താന്നിക്കുന്നിലെ മിന്നാമിന്നികൾ

കൂടല്ലൂരില്‍ എഴുത്തുകാരന്‍ ജനിച്ചുവളര്‍ന്ന വീടിന്റെ പിന്‍മുറ്റത്തുനിന്ന് താന്നിക്കുന്നിന്റെ ഉച്ചിയിലേക്ക് കയറിത്തുടങ്ങുമ്പോള്‍ പകലിന് ചൂടുപിടിച്ചുതുടങ്ങിയിരുന്നു. ഗ്രാമത്തിന്റെ വിഷാദഭരിതമായ ഏകാന്തതയില്‍നിന്ന് രക്ഷപ്പെടാന്‍ മാടത്ത് തെക്കേപ്പാട്ടെ വാസുദേവന്‍ എന്ന കുട്ടി തനിച്ച് കയറിപ്പോയിരുന്നത് ഈ ഉയരങ്ങളിലേക്കായിരുന്നു. കുന്നിന്‍മുകളിലെത്തിയാല്‍ ദൂരെ പുഴ കാണാം. പുഴയ്ക്കപ്പുറമുള്ള അറിയാലോകങ്ങളെക്കുറിച്ച് സങ്കല്പിക്കാം, വൈകുന്നേരങ്ങളില്‍ പുഴയിലേക്ക് ഉരുകിവീണ് മറയുന്ന സന്ധ്യ കാണാം. പിന്നീട് എം.ടി. എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങി വാസുദേവന്‍ വാക്കിന്റെ പ്രകാശമായി ആകാശം നിറഞ്ഞപ്പോള്‍, ആ കാലത്തെക്കുറിച്ച് എഴുതി:
''...ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്ന ബാല്യം എത്ര അകലെയാണെന്ന് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. വീടിന് പിന്നിലുള്ള താന്നിക്കുന്നിന്റെ ചരിവില്‍ കഥയും കവിതയും ആലോചിച്ചുകൊണ്ട് നടന്ന ദിവസങ്ങള്‍. അന്ന് ഒരു കുട്ടിക്ക് കൂട്ടുകാരില്ലാതെ തനിയേ കളിക്കാവുന്ന ഒരു വിനോദമായിരുന്നു അത്. മനസ്സില്‍ വാക്കുകള്‍ ഉരുട്ടിക്കളിച്ച് അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കല്‍. ദിവസവും എന്തെങ്കിലുമൊക്കെ കടലാസില്‍ കുറിച്ചിടാന്‍ കഴിയുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ നാട്ടില്‍ വരുന്നത്. അവിടം എനിക്കിഷ്ടമാണ്. ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ അവിടത്തെ കുറേ മനുഷ്യര്‍ എന്റെ മനസ്സില്‍ കഥാപാത്രങ്ങളായവശേഷിക്കുന്നു...''
എം.ടി. എന്ന എഴുത്തുകാരന്‍ ഉദിച്ചത് ഈ കുന്നിലാണ്. താന്നിക്കുന്നിലിപ്പോള്‍ നിറയേ വീടുകളാണ്. എവിടെ നോക്കിയാലും വീടുകള്‍, വീടുകള്‍, വീടുകള്‍... ചെറുതും വലുതും പഴയതും പുതിയതും. പകലായതുകൊണ്ട് മിക്കതിലും സ്ത്രീകളും വൃദ്ധരും ചെറിയ കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിതച്ചുകിതച്ച് കുന്നിന്റെ മുകളിലേക്ക് നടന്നുകയറുന്ന അപരിചിത മുഖങ്ങള്‍ കണ്ടപ്പോള്‍ പലരും പുറത്തുവന്ന് നോക്കി. എം.ടി.യുടെ താന്നിക്കുന്ന് കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് മുകളിലേക്ക് വിരല്‍ചൂണ്ടി. അവര്‍ ചൂണ്ടിയ വഴിയിലൂടെ മുകളിലേക്ക് മുകളിലേക്ക് നടന്നു. താഴെ മാടത്ത് തെക്കേപ്പാട്ട് വീട് ഇപ്പോള്‍ മരങ്ങളാല്‍ മറഞ്ഞിരിക്കുന്നു.
അരമണിക്കൂറിലധികം നടന്നിട്ടും വഴി മുകളിലേക്ക് മുകളിലേക്ക് പിണഞ്ഞും പിരിഞ്ഞും പോകുകയാണ്. പുതിയ കാലത്തെ ആരോഗ്യമായതുകൊണ്ടാവാം കിതയ്ക്കാന്‍തുടങ്ങി. ഓട്ടോറിക്ഷ മാത്രമാണ് താന്നിക്കുന്നിലേക്കുള്ള ഏക വാഹനം. ബസ് കിട്ടണമെങ്കില്‍ കുന്നിന്റെ ചോടെ പുഴയോരത്ത് പോവണം. ഓട്ടോയുമായി മുന്നില്‍ വന്നത് കുഞ്ഞിമുഹമ്മദാണ്. ഞങ്ങളുമായി അയാള്‍ താന്നിക്കുന്നിന്റെ ഉച്ചിയിലേക്ക് കുതിച്ചു.
''ഞമ്മളുമായി നല്ല ലോഗ്യത്തിലായിരുന്നു മൂപ്പര്. ഇവടെ വര്‌മ്പൊക്കെ കാണും. മിണ്ടാട്ടൊക്കെ കൊറവാ. ഞങ്ങളെ കുടുംബൊക്കെ പണ്ട് എപ്പഴും ഓരെ വീട്ടിലായിരുന്നു. സ്ഥിരം നെല്ലൊക്കെ ഓരെ വീട്ട്ന്നാ ഞങ്ങളൊക്കെ വാങ്ങ്ാ. പിന്നെ എല്ലാരുമെല്ലാരും ഓരോ വഴിക്കായി. മൂപ്പര് പിന്നെ പൊഴേന്റെ അടുത്തൊരു വീട് വച്ചീര്ന്ന്. ഇപ്പം അതൊരു ക്ലിനിക്കിന് വാടകയ്ക്ക് കൊടുത്ത്ക്കാണ്...''
നേരിലറിയുന്ന കഥാകാരനെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് കുഞ്ഞിമുഹമ്മദ് ഓട്ടോ ഓടിച്ചിരുന്നത്.
ചെഞ്ചായം പൂശി, കടഞ്ഞ മരയഴികളുള്ള, കൂട്ടത്തില്‍നിന്ന് വേറിട്ട ഒരു വീട് കണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു:
''ഇതാരുടേതാണ്?''
''പട്ടാനീടെ വീട് എന്നാണ് ഞങ്ങളൊക്കെ ഇതിന് വിളിക്ക്ാ. പണ്ട് തൂതപ്പുഴപ്പാലം പണിക്ക് കല്‍ക്കത്തേന്ന് വന്ന ഒരു എഞ്ചിനീയറ് ഇവട്ന്ന് പെണ്ണ്കെട്ടി ഇവടെ വീട് വെച്ചു. അയാള് മരിച്ചു. അയാളുടെ മോനും കല്‍ക്കത്തേലായിരുന്നു ബിസിനസ്. ഇപ്പോ മടങ്ങിപ്പോന്നു.''
കുഞ്ഞിമുഹമ്മദിന് എല്ലാമറിയാമായിരുന്നു. കല്‍ക്കത്തക്കാരന്‍ പട്ടാനി കൂടല്ലൂരില്‍നിന്ന് കല്യാണം കഴിച്ച് താന്നിക്കുന്നില്‍ കൂടിയ കാര്യം കഥാകാരന്‍ അറിഞ്ഞിരുന്നോ ആവോ?
കുന്നിന്‍മുകളില്‍ മലമക്കാവ് ഭഗവതിയുടെ ചെറിയ അമ്പലവും താലപ്പൊലിത്തറയും. ധനുമാസത്തിലാണ് താലപ്പൊലി. താന്നിക്കുന്നും താഴ്വാരങ്ങളും അന്ന് ഇങ്ങോട്ടൊഴുകും. കുന്നൊരു ആള്‍ക്കടലാവും. കുന്നിന്‍മുകളില്‍ ആഴത്തില്‍ താഴേക്ക് വെട്ടിയിറക്കിയ കളത്തില്‍ ഒരു ക്രിക്കറ്റ് പിച്ച് കണ്ടു.
''ഇതൊരു അനധികൃത ക്വാറി ആയിര്ന്ന്. കച്ചറയായപ്പോ ഇട്ടേച്ച് പോയതാ. ഇപ്പോ കുട്ട്യോള് കളിക്കണ്...'' ഞങ്ങളുടെ നോട്ടം വീഴുന്ന സ്ഥലത്തെക്കുറിച്ചൊക്കെ കുഞ്ഞിമുഹമ്മദ് പറഞ്ഞുകൊണ്ടിരുന്നു. കഥയുടെ ഈ കുന്നും കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശത്തിന്റെ എഴുത്തുകാരന്റെ സങ്കല്പങ്ങള്‍ തുമ്പികളായി പാറിനടന്ന ഈ മണ്ണില്‍ ആരൊക്കെയോ കണ്ണുവെച്ചുതുടങ്ങിയിരിക്കുന്നു.
താന്നിക്കുന്നിന്റെ ഉച്ചിയില്‍നിന്ന് നോക്കിയാല്‍ ഇപ്പോള്‍ പുഴ കാണില്ല. പല പല മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ദൂരെ എവിടെയെങ്കിലും ഒരു മിന്നായം കണ്ടാലായി. ഇന്നത്തെ വാസുദേവന്മാര്‍ക്കും അപ്പുണ്ണിമാര്‍ക്കും ലോകത്തെ സങ്കല്പിക്കാന്‍ കുന്നിന്‍മുകളില്‍ വരേണ്ടതില്ല. ലോകം അവരുടെ വിരല്‍ത്തുമ്പിലാണ്. തീര്‍ത്തും മാറിപ്പോയ താന്നിക്കുന്നില്‍നിന്ന് വിഷാദത്തോടെ ഞങ്ങള്‍ താഴേക്കിറങ്ങി.
മാടത്ത് തെക്കേപ്പാട്ട് വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. തൊടിയില്‍നിന്ന് വീണുകിട്ടിയ അടക്ക മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്നു. പഴയ വീടിനോട് നീളന്‍ വരാന്തയുള്ള പൂമുഖം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. താന്നിക്കുന്നിന്റെ മുകളില്‍നിന്നും ഈ വീടിന്റെ ഉച്ചിയില്‍നിന്നും നോക്കിയാല്‍ മാത്രമേ എം.ടി.യുടെ രചനകളിലെ ഭൂമിശാസ്ത്രം പിടികിട്ടൂ. ഉച്ചിയില്‍ കുന്ന്, താഴ്വാരത്ത് ഏറ്റവും ചോടെ തറവാട്, തറവാടിന് മുന്നില്‍ നെല്‍വയല്‍, വയലിനപ്പുറം പുഴ, പുഴയ്ക്കപ്പുറം ഒരു ചെറിയ കുന്നിന്‍മുകളില്‍ പരദേവതയായ കൊടിക്കുന്നത്ത് ഭഗവതിയുടെ ക്ഷേത്രം ഇതാണ്. എം.ടി.യുടെ എഴുത്തിന്റെ മുഖ്യ തട്ടകം. വയലിന്റെ പാതിമുക്കാലും മണ്ണിട്ട് നികത്തി വീടുവെച്ച് കഴിഞ്ഞിരിക്കുന്നു. ശേഷിച്ച ചെറിയ ചെറിയ കഷണങ്ങളില്‍ പച്ചച്ച നെല്‍ക്കതിരുകള്‍. വീട്ടില്‍നിന്ന് പശുവിനെ വയല്‍വരമ്പിലൂടെ നെല്‍ക്കതിര്‍ കടിക്കാതെ നടത്തി പുഴയിലെത്തിച്ചാല്‍ തന്റെ തലമുറയുടെ പഠിപ്പ് പൂര്‍ത്തിയായി എന്ന് എം.ടി. എഴുതിയത് ഈ ഭൂമിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
എത്രയൊക്കെ ദൂരത്തേക്കുപോയാലും കൂടല്ലൂരിലെ ഈ ജന്മഗൃഹത്തിലേക്ക് എം.ടി. നിരന്തരമായി തിരിച്ചുവന്നുകൊണ്ടേയിരുന്നു. എം.ടി.യായി മാത്രമല്ല, 'നാലുകെട്ടി'ലെ അപ്പുണ്ണിയായും 'വിലാപയാത്ര'യിലെ ഉണ്ണി മാധവനായും 'കാല'ത്തിലെ സേതുവായും 'വിത്തുകളി'ലെ ഉണ്ണിയായും, 'അജ്ഞാതന്റെ ഉയരാത്ത സ്മാരക'ത്തിലെ ഞാന്‍ ആയും....
''നമുക്ക് പോകേണ്ടിയിരുന്ന മാര്‍ഗം ഇതിലേയല്ല. പ്രധാന നിരത്തില്‍നിന്ന് തിരിഞ്ഞ് എട്ടുനാഴിക വളഞ്ഞ് ഈ വഴി വരാന്‍ കാരണമുണ്ട്. ഈ നിരത്ത് എന്റെ ഗ്രാമത്തെ കണ്ടുകൊണ്ട് കടന്നുപോകുന്നു. ചാത്തനശ്ശേരി പറങ്ങോടന്‍ എന്ന ഭ്രാന്തന്‍ കളിച്ചുനടന്ന കുന്നും താലപ്പൊലി പാലയും ഈ വഴി പോകുമ്പോള്‍ കാണാം. സുന്ദരിയുടെ കൂടെ മഴച്ചാറലില്‍ നടന്ന മേച്ചില്‍പ്പറമ്പ് അതിന്റെ മറുപുറത്തായിരുന്നു. അതിനപ്പുറം താന്നിക്കുന്ന്. താന്നിക്കുന്നിന്റെ താഴെ എന്റെ ബാല്യം. അതേ, പഴയ കണ്ണാന്തളികള്‍...
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെനിന്നാണ് ഞാന്‍ യാത്രയാരംഭിച്ചത് എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ വഴി വന്നത്. അന്നും പുഴവക്കിലെ മണല്‍ത്തിട്ടയില്‍ കായ്കറികളുണ്ടായിരുന്നു. ഒരു കുമ്മട്ടിക്കായയും നാഴിയരിയുംകൊണ്ട് അഞ്ചാള്‍ക്ക് രാത്രിയിലെ അത്താഴം. രാത്രി കാവല്‍ കിടക്കാന്‍ വരുന്ന ചാത്തുനായര്‍ക്കും അതില്‍ പങ്കുണ്ട്. ചാത്തുനായരും ഞാനും പാലത്തിന്റെ ചുവട്ടില്‍ച്ചെന്ന് കുളിച്ച് വരുമ്പോഴാണ് കായ്കറിക്കണ്ടത്തില്‍നിന്ന് കുമ്മട്ടിക്കായ മോഷ്ടിക്കുന്നത്. അറുക്കുന്ന വിരലുകള്‍ ചാത്തു നായരുടെ, കാവല്‍ നില്‍ക്കുന്ന കണ്ണുകള്‍ എന്റെ. ഈ അങ്ങാടി ആയിരുന്നു ഞങ്ങളുടെ നഗരം. കുന്നുകള്‍ കയറി ആറുനാഴിക നടന്ന് ഇവിടത്തെ സ്‌കൂളിലാണ് ഞങ്ങള്‍ പഠിക്കാനെത്തിയത്...''
അടുത്തുകിടക്കുന്ന വീട്ടിലാണ് ഭഗവതിയുടെ മച്ചുള്ളന്നത്. കൊടുങ്കാറ്റുണ്ടായ കൊല്ലത്തില്‍ രാത്രി അബൂബക്കറും കുടുംബവും ഈ വീടിന്റെ മുറ്റത്തുനിന്നാണ് വിളിച്ചത്.
''ഉമ്മറവാതില്‍ തുറക്കാന്‍ ആങ്ങളമാര്‍ മടിച്ചു. വീട്ടുകാര്‍, സ്ത്രീ അശുദ്ധമായാല്‍ മുന്‍വാതില്‍ വഴി കയറില്ല. മച്ചില്‍ ഭഗവതിയുള്ളതാണ്. ആപത്ത് വരുമ്പോള്‍ അതൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് അമ്മ വാതില്‍ തുറന്നുകൊടുത്തു...''
ഈ വീട്ടിലേക്കാണ് എം.ടി.യുടെ അച്ഛന്‍ ടി. നാരായണന്‍ നായര്‍ സിലോണില്‍നിന്ന് ഒരു പെണ്‍കുട്ടിയുമായി ഒരു നാള്‍ കയറി വന്നത്. ''ബോംബ് വീണപ്പോള്‍ മരിച്ച ഒരു സ്വന്തക്കാരന്റെ വീട്ടിലെ കുട്ടിയാണ് എന്നാണ് ആദ്യം പറഞ്ഞത്. അന്ന് സന്ധ്യയ്ക്കാണ് ഒപ്പംവന്ന പരിചാരകരിലൊരാള്‍ അത് അച്ഛന്റെ കുട്ടി തന്നെയാണ് എന്ന് ആരോടോ സ്വകാര്യം പറഞ്ഞത്. അന്ന് രാത്രിയിലാണ് അച്ഛനും, അമ്മയും തമ്മില്‍ കലാപം ഉണ്ടായത്. അത് ഞാന്‍ 'നിന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥയില്‍ എഴുതിയിട്ടുണ്ട്.''
ചെറിയമ്മയുടെ മകള്‍ വിലാസിനിയുടെ താന്നിക്കുന്നിലുള്ള വീട്ടില്‍ അജ്ഞാതവാസത്തിലിരുന്നും താഴെ തറവാട്ടില്‍ വന്ന് ഭക്ഷണം കഴിച്ചുമാണ് എം.ടി. 'രണ്ടാമൂഴം' എഴുതിപ്പൂര്‍ത്തിയാക്കിയത്. മന്ദാ... എന്ന വിളി എവിടെനിന്നൊക്കെയോ ഇപ്പോഴും കേള്‍ക്കുന്നുവോ? ഘടോല്‍ക്കചന്റെ മരണത്തില്‍ വിങ്ങി ഭീമന്‍ എവിടെയോ മറഞ്ഞ് നില്‍പ്പുണ്ടോ?
രാത്രി ഇപ്പോഴും ഈ വീടിന് ചുറ്റും കഥയുടെ മിന്നാമിന്നികള്‍ പാറുന്നുണ്ടാവാം. താന്നിക്കുന്നിന്റെ ഉച്ചിയിലേക്കും അവ പറന്നുയര്‍ന്ന് പോകുന്നുണ്ടാവാം. അവിടെനിന്ന് പുഴയിലേക്ക്, പുഴ കടന്ന് ദേശാന്തരങ്ങളിലേക്ക്... ആ ദേശങ്ങളില്‍ അപ്പോള്‍ കൂടല്ലൂര്‍ പ്രകാശിക്കും.
* * * *
പുഴയോരത്ത് 'അശ്വതി' എന്ന വീട്. വിശാല ചതുരത്തിലുള്ള പറമ്പിന് നടുവില്‍ ഒരു കൊച്ചുകൂടുപോലെ. പുഴകാണാന്‍, കണ്ടിരിക്കാന്‍ എം.ടി.വച്ചതാണിത്. പഴയ കാളപൂട്ട് കണ്ടമായിരുന്നു ഇത് എന്ന് പറയുന്നു കുഞ്ഞിമുഹമ്മദ്.
''ഭാരതപ്പുഴയോട് തൊട്ട് ഒരു കഷണം സ്ഥലം വാങ്ങി ചെറിയൊരു കോട്ടേജുണ്ടാക്കിയത് പത്തൊന്‍പത് വര്‍ഷം മുന്‍പാണ്. പുഴ കണ്ടുകൊണ്ടിരിക്കാനായിരുന്നു. രണ്ട് മുറിയില്‍നിന്ന് പുറത്തേക്ക് തിണ്ണകള്‍ വേണം. രണ്ടുമൂന്ന് കസേരകളിടാന്‍ സൗകര്യം വേണം. മുകളില്‍നിന്ന് തൂക്കുവിളക്ക്. എന്റെ ഇത്തിരി സ്ഥലത്തിനും പുഴയ്ക്കുമിടയില്‍ റോഡ് മാത്രമേയുള്ളൂ. പുറംതിണ്ണയിലിരുന്നാലും തോട്ടത്തില്‍നിന്നാലും പുഴ കാണാം. പുറത്തുനിന്ന് പല എഴുത്തുകാരെയും ഗ്രാമവും പുഴയും കാണിക്കാന്‍ അവിടേക്ക് കൊണ്ടുവന്നു. ഹോട്ടല്‍ മുറി വേണ്ടാ, അവിടെ താമസിക്കാം എന്ന് ചിലര്‍ ശഠിച്ച് പറഞ്ഞു. ചിലര്‍ പുഴവക്കത്തുനിന്ന് ഫോട്ടോകള്‍ എടുപ്പിച്ചു. പിന്നില്‍ വയല്‍ മുന്നില്‍ പുഴ. വയലില്‍നിന്ന് ഇളം തണുപ്പുകാറ്റ് ഏത് വേനലിലും വെയില്‍മങ്ങുന്നതോടെ നാട്ടുവിശേഷം പറഞ്ഞുകൊണ്ട് കയറിവരും....''
'അശ്വതി' ഇപ്പോള്‍ ഒരു ചെറിയ ക്ലിനിക്കാണ്. പ്രിയപ്പെട്ട എഴുത്തുകാരന് വിട പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റര്‍ അതിന്റെ കവാടത്തില്‍ ഒട്ടിച്ചിരിക്കുന്നു. അശ്വതിക്ക് മുന്നിലെ പുഴയില്‍ പൊന്തക്കാടുകള്‍ നിറഞ്ഞിരിക്കുന്നു. വെള്ളം കാണണമെങ്കില്‍ തിരഞ്ഞുപോകണം ആളുയരത്തിനപ്പുറം കാശപ്പുല്ലുകള്‍.
''...പുഴയുടെ രൂപം ദാരുണവും ഭീകരവുമാണിപ്പോള്‍. ആകെ പൊന്തക്കാടുകള്‍ മൂടിയ പഴയ നദീതടത്തില്‍ ഒരു തുള്ളി വെള്ളം കാണാനില്ല.
മുന്‍പ് തമിഴ്‌നാട്ടില്‍നിന്ന് വരുന്ന ലോറികളുടെ നിര എന്റെ പടിക്കല്‍ കാത്തുകിടന്നിരുന്നു. മണല്‍വാരലിനെപ്പറ്റി എഴുതി. പിന്നെയും പിന്നെയും എഴുതി. നടന്ന് പ്രസംഗിച്ചു. ഫലമൊന്നുമുണ്ടായില്ല. ഇപ്പോള്‍ മണലില്ല. മണല്‍ തീര്‍ന്നപ്പോള്‍ മണല്‍ വാരല്‍ നിരോധിച്ച് നിയമം വന്നു. നീതിമാന്മാരല്ലോ നമ്മള്‍! പരിചയക്കാര്‍ വന്നപ്പോള്‍ പറഞ്ഞു, രാത്രിയില്‍ പുഴയിലെ പൊന്തക്കാടുകള്‍ക്കിടയില്‍ പലേടത്തും വെളിച്ചം കാണും. നിലാവുള്ള രാത്രികളില്‍ പണ്ട് പൊട്ടിച്ചൂട്ടുകള്‍ കാണാമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പലേടത്തും കാണുന്ന വെളിച്ചങ്ങള്‍ ചൂതുകളിക്കാരുടെ താവളങ്ങളിലെയാണത്രേ.
'കള്ളവാറ്റും ഉണ്ടെന്നാ കേള്‍ക്കണത്' ഒരയല്‍ക്കാരന്‍ പറഞ്ഞു.
പുഴവക്കില്‍ നേരേ മുന്‍പില്‍ ഒരു വലിയ ഇഷ്ടികച്ചൂള ഉയര്‍ന്നിരിക്കുന്നു. മുന്‍പ് വന്നപ്പോള്‍ അതില്ല. പുതിയ അഭിവൃദ്ധി. 'നദിക്ക് ഒരു വിലാപഗീത'മാണ് അവസാനമായി പുഴയെപ്പറ്റി എഴുതിയത്. ഹിന്ദുവിന്റെ ഒരു സപ്ലിമെന്റിന് വേണ്ടി Requiem for a River.
വലിയൊരു പൊന്തക്കാടായി മാറിയ ഈ പുഴയെപ്പറ്റി ഇനി ഞാനെന്തെഴുതും? 'ഒരു നദിയുടെ ശവകുടീരത്തിനരികെ' എന്നോ? പുഴ കാണുമ്പോള്‍ വല്ലാത്ത വിഷമം. സത്യത്തില്‍ അതുകൊണ്ടാണ് നാട്ടില്‍ പോവാന്‍ മടി തോന്നുന്നത്'' നിള എന്ന് വിളിപ്പേരുള്ള ഈ പുഴയെ മലയാളസാഹിത്യത്തിന്റെ മധ്യത്തിലേക്ക് ഒഴുക്കിക്കൊണ്ടുവന്ന എഴുത്തുകാരനുതന്നെ ഇങ്ങനെ എഴുതേണ്ടിവന്നു.
കാലത്തിന്റെ പ്രതികാരമാവാം; അതോ കഥയും കാല്പനികതയും വറ്റിയ മനസ്സുകളുടെ ക്രൂരതയോ?
* * * *
കൂടല്ലൂര്‍ അങ്ങാടിയിലും പുഴയെ പ്രദക്ഷിണംവെച്ച് പോകുന്ന റോഡിന്റെ വശങ്ങളിലും എം.ടി.യ്ക്ക് വിടപറഞ്ഞുകൊണ്ടുള്ള വലിയ കട്ടൗട്ടുകളും പോസ്റ്ററുകളും. ഒരുദേശം അതിന്റെ ഗാഥാകാരന് യാത്രപറയുകയാണ്. നീലത്താമര വിരിയുന്ന കുളവുമായി മലമക്കാവ് അയ്യപ്പക്ഷേത്രം. തൃത്താല കേശവപ്പൊതുവാള്‍ ചെണ്ടയില്‍ നിലാസാധകം ചെയ്ത മതിലകം. എം.ടി.പഠിച്ച സ്‌കൂള്‍ ഇവിടെനിന്ന് വിളിപ്പാട് ദൂരെയാണ്. കഥാകാരന്റെ ഏതൊക്കെയോ കഥാപാത്രങ്ങള്‍ ഈ വഴിയിലൂടെ നടന്നിട്ടുണ്ട്, അലഞ്ഞിട്ടുണ്ട്.
ആനക്കര, കുമ്പിടി, കുമരനല്ലൂര്‍, കൂടല്ലൂര്‍, മലമക്കാവ്, തൃത്താല, മേഴത്തൂര്‍, പള്ളിപ്പുറം, കൊടിക്കുന്ന് മുതുതല, പരതൂര്‍... ഈ പ്രദേശങ്ങളിലാണ് എം.ടി.യുടെ സാഹിത്യം തിടംവെച്ചത്. വിശാലമായ നെല്‍വയലുകളിലെ അസ്തമിക്കാത്ത കൃഷി, ചെറിയ ചെറിയ കുന്നുകളില്‍ ക്ഷേത്രങ്ങള്‍; താലപ്പൊലികളും കാളവേലകളും; വേദവും വാദ്യവും വൈദ്യവും കലരുന്ന പുഴയോര സംസ്‌കൃതി; വേടുകള്‍ മുടിയഴിച്ചിടുന്ന ആല്‍മരങ്ങള്‍; ആല്‍ത്തറകള്‍; നീളന്‍കല്ലുകള്‍കൊണ്ടുണ്ടാക്കിയതും പഴയകാല കേരളത്തില്‍ നിറയെ ഉണ്ടായിരുന്നതുമായ ചുമടുതാങ്ങികള്‍; ഒരുകാലത്ത് ജനങ്ങളെയും ജീവിതങ്ങളേയുംകൊണ്ട് നിറഞ്ഞിരുന്ന കടവുകള്‍; അവിടെ കൂട്ടംതെറ്റിയതുപോലെ ഇപ്പോഴും ഒതുങ്ങിക്കിടക്കുന്ന തോണികള്‍; മതഭേദങ്ങളില്ലാതെ തമ്മില്‍ കലര്‍ന്നുള്ള ജീവിതം; ഈണമുള്ള നാട്ടുമൊഴികള്‍; ഭൂതകാല പ്രൗഢി സൂചിപ്പിക്കാനെന്നപോലെ മഴക്കാലത്ത് നിറയുന്ന പുഴ; പറയിപെറ്റ പന്തിരുകുലവും മഹാക്ഷേത്രങ്ങളും.... ഇവയെല്ലാം ചേര്‍ന്ന സമ്മിശ്രവും സംസ്‌കൃതവുമായ മണ്ണില്‍നിന്നാണ് എം.ടി.യുടെ വാക്കുകള്‍ മുളച്ചത്; പാരിജാതമായി പുഷ്പിച്ചത്. ആ സൗഗന്ധികം പൂര്‍ണമായും ആസ്വദിക്കണമെങ്കില്‍ ഈ ദേശത്തിലൂടെ ഒരുതവണയെങ്കിലും യാത്രചെയ്യണം.
* * * *
പുഴ കടന്ന് അപ്പുറമെത്തിയാല്‍ കൂട്ടക്കടവായി. കൂട്ടക്കടവ് കയറിയാല്‍ പരതൂരിലെ വിശാലമായ നെല്‍വയലുകളായി. വയലുകളെ വളഞ്ഞ് കവുങ്ങിന്‍തോപ്പുകളും വാഴത്തോപ്പുകളും. ചേറ്പുരണ്ട് പണിയെടുക്കുന്ന കര്‍ഷകര്‍. വീടുകളില്‍ പശുത്തൊഴുത്തിന്റെ മണം. നൂറ്റാണ്ട് പഴക്കമുള്ള ആല്‍മരങ്ങള്‍. ഇപ്പോള്‍ത്തന്നെ ഇവിടെ ഇങ്ങനെയാണെങ്കില്‍ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കഥാകാരന്‍ ജനിച്ചുവളര്‍ന്ന കാലത്ത് എന്തായിരിക്കും സ്ഥിതി? അന്ന്് പുഴ കടക്കണമെങ്കില്‍ തോണിയല്ലാതെ മറ്റുവഴിയില്ല. കറന്റില്ല, പത്രമാസികകളില്ല. ഏകാന്തത, ഏകാന്തത മാത്രം. അതില്‍നിന്നാണ് എം.ടി. തന്റെ യാത്രതുടങ്ങിയത്. യാത്രയില്‍, തന്റെ ഗ്രാമത്തിന്റെ ഏകാന്തതയെയും അദ്ദേഹം കൂടെക്കൊണ്ടുവന്നു. ആള്‍ക്കൂട്ടത്തിലും ആ ഏകാന്തതയുടെ തുരുത്തില്‍പ്പാര്‍ത്തു. മൗനം ആ തുരുത്തിനെ വലയംചെയ്ത് നിന്നു.
പരതൂരില്‍ നീലച്ചില്ലുപോലെ ഒരു കുളം. ചുറ്റിലും തെഴുത്ത പച്ചപ്പുകള്‍. അനക്കമറ്റുകിടക്കുന്ന ഒരു തോണി. കുളത്തിലേക്ക് പൊഴിയുന്ന നീലമഞ്ഞ്. ആരോ അടിച്ചുതിരുമ്പിക്കുളിക്കുന്നതിന്റെ ശബ്ദം. ഗ്രാമത്തിന്റെ ഹൃദയംപോലെ ആ കുളം. ഒരു ചെറിയ കുന്നിന്‍മുകളില്‍ കൊടിക്കുന്നത് ഭഗവതിക്ഷേത്രം, മാടത്ത് തെക്കേപ്പാട്ടുകാരുടെ പരദേവത. ചുറ്റുഭാഗത്തുനിന്നും കുന്നുകയറി അമ്പലത്തിലെത്താം. ദീപാരാധനയില്‍ കൊടിക്കുന്നത്തമ്മ ചൈതന്യത്തോടെ പ്രകാശിച്ചു.
''ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷേ, കൊടിക്കുന്നത്തമ്മ ഇല്ല എന്നുപറഞ്ഞാല്‍ ഞാന്‍ വിശസിക്കില്ല'' എന്ന് എം.ടി.പറഞ്ഞത് യുക്തിവാദികളുടെ സമ്മേളനത്തിലാണ്. കുടുംബത്തിന്റെയും ദേശത്തിന്റെയും പുരാവൃത്തങ്ങളില്‍ നിറയെ കൊടിക്കുന്നത്തമ്മയുണ്ട്.
''...കര്‍ക്കടകത്തില്‍ പുഴ നിറഞ്ഞൊഴുകുകയായിരുന്നു. വലിയ തമലയില്‍ പാലുമായി അവര്‍ രാവിലെ കടവത്ത് എത്തിയപ്പോള്‍ തോണിക്കാരന്‍ പറഞ്ഞു: 'പുഴ ഇരുകരയും മുട്ടി നിക്ക്വാണ്. തോണി വിലങ്ങില്ല.' വെള്ളം താഴുമോ, തോണി എടുക്കാന്‍ പറ്റുമോ എന്നറിയാതെ അവര്‍ വൈകുന്നേരം വരെ കാത്തിരുന്നു. സന്ധ്യയായപ്പോള്‍ 'ഇന്ന് അമ്പലത്തില്‍ ചോറില്ല മക്കളേ' എന്നുപറഞ്ഞ്, കരയുന്ന കുട്ടികളെ സമാധാനിപ്പിച്ച് അവര്‍ പാലുകാച്ചി കുട്ടികള്‍ക്ക് കൊടുത്തു. പിന്നെ അവരെ കിടത്തി. മഴ തുടര്‍ന്നുകൊണ്ടേയിരുന്നു. രാത്രി കുറേയേറെ ചെന്നപ്പോള്‍ ഉമ്മറവാതില്‍ക്കല്‍ ആരോ വന്ന് മുട്ടി. അവര്‍ ചിമ്മിനിവിളക്ക് കത്തിച്ച് പതുക്കെ വന്ന് വാതില്‍ തുറന്നു. ഇരുട്ടില്‍ ആരോ നില്‍ക്കുന്നത് കണ്ടു. ഇലയിട്ട് മൂടിയ ചെറിയ ഉരുളി അകത്തേക്ക് നീട്ടി 'ഇത് കുട്ടികളെ ഉണര്‍ത്തിക്കൊടുക്കൂ.' അവര്‍ പാത്രം വാങ്ങി അകത്തുവന്ന് കുട്ടികളെ വിളിച്ചുണര്‍ത്തി. കലത്തിലെ ചോറ് മാറ്റിയിട്ട് പാത്രവുമായി ഉമ്മറത്തേക്ക് വന്നപ്പോള്‍ ആരെയും കണ്ടില്ല. പിറ്റേന്ന് മഴ മാറിയശേഷം അമ്പലത്തിലെത്തുമ്പോഴാണ് ഉരുളി അമ്പലത്തിലേതായിരുന്നു എന്ന് മനസ്സിലാവുന്നത്. ചോറ് കൊണ്ടുതന്നത് അമ്മ തന്നെയായിരുന്നു. ആ അമ്മ തന്നെയാണ് ഇന്നും നമ്മുടെ മച്ചില്...''
പ്രിയപ്പെട്ട മകന്‍ പോയതറിഞ്ഞ് കൊടിക്കുന്നത്തമ്മയും കരഞ്ഞിരിക്കുമോ? അമ്മയുടെ കണ്ണുനീര്‍ വീണ് പൊള്ളിയ ഭൂമിയിലാണോ ഞാന്‍ നില്‍ക്കുന്നത്?
സന്ദേഹിച്ച് നിന്നപ്പോള്‍ നടയടച്ചു.
* * * *
കൊടിക്കുന്നത്തുനിന്ന് തൃത്താലയിലേക്ക് പോവുമ്പോള്‍ ആരോ കണ്ട മധുരമുള്ള കിനാവുപോലെ വി.കെ.കടവ്. ചില്ലകള്‍ താഴ്ന്ന മരങ്ങള്‍ക്കപ്പുറം നീലനിറത്തില്‍ നിള. പ്രഭാതത്തില്‍ ഇളംമഞ്ഞും പ്രദോഷത്തില്‍ സന്ധ്യയുടെ സ്വര്‍ണനിറവും പുഴയില്‍ കലരുന്നു. പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പുഴയൊഴുകുന്നു. പുഴയുടെ ഇക്കരെയുള്ള ഏറ്റവും തിരക്കുള്ള കടവുകളിലൊന്നായിരുന്നു വി.കെ.കടവ്. മനുഷ്യരും അന്യദേശത്തെ വാണിഭച്ചന്തയിലെ വസ്തുക്കളും തോണിയിലേറി ഈ കടവില്‍ വന്നിറങ്ങി. ദേശോത്സവക്കാലത്ത് കടവ് നിറഞ്ഞുകവിഞ്ഞു. മേളക്കാരും കഥകളിക്കാരും വളക്കച്ചവടക്കാരും പകിടകളിക്കാരും വന്നു. കടവില്‍ മനുഷ്യര്‍ക്കൊപ്പം കഥകള്‍ നിറഞ്ഞപ്പോള്‍ അതൊക്കെ എഴുതാന്‍ പുഴയ്ക്കക്കരെനിന്ന് ഒരു മനുഷ്യന്‍ വന്നു. എഴുതിയെഴുതി അയാള്‍ പുഴയോളം വലുതായി, പ്രശസ്തനായി.
ഇപ്പോള്‍ അയാള്‍ മടങ്ങിയിരിക്കുന്നു. കയറാനും ഇറങ്ങാനും ആരുമില്ലാതെ തുഴയറ്റ്് ഒരു തോണി കടവില്‍ ഇപ്പോഴുമുണ്ട്.
മറ്റേതോ കാലത്തിന്റെ ഓര്‍മ്മപോലെ; പാതിയെഴുതി പൂര്‍ത്തിയാക്കാത്ത ഒരു കഥപോലെ.
Content Highlights: mt vasudevan nair thannikunnu sreekanth kottakkal column