ഉള്ളുകൊണ്ട് അതിനകം സിനിമയിലെ നടിയായി മാറിയിരിക്കും ഞാന്‍, നടിയുടെ ചേഷ്ടകള്‍ അനുകരിച്ചായിരിക്കും കുറച്ചു ദിവസം നടപ്പ്

വര- ശ്രീലാൽ എ.ജി.
വര- ശ്രീലാൽ എ.ജി.

ജനിച്ചു വളര്‍ന്ന നാട്ടില്‍ മൂന്ന് തിയറ്ററുകള്‍ ഉണ്ടായിരുന്നു. രണ്ടെണ്ണം ഓര്‍മ്മ വച്ചപ്പോഴേയുണ്ട്. ആനന്ദ്, സരണി എന്നിങ്ങനെയായിരുന്നു പേരുകള്‍. മൂന്നാമത്തേത് ഞാന്‍ പത്തിലോ മറ്റോ പഠിക്കുമ്പോഴാണ് വന്നത്, നാദം എന്നായിരുന്നു പേര്. സിനിമാഹാള്‍ ചുരുങ്ങിയത് ആയിരിക്കണം, സിനിമാള് എന്നാണ് ഞങ്ങള്‍ അവയെ വിളിക്കാറ്.

തിയറ്ററുകള്‍ ഉള്ളതിന്റെ പേരില്‍ കൂട്ടുകാര്‍ക്കിടയില്‍ ഞങ്ങള്‍ പൂക്കോട്ടുംപാടത്തുകാര്‍ കാണിച്ച തലക്കനം കുറച്ചൊന്നുമല്ല. എങ്കിലും, പുതിയ പടങ്ങള്‍ കാണാന്‍ റിലീസിന് ശേഷം രണ്ടോ മൂന്നോ ആഴ്ച്ചയോ ചിലപ്പോള്‍ മാസങ്ങള്‍ തന്നെയോ കാത്തിരിക്കേണ്ടി വരും. ആ സമയം കൊണ്ട് നിലമ്പൂര്‍ പോയി സിനിമകള്‍ കണ്ടു വന്ന കുരുത്തംകെട്ട കൂട്ടുകാരുടെ സിനിമാക്കഥ പറച്ചിലില്‍നിന്ന് രക്ഷപ്പെടല്‍ അല്പം ശ്രമകരമായ പണിയാണ്. സസ്‌പെന്‍സ് ത്രില്ലറുകളുടെ മുഴുവന്‍ രസവും കെടുത്തിക്കളയും ആ കാഥികര്‍. തിയറ്ററുകളില്‍ പോയി സിനിമ കാണാന്‍ ഭാഗ്യമില്ലാത്തവര്‍ ഒഴിവുള്ള പിരീയഡുകളില്‍ കഥ കേള്‍ക്കാന്‍ അവരുടെ ചുറ്റും കൂടും.

Continue reading