കണ്ണില്‍ കണ്ട ചെക്കന്മാരുടെ മുന്‍പില്‍ പോയി കയ്യും നീട്ടി നിക്കരുത് എന്ന താക്കീത് ഓര്‍മയുള്ള പെണ്ണുങ്ങള്‍ ആ ഭാഗത്തേക്ക് പോയതേയില്ല

പുഴ ജീവിതത്തെ സ്വാധീനിച്ച പോലെ തന്നെ അമ്പലവും ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടു. ഓണവും വിഷുവും പെരുന്നാളും പോലെ ഞങ്ങള്‍ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷിച്ചു. കാത്തിരിക്കാന്‍ അവസരങ്ങള്‍ വളരെ കുറവായിരുന്നു അന്ന്. ചെലവില്ലാതെ, ഒരുപാട് അധ്വാനിക്കാതെ, സമാധാനമായി ആസ്വദിക്കാന്‍ പറ്റുന്ന ഒരവസരമായിരുന്നു അമ്പലത്തിലെ ഉത്സവം.
വൃശ്ചിക മാസത്തില്‍ അഖണ്ഡനാമവും കുംഭത്തില്‍ ശിവരാത്രിയുമാണ് പ്രധാന ഉത്സവങ്ങള്‍. നിലം ഒരുക്കി ചാണകം മെഴുകി നാല് വശത്തും കമുകിന്റെ പൊളി കൊണ്ട് അതിര് തിരിച്ച് കളം ഒരുക്കും. നടുവില്‍ അല്പം ഉയരത്തില്‍ പീഠം.അവിടെയാണ് അഖണ്ഡനാമം നടത്തുക. വൃശ്ചികത്തിലെ ഏതെങ്കിലും ശനിയാഴ്ച്ചയാണ് തിയ്യതി കണ്ടെത്തുക. പ്രദേശത്തെ അയ്യപ്പക്ഷേത്രങ്ങളില്‍ ഒരേ ദിവസം ചടങ്ങ് വരാതെ ഭാരവാഹികള്‍ ശ്രദ്ധിക്കും.