നൂറ് ചായപ്പൊടി, അരക്കിലോ പഞ്ചാര, നൂറ് വെളിച്ചെണ്ണ, അഞ്ചുറുപ്യയ്ക്ക് മൊളക്, ഒരു മനോരമ… ഒറ്റ ശ്വാസം, ലിസ്റ്റ് തീരും

വര- ശ്രീലാൽ എ.ജി
വര- ശ്രീലാൽ എ.ജി

കടയില്‍ പോവാനുള്ള അവകാശം ലഭിക്കുക എന്നാല്‍ വലിയ പ്രിവിലേജാണ് അന്ന്, എന്നുവച്ചാല്‍ കുട്ടിക്കാലത്ത്. അതിന് നമ്മുടെ സത്യസന്ധത മുതിര്‍ന്നവര്‍ക്ക് ബോധ്യപ്പെടണം, കൊണ്ടുപോകുന്ന പൈസ കളയാതെ കടയിലെത്തും എന്നും, പറഞ്ഞു വിടുന്നത് മുഴുവന്‍ മറക്കാതെ കൊണ്ടുവരും എന്നും ഉറപ്പ് വരണം. റോഡ് മുറിച്ചു കടക്കാനും തിരക്കുള്ള കടയില്‍ കാത്തുനില്‍ക്കാതെ പെട്ടെന്ന് സാധനങ്ങള്‍ വാങ്ങിവരാനുമുള്ള മുതിര്‍ച്ച വേണം. വഴിയില്‍ പേരയ്ക്കയോ മാങ്ങയോ പഴുത്തു നില്‍ക്കുന്ന മരം കണ്ടാല്‍ സാധനങ്ങള്‍ അവിടെയിട്ട് അതിന് പുറകേ പോവില്ല എന്ന് ഉറപ്പ് വരണം.

അതിന് കുട്ടികള്‍ എന്ത് ചെയ്യണം? ഒന്നും ചെയ്യണ്ട. ആ നിരന്തര മൂല്യനിര്‍ണയം മുതിര്‍ന്നവര്‍ എന്നേ തുടങ്ങിയിട്ടുണ്ടാവണം.നമ്മളറിയാതെ നിരീക്ഷിക്കുന്നുണ്ടാവും. തരക്കേടില്ലാത്ത മാര്‍ക്ക് കിട്ടുന്ന മുറയ്ക്ക് നമുക്ക് നറുക്ക് വീഴും.

ഡീ ഒന്ന് പീട്യേ പോയി വന്നാ...

നീണ്ട ലിസ്റ്റാണെങ്കിലും എഴുതിത്തരാനുള്ള നേരമൊന്നും അമ്മയ്ക്കുണ്ടാവില്ല. മാത്രമല്ല,അമ്മമാരുടെ അക്ഷരത്തെറ്റ് പറഞ്ഞു ചിരിക്കുന്ന പരിഷ്‌ക്കാരികളായി രൂപാന്തരം വന്ന ഞങ്ങളെ അവര്‍ക്ക് അല്പം ഭയവും വന്നിരിക്കും.

ഓര്‍ത്ത് വെച്ച് ഒന്നും വിട്ടുപോവാതെ വാങ്ങി വരണം, അതാണ് ആദ്യത്തെ ടാസ്‌ക്.

അനുവദിച്ചതില്‍ നിന്ന് ഒരൊറ്റ രൂപ കൂടുതല്‍ മിട്ടായിക്ക് ചെലവാക്കരുത്, അസാമാന്യ മനോനിയന്ത്രണം വേണ്ട ടാസ്‌കാണ് ഇത്.

പൊതിയഴിയാതെ, കവര്‍ കീറാതെ വീട്ടിലെത്തിക്കണം.

ആരും കാണാതെ അമ്മയെ ഏല്പിക്കേണ്ട ചില രഹസ്യ ഇനങ്ങളുമുണ്ട്.

'കാശ് കളയാനായിട്ട്' എന്ന് അച്ഛനോ അമ്മമ്മയോ ഒക്കെ പല്ലുകടിച്ച് സൂചിപ്പിക്കുന്ന, മനോരമ വീക്കിലി, ഫെയര്‍ ആന്‍ഡ് ലൗലി, ഷാംപൂ പാക്കറ്റ് ഒക്കെ അവയില്‍പ്പെടും. ഇരുചെവി അറിയാതെ അത് അമ്മയെ ഏല്പിക്കുമ്പോള്‍ നമ്മള്‍ വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടും. അടുത്ത തവണ കുറേക്കൂടി വലിയ ഓഫറുകള്‍ കിട്ടിയേക്കും.

കടയുടെ പലകപ്പുറത്തേക്ക് കൈകുത്തിവലിഞ്ഞു നോക്കിക്കൊണ്ട് സൈനുദ്ധീന്‍ കാക്കയുടെ കണ്ണില്‍പ്പെടാന്‍ ഞാന്‍ കാത്തുനില്‍ക്കും. ഏറെനേരം നിന്നിട്ടും പരിഗണിക്കപ്പെട്ടില്ലെങ്കില്‍ വേവലാതി തുടങ്ങും. പീടികയില്‍ പോയിട്ട് എത്രനേരമായെടി എന്ന് തുടങ്ങുന്ന ചീത്ത വീട്ടില്‍ പാകമാകുന്നു.

'കാക്കേ, രണ്ട് സാധനുള്ളൂ..'(നുണയാണ്, പക്ഷേ ആ നുണ വിചാരണ ചെയ്യപ്പെടില്ല എന്ന ധൈര്യമുണ്ട്)

ദയനീയമായി യാചിക്കും. ചെലപ്പോ നിര്‍ദാക്ഷിണ്യം തള്ളിപോവും. അല്ലെങ്കില്‍

'ആ വേം പറയ് 'എന്നൊരു അലക്ഷ്യമറുപടി വരും.

നൂറ് ചായപ്പൊടി, അരക്കിലോ പഞ്ചാര, നൂറ് വെളിച്ചെണ്ണ, അഞ്ചുറുപ്യയ്ക്ക് മൊളക്, ഒരു മനോരമ... ഒറ്റ ശ്വാസം,ലിസ്റ്റ് തീരും.

ഈണത്തില്‍ ഉറക്കെ ഓരോന്നിന്റെയും പേരും അളവും വിളിച്ചുപറഞ്ഞുകൊണ്ട് കാക്ക പൊതികള്‍ ഒരുക്കും. അപ്പഴേക്ക് ബില്ല് റെഡി, തുണ്ടുപേപ്പറില്‍ വായിക്കാന്‍ കഴിയാത്ത ഏതോ ഭാഷയില്‍. വില മാത്രം കണിശമായിരിക്കും. അത് കളയാന്‍ പാടില്ല, കൊണ്ടുപോയി കണക്ക് ബോധിപ്പിക്കാനുള്ളതാണ്. മൊത്തം 88, ബാക്കി 12. രണ്ടുറുപ്യയക്ക് മുട്ടായി. ബാക്കി ദാ പത്ത് എന്ന് അമ്മയെ ഏല്പിക്കണം.

മിഷന്‍ കംപ്ലീറ്റ്!

അടുത്ത വീട്ടിലൊരു താരചേച്ചിയുണ്ട്, എനിക്കേറെ(എന്നെയും) ഇഷ്ടമുള്ള ചേച്ചിയാണ്. ചേച്ചി കടയിലേക്ക് പറഞ്ഞുവിട്ടാല്‍ കണക്ക് ചോദിക്കില്ല, ഇഷ്ടമുള്ളത് വാങ്ങിക്കോ എന്ന് ഉദാരയാവും. കൂടൈസ്, ബബിള്‍ഗം എന്നതൊക്കെ അന്ന് ലക്ഷ്വറി. അത് അമ്മയോട് വന്ന് പറയുകയും ചെയ്യും, കണ്ട് പഠിക്കെന്നാണ് ധ്വനി. അമ്മ ചിരിക്കും, നിന്റെ അച്ഛന് ടാപ്പിങ്ങാണ് പെണ്ണേ എന്നാണ് അതിന്റെ അര്‍ത്ഥം. പറയണ്ട, അതൊക്കെ അന്നേ മനസിലാവും.

സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ആവശ്യമുള്ളതും ഇല്ലാത്തതും ഒക്കെ കൊട്ടയില്‍ വാരി നിറയ്ക്കുന്ന മഞ്ചാടിയെ, ആ എടുത്തോ എന്ന് സമ്മതഭാവത്തിലുള്ള അപ്പൂനെ കണ്ടപ്പോ ഓര്‍ത്തത്. കാലം! എന്ന് വിസ്മയിക്കുന്നു...

പെറ്റിക്കോട്ടിട്ട ഒരു മെല്ലിച്ച പെണ്കുട്ടി വന്നടുത്തുനില്‍ക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi