എപ്പോഴും ഓർക്കുന്ന ഒരാളുണ്ടെന്നതായിരുന്നു ആ കാലത്ത് എന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിച്ചത്

പ്ലസ് വണ്ണിന് എവിടെ വേണമെങ്കിലും അഡ്മിഷൻ കിട്ടുമായിരുന്നു. കാലത്തിന് ചില ഉദ്ദേശങ്ങൾ ഉണ്ടായിരിക്കണം, എനിക്ക് തിരഞ്ഞെടുക്കാൻ തോന്നിയത് വീട്ടിൽ നിന്ന് ഇരുപത് കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള ഒരു സ്‌കൂളാണ്. അവിടെ വച്ചാണ് എന്റെ അടുത്ത പ്രണയം. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടുന്നത് കണ്ടാൽ പോലും ചോദ്യം ചെയ്യപ്പെടുന്ന സ്‌കൂളായിരുന്നു അത്. എന്നിട്ടും ഞങ്ങൾ സുന്ദരമായി പ്രണയിച്ചു. ആ പ്രണയമാണ് പത്തു വർഷങ്ങൾക്ക് ശേഷം എന്റെ വീടായത്. ഞാനും അവനും ഒരുമിച്ചു കണ്ട സ്വപ്നമാണ് ഇപ്പോൾ ഞാൻ ഇരുന്ന് എഴുതുന്ന ഈ വീട്. ഇവിടേക്ക് ഞങ്ങൾ സ്വപ്നത്തിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന ഞങ്ങളുടെ മഞ്ചാടിയും ചേർന്ന് ഇതിപ്പോൾ സ്വപ്നം കണ്ടതിലും മനോഹരമായ വീടായിട്ടുണ്ട്.
അവനിപ്പോഴും പറയും എന്ത് അത്ഭുതമാണെന്നറിയില്ല, ആദ്യമായി ക്ലാസ്സിലേക്ക് നീ കയറിവന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് എന്ന്. ക്ലാസ്സിൽ മുപ്പതിലധികം കുട്ടികളുണ്ട്. അതിൽ എന്നെ ആദ്യമായി കണ്ടത് മാത്രം അവൻ ഓർത്തിരിക്കുന്നു എന്ന് കേൾക്കുന്നത് സുഖമുള്ള കാര്യമല്ലേ? മഞ്ഞക്കള്ളികളുള്ള പട്ടുപാവാടയിട്ട് ആരെയോ തല്ലാൻ വരുന്നതുപോലെയുള്ള എന്റെ നടത്തം എല്ലാകാലത്തേക്കുമായി അവന്റെ ഉള്ളിൽ പതിച്ചത് കാലമല്ലാതെ മറ്റാരാണ്?