ചെറുപ്പം എന്നത് ഒരു ഹ്രസ്വകാലമല്ല

ഈ ലോകത്തില്‍ ഏറ്റവും മനോഹരമായതെന്ത്? അത്, ഈ ലോകം തന്നെ എന്നാണ് ഒരു മഹാകവി എഴുതിയത്.
ഈ ലോകത്തില്‍ ഏറ്റവും മനോഹരമായതെന്ത്? അത്, യാത്ര എന്ന് അനേകം യാത്രികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഈ ലോകത്തില്‍ ഏറ്റവും മനോഹരമായതെന്ത്? അത്, സൗഹൃദം ആണെന്ന് മറ്റൊരു കൂട്ടര്‍
ഇന്ന്, ഈ മൂന്ന് ചിന്തകളോടും ഞാന്‍ യോജിക്കുന്നു. കാരണം മൂന്ന് സങ്കല്‍പ്പങ്ങളും ഒരുമിച്ചുകൂടുന്ന ഒന്നിലൂടെ, മനോഹരമായ ഒന്നിലൂടെ, ഈയിടെ ഞാന്‍ കടന്നുപോയി. എന്റെ സ്‌കൂള്‍കാലത്തുള്ള കൂട്ടുകാരുമൊത്ത്, ഈ ലോകത്തിലൂടെ, ഒരു യാത്ര. അത് പെരുവഴിയില്‍നിന്നുള്ള വെളിച്ചംവരിക്കലായിരുന്നു. ബുദ്ധന്റെ മട്ടിലുള്ള ജ്ഞാനോദയം എന്ന് പറയാനുള്ള ധൈര്യമൊന്നും എനിക്കില്ല. എങ്കിലും ഈ ലോകം, അതിലൂടെയുള്ള യാത്രകള്‍, അതിന്റെ സൗഹൃദങ്ങള്‍. അതിന്റെയെല്ലാം വെട്ടം നമ്മെ തഴുകുകതന്നെ ചെയ്യും. പര്യടനം പരിവര്‍ത്തനമാകുന്ന പരിപാടി.
ചെറുപ്പം മുതലേ ഞാനൊരു യാത്രാപ്രേമി ആയിരുന്നില്ല. മുതിര്‍ന്നപ്പോഴും. വേണമെങ്കില്‍, യാത്ര ചെയ്യാനുള്ള അവസരം വിവാഹത്തിന് മുന്‍പും ശേഷവും വീട്ടില്‍ ഉണ്ടായിരുന്നു. യാത്ര ചെയ്യാനായി അധികം യാത്ര ചെയ്തിട്ടില്ല എന്ന് മാത്രം. എന്നാല്‍, തീരെ ചെയ്തിട്ടില്ലെന്നുമല്ല. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കുള്ള യാത്രകളായിരുന്നു കൂടുതലും. യാത്രയ്ക്ക് ചിലര്‍ കാല്‍പനികച്ഛായ നല്കുന്നതും ഒട്ടുമേ ഇഷ്ടമല്ല.
എനിക്ക് പ്രിയം ആന്തരികയാത്രകളായിരുന്നു. സ്വപ്നസഞ്ചാരം. ശരീരംകൊണ്ട് മറ്റൊരിടത്തേക്ക് പോവുക എന്നത് ഒരു അനിവാര്യതയായി തോന്നിയിട്ടേയില്ല. മനസ്സിനുള്ളിലുള്ള മറ്റിടങ്ങളിലേക്ക് പോവുക എന്നതായിരുന്നു പ്രധാനം. എന്റെ ഉള്ളിലുള്ള പല ഞാനുകളുമായുള്ള ഒറ്റയ്ക്കുള്ള പറക്കലുകള്‍, പരക്കലുകള്‍. അങ്ങനെയാകുമ്പോള്‍ എത്ര ദൂരം വേണമെങ്കില്‍ മനസ്സില്‍ പറക്കാം, പരക്കാം. നൊടിയിടിയില്‍ തിരിച്ചെത്താം. വേറൊരാളായി. അല്ലെങ്കില്‍, അവളവളായിതന്നെ. ആരോടും പറയണ്ട, ആരോടും ചോദിക്കണ്ട. യാത്ര ഒരു മാനസികാവസ്ഥയാണ് എനിക്ക്. അത് ഭംഗിയുള്ള സ്ഥലങ്ങള്‍ പോകുന്നത് മാത്രമല്ല, എന്തിന് ചിലപ്പോഴൊക്കെ അതിന് യഥാര്‍ത്ഥ ജീവിതവുമായിപ്പോലും എന്നെസ്സംബന്ധിച്ച് ബന്ധമില്ല. മുറിയില്‍ തനിച്ചിരുന്നാല്‍ മതി, ലോകം സ്വമേധയാ സമാധാനത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ സ്വയം സമര്‍പ്പിക്കും എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ. ലോകത്തെ എന്റെ കുടുംബത്തിലേക്ക്, സ്വകാര്യതയിലേക്ക് വിളിച്ചുവരുത്താനായിരുന്നു എനിക്കിഷ്ടം. പൂര്‍ണ്ണമായും അതൊരു ആഭ്യന്തരവിഷയമാണ്. ഇന്നും അങ്ങനെതന്നെ. എന്നാല്‍ ഈയിടെ ഞാന്‍ എന്റെ പഴയ കൂട്ടുകാരുമായി പോയ യാത്ര പുതിയൊരു അനുഭവം തന്നു എന്ന് പറയാതിരിക്കാനാവില്ല.
എനിക്ക് തോന്നുന്നു, ബാഹ്യയാത്രകള്‍ ജീവിതവുമായി ഒട്ടിനില്‍ക്കുന്നതിനാല്‍ അങ്ങനെയും സംഭവിക്കും. യാത്ര അതിന്റെ വിജാതീയമായ മറ്റൊരു വശം എനിക്കായി തുറന്നുതന്നു. അപ്പോള്‍, ഉള്ളിലേക്ക് എന്നതുപോലെ ഞാന്‍ പുറത്തേക്കും പരന്നു. ഈ യാത്ര മനോരാജ്യങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നില്ല, മൈസൂരുവിലേക്കുള്ള ഒന്നായിരുന്നു. അത് സ്വപ്നം കാണാനുള്ള എന്റെ ആന്തരികയാത്രകള്‍ക്ക് പകരം, ഓര്‍മ്മിക്കാനുള്ള ഒരു പുറംയാത്രയായി.
കോഴിക്കോട് പന്തീരാങ്കാവ് ഹൈസ്‌കൂളിലെ 1979ലെ എസ്എസ്എല്‍സി ബാച്ചിലുള്ള നാല്പത്തിയെട്ടു പേര്‍ പോയ യാത്രയെക്കുറിച്ചാണ്. വൃന്ദാവനം, പാലസ്, മൃഗശാല, ടിപ്പുവിന്റെ ശവകുടീരം, ചാമുണ്ഡിക്കുന്ന് എന്നിവിടങ്ങളിലേക്കുള്ള ഒരു സാധാരണ യാത്ര എന്നാല്‍ എനിക്ക് സാധാരണമല്ലാത്ത ഭൂതോദയങ്ങള്‍ തന്നു. വെളിപാടുകളുടെ ഒരുത്സവം. എനിക്ക് ഈ യാത്ര ദര്‍ശനത്തിനായുള്ള, ഓര്‍മ്മയ്ക്കായുള്ള ഒരു ആഘോഷമായിരുന്നു.
അടിമുടി മാറ്റത്തിന് വിധേയമാക്കുന്ന മാസ്മരസാധ്യതകളാണ് ഞങ്ങളെല്ലാവര്‍ക്കും ഉണ്ടായത്. ഇന്നിപ്പോള്‍, മക്കളെല്ലാം സ്വന്തം കാര്യങ്ങള്‍ നോക്കി പോയിരിക്കുന്നു, ജീവിതത്തിന്റെ ക്ഷുബ്ധതകളെല്ലാം അടങ്ങിയിരിക്കുന്നു, പുതിയൊരു യൗവ്വനത്തിനു കൊതിച്ചുകൊണ്ട് ഏവരും ഒത്തുകൂടി. മക്കള്‍ക്ക് വേണ്ടി നിക്ഷേപിച്ച സമയം ഇപ്പോള്‍ ഒരു പ്രേതത്തെപ്പോലെ തുറിച്ചുനോക്കുകയാണ്. എങ്ങനെ സമയംകളയും എന്നതാണ് പലരുടെയും ആധി. കൂടെ വലയ്ക്കാനായി ചില്ലറ അസുഖങ്ങളും. അത് മാത്രമല്ല, സോഷ്യല്‍ മീഡിയ എന്ന ദുഷ്പ്രഭുവിന്റെ അടിമകളായി ജീവിക്കുകയുമാണ്. സങ്കടകരവും പീഡാനുഭാഹ്ളാദകരവുമായ ഫോണ്‍ജീവിതത്തിന് പോലും ഒരു നല്ല വശമുണ്ടെന്ന് കാണിച്ചുകൊണ്ട് പഴയ കൂട്ടുകാര്‍ ഇതാ നമുക്ക് മുന്നില്‍ അതാ വന്നുനില്‍ക്കുന്നു.
സൗഹൃദം നാമേവരും ആഗ്രഹിക്കുന്ന ഒന്നല്ലേ. അതിന് കല്പാന്തകാലത്തോളം പഴക്കമുണ്ട്. ഉണ്ടായ അന്ന് മുതല്‍ മനുഷ്യന്‍ സൗഹൃദത്തിനുവേണ്ടി കൊതിക്കുന്നവരാണെന്ന് നമുക്കറിയാം. അത് നല്‍കുന്ന കൂട്ടാളിത്തവും യുക്തിസഹമായ സന്തോഷവും നമ്മുടെ വീട്ടില്‍നിന്ന് കിട്ടുന്നതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കാരണം സൗഹൃദം എന്നാല്‍ നമ്മുടെ തിരഞ്ഞെടുപ്പാണ്. അത് താല്പര്യങ്ങളുടെ പരസ്പരപൂരകമായൊരു നടത്തിക്കൊണ്ടുപോകലാണ്. ചെറുപ്പം മുതലേ അതങ്ങനെത്തന്നെയാണ്.
ജീവിതം നമ്മുടെ തലയില്‍വെച്ചുതരുന്ന പൂക്കീരീടമാണ് സൗഹൃദം. സ്‌നേഹത്തിന്റെ ഏറ്റവും സന്തോഷകരവും മാനുഷികവുമായ വശം.
അപ്പോള്‍ ഒരു ചോദ്യം: നമ്മുടെ ബാല്യത്തില്‍ കിട്ടുന്ന സുഹൃത്തുക്കള്‍ക്കാണോ മുതിര്‍ന്നു കഴിഞ്ഞ് കിട്ടുന്ന സുഹൃത്തുക്കള്‍ക്കാണോ കൂടുതല്‍ നമ്മളെ സ്വാധീനിക്കാന്‍ കഴിയുക? എനിക്ക് തോന്നുന്നു, ബാല്യകാലസഖികള്‍ക്കും സഖാക്കള്‍ക്കും ആണ് നമ്മളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുകയെന്ന്. അപ്പോള്‍, അങ്ങനെയുള്ള ഒരു കൂട്ടത്തോടൊപ്പമുള്ള യാത്ര എത്ര മനോഹരമായിരിക്കും! ഞങ്ങളുടെ സ്‌കൂള്‍ ഗ്രൂപ്പിന്റെ പേര് 'നിറക്കൂട്ട് 79' എന്നായത് യാദൃച്ഛികമാകാനിടയില്ല! നിറങ്ങളില്‍ ചാലിച്ച കുട്ടിക്കോലങ്ങളായി ഞങ്ങളോരോരുത്തരും.
അറുപതോടടുക്കുന്ന ഞങ്ങളെ ഈ യാത്ര വീണ്ടും ബാല്യത്തിലേക്ക് കൊണ്ടുപോയി. എല്ലാം വീണ്ടും പുതിയതായി. അന്ന് ഞങ്ങള്‍ സംസാരിച്ചതിനും ഇന്ന് ഞങ്ങള്‍ സംസാരിച്ചതിനും തമ്മില്‍ എന്തൊരു വ്യത്യാസം! അന്നത്തെ ഞങ്ങളല്ലല്ലോ ഇന്നത്തെ ഞങ്ങള്‍. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറിമറിഞ്ഞതിനുശേഷമുള്ള പുനഃസമാഗമം. ഓരോരുത്തരും അവരവരുടെ സ്വപ്നങ്ങളും ദുഃസ്വപ്‌നങ്ങളും നൈരാശ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ ഓരോ ദ്വീപുകളായിരിക്കുന്നു.
ഈ യാത്രയില്‍ ഞങ്ങള്‍ ദ്വീപുകള്‍ നിറഞ്ഞ കടലായി മാറി. ഓര്‍മ്മയുടെ തീപ്പെട്ടി കത്തിച്ച്, ഓര്‍മ്മക്കേടിനെ ഞങ്ങള്‍ അസാധുവാക്കി. ബാല്യത്തിന്റെ ആര്‍ജ്ജവത്തോടെയും ലാഘവത്തത്തോടെയും വീണ്ടും ലോകത്തെ നോക്കിക്കാണാന്‍ ഞങ്ങളുടെ കൂട്ടായ്മ ഞങ്ങളെ പ്രാപ്തരാക്കി. ഏതാണ്ട് അദൃശ്യരായി തുടങ്ങിയ ഞങ്ങളുമായി ലോകം ശൃംഗരിച്ചു, ഞങ്ങള്‍ ഒരുമിച്ച് പാറിനടന്നു, ഇളക്കക്കാരന്‍മാരും ഇളക്കക്കാരികളുമായി വിലസി. അല്‍പ്പം ക്‌ളീഷേയായി പറയട്ടെ, ഞങ്ങള്‍ ബാല്യവും കൗമാരവും വീണ്ടെടുത്തു. അതെ, ചെറുപ്പം എന്നത് ഒരു ഹ്രസ്വകാലമല്ല! കാലം മുന്നോട്ടാണ് പോകുന്നതെങ്കിലും, സൗഹൃദത്തിന്റെ ചരടില്‍ തൂങ്ങി എല്ലാവരും പിന്നിലേക്ക് സഞ്ചരിച്ചു; മുന്നിലേക്കുള്ള യാത്രയ്ക്ക് അത് ഇന്ധനമായേക്കാം. സ്വയം പാതയാകാതെ നിങ്ങള്‍ക്ക് പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല എന്നല്ലേ ബുദ്ധന്‍ പഠിപ്പിച്ചത്, ഞങ്ങള്‍ ഓരോരുത്തരും പരസ്പരം പാതയായി.
നദികളായ കാവേരി, കബിനി, ഹേമവതി എന്നിവ കൂടിച്ചേരുന്ന ത്രിവേണി സംഗമവും മൈസൂരുവില്‍ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ആ സംഗമസ്ഥാനംപോലെ സുന്ദരമായിരുന്നു ലോകവും യാത്രയും സൗഹൃദവും ഒന്നിച്ചുകൂടിയ ഞങ്ങളുടെ ട്രിപ്പ്.
Content Highlights: memories of a reunion by ramadevi pc