ഡയാനയുടെ ഗൗണുകള്‍ക്ക് ദശലക്ഷങ്ങളെറിഞ്ഞ് ലേലം, വിറ്റത് റെക്കോഡ് വിലയ്ക്ക്

നക്ഷത്രതിളക്കത്തോടാണ് ആരാധകര്‍ എന്നും ഡയാന രാജകുമാരിയുടെ സൗന്ദര്യത്തെ ഉപമിച്ചിരുന്നത്. വിടവാങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഡയാനയുടെ ഓര്‍മകളും പുഞ്ചിരിക്കുന്ന മുഖവും ഇന്നും ആളുകളോര്ക്കുന്നു. അവരുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും ഹെയര്‍സ്റ്റൈലും ആഭരണങ്ങളും ആക്സസറീസുമെല്ലാം ജീവിച്ചിരുന്ന കാലത്ത് എന്തുമാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവോ അതുപോലെത്തന്നെ ഇന്നും ചര്‍ച്ചകളിലിടം പിടിക്കുന്നു. ഡയാനയുടെ സ്റ്റൈല്‍ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നവരുമേറെ.
രാജകുമാരിയുടെ വ്യക്തിമുദ്ര പതിഞ്ഞ വസ്തുക്കളോട് ആളുകളുടെ ഭ്രമം വെളിപ്പെടുത്തുന്നതാണ് കാലിഫോര്‍ണിയയില്‍ കഴിഞ്ഞദിവസം നടന്ന ലേലം. ലോസ് ഏഞ്ചല്‍സിലെ പെനിന്‍സുല ബെവര്‍ലി ഹില്‍സില്‍ ജൂലിയന്‍ ഓക്ഷന് എന്ന ലേലക്കമ്പനിയാണ് പ്രിന്‍സസ് ഡയാനാസ് എലഗന്‍സ് & എ റോയല്‍ കളക്ഷന്‍ എന്ന പേരില്‍ ലേലം നടത്തിയത്. ഡയാനയുടെ പ്രിയപ്പെട്ട ഡിസൈനര്‍മാരായ എഡല്‍സ്റ്റീന്‍, കാരൊലിന്‍ ചാള്‍സ്, കാതറിന് വാക്കര്‍ എന്നിവരെല്ലാം രൂപകല്പന ചെയ്ത വസ്ത്രങ്ങള്‍ ഇതിലുണ്ടായിരുന്നു.
ബ്രിട്ടിഷ് രാജകുടുംബാംഗം ഉപയോഗിച്ചിരുന്ന ഷൂകളും ആക്സസറീസും വസ്ത്രങ്ങളുമടക്കം 200-ലേറെ വസ്തുക്കള്‍ ലേലത്തില്‍ വെച്ചപ്പോള്‍ 40 ലക്ഷം പൗണ്ടിനാണവ (ഏകദേശം 42 കോടി രൂപ) വിറ്റുപോയത്. ഡയാനയുടെ ഏറ്റവും പ്രിയപ്പെട്ട ചിലതും അതിലുണ്ടായിരുന്നു. 1997-ല്‍ കാറപകടത്തില്‍ മരിക്കുന്നതിന് രണ്ട് മാസം മുമ്പാണ് ഡയാനയുടെ വസ്ത്രങ്ങളുടെ വലിയ ലേലം നടന്നത്. അന്ന് ഡയാന സ്വയം മുന്‍കൈ എടുത്തുനടത്തിയ ചാരിറ്റി ലേലത്തില്‍ സ്വകാര്യ വസ്തുക്കളുടെ വിപുലമായ ശേഖരം വില്പനയ്ക്കെത്തിയിരുന്നു.
1987-ല്‍ ലണ്ടനിലും ജര്‍മ്മനിയിലും ഡയാന ധരിച്ചിരുന്ന മജന്ത സില്‍ക്ക്, ലേസ് ഓഫ് ഷോള്‍ഡര്‍ ഈവനിങ് ഡ്രസ്സ് 720,000 പൗണ്ടിന് (ഏകദേശം ഏഴരക്കോടി രൂപ) വില്പനയില് ഒന്നാമതെത്തി. ബ്രിട്ടീഷ് ഡിസൈനറായിരുന്ന വിക്ടര്‍ എഡല്‍സ്റ്റീന്‍ രൂപകല്പന ചെയ്തതാണിത്. 1985-ല്‍ വൈറ്റ് ഹൗസില്‍ ജോണ്‍ ട്രാവോള്ട്ടയ്ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ ധരിച്ച പ്രശസ്തമായ നേവി ബ്ലൂ വസ്ത്രവും എഡല്‍സ്റ്റീന്‍ രൂപകല്പന ചെയ്തതാണ്.
1988-ല്‍ റിച്ച്മണ്ട് സ്റ്റേഡിയത്തില്‍ നടന്ന വില്യം രാജകുമാരന്റെ സ്കൂള്‍ കായികദിനത്തിലും 1992-ല്‍ നോട്ടിങ് ഹില്ലിലെ പ്രിന്‍സ് ഹാരിയുടെ സ്കൂളിലെ ചടങ്ങിനും ഡയാന ധരിച്ച വാക്കര്‍ രൂപകല്‍പ്പന ചെയ്ത പിങ്ക് ഫ്ലോറല്‍ സില്‍ക്ക് ഷര്‍ട്ട് ഡ്രസ് ഏകദേശം 3.7 കോടി രൂപയ്ക്ക് വിറ്റു.
ഈ ഗൗണില്‍ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ബ്രിട്ടനിലെ മസ്കുലര്‍ ഡിസ്ട്രോഫി രോഗചികിത്സയ്ക്കായി പ്രയോജനപ്പെടുത്തും. ഡയാനയുടെ കൈയക്ഷരത്തിലുള്ള 20-ലധികം കത്തുകളും കുറിപ്പുകളും കാര്‍ഡുകളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡയാന വളര്‍ന്ന നോര്‍ത്താംപ്ടണ്‍ഷെയറിലെ സ്പെന്‍സര്‍ കുടുംബവീട്ടിലെ മുന്‍ വീട്ടുജോലിക്കാരനെഴുതിയ കത്തുകളാണ് ഇതിലേറെയും.
Content Highlights: diana’s gowns and royal items auctioned for millions