ജാരപഥം

ആദ്യചുംബനത്തിന്റെ
ചുടുനെടുവീര്‍പ്പേറ്റു നിന്ന
ജാലകച്ചില്ലുകളോടാണ്
ആദ്യം ചോദിച്ചത് 'കണ്ടിരുന്നോ?'
'ഇല്ല, ഞാന്‍ കണ്ടില്ല',
പറയുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നോ!
വശ്യമായ ഇക്കിളിയേറ്റ്
രോമാഞ്ചംകൊണ്ടുനിന്ന
നീലത്തിരശീലയോടും ചോദിച്ചു:
'കണ്ടിട്ടുണ്ടോ?'
'ഹേയ്, ഇല്ല! ഞാന്‍ കണ്ടിട്ടില്ല!'
ഒരുനിമിഷം മൂകയായ് നിശ്ചലയായി.
പിന്നെ, എന്നെ ഗൗനിക്കാതെ
വീണ്ടും ചാഞ്ചാടിക്കൊണ്ടിരുന്നു.
പള്ളിയറയില്‍ കടന്ന്,
രാവിന്റെ വികാരാഗ്‌നിയില്‍
ജ്വലിച്ചടങ്ങി ക്ഷീണമാറ്റിക്കിടന്ന
പതുപതുത്ത പട്ടുമെത്തയോടാണ്
പിന്നെ ചോദിച്ചത്: 'കണ്ടിരുന്നോ?'
'ഇല്ല! എനിക്കറിയില്ല.'
മുഖംതരാതെ ഉറക്കച്ചടവോടെ
ദേഷ്യത്തോടെ അവള്‍ പറഞ്ഞു.
അറബിപ്പൊന്നിന്റെ വീഞ്ഞുപാത്രത്തി
നോടും വെള്ളിത്തളികകളോടും
ചോദിച്ചു: 'കണ്ടിരുന്നോ?',
'ഇല്ല, ഞങ്ങളാരും കണ്ടിട്ടില്ല.'
അപ്പോഴും ഒരു കോണിലിരുന്ന്
പഴയൊരു ഓട്ടുപാത്രം
എന്തോ കലമ്പുന്നുണ്ടായിരുന്നു.
അന്തഃപ്പുരത്തിന്റെ അകത്തളംവിട്ട്
പിന്‍വാതിലിലൂടിറങ്ങി,
ആരാമത്തിലേക്കുനീളുന്ന
കല്‍ക്കെട്ടിനോട് ചോദിച്ചു:
'കണ്ടിരുന്നോ?'
'ഇല്ല, ഞാനും കണ്ടിട്ടില്ല,'
കാലമേകിയ നിര്‍വികാരതയുടെ
തഴമ്പുമായി വിദൂരതയിലേക്ക്
നോക്കിക്കൊണ്ട് പറഞ്ഞു.
വ്രണിതഹൃദയ വ്യഥകളോടെ
പദമൂന്നി മുന്നോട്ടു നീങ്ങുമ്പോള്‍,
പൂവിരിച്ച പാതയോരത്തേയ്ക്ക്
പടര്‍ന്നുകയറിയ കറുകപ്പുല്ലാണ്
പറഞ്ഞത്, 'കണ്ടിട്ടുണ്ട്!
കാലില്‍ കോര്‍ക്കാന്‍ ഞാന്‍
ശ്രമിച്ചതാണ്. പക്ഷേ,
ചവിട്ടിമെതിച്ച് കടന്നു കളഞ്ഞു,
രാവിന്റെ മൂന്നാംയാമത്തില്‍'.
നിസ്സാരനായ ആ ദുര്‍ബല
ശരീരിയില്‍നിന്നാണ്
അപ്രിയ സത്യം ആദ്യമറിഞ്ഞത്
ജാരപഥം.
Content Highlights: poem by ratheesh viswanathan