മൃദുലവും തിളക്കവുമാർന്ന മുടിക്ക് ചൈനീസ് ഹെയർ വാഷിങ് ടെക്‌നിക്ക്

പ്രതീകാത്മകചിത്രം/AI
പ്രതീകാത്മകചിത്രം/AI

ആദ്യം ഷാംപൂ തേയ്ക്കണം, ശേഷം മുടി കഴുകി, കണ്ടീഷണർ പുരട്ടി വീണ്ടും നന്നായി കഴുകണം... മുടി കഴുകുന്നത് ഇത്രയേയുള്ളൂ എന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ മുടിയും തലയോട്ടിയും വൃത്തിയാക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മുടിയുടെ ആരോഗ്യത്തിലും രൂപത്തിലുംവരെ വ്യത്യാസമുണ്ടാക്കാൻ സാധിക്കും. അത്തരത്തിലൊരു രീതിയാണ് ചൈനീസ് ഹെയർ വാഷിങ് ടെക്‌നിക്ക്.

ചൈനീസ് സൗന്ദര്യസംസ്‌കാരത്തിൽ മുടിക്ക് ഏറെ പ്രാധാന്യമുണ്ട്. പരമ്പരാഗതമായി മുടി കുടുംബത്തിന്റെ പൈതൃകത്തിന്റെ ഭാഗമായും ഭാഗ്യവുമായാണ് അവർ കണക്കാക്കുന്നത്. ചൈനീസ് പുതുവർഷ ദിനങ്ങളിൽ മുടി കഴുകുന്നത് ഒഴിവാക്കുന്ന പാരമ്പര്യംപോലും അവർക്കുണ്ട്. 'ഭാഗ്യം കഴുകിക്കളയാതിരിക്കാൻ' എന്ന വിശ്വാസമാണ് ഇതിനുപിന്നിൽ. 

ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചൈനീസ് ഹെഡ് സ്പാ രീതികൾ ശ്രദ്ധ നേടിയത്. അക്യുപ്രഷർ മസാജ്, ഹെർബൽ ട്രീറ്റ്‌മെന്റുകൾ, ആവി ചികിത്സ, വെള്ളച്ചാട്ടത്തിന് സമാനമായ 'വാട്ടർ ഹാലോ' തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. തലയോട്ടി വൃത്തിയാക്കുന്നതിനൊപ്പം വിശ്രമവും മുടിയുടെ പരിചരണവുമാണ് ഈ രീതിയുടെ ലക്ഷ്യം. ഇനി മുടി കഴുകുമ്പോൾ ഈ ആറ് ഘട്ടങ്ങൾകൂടി ഒന്നു പരീക്ഷിച്ചുനോക്കൂ…

1. ഡ്രൈ ബ്രഷിങ്: മുടി കഴുകുന്നതിന് മുമ്പുള്ള തയ്യാറെടുപ്പ് പ്രധാനമാണ്. മൃദുവായ ബ്രിസിലുകളുള്ള ബ്രഷ് ഉപയോഗിച്ച് തലയോട്ടി പതുക്കെ ബ്രഷ് ചെയ്യാം. തലയോട്ടിയിൽ അടിഞ്ഞുകൂടിയ മൃതകോശങ്ങൾ, താരൻ, ഹെയർ പ്രോഡക്ടുകളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

മുടി നനയ്ക്കുന്നതിന് മുമ്പ് ചീകുന്നത് കുരുക്കുകൾ അഴിയാനും സഹായിക്കും. നനഞ്ഞ മുടിയാണ് പൊട്ടിപ്പോകാൻ കൂടുതൽ സാധ്യതയുള്ളത്. അതിനാൽ ആദ്യം തന്നെ കുരുക്കുകൾ അഴിച്ചെടുക്കുന്നത് നല്ലതാണ്. എന്നാൽ ബ്രഷ് ചെയ്യുമ്പോൾ അമിതമായി സമ്മർദം ചെലുത്തരുത്. തലയോട്ടിയിൽ മുറിവോ അസ്വസ്ഥതയോ ഉണ്ടാകാത്ത വിധം വളരെ മൃദുവായി ചെയ്യാം. 

2. ഇളം ചൂടുവെള്ളം ഉപയോഗിക്കാം: മുടി നനയ്ക്കുമ്പോൾ ഇളം ചൂടുള്ള, സുഖകരമായ താപനിലയിലുള്ള വെള്ളമാണ് നല്ലത്. തലയോട്ടിയും മുടിയുടെ വേരുകളും നന്നായി നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇളം ചൂടുവെള്ളം അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. അതേസമയം വളരെ ചൂടുള്ള വെള്ളം തലയോട്ടിയിൽ വരൾച്ചയും അസ്വസ്ഥതയും ഉണ്ടാക്കാൻ സാധ്യതയുണ്ട്.

3. വേരുകളിൽ മാത്രം ഷാംപൂ, രണ്ടുതവണ മസാജ് ചെയ്യാം: ഈ രീതിയിലെ പ്രധാന ഘട്ടമാണിത്. ഷാംപൂ മുടിയിൽ മുഴുവനായി പുരട്ടാതെ, തലയോട്ടിയിലും വേരുകളിലുമാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്. മുടിയുടെ അറ്റങ്ങൾ അനാവശ്യമായി വരണ്ടുപോകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. വിരൽത്തുമ്പുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. നഖം ഉപയോഗിച്ച് തലയോട്ടി ചുരണ്ടുന്നത് ഒഴിവാക്കണം.

ആദ്യത്തെ ഷാംപൂ ചെയ്യൽ അധിക എണ്ണയും ഹെയർ പ്രോഡക്ടുകളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനാണ്. രണ്ടാമത്തെ തവണ കുറച്ചുകൂടി ആഴത്തിലുള്ള ക്ലീനിങ്ങിനും. ഓരോ തവണയും നന്നായി കഴുകിക്കളയുക.

4. വേരുകൾക്ക് ഹെർബൽ ട്രീറ്റ്‌മെന്റ്: മുടിയുടെ മധ്യഭാഗം മുതൽ അറ്റംവരെ കണ്ടീഷണർ പുരട്ടാനാണ് സാധാരണയായി നിർദേശിക്കുന്നത്. എന്നാൽ തലയോട്ടിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടോണിക്കുകളും ട്രീറ്റ്‌മെന്റുകളും ഉപയോഗിക്കാം.

ചൈനീസ് പരമ്പരാഗത ചികിത്സാരീതികളിൽ ജിൻസെങ്, ഹി ഷൗ വു (He Shou Wu), ഇഞ്ചി തുടങ്ങിയ ചേരുവകൾ മുടി സംരക്ഷണ ഫോർമുലേഷനുകളിൽ ഉപയോഗിച്ചുവരുന്നു. എണ്ണകൾ, ടോണിക്കുകൾ, കണ്ടീഷണറുകൾ തുടങ്ങിയ വിവിധ രൂപങ്ങളിൽ ഇവ ലഭ്യമാണ്.

തലയോട്ടിക്കായി ഉപയോഗിക്കാവുന്ന ഇത്തരം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഉപയോഗനിർദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഉൽപ്പന്നം നിർദേശിക്കുന്ന രീതിയിൽ വേരുകളിൽ പുരട്ടി രണ്ടുമുതൽ മൂന്ന് മിനിറ്റ് വരെ മൃദുവായി മസാജ് ചെയ്യാം. തുടർന്ന് പാക്കറ്റിൽ നിർദേശിച്ചിരിക്കുന്ന സമയം വരെ വയ്ക്കുക.

5. ആവി ചികിത്സയോ 'വാട്ടർ ഹാലോ'യോ: ചൈനീസ് ഹെഡ് സ്പാ രീതികളിൽ ശ്രദ്ധേയമായ മറ്റൊരു ഘട്ടമാണ് ആവി ചികിത്സ. ചില സ്പാകളിൽ തലയ്ക്കു മുകളിലൂടെ വെള്ളച്ചാട്ടം പോലെ വെള്ളം ഒഴുകുന്ന 'വാട്ടർ ഹാലോ' രീതിയും ഉപയോഗിക്കുന്നു.

ചൂടും ഈർപ്പവും മുടിയെയും തലയോട്ടിയെയും മൃദുവാക്കാനും ട്രീറ്റ്‌മെന്റിന്റെ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കും. വീട്ടിൽ ചെയ്യുമ്പോൾ അമിതമായ ചൂട് ഒഴിവാക്കണം. അസ്വസ്ഥത തോന്നുന്ന തരത്തിൽ കൂടുതൽ സമയം ആവി കൊള്ളിക്കുകയും അരുത്.

മുടി വരണ്ടതോ കേടുപാടുകളുള്ളതോ ആണെങ്കിൽ, ഈ ഘട്ടത്തിനുശേഷം മുടിയുടെ അറ്റങ്ങളിൽ ഹെയർ മാസ്‌ക് ഉപയോഗിക്കാം.

6. അവസാനം തണുത്ത വെള്ളത്തിൽ കഴുകാം: അവസാന ഘട്ടത്തിൽ സുഖകരമായി തോന്നുന്ന തണുത്ത വെള്ളത്തിൽ മുടി കഴുകാം. മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിൾ കൂടുതൽ മിനുസമുള്ളതായി തോന്നാൻ ഇത് സഹായിച്ചേക്കാം. അതുവഴി മുടിക്ക് കൂടുതൽ തിളക്കം ലഭിക്കുന്നതായും ഫ്രിസ് കുറയുന്നതായും തോന്നാം. എന്നാൽ ഐസ് പോലെ തണുത്ത വെള്ളം നിർബന്ധമല്ല. ശരീരത്തിന് സുഖകരമായ താപനിലയിലുള്ള തണുത്ത വെള്ളം മതിയാകും.

മുടി കഴുകുന്നതിനുംവേണം ക്ഷമ 
വേഗത്തിൽ ഷാംപൂ ചെയ്ത് കഴുകിക്കളയുന്നതിനുപകരം, തലയോട്ടി വൃത്തിയാക്കുന്നതിനും മസാജിനും മുടിക്ക് ആവശ്യമായ പരിചരണം നൽകുന്നതിനുമായി കുറച്ചുസമയം മാറ്റിവയ്ക്കുന്നതാണ് ഈ ചൈനീസ് രീതിയുടെ പ്രത്യേകത. എങ്കിലും എല്ലാ ഘട്ടങ്ങളും എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് സെൻസിറ്റീവായ തലയോട്ടിയിലും മുറിവുകളുള്ളവരും ശ്രദ്ധിക്കണം. അങ്ങനെയുള്ളവർ പുതിയ ഉൽപ്പന്നങ്ങളോ ഹെർബൽ ട്രീറ്റ്‌മെന്റുകളോ ഉപയോഗിക്കുന്നതിന് മുമ്പ് വിദഗ്ധരുടെ നിർദേശം തേടുന്നത് നല്ലതാണ്. മുടിയുടെ തരം, തലയോട്ടിയുടെ അവസ്ഥ, ഉപയോഗിക്കുന്ന ഉൽപ്പന്നം എന്നിവ പരിഗണിച്ചായിരിക്കണം ഹെയർകെയർ റുട്ടീൻ തിരഞ്ഞെടുക്കേണ്ടത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: chinese-hair-washing-technique-for-soft-and-shiny-hair