പുസ്തകങ്ങളോടുള്ള പ്രണയമാണ് നാരായണമൂര്‍ത്തിയെയും സുധാമൂര്‍ത്തിയെയും ഒരേ ചരടില്‍ കോര്‍ത്തത്

കാഴ്ചയുറയ്ക്കുംമുന്‍പേ ഗന്ധങ്ങളുടെ വാതിലുകളായിരുന്നു എന്നില്‍ തുറന്നത്. ആദ്യഗന്ധങ്ങളെല്ലാം പുസ്തകങ്ങളുടെതായിരുന്നു. പല പല തരത്തിലുള്ള കടലാസുകളുടെ മണം; കടലാസ് പഴകുമ്പോഴുള്ള മണം; കടലാസില്‍പ്പുരണ്ട പാറ്റഗുളികത്തരികളുടെ മണം; പുത്തന്‍ പുസ്തകങ്ങളുടെ മദിപ്പിക്കുന്ന മണം... അച്ഛന്റെ ഏറ്റവും വലിയ സമ്പാദ്യം പുസ്തകങ്ങളായിരുന്നു. അച്ഛന്‍ എനിക്ക് വിശ്വാസപൂര്‍വം കൈമാറിയതും പുസ്തകങ്ങള്‍തന്നെ. അതിന്റെ വില പൂര്‍ണമായും മനസ്സിലാവുന്നത് ഇപ്പോഴാണ്.
കണ്‍മിഴിക്കെ അലമാരകളില്‍ നിറയെ പുസ്തകങ്ങളായിരുന്നു. സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ പുഷ്‌കലകാലത്ത് വാങ്ങിക്കൂട്ടിയവ. അമ്പത് പൈസയും ഒരു രൂപയും മുതല്‍ പല പല വിലകളിലുള്ളവ. എല്ലാം കാമ്പുള്ളവ; ഒന്നും കളയാന്‍ സാധിക്കാത്തവ. എഴുത്തിലെ ഉഗ്രമൂര്‍ത്തികളുടെ നൃത്തശാലയായിരുന്നു അച്ഛന്റെ പുസ്തക അലമാരകള്‍. പല ഭാവങ്ങളില്‍, പല താളങ്ങളില്‍ അവരവിടെ നൃത്തമാടി. എനിക്കൊപ്പം പോന്ന ആ അലമാരകളില്‍ അവരിപ്പോഴും നൃത്തം തുടരുന്നു.
എന്തുകൊണ്ടാണ് അച്ഛന് ബംഗാളി നോവലുകളോടും ഹിന്ദി നോവലുകളോടും ഗാഢപ്രണയമുണ്ടായത് എന്നെനിക്കറിയില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. ബിമല്‍ മിത്ര അച്ഛന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. എം.എന്‍. സത്യാര്‍ഥി പരിഭാഷപ്പെടുത്തി ജനയുഗം വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതിനുശേഷം അവര്‍തന്നെ പുസ്തകമായി പ്രസിദ്ധീകരിച്ച ബിമല്‍ മിത്രയുടെ 'വിലയ്ക്കുവാങ്ങാം' എന്ന നോവലിന്റെ രണ്ട് ബൃഹദ് വാല്യങ്ങള്‍ 1968 ജനുവരി 29-ന് 25 രൂപയ്ക്കാണ് അച്ഛന്‍ വാങ്ങിയത്. 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഗാഥയാണിത്' എന്നുപറഞ്ഞാണ് അച്ഛന്‍ അത് എനിക്ക് വായിക്കാന്‍ തന്നത്. ഇന്ത്യയുടെ 250 വര്‍ഷങ്ങളുടെ ചരിത്രം ജീവിതഗന്ധിയായി പറയുക എന്ന ബിമല്‍മിത്രയുടെ സ്വപ്‌നത്തിലെ രണ്ടാം ദളമായിരുന്നു 'വിലയ്ക്കുവാങ്ങാം'. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തി ജീവിച്ചും ഭരിച്ചും തുടങ്ങിയ കാലത്തിന്റെ കഥപറയുന്ന പ്രഭുക്കളും ഭൃത്യന്മാരും സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള കാലത്തിന്റെ കഥ പറയുന്ന ഇരുപതാം നൂറ്റാണ്ട് ഇന്ത്യ-ചൈന യുദ്ധകാലത്തിന്റെയത്രയും പറയുന്ന ബീഗം മേരി ബിശ്വാസ് എന്നിവ പിന്നീടാണ് വായിച്ചത്.
വിലയ്ക്കുവാങ്ങാമിലെ കിരണകുമാര്‍ ചാറ്റര്‍ജിയും ദീപാങ്കുരനും സതിയുമെല്ലാം വര്‍ഷങ്ങള്‍ക്കിപ്പുറവും നെയ്ത്തിരിനാളംപോലെ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. കുറേക്കാലത്തിനുശേഷം കൊല്‍ക്കത്തയിലെ ചെത്ലയില്‍ ബിമല്‍ മിത്രയുടെ വീട്ടിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ വന്നിറങ്ങുകയും വണ്ടികയറിപ്പോകുകയും ചെയ്ത ബാലിഗഞ്ച് റെയില്‍വേസ്റ്റേഷനിലും ചെന്നുനിന്നപ്പോള്‍ വിലയ്ക്കുവാങ്ങാമിന്റെ രണ്ട് വാല്യങ്ങള്‍ അച്ഛന്‍ എന്റെ കൈകളിലേക്ക് വെച്ചുതന്ന നിമിഷമാണ് ഓര്‍ത്തുപോയത്. ഏതേതൊക്കെ വഴികളിലൂടെ പ്രവഹിച്ച് എവിടേക്കൊക്കെയാണ് പുസ്തകങ്ങളും വായനയും എന്നെ കൊണ്ടുചെന്നെത്തിക്കുന്നത്!
മണിശങ്കര്‍ മുഖര്‍ജിയുടെ നോവലുകളായ ജനാരണ്യയും ചൗരംഗിയും; ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യയുടെ ആരണ്യകും പഥേര്‍ പാഞ്ജലിയും; താരാശങ്കര്‍ ബന്ദോപാധ്യയുടെ ആരോഗ്യനികേതനം; ഭീഷ്മ സാഹ്നിയുടെ തമസ്,യശ്പാലിന്റെ നിറം പിടിപ്പിച്ച നുണകള്‍ ; പ്രേംചന്ദിന്റെ ഗോദാനം; വി.എസ്. ഖാണ്ഡേക്കറിന്റെ യയാതി;ശിവരാമ കാരന്തിന്റെ ചോമന ദുഡിയും മുഖ്ജിയുടെ കിനാവുകളും; ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍... ഇന്ത്യന്‍ ജീവിതത്തിന്റെ ത്രസിക്കുന്ന ഉള്ളടരുകള്‍ ഈ നോവലുകള്‍ കാണിച്ചുതന്നു. ഇപ്പോഴും ഇന്ത്യയുടെ വിദൂരഗ്രാമങ്ങളില്‍ എത്തുമ്പോള്‍ ഈ നോവലുകളിലെ കഥാപാത്രങ്ങളാണ് എന്നെ വഴിനടത്തുന്നത്.
ബംഗാളി നോവലുകള്‍ക്കൊപ്പം റഷ്യന്‍ നോവലുകളുടെ പരിഭാഷകളും മലയാളത്തിലെ പ്രശസ്തമായ എല്ലാ നോവലുകളും എസ്.കെ. പൊറ്റെക്കാട്ടിന്റെ വിശ്വപ്രസിദ്ധങ്ങളായ യാത്രാവിവരണങ്ങളും (ചന്ദ്രികാ സോപ്പിന്റെ സി.ആര്‍. കേശവന്‍ വൈദ്യര്‍ പ്രസാധകനായി ഇരിങ്ങാലക്കുട വിവേകോദയം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി പ്രസിദ്ധീകരിച്ച ആദ്യ പതിപ്പ് എസ്.കെ.യില്‍നിന്നുതന്നെ അച്ഛന്‍ വാങ്ങിയതായിരുന്നു) ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മൗലാനാ ആസാദിന്റെയും സവര്‍ക്കറുടെയും നേതാജിയുടെയും പ്രധാന കൃതികളും വിവേകാനന്ദ സാഹിത്യ സര്‍വസ്വവും ശ്രീരാമകൃഷ്ണ വചനാമൃതവും; ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പി.കുഞ്ഞിരാമന്‍ നായര്‍, വി.സി. ബാലകൃഷ്ണപ്പണിക്കര്‍, ബാലാമണിയമ്മ, ഒ.എന്‍.വി., പി. ഭാസ്‌കരന്‍, വയലാര്‍ എന്നിവരുടെ കവിതകളും സഞ്ജയന്റെ സമ്പൂര്‍ണ രചനകളും ഭഗവദ് ഗീതയും ഉപനിഷത്തുകളുമടക്കമുള്ള ഇന്ത്യന്‍ വേദാന്ത സാഹിത്യവും വി.ടി.യുടെയും ചെറുകാടിന്റെതുമടക്കമുള്ള പ്രസിദ്ധമായ ആത്മകഥകളും ലോഗന്റെ മാന്വലും പത്മനാഭമേനോന്റെ കൊച്ചിരാജ്യ ചരിത്രവും പി.കെ. ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കേരളചരിത്രവും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരത വിവര്‍ത്തനവും ഉള്‍പ്പെടെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു അച്ഛന്റെ പുസ്തകശേഖരം.
അവ ഇന്ന് എന്റെ കൂടെ ജീവിക്കുന്നു; പല തരത്തില്‍ എന്റെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് പുസ്തകങ്ങള്‍ കടന്നുവരുന്നതും അവ ജീവിതാന്ത്യംവരെ അയാളുടെ ഒപ്പം യാത്ര ചെയ്യുന്നതും ഒടുവില്‍ മറ്റേതോ ജീവിതത്തിലേക്ക് പോവുന്നതും ഏതോ ജന്മവിധിയുടെ ഭാഗമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിപ്പോള്‍ ഇഷ്ടം. അച്ഛന്‍ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളുടെ ഗര്‍ഭഗൃഹത്തില്‍ വളര്‍ന്നില്ലായിരുന്നെങ്കില്‍ മാധ്യമപ്രവര്‍ത്തനം എന്ന തൊഴില്‍മേഖലയിലേക്ക് ഞാനൊരിക്കലും എത്തുകയില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അന്നം തരിക എന്ന അനുഗ്രഹവും അക്ഷരങ്ങള്‍ പകര്‍ന്നുതന്നു.
ജീവന്റെ നേരായി പുസ്തകങ്ങളെ കൊണ്ടുനടന്ന എത്രയോ പേരെപ്പറ്റി വായിച്ചിട്ടുണ്ട്; അതിലധികമാളുകളെ കണ്ടിട്ടുമുണ്ട്. ''ജീവിതത്തില്‍ മറ്റെന്തൊക്കെ ചെലവുകള്‍ നിയന്ത്രിച്ചാലും പുസ്തകം വാങ്ങുന്നത് നിയന്ത്രിക്കാനാവില്ല'', എന്നുപറഞ്ഞ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവില്‍ തുടങ്ങുന്നു അത് (നെഹ്റു അങ്ങനെ വാങ്ങിക്കൂട്ടിയ കുറേ പുസ്തകങ്ങള്‍ കോഴിക്കോടിനടുത്ത് രാമനാട്ടുകരയിലെ ദാനഗ്രാമം നയിച്ചിരുന്ന മഹാനായ ഗാന്ധിയന്‍ രാധാകൃഷ്ണമേനോന്റെ ലൈബ്രറിയില്‍ പിന്നീട് ഞാന്‍ കണ്ടു. ഗാന്ധിയന്‍ ഗ്രാമത്തിന്റെ നടത്തിപ്പിനായി സഹായം ചോദിച്ച് ചെന്നപ്പോള്‍ പണത്തിനൊപ്പം നെഹ്റു എടുത്തുകൊടുത്തവയായിരുന്നു അവ).
പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമായി ഒരു വീട് വാടകക്കെടുത്ത മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍, പുസ്തകങ്ങളെക്കണ്ടാല്‍ മറ്റെല്ലാം മറന്നിരുന്ന എം.പി. വീരേന്ദ്രകുമാര്‍, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വായനക്കാരായ കോഴിക്കോട്ടെ ഐ.ജി. ഭാസ്‌കരപ്പണിക്കരും അഡ്വ. വിക്ടര്‍ ആന്‍ണി നൂണും, പുസ്തകങ്ങള്‍ക്കിടയില്‍ അവിവാഹിതരായി ജീവിക്കുന്ന കോഴിക്കോട്ടെ പ്രൊഫ. പി. ജയേന്ദ്രനും പ്രൊഫ. നാഗേഷും, കാളപൂട്ടുമത്സരമോ പുസ്തകം വായനയോ കൂടുതല്‍ പ്രിയം എന്ന് ചോദിച്ചാല്‍ കുറ്റിമുടിയുള്ള സ്വന്തം തലയുഴിഞ്ഞ് കുഴങ്ങുന്ന വളാഞ്ചേരിക്കാരനായ ടി.ആര്‍. കൊണ്ടാരന്‍, കോഴിക്കോടന്‍ നഗരത്തിരക്കുകള്‍ക്കിടയിലൂടെ സൈക്കിളില്‍ സോഡ വിതരണം ചെയ്ത് തിരിച്ചുപോകുമ്പോള്‍ സോഡയുടെ കെയ്സിന് മുകളില്‍ റഷ്യന്‍ സാഹിത്യവും ഇന്ത്യന്‍ വേദാന്തഗ്രന്ഥങ്ങളും വാങ്ങിവെച്ച് തിരിച്ചുപോവുന്ന ചന്ദ്രദാസ്, പുസ്തകം വായിച്ച് ജീവിക്കാന്‍മാത്രം ഗള്‍ഫിലെ ഉയര്‍ന്ന ജോലി രാജിവെച്ച കോഴിക്കോട്ടെ ഉണ്ണികൃഷ്ണന്‍ പാലയ്ക്കല്‍... എത്രയെത്രപേര്‍! കഥയായി എഴുതിയാല്‍പ്പോലും ലോകം വിശ്വസിക്കാത്ത യാഥാര്‍ഥ്യങ്ങള്‍.
വാങ്ങിക്കൂട്ടിയതും വായിച്ചുതീര്‍ത്തതുമായ പുസ്തകങ്ങളും അവയെക്കുറിച്ചുള്ള പരസ്പര സംഭാഷണങ്ങളും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ച ജീവിതമാണ് ഇന്‍ഫോസിസിന്റെ അധിപന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെയും എഴുത്തുകാരിയായ സുധാമൂര്‍ത്തിയുടെയും. ചിത്ര ബാനര്‍ജി ദിവാകരുണി എഴുതിയ An Uncommon Love- The Early Life Of Sudha and Narayana Murthy എന്ന പുസ്തകത്തില്‍, വായനയിലൂടെ വള്ളികളായിപ്പടര്‍ന്ന അവരുടെ പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട്. ആദ്യമായി നാരായണമൂര്‍ത്തിയെ പുണെയിലെ അദ്ദേഹത്തിന്റെ വാടകഫ്‌ളാറ്റില്‍ക്കണ്ട ഓര്‍മ സുധാമൂര്‍ത്തി പങ്കുവയ്ക്കുന്നതിങ്ങനെ:
''നെറ്റിയില്‍ ഒരു ചെറുമറുകും കട്ടിക്കണ്ണടയുമുള്ള അയാള്‍ മെലിഞ്ഞ് ക്ഷീണിച്ചിരുന്നു. അനാഡംബരമായ ചെക്ക് നിറത്തിലുള്ള കോട്ടായിരുന്നു അയാള്‍ ധരിച്ചിരുന്നത്. പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്നതുവരെ അയാള്‍ ശാന്തനും ലജ്ജാലുവുമായിരുന്നു. പുസ്തകങ്ങളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയതോടെ അയാള്‍ തിളങ്ങുന്ന ബുദ്ധിയോടെ സുധയെ അദ്ഭുതപ്പെടുത്തി. കന്നഡ എഴുത്തുകാരോടുള്ള അഭിനിവേശം രണ്ടുപേര്‍ക്കും തുല്യമാണ് എന്നവര്‍ക്ക് മനസ്സിലായി. കുവെമ്പു, ശിവരാമകാരന്ത്, ത്രിവേണി, എസ്.എല്‍. ഭൈരപ്പ. അതിലുമദ്ഭുതം അയാളുടെ നിറഞ്ഞുകവിഞ്ഞ പുസ്തകഷെല്‍ഫില്‍ നിറയെ പുതിയ എഴുത്തുകാരായിരുന്നു എന്നതാണ്...''
പുസ്തകങ്ങളാണ്, അവയോടുള്ള പ്രണയമാണ് നാരായണമൂര്‍ത്തിയെയും സുധാമൂര്‍ത്തിയെയും ഒരേ ചരടില്‍ കോര്‍ത്തത്; ഇപ്പോഴും ഒട്ടുമിടറാതെ ഒന്നിച്ച് നടത്തുന്നത്. അതെ, ഏതേതൊക്കെ വഴികളിലൂടെ പ്രവഹിച്ച് എവിടേക്കൊക്കെയാണ് പുസ്തകങ്ങള്‍ ഓരോ മനുഷ്യരേയും കൊണ്ടുചെന്നെത്തിക്കുന്നത്!
* * * *
തനിച്ചാവുന്ന മനുഷ്യന് കൂട്ടാവുന്ന രണ്ട് കാര്യങ്ങള്‍ പക്ഷിമൃഗാദികള്‍ അടങ്ങുന്ന പ്രകൃതിയും ചുറ്റിലുമുള്ള പുസ്തകങ്ങളുമാണ്. വാര്‍ധക്യത്തിന്റെ ഏകാന്തതയിലും ഏറ്റവും നല്ല സുഹൃത്ത് പ്രിയപ്പെട്ട പുസ്തകങ്ങളായിരിക്കും. ജനലിനപ്പുറം തളിര്‍ത്തുനില്‍ക്കുന്ന ഒരു മരമുണ്ടെങ്കില്‍, വായിക്കാനൊരു പുസ്തകമുണ്ടെങ്കില്‍ മഹാപ്രപഞ്ചത്തില്‍ തനിച്ചാണെന്ന തോന്നല്‍ എനിക്കൊരിക്കലുമുണ്ടാവാറില്ല. ''എല്ലാം നഷ്ടപ്പെട്ടാലും എനിക്കെന്റെ പുസ്തകങ്ങളുണ്ട്'', എന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞത് പുസ്തകാഭിനിവേശത്തിന്റെയും അമ്പരപ്പിച്ച വായനാനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്. കുട്ടികളില്ലാത്ത വീടുപോലെയാണ് പുസ്തകങ്ങളില്ലാത്ത വീടും- എന്തോ ഒന്നിന്റെ ശൂന്യത അവിടെ അനുഭവപ്പെടും.
ആത്മഹത്യ ചെയ്യാനുറച്ച മനുഷ്യരെ അതില്‍നിന്ന് തിരിച്ചുവിളിച്ച പുസ്തകങ്ങളുണ്ട്; പീഡനത്തിന്റെ തടവറകളില്‍ മനുഷ്യന് പുസ്തകങ്ങള്‍ സാന്ത്വനമായിട്ടുണ്ട്. മനുഷ്യന്റെ സൂക്ഷ്മമായ അന്തര്‍ലോകത്തിന്റെ ഏത് ഗ്രന്ഥിയേയാണ് പുസ്തകങ്ങള്‍ വന്നുതൊടുന്നത് എന്നറിയില്ല. എവിടെയൊക്കെയോ ചില പുസ്തകങ്ങള്‍ ഓരോ വായനക്കാരനേയും കാത്തിരിക്കുന്നുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഏത് നഗരത്തില്‍പ്പോയാലും അവിടത്തെ പുസ്തകശാലകളിലും വഴിയോര പുസ്തകക്കടകളിലും കയറുക എന്ന ശീലം എനിക്കുണ്ട്. എല്ലായിടത്തും എപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക പുസ്തകം കാത്തിരിപ്പുണ്ടാവും. കോഴിക്കോട്ടെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടകളില്‍ ഈയടുത്തകാലംവരെ വന്നിരുന്ന എം.ടി.യോട് ഒരിക്കല്‍ ചോദിച്ചു:
''ഇത്രയും വായിച്ചിട്ടും എന്താണ് അങ്ങ് ഇപ്പോഴും ഈ വഴിയോരപ്പുസ്തകക്കടകളില്‍ തേടുന്നത്?''
അപ്പോള്‍ നിഷ്‌കളങ്കമായി അദ്ദേഹം പറഞ്ഞു:
''അതെനിക്കൊരു സുഖമാണ്. ഏതെങ്കിലും ഒരു പുസ്തകം എന്നെത്തേടി അവിടെയുണ്ടാവും...''
കൊല്‍ക്കത്തയിലെ കോളേജ് സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ പുസ്തകങ്ങള്‍കൊണ്ടുണ്ടാക്കിയ കോട്ടപോലെ തോന്നിക്കും ആ തെരുവ്. പുതിയ പുസ്തകങ്ങളും ലോകത്തെവിടെയൊക്കെയോ ഇരുന്ന് ആരൊക്കെയോ വായിച്ച് പഴകിയ പുസ്തകങ്ങളും. അജ്ഞാതനായ വായനക്കാരന്റെ/ വായനക്കാരിയുടെ ഹര്‍ഷോന്മാദങ്ങളും കണ്ണീരും കിനാവും കലര്‍ന്ന അവയുടെ താളുകള്‍. ഏതൊക്കെയോ കാരണങ്ങളാല്‍ അവയെ കൈയൊഴിയേണ്ടിവന്നവരുടെ വേദനകള്‍ ആ താളുകളില്‍നിന്ന് നീരാവിപോലെ പൊന്തുന്നു. അപ്പോള്‍ പുസ്തകങ്ങള്‍ മറ്റാരിലേക്കോ വിടപറഞ്ഞുപോവുന്ന പ്രണയിനിയാവുന്നു, നിസ്സഹായരായി മാതാപിതാക്കള്‍ ഉപേക്ഷിച്ച മക്കളാവുന്നു...
പുസ്തകങ്ങള്‍ വിജ്ഞാനം മാത്രമല്ല, പലപ്പോഴും വിഷാദം കൂടിയാണ്. എല്ലാ വായനക്കാരനും വിഷാദത്തോടെയായിരിക്കും ഈ ഭൂമിവിട്ടുപോവുക എന്നുതോന്നുന്നു. വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ചുള്ള നഷ്ടബോധവും വായിച്ച് ഒരു ജീവിതകാലം മുഴുവന്‍ ഒപ്പം കഴിഞ്ഞ പുസ്തകങ്ങള്‍ ഇനിയെങ്ങോട്ടുപോകും എന്ന അജ്ഞേയമായ ആശങ്കയും ഓരോ പുസ്തകപ്രേമിയിലും കൂടിക്കുഴയും. വായനയുടെ ഓര്‍മകള്‍, ആനന്ദങ്ങള്‍, പുസ്തകങ്ങള്‍ പകര്‍ന്ന മണങ്ങള്‍... അവയെല്ലാം തലമുറയില്‍നിന്ന് തലമുറയിലേക്ക് സഞ്ചരിക്കുന്നു. ഓരോരുത്തരും അവയെ ഓരോന്നായി വായിക്കുന്നു.
വീണ്ടും ഞാനെന്റെ പുസ്തകാലമാരയ്ക്ക് മുന്നില്‍ നില്‍ക്കുന്നു. വായിച്ച പുസ്തകങ്ങള്‍ ഒരിക്കല്‍ക്കൂടി വായിക്കാന്‍ മോഹം; വായിക്കാത്തവ ആര്‍ത്തിയോടെ വായിക്കാന്‍ മോഹം; അക്കൂട്ടത്തിലേക്ക് പുതിയ പുസ്തകങ്ങളെ കൊണ്ടുവരാന്‍ മോഹം... ഓരോ വ്യക്തിയും പുസ്തകങ്ങള്‍ വായിക്കുന്നത് അവനവന് വേണ്ടിയായിരിക്കാം. എന്നാല്‍ പുസ്തകങ്ങള്‍ വാങ്ങുന്നത് തനിക്കുവേണ്ടി മാത്രമല്ല- ഏതൊക്കെയോ കാലത്തിനും ഏതൊക്കെയോ മനുഷ്യര്‍ക്കും വേണ്ടിക്കൂടിയാണ്. നമ്മുടെ പുസ്തകങ്ങള്‍ അജ്ഞാതമായ കാലത്തേക്ക് സഞ്ചരിക്കുമ്പോള്‍ അവയെ ആദ്യം തൊട്ട, അറിഞ്ഞ നമ്മളും അനശ്വരതയെത്തൊടുന്നു. വിദൂരകാലത്തിലേക്ക് നാം ഒരു ദീപം കൊടുത്തയക്കുന്നു- ഇരുട്ടുമൂടുമ്പോഴെല്ലാം ആര്‍ക്കൊക്കെയോ അവ വെളിച്ചമാവുമായിരിക്കാം. ഇപ്പോള്‍ എന്റെയാണീപ്പുസ്തകങ്ങള്‍; എന്നാല്‍ 'എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍'
Content Highlights: vakkum vazhvum-column by sreekanth kottakkal