'തർക്കബുദ്ധിയായിരുന്നു താത്രികുട്ടിക്ക്. ഒപ്പം ഉൽക്കടമായ സ്വാതന്ത്രേച്ഛയും.'

കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച കുറിയേടത്ത് താത്രിയെ 'കേരളത്തിലെ ആദ്യഫെമിനിസ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നതിൽ ആലങ്കാരികതയൊന്നുമില്ല. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സാമൂഹികനീതിയുടേയും പേരിൽ നടന്ന വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് താത്രിയുടെ സ്മാർത്തവിചാരത്തിലൂടെയാണ്. ബ്രാഹ്‌മണ്യത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും തകർക്കാനായി തന്റെ തന്നെ ജീവിതം അടിയറ വയ്ക്കുകയാണ് താത്രി ചെയ്തത്. സ്ത്രീ വിമോചനത്തിന്റെ ഉത്തമ മാതൃകയായി ഇപ്പോഴും താത്രിയുടെ സ്മാർത്തവിചാരം നിലനിൽക്കുന്നുണ്ട്. താത്രിയുടെ സ്മാർത്തവിചാരത്തെ അടിസ്ഥാനമാക്കി ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ രചിച്ച' താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം' എന്ന കൃതി അവരുടെ ജീവിതത്തിലേക്കും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിലേക്കും ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. മലയാളിയുടെ പൊതുബോധത്തെ ഉടച്ച് വാർക്കാനും സമൂഹത്തിൽ നവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കാനും സ്മാർത്തവിചാരം നിർണ്ണായകമായ ഒരു പങ്കുവഹിച്ചു. കുറിയേടത്ത് താത്രിയുടെ ജീവിതത്തിലേക്ക് ചരിത്രപരമായുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു അവലോകനമാണ് ഈ പുസ്തകം.
'സ്ത്രീ ശരീരം നടത്തിയ കലാപം' എന്ന ആദ്യ അധ്യായത്തിൽ കേരളത്തിന്റെ ജീർണ്ണമായ സാംസ്‌ക്കാരിക അവസ്ഥ സൂചിപ്പിക്കുന്നതോടൊപ്പം പുരുഷാധിപത്യം ശക്തമായിരുന്ന മേലാള വിഭാഗങ്ങളിലേക്കും സ്ത്രീസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന കീഴാള വിഭാഗങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. 1905ൽ സ്മൃതിനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചി രാജ്യത്തെ ധർമ്മശാസ്ത്ര പടുക്കളായ ബ്രാഹ്‌മണർ കുറിയേടത്ത് താത്രിയെ ചാരിത്ര്യദോഷത്തിന്റെ പേരിൽ വിചാരണ ചെയ്യുന്നത്. സ്മാർത്തവിചാരം നാല്പത് ദിവസം നീണ്ടുനിന്നു. വിചാരണയ്ക്കുശേഷം 'സാധനം 'എന്ന നപുംസക പേരിലാണ് ചാരിത്ര്യദോഷം ആരോപിക്കപ്പെട്ട പെണ്ണ് അറിയപ്പെട്ടിരുന്നത്. 'അവൾ അറുപത്തിനാല് പുരുഷൻമാരുടെ പേരുകൾ വിളിച്ചുപറഞ്ഞു. രാജനീതി അനുസരിച്ച് അവരെയെല്ലാം ഭ്രഷ്ടരാക്കി. അറുപത്തി അഞ്ചാമത്തെ പുരുഷന്റെ പേര് പറയാതെ താത്രി അദ്ദേഹം നൽകിയ മോതിരം ദാസി മുഖേന കാണിച്ച് ഈ പേരും പറയണമോ എന്ന് ചോദിച്ചപ്പോൾ അവർ പരിഭ്രാന്തരായി.'മതി' എന്നു പറഞ്ഞ് അവസാനിപ്പിച്ചു എന്നാണ് ചരിത്രം.' പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഒരു സ്ത്രീ തന്റെ ശരീരം ആയുധമാക്കി നടത്തിയ പോരാട്ടം സ്ത്രീമുന്നേറ്റത്തിന്റെ വിത്തുകൾ പാകി. ബ്രാഹ്‌മണർക്കിടയിൽ മൂത്ത നമ്പൂതിരിക്ക് (മൂസ്സാമ്പൂരി) മാത്രമേ വിവാഹത്തിനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ. അനുജന്മാരായ നമ്പൂതിരിമാർ അമ്പലവാസി ഭവനങ്ങളിലും നായർ തറവാടുകളിലും സംബന്ധവുമായി നടന്നിരുന്നു. സമുദായത്തിലെ സ്വത്തുക്കളുടെയും സ്ത്രീകളുടെയും മേൽ പരമാധികാരം ഉണ്ടായിരുന്ന മൂത്ത നമ്പൂതിരി പ്രായം വകവയ്ക്കാതെ എട്ടും പത്തും വിവാഹങ്ങൾ കഴിച്ചു. തൊണ്ണൂറ് വയസ്സ് കഴിഞ്ഞ വയോവൃദ്ധൻപോലും പതിനഞ്ച് തികയാത്ത പെണ്ണിനെ വിവാഹം കഴിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രാകൃതനിയമങ്ങളെയാണ് താത്രി വെല്ലുവിളിച്ചത്. അന്തർജ്ജനങ്ങളുടെ സദാചാരം ഉറപ്പിച്ചു നിർത്താനുള്ള ഒരു മർദ്ദനസംവിധാനമായിരുന്നു ഇത്. എന്നാൽ പുരുഷൻമാർ ക്രൂരമായ ശിക്ഷയ്ക്ക് വിധേയമായ ചരിത്രം വളരെ കുറവാണ്. പലപ്പോഴും പുരുഷാധിപത്യപരമായ രീതികളിൽ ഈ പുരുഷൻമാർ രക്ഷപ്പെട്ടു പോവുകയായിരുന്നു പതിവ്. എന്നാൽ താൻ വിചാരണ ചെയ്യപ്പെടുമ്പോൾ കൂട്ടുപ്രതിയാവാൻ താനുദ്ദേശിച്ചിരുന്ന ഒരൊറ്റ പുരുഷനും രക്ഷപ്പെട്ടുപോകാതിരിക്കാനുളള എല്ലാ തെളിവുകളും താത്രി സമർത്ഥമായി സൂക്ഷിച്ചിരുന്നു.
Content Highlights: Analyzes the 1905 Smarthavicharam as a catalyst for social reform in Kerala., Highlights Thathri's use of 'Erotic Capital' to challenge patriarchal power structures., Examines the transition from oppressive Brahminical norms to the Renaissance movement., Discusses the role of VT Bhattathiripad and the 'Adukkalayil Ninnu Arangathekku' movement., Provides a critical perspective on gender dynamics and caste-based power structures.