറത്തുവരുന്നവയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഡെർമൽ പിയർസിംഗുകൾ ഒറ്റ ഭാഗത്തേക്ക് മാത്രമായാണ് ചെയ്യുന്നത്.

ശരീരത്തിൽ മിക്കഭാഗത്തും(കവിൾ, നെഞ്ച്, നടുവിന്റെ താഴ്ഭാഗം, വിരലുകൾ) ഇത്തരം പിയേഴ്സിങ്ങുകൾ ചെയ്യാം. എന്നാൽ പരമ്പരാഗത പിയേഴ്സിങ്ങുകളേക്കാൾ സാവധാനത്തിൽ മാത്രമേ ഇത് ഉണങ്ങുകയുള്ളൂ. ഡെർമൽ പിയേഴ്സിങ്ങുകൾക്ക് അതീവ ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്, കാരണം വസ്തുക്കളിൽ കുടുങ്ങിപ്പോകാനിടയുണ്ട്. 

പരമ്പരാഗത ആഭരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു രത്നക്കല്ലോ വജ്രമോ ചർമ്മത്തിൽ നേരിട്ട് പതിച്ചതുപോലെയുള്ള ഒരു പ്രതീതി നൽകുന്നു. ഊരി വയ്ക്കാതെ ശരീരത്തിൽ സ്ഥിരമായി പതിപ്പിക്കുന്നതുകൊണ്ടാണ് ഫിംഗർ പിയേഴ്സിങ് ട്രെൻഡാകുന്നത്. 

നിരവധി ഡിസൈനുകളും സ്റ്റൈലുകളും ഉള്ളതിനാൽ, പുത്തൻ ട്രെൻഡുകൾ തേടുന്ന യുവതലമുറയെ ഡെർമൽ ഫിംഗർ പിയേഴ്സിങ്ങുകൾ ആകർഷിക്കുന്നു.

ഡെർമൽ ഫിംഗർ പിയേഴ്സിങ്ങുകൾ സാധാരണയായി ഒന്ന് മുതൽ മൂന്ന് മാസം കൊണ്ടാണ് ഉണങ്ങുന്നത്. എന്നാൽ നിരന്തരം ചലിപ്പിക്കുന്നതിനാൽ ഫിംഗർ പിയേഴ്സിങ്ങിന് കൂടുതൽ സമയമെടുത്തേക്കാം. പൂർണ്ണമായും ഉണങ്ങുന്നതുവരെ ആഭരണം തിരിക്കുകയോ നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്യരുത്. പിയേഴ്സിങ്ങിൽ ചുവപ്പ്, നീർവീക്കം, വേദന, അല്ലെങ്കിൽ അസാധാരണമായ സ്രവം എന്നിവയുണ്ടോ എന്ന് നിരീക്ഷിക്കുക. ഇവയുണ്ടായാൽ ഉടൻ തന്നെ നിങ്ങളുടെ പിയേഴ്സറെയോ ഡോക്ടറെയോ സമീപിക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Dermal finger piercings are the latest trend, offering a modern and aesthetic alternative to traditional jewelry