വാതില്‍ക്കല്‍ നില്പൂ വാസന്തം

1
പലതവണ ആ നാട്ടില്‍ പോയി വന്നതാണ്. എപ്പോഴും കുഞ്ഞിനെ പാലത്തില്‍ കിടത്തി ഉറക്കി വന്നതുപോലുള്ള വേവലാതിയും തിടുക്കവും ഉണ്ടായിരുന്നതുകൊണ്ട് സ്വപ്നയെ കാണാന്‍ ശ്രമിച്ചിട്ടില്ല. ഇവിടെ വരെ വന്നിട്ട് എന്റെ വീട്ടില്‍ വരാതെ പോയല്ലോ എന്നുള്ള തരം പരിഭവങ്ങള്‍ ഒന്നുമുള്ളവളല്ല സ്വപ്ന. സമയം കിട്ടുമ്പോള്‍ വീട്ടിലേക്ക് ഇറങ്ങൂ പോലെയുള്ള വ്യാജ മര്യാദാവചനങ്ങള്‍ ഒന്നും ആരും അവളില്‍നിന്ന് കേട്ടിട്ടുമുണ്ടാവില്ല. മത്സരപരീക്ഷ, ദേവാലയ ദര്‍ശനം, വിനോദയാത്ര,കല്യാണം എന്നൊക്കെ നാനാതരം നാട്ടുനടപ്പ് നടന്നുനടന്ന് ആ നാട്ടിലെത്തുമ്പോള്‍ ചിലരൊക്കെ അവളെ വിളിച്ചിരുന്നു മുമ്പ്. ഒന്ന് ഫ്രഷാവാന്‍, ഒരു രാത്രി കിടക്കാന്‍ എന്നൊക്കെ പറഞ്ഞ്. അവളത് എളുപ്പത്തില്‍ തടഞ്ഞു. വീട്ടില്‍ ഇല്ല, വരാന്‍ വൈകുമെന്നൊക്കെയുള്ള നുണ പറഞ്ഞുകൊണ്ടൊന്നുമല്ല. അതിനൊക്കെ സൗകര്യം വേറെ കിട്ടും, ഇവിടെ പറ്റില്ല എന്നുതന്നെ പറയാന്‍ മടിക്കില്ല. നിരന്തരം കൈപൊള്ളിയപ്പോള്‍ നാടും വീടും അവളുടെ മേലുള്ള പിടിവിട്ടു. പൊള്ളല്‍പ്പോളകളില്‍ ഊതി, കൈ കുടഞ്ഞുകൊണ്ട് ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഒരു പെണ്ണ് എന്ന സര്‍ട്ടിഫിക്കറ്റും കൊടുത്തു. അതോടെ നാട്യങ്ങളുടെ ചെടിപ്പില്‍നിന്ന് സ്വപ്ന എന്നെന്നേക്കുമായി രക്ഷപ്പെട്ടു.
ബന്ധങ്ങളുടെയോ ഉത്തരവാദിത്തങ്ങളുടെയോ മര്യാദയുടെയോ തൊങ്ങലുകള്‍ തൂക്കാതെ ചെന്ന എന്നെപ്പോലെയുള്ളവരെ ഒന്നിനുമല്ലാതെ അവളോര്‍ത്തു. അല്ലെങ്കില്‍ അവരെ മാത്രമേ ഓര്‍ത്തുള്ളൂ. ബാക്കിയുള്ളവര്‍ അവളുടെ ഹൃദയഭൂപടത്തിന്റെ അതിരിന് പുറത്തായി.
പതിമൂന്നിന് ഞാനെത്തും നിന്റെ നാട്ടില്‍, പുതിയ വീടിന്റെ ലൊക്കേഷന്‍ അയച്ചിട്. ഞാന്‍ സ്വപ്നയ്ക്ക് മെസ്സേജ് അയച്ചു.
നീയെത്തുമ്പോ വിളിക്ക്, ഞാന്‍ വന്ന് പിക്ക് ചെയ്യാം.
മറുപടി വൈകിയില്ല.
സ്വപ്നത്തിനുള്ളിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രം ലഭിക്കുന്ന സവിശേഷഭാഗ്യമാണ് അതും. ഒരു ചോദ്യത്തിനും ഉത്തരം കിട്ടാതിരിക്കില്ല. അവളെ ഓര്‍ത്തയക്കുന്ന ഒരു വാക്ക് പോലും പാഴാവില്ല. ഒറ്റ നിലവിളിയും കേള്‍ക്കാതെ പോവില്ല.
2
തിളങ്ങുന്ന വെയില്‍ ജനലരികിലെ സീറ്റില്‍ കൂട്ടിരുന്നു. ഞാനതിന്റെ തോളിലേക്ക് ചാഞ്ഞുറങ്ങിപ്പോയി.
ഇറങ്ങുന്നില്ലേ തൃശൂരെത്താറായി, വെയില്‍ കണ്ണില്‍ തൊട്ടുചോദിച്ചു. സ്വപ്നത്തില്‍ ഫോണ്‍ റിംഗ് ചെയ്തു.
നീയൊരു പ്രീ പെയ്ഡ് ഓട്ടോ വിളിക്ക്. നെട്ടിശേരി പാടം എന്ന് പറഞ്ഞ് ബില്ല് വാങ്ങിക്കോ.
സ്വപ്നമല്ല, സ്വപ്നയാണ്. രണ്ടുമൊന്നുതന്നെ. എനിക്ക് ലോകത്തിനോട് അകാരണമായി സ്‌നേഹം തോന്നി.
നടുവേ വകഞ്ഞ അഴിഞ്ഞമുടിക്കാരിയെ പോലെയായിരുന്നു നെട്ടിശ്ശേരി. ഇരുവശത്തേക്കും ചീകി ഒതുക്കി വച്ച മുടിനാരുകള്‍ പോലെ ഞാറ്റുപച്ച. റോഡ് കറുത്തുതിളങ്ങുന്ന അവളുടെ മുടിവകച്ചില്‍. ഇങ്ങനെ ചിലയിടങ്ങളില്ലെങ്കില്‍ മനുഷ്യരെന്തു ചെയ്‌തേനെ എന്നാലോചിച്ച് ഞാന്‍ ചുറ്റും നോക്കി. വഴിയുടെ ഒരു വളവില്‍ വയലിലേക്ക് കാല്‍തൂക്കിയിട്ട് കുനിഞ്ഞിരിക്കുന്ന എന്റെ കനവിനെ പെട്ടെന്ന് കണ്ടുപിടിച്ചു. അതെളുപ്പമാണ്, ഒരു കൂട്ടത്തില്‍നിന്ന് അവളെ കണ്ടെത്തുന്നത്. എല്ലാവരും ചെയ്യുന്നത് ചെയ്യാതെ, കൂട്ടംതെറ്റിയിരിക്കുന്ന ഒരാളെ തിരയുക, അത് സ്വപ്നയായിരിക്കും.
പതിയെ നടന്ന് പുറകില്‍ ചെന്നുനിന്നപ്പോള്‍ സ്വപ്ന തലയുയര്‍ത്തി.
നോക്ക്...
അവള്‍ വെള്ളം നിറഞ്ഞു കിടക്കുന്ന, കൃഷിയിറക്കിയിട്ടില്ലാത്ത ഒരു കഷ്ണം വയലിലേക്ക് വിരല്‍ ചൂണ്ടി.
നെയ്തലാമ്പല്‍, ആമ്പലിന്റെ ഗരിമയൊന്നും അവകാശപ്പെടാനില്ലാത്ത നീര്‍ച്ചെടിയാണ്. അതിന്റെ പേര് തന്നെ കൊതിപ്പിക്കുന്നു. കുഞ്ഞി പൂച്ചയുടെ രോമങ്ങള്‍ പോലെ ഇതളുകളില്‍ കണ്ടോ? നടുവിലെ മഞ്ഞ നിറം വെള്ള ഇതളുകളോട് ചേരുന്ന ഭാഗം നോക്ക്, എന്ത് ഭംഗിയുള്ള നിറസന്ധിയാണ്
സ്വപ്നയുടെ അരികില്‍ നിലത്തിരുന്ന് ഞാന്‍ അവളെ നോക്കി. ഒരു കുഞ്ഞുപൂവിന് പോലും ഇത്രയും സന്തോഷിപ്പിക്കാന്‍ പറ്റുന്ന ഇവളെ കളഞ്ഞുകിട്ടിയ കഥയോര്‍ത്തു.
3
സ്വപ്ന എന്റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു. മ്യൂച്വല്‍ ഫ്രണ്ട്‌സിന്റെ ധാരാളിത്തമാണല്ലോ ഫേസ്ബുക്കില്‍ റിക്വസ്റ്റ് അയക്കാനുള്ള പല കാരണങ്ങളില്‍ ഒന്ന്. അങ്ങനെ റിക്വസ്റ്റ് അയച്ചതാണ്. അവള്‍ ധാരാളം കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുമായിരുന്നു. വല്ലാതെ വലയ്ക്കുന്ന ചില ചോദ്യങ്ങള്‍ ഉള്ളിലുള്ളപ്പോഴൊക്കെ അതിന്റെ ഉത്തരം അവളുടെ കുറിപ്പുകളായി ഫേസ്ബുക്കില്‍ വരും. യാദൃശ്ചികമെന്ന് തള്ളിക്കളയാതെ ഞാനതില്‍ അള്ളിപ്പിടിച്ചു. അതോടെ എന്റെ വേദപുസ്തകമായി അവളുടെ പ്രൊഫൈല്‍.
ചിലരെ ഓര്‍ത്ത് മുറിയുമ്പോള്‍,
'വെറുതെ വിടുക എന്നതാണ് സ്‌നേഹത്തെ കുറിച്ചുള്ള ആദ്യത്തെ അറിവ്' എന്ന സ്വപ്നയുടെ അക്ഷരങ്ങള്‍ മരുന്നു കുറിച്ചു.
എന്നെയെന്തിന് കൊള്ളാം എന്ന നിരാശ വന്നുനിന്ന് വഴിതടയുമ്പോള്‍,
'ആദ്യം ഫിനിഷ് ചെയ്യുന്നവരെ വിജയിയായി പ്രഖ്യാപിക്കുന്ന മത്സരയോട്ടമല്ല ജീവിതം. പതുക്കെ മതി. തട്ടി വീണാല്‍ എണീറ്റിരുന്നും കുഴയുമ്പോള്‍ പിടിച്ചുനിന്നും വഴിമാറി ഓടാന്‍ തോന്നിയാല്‍ അങ്ങനെയുമൊക്കെ പോയാല്‍ മതി' എന്ന അവളുടെ കുറിപ്പ് വഴി തെളിച്ചുതന്നു.
വിളിപ്പുറത്തെ വിഷാദം വന്നിടിച്ചുതകര്‍ക്കുമ്പോള്‍, 'മനുഷ്യനാകുന്നത് എളുപ്പമല്ല' എന്ന അവളുടെ ഒറ്റവരി മതിയായിരുന്നു പുതുക്കിപ്പണിയാന്‍.
എനിക്ക് സംസാരിക്കണം നമ്പര്‍ ഒന്ന് തരുമോ എന്ന് ഒരിക്കല്‍ സ്വപ്നയുടെ ഇന്‍ബോക്‌സില്‍ ചെന്നു. നമ്പര്‍ തന്നു.
അവിടെ ഉണ്ടാവില്ലേ എന്നൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. ഉണ്ടാവും, എപ്പോഴും ഉണ്ടാവും സമാധാനമായിരിക്കൂ എന്ന അവളുടെ മറുപടിയാണ് എന്നെ നിലത്തുറപ്പിച്ചത്. ജീവിച്ചിരിക്കൂ എന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു അവള്‍. എനിക്കത് മതിയായിരുന്നു.
4
ഞാന്‍ വീട് മാറി, എന്താ കാര്യം എന്ന് അറിയാമോ?
എനിക്കൊന്നും അറിയില്ല കനവേ നിന്നെപ്പറ്റി, ഉള്ളില്‍ പറഞ്ഞുകൊണ്ട് ഞാന്‍ അവളുടെ വിരലുകള്‍ പിടിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വപ്ന സംസാരം തുടരും.
എന്റെ എന്ന് നമ്മള്‍ ഒരു ഇടത്തെ കരുതുന്നത് നമ്മള്‍ അതിന്റെ ഉടമയാകുന്നതുകൊണ്ട് ഒന്നുമല്ല. എത്തുന്ന നിമിഷം മുതല്‍ ആ സ്‌പേസിനെ നമ്മള്‍ നമുക്ക് വേണ്ടി ഒരുക്കുന്നുണ്ട്. ആ ഒരുക്കങ്ങളുടെ മുഴുവന്‍ ശ്രമങ്ങളും അതിന്റെ റിസള്‍ട്ടുകളുമാണ് എന്റെ എന്ന തോന്നലുണ്ടാക്കുന്നത്. ചെന്നുകയറുന്ന വീടുകളുടെയും വന്നുകയറുന്ന ആളുകളുടെയും കാര്യത്തില്‍ ഒരു ഒരുക്കല്‍ പ്രക്രിയ നടത്തുന്നുണ്ട് എല്ലാവരും.
ഒരു മൂളല്‍പോലും മറുപടി വേണ്ട സ്വപ്നയ്ക്ക്. മനുഷ്യരെ പരിഗണിക്കാനുള്ള ഏറ്റവും ഭംഗിയുള്ള ചെയ്തി കേട്ടിരിക്കുക എന്നതാണ്. അവള്‍ പറയാറുണ്ട്.
ചെറിയ ചില സന്തോഷദിവസങ്ങളില്‍, പല ശ്രമങ്ങള്‍ക്കൊടുവിലെ ചില നേട്ടങ്ങളുടെ നേരങ്ങളില്‍ ഒക്കെ ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് ഞാന്‍ പറമ്പില്‍ ചെറിയ തൈകള്‍ നടുമായിരുന്നു പണ്ട് എന്റെ വീട്ടില്‍. എന്റെ ഓര്‍മ്മകളും സന്തോഷങ്ങളുമാണ് ചുറ്റും പച്ച പടര്‍ത്തി നില്‍ക്കുന്നത് എന്നോര്‍ത്തുകൊണ്ട് അവയ്ക്കിടയിലൂടെ നടക്കുന്നത് സുഖമുള്ള അനുഭവമായിരുന്നു.
ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും സമാധാനമുള്ള ഒരു ദിവസമാണ്. വൈകിട്ട് ഞാന്‍ ഒരു രാജമല്ലി നടും. പറമ്പിന്റെ ഒരു മൂല ചൂണ്ടിക്കാണിച്ച് ഞാന്‍ വീട്ടിലുള്ള ഒരാളോട് പറഞ്ഞു. ഏറെയലഞ്ഞു കിട്ടിയ മഞ്ഞരാജമല്ലി കമ്പുമായി തിരിച്ചെത്തിയപ്പോഴേക്ക് ഞാന്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഒരു ഇരുമ്പന്‍പുളി തൈ നട്ടിരുന്നു ആരോ.
ആരാ, എന്തിനാ അവിടെത്തന്നെ നട്ടത് എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. മനുഷ്യരുടെ വലിയ സന്തോഷങ്ങളെ കെടുത്താന്‍ പാകത്തില്‍ ധാരാളം വാക്കുകളും വാശികളും ലോകത്തുണ്ട് എന്ന് ഞാന്‍ അതിന് മുന്‍പേ മനസിലാക്കിയിരുന്നല്ലോ. എന്റെ എന്ന തോന്നല്‍ അന്നവിടെ ഉണങ്ങിവീണു. അങ്ങനെയാണ് വാടകവീട്ടിലേക്ക് മാറുന്നത്. ആദ്യത്തെ വീട് മുകളിലെ നിലയിലായിരുന്നു. പടികള്‍ കയറി ചെല്ലുന്നത് നീണ്ട ബാല്‍ക്കണിയിലേക്കായിരുന്നു. നിനക്കോര്‍മ്മയില്ലേ ആ വീട്?
ഞാന്‍ തലയാട്ടി, കണ്ണടച്ച് ആ ഓര്‍മ്മയെ വിളിച്ചു കൊണ്ടുവന്നു.
5
പലവര്‍ണചട്ടികളില്‍ നിറയെ ചെടികള്‍ വളര്‍ത്തിയിരുന്നു സ്വപ്ന അവിടെ. വഴിയരികില്‍ കാണുന്ന ചെടികള്‍ പോലും പറിച്ചു കൊണ്ടുവന്ന് പടര്‍ത്തി ഇലമതില്‍ കെട്ടിയിരുന്നു. പൂച്ചെടികള്‍ കുറവായിരുന്നു. പലനിറത്തിലുള്ള ഇലച്ചെടികളായിരുന്നു അധികം. ഓരത്ത് ഒരു മൂലയില്‍ പരന്ന സിമന്റ് ചട്ടിയില്‍ ചെറിയ മീന്‍കുളം. മീനുകള്‍ക്ക് ഒളിച്ചു കളിക്കാന്‍ നീര്‍ച്ചെടി വേരുകള്‍. ഹാങ്ങിങ് പോട്ടുകളിലെ ചെടികള്‍ക്കിടയില്‍ കിളികള്‍ ഇടയ്ക്കിടെ വന്നു കൂടുകൂട്ടി. പൂക്കള്‍ ഇല്ലെങ്കിലും പൂമ്പാറ്റകള്‍ വരട്ടെ എന്നെ കണ്ട് പോവട്ടെ എന്നുപറഞ്ഞ് സ്വപ്ന പൂമ്പാറ്റകള്‍ക്ക് ഇഷ്ടമുള്ള കിലുക്കിച്ചെടി വളര്‍ത്തിയിരുന്നു.
എന്റെ പറുദീസ ഇവിടെയാണ് സ്വപ്നമേ എന്ന് ചെന്നു കേറുമ്പോഴൊക്കെ അവളെ ഞാന്‍ കെട്ടിപ്പിടിക്കുമായിരുന്നു. അനാഥമാക്കപ്പെടുമായിരുന്ന പല ചെടികളെ അവള്‍ ദത്തെടുത്തു പോറ്റി. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലാത്ത ചില ജീവനുകള്‍ അവളുടെ ബാല്‍ക്കണിയില്‍ ആര്‍ത്തു വളര്‍ന്നു.
6
വീട് മാറി. വരുന്നതിനു മുമ്പ് വിളിക്കണം എന്ന് ഞാന്‍ നിനക്ക് മെസ്സേജ് ഇട്ടത് ഓര്‍മ്മയുണ്ടോ?
സ്വപ്നയുടെ സ്വരം നേര്‍ത്തിരുന്നു.
ഉണ്ട്. ഞാന്‍ അതല്ലേ ഞാന്‍ ലൊക്കേഷന്‍ അയക്കാന്‍ പറഞ്ഞത്.
വാ,പോകാം.
സ്വപ്ന എണീറ്റു. പറഞ്ഞു മുഴുമിപ്പിക്കാതെയുള്ള ഈ പോക്കും സ്വപ്നയുടെ പതിവാണ്. സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന് അവള്‍ ഹെല്‍മെറ്റ് എടുത്തുതന്നു. പുറകിലിരുന്ന് തോളത്തേക്ക് താടി ചേര്‍ത്തുവച്ച് ഞാന്‍ കണ്ണാടിയിലേക്ക് നോക്കി. സ്വപ്നയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ണാടി കാണിച്ചുതന്നു. ഉള്ളില്‍ നനവ് പടര്‍ന്നു. ഞാന്‍ പിന്നോട്ടാഞ്ഞിരുന്നു. വളവുകളും പിരിവുകളും ഉള്ള ചെറിയ ചില വഴികളിലൂടെ സ്വപ്ന വണ്ടിയോടിച്ചു. ഇനിയൊരിക്കല്‍ ഇവളോട് പറയാതെ വരണമെങ്കില്‍ ഇത്രയും വഴി പഠിക്കണമല്ലോ, ഞാനോര്‍ത്തു.
നടക്കാന്‍ ചെറിയ ഇടം ഒഴിച്ചിട്ട് ബാക്കി സ്ഥലം മുഴുവന്‍ ചെടികള്‍ നിരത്തിയ ഒരു നഴ്‌സറിക്ക് മുന്‍പില്‍ സ്വപ്ന വണ്ടി നിര്‍ത്തി. പുതിയ ചെടികള്‍ വരുമ്പോള്‍ നഴ്‌സറികളില്‍നിന്ന് അവളെ വിളിക്കാറുണ്ട്. ആ കൂട്ടത്തില്‍ ആരെയോ ദത്തെടുക്കാനായിരിക്കും. ഞാന്‍ വണ്ടിയില്‍നിന്ന് ഇറങ്ങി. ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ എത്തുമ്പോള്‍ മനുഷ്യരുടെ ചലനങ്ങളില്‍ ഒരുല്ലാസം വരും. അത് ഉള്ളിലിറ്റിച്ചു കൊടുത്ത പാട്ട് മൂളി നുണഞ്ഞുകൊണ്ട് സ്വപ്ന മുന്നോട്ടുനടന്നു. വാ എന്ന് വിരലുകൊണ്ട് വിളിച്ചു. വൃത്താകൃതിയില്‍ ചെടികള്‍ നിരത്തി നടുവില്‍ ഒരു ടെന്റ് നിവര്‍ത്തി വെച്ചതിനു മുന്‍പില്‍ എത്തിയപ്പോള്‍ തിരിഞ്ഞുനിന്നു.
ഇതാണ് വീട്.
ഞാന്‍ അമ്പരന്നു.
ഇതോ....?
സ്വപ്ന ടെന്റിനുള്ളില്‍ കയറി മടക്കിവെക്കാവുന്ന രണ്ട് ചെറിയ സ്റ്റൂളുകള്‍ എടുത്ത് ചെടികള്‍ക്കിടയില്‍ ഇട്ടു.
ഇരിക്ക്.
ഞങ്ങളുടെ തലക്ക് മുകളില്‍ വലിച്ചുകെട്ടിയ തുണിവലയുടെ പച്ചനിറം വെയിലിന്റെ നിഴലിനെ മാത്രം താഴേയ്ക്ക് വരാന്‍ അനുവദിച്ചു.
സ്വപ്ന ദീര്‍ഘമായി നിശ്വസിച്ചു. ഏതോ കൊടിയ കയ്പ്പ് അവളുടെ തൊണ്ടയില്‍ കനത്തു. അതിന്റെ ഇടര്‍ച്ചയോടെ അവളെന്നെ നോക്കി.
ഒരു ദിവസം വൈകിട്ട് കയറി വന്നപ്പോള്‍ ഇലകളെല്ലാം വാടിനില്‍ക്കുന്നു. ഇതെന്താണ് എല്ലാം ഒരുമിച്ചുവാടിയതെന്ന് ഓടിച്ചെന്ന് നോക്കിയപ്പോള്‍ എല്ലാ ചെടികളും അടിയില്‍ നിന്നും വെട്ടിയതാണ്. എനിക്ക് ശ്വാസം മുട്ടിപ്പോയെടീ.
ആ വീര്‍പ്പുമുട്ടലിന്റെ ഓര്‍മ്മയില്‍ സ്വപ്ന കിതച്ചു.
പാമ്പ് വരുമോയെന്ന പേടിയുണ്ട് എന്ന് താഴത്തെനിലയിലെ വീട്ടുകാര്‍ പരാതി പറഞ്ഞു. അതുകൊണ്ട് വെട്ടി, വീട്ടുടമ നിസാരമായി പറഞ്ഞു. എന്നോട് ചോദിക്കാതെയോ എന്ന് ചോദിച്ചപ്പോള്‍ ആരോടും ചോദിക്കേണ്ട അത് എന്റെ വീടാണ് എന്നാ മറുപടി കിട്ടിയത്. എന്റെ എന്ന വാക്ക് ഉണ്ടല്ലോ, അതിന്റെ കനം വന്നിടിച്ച തള്ളലില്‍ ബാക്കി വന്നത് പെറുക്കിക്കൂട്ടി വണ്ടിയില്‍ കയറ്റി.
എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ഡ്രൈവര്‍ക്ക് വഴി പറഞ്ഞു കൊടുത്തത് ഈ നഴ്‌സറിയുടേതാണ്. പതിവില്ലാതെ ചെറിയ വണ്ടിയില്‍ ചെടികള്‍ വന്നത് കണ്ട് സെബാസ്റ്റ്യന്‍ ചേട്ടന്‍ ഓഫീസ് മുറിയില്‍നിന്ന് ഇറങ്ങിവന്ന് നോക്കുമ്പോള്‍ ഞാന്‍ വണ്ടിയില്‍ ചാരിനിന്ന് കരയുകയായിരുന്നു. ചേട്ടന്‍ ഒന്നും പറഞ്ഞില്ല, ചോദിച്ചുമില്ല. നമ്മിളിരിക്കുന്ന ഈ സ്ഥലം കാണിച്ചുതന്നു. അന്ന് മുതല്‍ ഇതാണ് വീട്. ഇവിടെയെനിക്ക് എത്ര പേരാണ് ചുറ്റുമെന്ന് നോക്ക്.
കണ്ണുനീര്‍ എന്റെ കാഴ്ചയെ മറച്ചു. സ്വപ്നമല്ല എന്നുറപ്പാക്കാന്‍ ഞാന്‍ അവളെ തൊട്ടു. സ്വപ്ന നിറഞ്ഞു ചിരിച്ചു.
എത്ര ജീവനുകളാണ് ആ മനുഷ്യന്‍ നനച്ചു വളര്‍ത്തുന്നതെന്നോ. ഞാനാണ് അതില്‍ ഏറ്റവും നിസ്സാരമായ ജീവന്‍. ചുറ്റുമീ കാണുന്നതൊക്കെ മനുഷ്യരേക്കാള്‍ ജീവിക്കാന്‍ അര്‍ഹതയുള്ളവരാ.
അവള്‍ അരികിലെ ചെടിയിലേക്ക് കുനിഞ്ഞ് മൂക്കുമുട്ടിച്ചു. ഇലകള്‍ അവളുടെ കവിളില്‍ തഴുകി.
ചെന്നു കയറുന്നതൊക്കെ നമ്മുടെ ഇടമാവണമെന്നില്ല. ഓര്‍ക്കാതെ,ഒരുങ്ങാതെ ഇരിക്കുമ്പോള്‍ ഒരാള്‍ വരും. ഒതുങ്ങിയിരുന്ന് ഇത്തിരിയിടം തരും. അവരെ എന്തു വിളിക്കും? എനിക്കറിയില്ല.
ഓഫീസ് എന്ന് തോന്നിയ ചെറിയ മുറിയുടെ ഉള്ളില്‍നിന്ന് ഒരാള്‍ പതുക്കെ ഇറങ്ങിവന്നു. കട്ടിലപ്പടിയില്‍ തല തട്ടാതെ കുനിഞ്ഞ് എന്നെ നോക്കി ചിരിച്ചു. പരിചയഭാവത്തില്‍ കയ്യുയര്‍ത്തി കാണിച്ചു. ചിരിക്കാന്‍ മറന്ന് ഞാന്‍ അയാളെ നോക്കിയിരുന്നു. മറന്നുപോയ ഒരു പാട്ട് ഓടിവന്നു. സ്വപ്നയെ തളിര്‍പ്പിച്ച, അവളുടെ വേരുകളോടിയ ഹരിതലോകത്തിരുന്ന് ഞാനാ പാട്ട് മൂളി.
ആരോടും ഒന്നും മിണ്ടാതെ
വാതില്‍ക്കല്‍ നില്പൂ വാസന്തം....
ഇതൊരു വാസരസ്വപ്നമാവാതിരിക്കട്ടെ, ആണെങ്കില്‍ ഞാന്‍ ഉണരാതെയിരിക്കട്ടെ.
Content Highlights: story by praveena narayanan