യാനം

#ഗീത നെന്മിനി
വര: ഗിരീഷ് കുമാര്‍ ടി.വി
വര: ഗിരീഷ് കുമാര്‍ ടി.വി

മോട്ടുമുയലിനു വഴി കണ്ടുപിടിച്ചു കൊടുക്കുകയായിരുന്നു ഞാന്‍. വഴിയുടെ അവസാനം കാണുന്ന കുട്ട നിറയെയുള്ള ക്യാരറ്റ് സത്യത്തില്‍ എന്നെയും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. മോട്ടുമുയലിനെ സഹായിച്ചാല്‍ അവന്‍ എനിക്ക് ഇഷ്ടം പോലെ ക്യാരറ്റ് തരും. പക്ഷെ, എളുപ്പമല്ല. നീണ്ടുനിവര്‍ന്നു കിടക്കുകയാണെന്നു തോന്നിപ്പിക്കുന്ന വഴിയില്‍ ഇടക്കിടക്ക് വളവുകളും തിരിവുകളും ഉണ്ട്. അടുത്തെത്തുമ്പോഴേ തിരിച്ചറിയാന്‍ കഴിയൂ.ഞാന്‍ അങ്ങനെ കമിഴ്ന്നുകിടന്നു വരച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴുത്തുവരെ വെട്ടിയിട്ട മുടി കടലാസില്‍ വീണു വഴി മറച്ചു. വെള്ള ഉടുപ്പില്‍ അമ്മ തുന്നിച്ചേര്‍ത്ത പച്ച മുയല്‍ക്കുട്ടി കുഞ്ഞിച്ചെവികള്‍
ആട്ടി വേഗം വേഗം എന്നു ധൃതി കൂട്ടി.

നീലനിറത്തില്‍ അതിമനോഹരമായി എന്റെ ഉള്ളില്‍ നിന്ന് വഴികള്‍ പിറന്നുകൊണ്ടിരുന്നു . ആദ്യത്തെ തിരിവില്‍ എത്തിയപ്പോള്‍ മുടിമെടഞ്ഞിട്ട ഒരു പെണ്‍കുട്ടി ബലൂണുകള്‍ ഊതി വീര്‍പ്പിച്ച്‌ കാറ്റില്‍ പറത്തുന്നു. അവള്‍ എന്നെ നോക്കിചിരിച്ചു. അവളുടെ കയ്യിലുള്ള ബലൂണുകള്‍ കണ്ടപ്പോള്‍ കൊതിയായി. പേന താഴെവെച്ച്‌ ഞാനും ബലൂണുകള്‍ കയ്യിലെടുത്തു. ചരടുകളില്ലെങ്കിലും അവ കൃത്യമായ അകലം പാലിച്ച്‌ ഉയര്‍ന്നു പറന്നു. അപ്പോള്‍ ആകാശം ഞങ്ങളുടെ മാത്രമായി. പല നിറങ്ങളില്‍ ചാഞ്ഞും ചെരിഞ്ഞും ഒഴുകി ഒഴുകി അവര്‍ മാഞ്ഞുപോയി.

'നമുക്കിനി സാറ്റ് കളിക്കാം.' അവള്‍ കണ്ണുപൊത്തി എണ്ണാന്‍ തുടങ്ങി. ഞാന്‍ ഒരു അത്തിമരത്തിനു പിന്നില്‍ ഒളിച്ചു. മരത്തിന്റെ പൊത്തില്‍ നിന്നും അണ്ണാറക്കണ്ണന്‍ കണ്ടേ കണ്ടേ എന്നു ചിലച്ചു ചാടി ഇറങ്ങി. മിണ്ടാതെ എന്നൊരു ആംഗ്യം കാണിച്ചപ്പോള്‍ തലകുലുക്കി കുത്തിമറിഞ്ഞ്‌ ഓടിപ്പോയി.

അവളെന്നെ കണ്ടു കഴിഞ്ഞിരുന്നു. കളി നല്ല രസമായിവന്നു. അടുത്തത് എന്റെ ഊഴമാണ്. അവള്‍ എവിടെ ഒളിച്ചാലും അറിയാന്‍ ഞാനൊരു അടയാളം കണ്ടുവെച്ചിരുന്നു. അവള്‍ തൊട്ടടുത്തു നില്‍ക്കുമ്പോള്‍ ഇലഞ്ഞിപൂത്ത മണം വരും. അവള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ക്കും ആ മണമുണ്ടായിരുന്നു. കണ്ണു പൊത്തി നൂറു വരെ എണ്ണി.

കണ്ണുതുറന്നപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് രാജവീഥി പോലെ തോന്നിക്കുന്ന ഒരു വഴിയുടെ തുടക്കത്തില്‍. പേന എന്റെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു. ബലൂണുകള്‍ നിറഞ്ഞ ആകാശവും ഇലഞ്ഞിപ്പൂ മണമുള്ള കൂട്ടുകാരിയും എനിക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു. മോട്ടുമുയല്‍ എന്നെ നോക്കിയിരിക്കുകയാണ്. വഴികാണിച്ചു തരു, വിശക്കുന്നു എന്നൊരു ഭാവം അവന്റെ മുഖത്ത് കണ്ടു. ഞാന്‍ പേന കയ്യിലെടുത്തു. 

വിശാലമായ വീഥി. തീര്‍ച്ചയായും ഈ വഴി എന്നെ ലക്ഷ്യത്തിലെത്തിക്കും. തണുത്ത കാറ്റു വീശുന്ന ഇടം. അതുവരെ അനുഭവിക്കാതിരുന്ന ചില സുഗന്ധങ്ങളുടെ സാമീപ്യം. പാദസരങ്ങള്‍ കിലുക്കി മൂളിപ്പാട്ട് പാടിക്കൊണ്ട്‌ ഒഴുകുന്ന അരുവി. കണ്ണെഴുതിയ മഞ്ഞക്കിളികള്‍. ശരിക്കും ഞാനൊരു പുതിയ ലോകത്തേക്ക് എത്തിപ്പെട്ടിരുന്നു. കണ്ണാടിപോലെ തെളിമയുള്ള വെള്ളത്തില്‍ ഞാനെന്നെ കണ്ടു. കഴുത്തറ്റം വരെയുള്ള മുടി അരക്കൊപ്പം വളര്‍ന്നിരിക്കുന്നു. മഷിയെഴുതിയ കണ്ണുകളും നുണക്കുഴി കവിളുകളുമുള്ള ഒരു പെണ്‍കിടാവായി ഞാന്‍ മാറിയിരിക്കുന്നു. വിശ്വസിക്കാനായില്ല. ഞാനറിയാതെ ഇതെങ്ങനെ സംഭവിച്ചു? ജലത്തില്‍ കാണുന്ന എന്റെ മുഖത്തേക്ക് ഉറ്റുനോക്കിയപ്പോള്‍ എന്തെന്നില്ലാത്ത ആനന്ദം ഉള്ളില്‍ നിറഞ്ഞു.

സ്‌നേഹവും വാത്സല്യവും വാശിയും കുറുമ്പും മാത്രമുണ്ടായിരുന്ന എന്റെ മനസ്സില്‍ പൂവുപോലൊരു വികാരം തളിരിട്ടുവന്നു. കാറ്റിനോടും കായലിനോടും എനിക്ക് സംസാരിക്കണമെന്ന് തോന്നി. പൂമ്പാറ്റച്ചിറകിലേറി നിഗൂഢമായൊരു ലോകത്തേക്ക് കുതിച്ചുയരണമെന്നു തോന്നി. ഈ ഭൂമിയെ അണച്ചുപിടിക്കണമെന്ന് തോന്നി. എന്റെ എന്റെ എന്നു പറഞ്ഞു നെഞ്ചോട് ചേര്‍ക്കാന്‍ ഒരു പ്രണയം വേണമെന്നു തോന്നി. അതേ, അഗോചരനായ അനംഗന്‍ എന്നെ സ്പര്‍ശിച്ചിരിക്കുന്നു.

വഴിയില്‍ വെളിച്ചം മങ്ങിത്തുടങ്ങി. നടന്നു ക്ഷീണിച്ചിരുന്നു. കിലുകിലാ ചിരിച്ചുകൊണ്ട് അരുവി വിളിക്കുന്നു . 'കുറച്ച് ഇരുന്നിട്ടുപോവു.' പാദങ്ങളില്‍ തണുത്ത വിരലുകള്‍ തലോടുന്നു.
'സുഖം തോന്നുന്നുണ്ടോ? വേദന കുറഞ്ഞോ?'
നല്ല ആശ്വാസം തോന്നി.
'ഒരു കുന്നോളം കുളിര്‍ സമ്മാനിച്ചാലും
തണുത്തവള്‍ എന്നൊരു പഴി മാത്രം.
പരാതിയില്ല. പരിദേവനങ്ങളും.' അരുവി ചിരിച്ചു.

'അരക്കാതം കൂടി നടന്നാല്‍ പുതിയ വീഥിയില്‍ എത്തും...വളവും തിരിവുമുള്ള അടയാളപ്പെടുത്താന്‍ എളുപ്പമല്ലാത്ത ആ വഴികളിലൂടെ അതി ജാഗ്രതയോടെ പോകണം. പേന കയ്യിലെടുക്കൂ. മോട്ടുമുയലിനെ സ്മരിക്കൂ... അരുവി ഓര്‍മ്മപ്പെടുത്തി.

ഞാനെത്തിച്ചേര്‍ന്ന വഴി സുന്ദരമായിരുന്നു. മെത്തപോലുള്ള പുല്‍ത്തകിടികളില്‍ കാലമര്‍ന്നപ്പോള്‍ കോരിത്തരിച്ചു. മിനുസമുള്ള ഉരുളന്‍കല്ലുകളില്‍ തട്ടി കാലിടറിയപ്പോള്‍ ഒരാള്‍ എന്റെ കൈപിടിച്ചു. അപ്പോഴാണറിഞ്ഞത് എന്റെ കൂടെ ആരോ ഉണ്ട്. അരൂപിയായ ഒരു സഹയാത്രികന്‍. ആ സാന്നിധ്യം എനിക്കറിയാന്‍ കഴിയുന്നു. ആ തോളില്‍ ആശ്വാസത്തോടെ മുഖം അമര്‍ത്താന്‍ കഴിയുന്നു. ഞങ്ങള്‍ നടന്നു കൊണ്ടിരുന്നു. ഇരുളും വെളിച്ചവും മാറി മാറി വന്നു. ഞങ്ങള്‍ക്കിടയില്‍ ഒരു വൈകാരിക താളം രൂപപ്പെട്ടു വന്നു. കണ്ണുകളില്‍ നിന്നും ചൂടുള്ള ഉറവകള്‍ ചുണ്ടുകളിലേക്ക് ഒഴുകി പടര്‍ന്നു. മുടിയിഴകളില്‍ കുരുങ്ങിയ വിരലുകളില്‍ മോഹം തുടിച്ചു. ഏതോ അപൂര്‍വ രാഗത്തിന്റെ ഉച്ചസ്ഥായിയില്‍ ധമനികള്‍ കോള്‍മയിര്‍ കൊണ്ടു. കാതങ്ങള്‍ നടന്നു നീങ്ങിയതറിഞ്ഞില്ല.

ചെന്നെത്തിയത് മങ്ങിയ വെളിച്ചമുള്ള ഊടുവഴിയിലേക്കാണ്. ഈ വഴിയുടെ അറ്റത്താവും ക്യാരറ്റ് നിറച്ച കുട്ട ഇരിക്കുന്നത്. മോട്ടു മുയലിനെ ഓര്‍ത്തു മുന്നോട്ടുനടന്നു. പക്ഷെ എന്റെ സഹയാത്രികനെ കാണാനില്ലായിരുന്നു. എവിടെ വെച്ചാണ് എന്റെ കൈ വിടുവിച്ചു നടന്നുമറഞ്ഞതെന്നു ഓര്‍ക്കാന്‍ കഴിയുന്നില്ല. അങ്ങനെ ഒരാള്‍ കൂടെ ഉണ്ടായിരുന്നുവോ, അതൊരു തോന്നല്‍ മാത്രമായിരുന്നോ എന്നും തീര്‍ച്ചയില്ല. എന്റെ ഏകാന്തയാത്രയില്‍ ഞാനൊരു കൂട്ട് മോഹിച്ചിട്ടുണ്ടാവാം. ആ മോഹത്തിന്റെ ആള്‍രൂപം മാഞ്ഞുകഴിഞ്ഞിരിക്കുന്നു.

ലക്ഷ്യത്തിലെത്താന്‍ ഏതാനും വിനാഴിക മാത്രമേ ഉള്ളൂ. ഉള്ളംകാലില്‍ നിന്നും കഠിനമായൊരു വേദന പടര്‍ന്നു കയറി. ഒരടിപോലും നടക്കാനാവാതെ ഇരുന്നുപോയി. അപ്പോഴാണ് ഞാന്‍ എന്നെത്തന്നെ ശരിക്കും നോക്കിയത്. ചുളിഞ്ഞു ശുഷ്‌ക്കിച്ച ശരീരവും നരച്ചു വെളുത്ത മുടിയുമായി ഒരു വൃദ്ധ. കാഴ്ച്ച മങ്ങിയ കണ്ണുകളില്‍ വഴികള്‍ തെളിയുന്നില്ല. കാതങ്ങള്‍ താണ്ടി വിശ്രമമില്ലാതെ ഓടിയോടി സ്വന്തമാക്കാന്‍ ശ്രമിച്ചത് എന്തായിരുന്നു എന്നുപോലും മറന്നുപോയി.

പൂക്കളും ശലഭങ്ങളും കിളികളും കളിച്ചു രസിക്കുന്ന പൂന്തോപ്പുകള്‍ ഞാന്‍ നോക്കിയില്ല. കുളിര്‍വിരലുകളുമായി തലോടാന്‍ വന്ന കാറ്റിനെ പരിഗണിച്ചില്ല. മധുരം വിളമ്പാന്‍ മത്സരിച്ചെത്തിയ ഋതുക്കളെ സ്വാഗതം ചെയ്തില്ല. ആര്‍ക്കോ വേണ്ടിയായിരുന്നു ഞാന്‍ ഓടിക്കൊണ്ടിരുന്നത്. എന്തിനോ വേണ്ടിയായിരുന്നു ഞാന്‍ ഏങ്ങിക്കൊണ്ടിരുന്നത്. കണ്ണുകള്‍ അടഞ്ഞുവരുന്നു. അവ്യക്തമായ ഏതോ രൂപം എനിക്കൊരു കാഴ്ച കാണിച്ചു തരുന്നു. തിളങ്ങുന്ന കണ്ണുകളും കൗശലം ഒളിപ്പിച്ചുവെച്ച പുഞ്ചിരിയുമായി മോട്ടുമുയല്‍ ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ ഇരിക്കുന്നു. പടര്‍ന്നുകിടക്കുന്ന വഴികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ക്യാരറ്റ് നിറഞ്ഞ കുട്ട എന്നെപ്പോലെ അവളെയും മോഹിപ്പിക്കുന്നു. അവള്‍ പേന കയ്യിലെടുക്കുന്നു. അരുതെന്നു വിലക്കാന്‍ എനിക്കാവുന്നില്ല. എന്റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു. സര്‍വ്വ ശക്തിയുമെടുത്ത് ഒരു വാക്കെങ്കിലും വിളിച്ചുപറയാന്‍ ഞാന്‍ ആഞ്ഞുശ്രമിക്കവേ, ആ പെണ്‍കുട്ടി ആദ്യം കണ്ട വഴി അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു. അനിവാര്യമായ വിധി അടുത്ത ആളെയും കൊണ്ട് യാത്ര തുടങ്ങുകയായി.

Content Highlights: short story by geetha nenmini