മക്കളുടെ പേരിലുള്ള മാലകളുമായി പ്രിയങ്ക ചോപ്രയും കേറ്റ് മിഡിൽടണും റാണി മുഖർജിയും

കേറ്റ് മിഡിൽടൺ, പ്രിയങ്ക ചോപ്ര / GettyImages, Instagram
കേറ്റ് മിഡിൽടൺ, പ്രിയങ്ക ചോപ്ര / GettyImages, Instagram

ദേശീയപുരസ്‌കാരം വാങ്ങാൻ റാണി മുഖർജിയെത്തിയത്, സബ്യസാചി സാരി ധരിച്ചാണ്. എങ്കിലും അതിനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് കസ്റ്റമൈസ്ഡ് ഗോൾഡ് ചെയിനാണ്. തന്റെ മകൾ അദിറ ചോപ്രയുടെ പേരിലെ അക്ഷരങ്ങളുള്ള ചെയിനാണ് റാണി ധരിച്ചത്. റാണിയുടെയും ഫിലിംമേക്കറായ ആദിത്യ ചോപ്രയുടെയും മകളാണ് പത്തുവയസ്സുള്ള അദിറ.

30 വർഷമായി റാണി സിനിമാരംഗത്തുവന്നിട്ട്. ആദ്യമായാണ് ദേശീയപുരസ്‌കാരം ലഭിക്കുന്നത്. കരിയറിലെ അത്രയും പ്രധാനപ്പെട്ട പുരസ്‌കാരം സ്വീകരിക്കാനെത്തുമ്പോൾ, ആ ചടങ്ങിൽ മകളോടുള്ള സ്‌നേഹം കൂടി അവർ ഉൾപ്പെടുത്തി.

അതിനൊപ്പം 'മിസിസ് ചാറ്റർജി VS നോർവെ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണിക്ക് പുരസ്‌കാരം ലഭിച്ചത്. തന്റെ കുഞ്ഞുങ്ങളെ വിട്ടുകിട്ടാനായി നോർവെ സർക്കാരുമായി നിയമയുദ്ധം നടത്തിയ സ്ത്രീയുടെ കഥയാണിത്. ആ സിനിമയിലെ തന്റെ കഥാപാത്രത്തിനും കൂടിയുള്ള ആദരസൂചകമായാണ് റാണി മകളുടെ പേരുള്ള ആൽഫബറ്റിക്കൽ നെക്ലേസ് ധരിച്ചതെന്ന് പറയപ്പെടുന്നു.

മക്കളുടെ പേര് ആഭരണത്തിൽ കൊണ്ടുവന്ന താരങ്ങൾ വേറെയുമുണ്ട്. കുറച്ചുനാൾ മുമ്പ് പ്രിയങ്ക ചോപ്ര ഒരു പരിപാടിക്കെത്തിയപ്പോൾ, ധരിച്ച ചോക്കർ നെക്ലേസ് പെട്ടെന്ന് ചർച്ചയായി. കളർഫുൾ ബീഡ്‌സ് പിടിപ്പിച്ച ആ മാലയുടെ പ്രത്യേകത, അതിൽ കോർത്തിട്ട അക്ഷരങ്ങളായിരുന്നു. പ്രിയങ്കയുടെയും നിക് ജോനസിന്റെയും മകളായ മാൾട്ടിയുടെ പേരാണ് ആ മാലയിലുണ്ടായിരുന്നത്.

ലണ്ടൻ ആസ്ഥാനമായ ജ്വല്ലറി ബ്രാൻഡ് റോസൻ ഫസ്റ്റാണ് ഇത് നിർമിച്ചത്. ഇതിനുമുമ്പ് ജോനസ് ബ്രദേഴ്‌സിന്റെ സംഗീതനിശയിലും ഇതേ ആഭരണം പ്രിയങ്ക ധരിച്ചിരുന്നു.

വെയ്ൽസ് രാജകുമാരിയായ കേറ്റ് മിഡിൽടൺ ധരിച്ച രണ്ടു നെക്ലേസുകൾ ആരാധകർക്ക് ഏറെയിഷ്ടപ്പെട്ടു. ഒന്നിൽ അവരുടെ കുട്ടികളുടെ പേരിന്റെ ആദ്യാക്ഷരങ്ങളായ G,C,L എന്നിവ കോർത്തിട്ടതായിരുന്നു. ഡാനിയേല ഡ്രേപർ ആൽഫബറ്റ് നെക്ലേസായിരുന്നുവത്. റീസൈക്കിൾഡ് സോളിഡ് 9 കാരറ്റ് യെല്ലോ ഗോൾഡിൽ നിർമിച്ചതാണ് ആ നെക്ലേസ്. അടുത്ത നെക്ലേസ് ഒരു സിംഗിൾ പെന്റന്റിൽ 'G, C, L' എന്നീ വാക്കുകൾ പതിപ്പിച്ചതായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Celebrities like Priyanka Chopra and Kate Middleton personalize jewellery with their childrens names