കഥയായിരുന്നില്ല അവര്‍ പറഞ്ഞിരുന്നത്, ജീവിതം പൊള്ളിച്ചതിന്റെ പാടുകള്‍ പരസ്പരം കാണിച്ച് ഉണക്കുന്ന വൈദ്യമായിരുന്നു

ഒരുകാലത്ത് എന്നെ ഏറ്റവും ഒറ്റപ്പെടുത്തിയതും അതേസമയം ചിറകിന്റെ ചൂടിലൊളിപ്പിച്ചതും ഉച്ചകളാണ്.
നട്ടുച്ചകള്‍. പകലിനെ നേര്‍പകുതിയാക്കി മുറിച്ചുവച്ചതിന്റെ ചോരയും ചൂടും ചൂരും!
രാവിലെ പത്ത് മണിയോടെ നാടിന്റെ ഒച്ചയനക്കങ്ങള്‍ പതുക്കെ അടങ്ങും. പണിക്ക് പോകുന്നവര്‍ നേരത്തേ പോയിക്കാണും. കിട്ടിയതൊക്കെ ബാഗില്‍ കുത്തിനിറച്ച്, ആദ്യത്തെ നാലടി മടിച്ച് വച്ച്, പിന്നെയൊറ്റയോട്ടത്തിന് സ്‌കൂള്‍ മുറ്റത്തെ കളിവിളികള്‍ക്ക് വിളികേട്ട് കൂടെയുള്ളവരും പോവും.
സ്‌കൂളില്‍ പോവാത്ത ദിവസങ്ങളില്‍ നാടിനെ പതുക്കെ വന്ന് മൂടുന്ന ഈ മൂകത എന്നെ പേടിപ്പിച്ചു. അപരിചിതമായ ഒരു വിശാല ഭൂമികയില്‍ ഒറ്റപ്പെട്ടതുപോലെ ഞാന്‍ ചടഞ്ഞിരുന്നു. അടുക്കളപ്പണികള്‍ കഴിയുന്നതുവരെയുള്ളൂ വീടിനും അനക്കം. അതുകഴിഞ്ഞാല്‍ അമ്മമാരുടെ അയവ് നേരമാണ്. ചായ കിട്ടാതെ കൈവിറയ്ക്കുന്നവര്‍ ഞൊടിയാന്‍ തുടങ്ങുന്നതു വരെയുള്ളൂ ആ അയവ്. ഒന്നോ രണ്ടോ മണിക്കൂര്‍ കഷ്ടിച്ച്. ആ നേരത്ത് ഏതെങ്കിലും വീട്ടിലെ ഉമ്മറപ്പടികളില്‍ അവര്‍ മുകളിലേക്ക് വരിയായി ഇരിക്കും. ഏറ്റവും തഴേപ്പടിയില്‍ ഇരിക്കുന്നയാളിന് പേന്‍ നോക്കാന്‍ തലയില്ല. അവരാണ് നടക്കാന്‍ പോവുന്ന ചര്‍ച്ചയുടെ മോഡറേറ്റര്‍. ബാക്കി ഓരോരുത്തരും തന്റെ താഴെ ഇരിക്കുന്നവരുടെ തലയിലെ അനധികൃതവാസികളെ തേടിപ്പിടിച്ച് ഞെരിച്ചുകൊല്ലാനുള്ള അധികാരം കിട്ടിയവരാണ്.
പേന്‍ നുള്ളുന്നതിന് ആര്‍ക്കും ഒരുമയവും കാണില്ല. വേദനയുടെ സ്വരമെങ്ങാനും പുറത്ത് വന്നാല്‍ അധികാരിക്ക് വീറ് കൂടും.
‘പെണ്ണേ,അനങ്ങാതെ ഇരിക്കാന്‍ പറ്റില്ലെങ്കി എണീറ്റ് പോ..!’
തലയിലോടുന്ന എണ്ണ പുരണ്ട വിരലുകള്‍ അതിനകം അവരെ ആലസ്യത്തിലാക്കിയിരിക്കും. ആരും മതിയെന്ന് പറയില്ല. അല്പം വേദനിച്ചോട്ടെ എന്നേ കരുതൂ.
‘ഇത്തിരി നേരം കൂടി നോക്കെടീ, ആ പെണ്ണിന്റെ തലേന്ന് കിട്ടിയതാ. ചൊറിഞ്ഞിട്ട് മനുഷ്യന് തലേന്ന് കയ്യ് പോരില്ല...’
എന്നൊക്കെ അവര്‍ ആ സുഖനേരം നീട്ടിയെടുക്കും.
ആ ലാഘവം മുതലെടുക്കാന്‍ ഒന്നും ചെയ്യാനില്ലാത്ത ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സാമ്രാജ്യത്തിന്റെ അതിരില്‍ എത്തുന്നതിന് മുന്‍പേ പൊരുന്നക്കോഴികളെ പോലെ പെണ്ണുങ്ങള്‍ ചിറക് വിരിച്ച് കൊത്താനായും.
‘ഉം? വല്യോര് വര്‍ത്താനം പറയോണടത്ത് കുട്ടിയോള്‍ക്ക് എന്താ കാര്യം, പോ, പോയി വല്ലോം പഠിക്ക്.’
ഇത്രേം ഉറക്കെ പറയും.
‘ആകെ ഇത്തിരി നേരാ ഒന്നിരിക്കാന്‍ കിട്ടണത്. അയിന്റെടയ്ക്കും തൊയിരക്കേട്.’
ഇത് പിറുപിറുക്കല്‍, കേള്‍ക്കാവുന്ന ഒച്ചയില്‍ തന്നെ.
വീടിനും വീട്ടുകാര്‍ക്കും വേണ്ടതൊക്കെ ഒരുക്കിവച്ച്, തങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുന്ന ഇത്തിരി ഉച്ചച്ചൂട് പകുക്കാനും ആളുകള്‍ വന്നാലോ, ദേഷ്യം വരില്ലേ...! പുസ്തകങ്ങള്‍ നീക്കിയിരിപ്പുണ്ടെങ്കില്‍ ഉച്ചവെയിലോ ഒറ്റപ്പെടലോ പൊള്ളിക്കില്ല. അതിരിലെ മുളങ്കൂട്ടത്തിനുള്ളില്‍ ഇടമൊരുക്കിയിട്ടുണ്ട്. മുള്ള് പെറുക്കിനീക്കി, ഇലകള്‍ അടിച്ചുകൂട്ടിയത്. ഇരുന്നോ കിടന്നോ വായിക്കാം. ഉച്ചമയക്കവുമാവാം.
‘ഓ, പുസ്തകപ്പുഴു ഇന്ന് ഉസ്‌കൂളിലും പോവാതെ പുസ്തകം തിന്നാന്‍ ഇരിക്കേ?’
എന്നൊക്കെ ചില ചൊറിച്ചികള്‍ അരിയിട്ട് തരും, കൊത്താതിരുന്നാല്‍ അവറ്റ ആ വഴി പൊയ്‌ക്കോളും.
അല്ലെങ്കില്‍പ്പിന്നെ ഇവര്‍ക്ക് എന്നേം കഥ കേള്‍ക്കാന്‍ ഇരുത്തിയാല്‍ എന്താണ്, എനിക്ക് രോഷം വരും.
കഥയല്ല അവര്‍ പറയുന്നതെന്ന് അന്ന് മനസിലായില്ല. ജീവിതം പൊള്ളിച്ചതിന്റെ പാടുകള്‍ പരസ്പരം കാണിച്ച് ഉണക്കുന്നതിന്റെ വൈദ്യവും പിന്നീടാണ് മനസ്സിലായത്.
ഇന്നിങ്ങനെ തീര്‍ന്നു, നാളെയും ഇതൊക്കെത്തന്നെയല്ലേ എന്ന മടുപ്പ്, അവരുടെ ഇളംതലപ്പുകളെക്കുറിച്ചുള്ള പച്ചച്ച പ്രതീക്ഷകള്‍, വിദൂരദിവസങ്ങളിലെന്നോ വരാനിരിക്കുന്ന ഒരു വിശേഷ ദിവസത്തിന് ഒരുങ്ങേണ്ടതിന്റെ, ഒരുക്കേണ്ടതിന്റെ ചര്‍ച്ചകള്‍, എല്ലായിടത്തും ഇങ്ങനെയൊക്കെയാണ് എന്ന സമാനവേദനകളുടെ ദുര്‍ബ്ബലപ്പെടുത്തല്‍....
അങ്ങനെയങ്ങനെ ആ നട്ടുച്ചകള്‍ ചൂടാറും.
ഇനിയും ഉണങ്ങാത്ത മുടിവാരിക്കെട്ടി, ഉടുത്ത സാരി കുടഞ്ഞ് അരയിലേക്ക് എടുത്തുകുത്തി അവരിലൊരാള്‍ എണീക്കും.
‘പോട്ടെ, ഇരുന്നിട്ടെന്താ, ആരെനോക്കിയാ ഇരിക്കണത്. ഇപ്പോ തുടങ്ങും ചായക്ക് കോരോസനം.’
നേര്! എന്ന് ദീര്‍ഘമായി നിശ്വസിച്ച് എല്ലാവരും പിരിയും.
ഇനി എന്തുണ്ടായാലും സ്‌കൂളില്‍ പോവാതിരിക്കില്ല എന്ന് ഒരു കള്ളത്തരക്കാരി ചൂടാറുന്ന ഉച്ചയെ അകല്‍ച്ചയോടെ നോക്കും. മണിക്കുട്ടി സ്‌കൂള്‍ വിട്ട് വന്നോ ആവോ എന്നുറക്കെ പറഞ്ഞ് അവള്‍ പോക്കുവെയിലിലേക്കിറങ്ങും.
‘നോക്കിയേ, പെണ്ണിന് നെരങ്ങാന്‍ വൈകി! ഈ ചായ കുടിച്ചിട്ട് പോടീ...’
അമ്മ ഒച്ചയെടുക്കും.
വാചകം മുഴുവന്‍ കേള്‍ക്കാന്‍ പെണ്ണിനെ കിട്ടുമോ, ഇല്ല. മണിക്കുട്ടി കാത്തിരിക്കുകയാവില്ലേ...!
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: A poignant reflection on childhood summers, marked by solitude, scorching heat, and the shared stories of women