ഒരു ദിവസം വിശന്നു കയറി വരുമ്പോൾ വീട് മുഴുവൻ ആളുകളാണ്, മൂന്നോ നാലോ പോലീസുകാരും

എന്റെ പത്താം ക്ലാസ് ജീവിതത്തിൽ മറക്കാത്ത കാലമാണ്. ഇപ്പോഴും ഓർക്കുമ്പോൾ വിറയ്ക്കുന്ന പേടികളുടെ കാലം. അവിടുന്ന് അങ്ങോട്ട് ജീവിതം അതുവരെ കണ്ടിട്ടില്ലാത്ത തിരിവുകളിലേക്ക് കടക്കുകയായിരുന്നു. പൂർണ്ണമായും ഒറ്റയായത് അന്നാണ്. സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ഓരോ ദിവസവും നടന്നത്.
അന്ന് പത്താം ക്ലാസ് കുട്ടികളുടെ പഠനനിലവാരത്തിനനുസരിച്ച് ക്രമീകരിക്കുന്ന പതിവുണ്ട്. നല്ല നിലവാരം പുലർത്തുന്ന കുട്ടികളാണ് എ ക്ലാസ്സിൽ. നിലവാരം കുറയുന്നതിനനുസരിച്ച് ഡിവിഷനുകൾ വേറെയുണ്ട്. കുട്ടികളുടെ മനഃശാസ്ത്രം ഒട്ടും അറിയാത്ത അധ്യാപകരുടെ ഏറ്റവും മോശം പ്രവർത്തിയായിട്ടാണ് ഇന്നും അതിനെ കാണുന്നത്. എന്തിന്റെ പേരിലായാലും ആ വിവേചനം വലിയ അനീതിയാണ്. എല്ലായിടത്തും പത്താം ക്ലാസ് ആണ് എന്ന ഓർമ്മപ്പെടുത്തൽ. സ്കൂളിൽ ഇടവേളയില്ലാത്ത പഠനം. വീട്ടിൽ എന്നും വഴക്കും ബഹളവും. എല്ലാവരും ഉറങ്ങിയാൽ മാത്രമേ പഠിക്കാനുള്ള സമാധാനമുള്ളൂ. അതിരാവിലെ രണ്ടുമണിമുതലാണ് എന്റെ പഠനം. മാർക്ക് കുറഞ്ഞാൽ ആർക്കും എന്നെ ഇഷ്ടമാവില്ല എന്ന് ഒരു പെൺകുട്ടിക്ക് ആധി പിടിച്ചു. ആ പേടിയിൽ ജീവിച്ചതുകൊണ്ട് പരിചയമുള്ള എല്ലാ കുട്ടികളോടും പറയാറുണ്ട്, പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടണം, ഭാവിയിൽ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കണം, അതേയുള്ളൂ ആ സർട്ടിഫിക്കറ്റിന്റെ പ്രാധാന്യം എന്ന്. അതിനപ്പുറത്തേക്ക് ഊണും ഉറക്കവും കളഞ്ഞു പരീക്ഷയെ പേടിച്ചു കുട്ടിക്കാലം കളയേണ്ടതില്ല. ഇത് പറഞ്ഞു തരാൻ എനിക്ക് ആരുമുണ്ടായിരുന്നില്ല. ചുറ്റിലും സമ്മർദമായിരുന്നു. എന്നാൽ പഠിക്കാൻ ഏറ്റവും അത്യാവശ്യമായ സമാധാനം ഉറപ്പാക്കാൻ ആരും ഉണ്ടായിരുന്നില്ല.