കവിതകൊണ്ട് സമ്പന്നനായ വൈലോപ്പിള്ളിയെ അതേ കവിത കൊണ്ട് അളന്നെടുക്കുവാനുള്ള സാഹസം കാണിച്ച സച്ചിദാനന്ദൻ

#രജനി ആത്മജ
കെ. സച്ചിദാനന്ദൻ/ ഫോട്ടോ: പ്രജ്വൽ സുരേഷ്
കെ. സച്ചിദാനന്ദൻ/ ഫോട്ടോ: പ്രജ്വൽ സുരേഷ്

കവിയിൽ നിന്ന് പിറവികൊണ്ട് അനുവാചകനിലേക്കൊഴുകി തളം കെട്ടുന്ന അനന്തവും ആനന്ദവുമായ സർഗ്ഗരേഖയാണ് കവിത. മറ്റ് സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനകീയ മുഖമുള്ള കവിത സാമൂഹികപരിവർത്തനത്തിനും സാഹിത്യപരിവർത്തനത്തിനും ഒരുപോലെ ഉതകുന്ന ഉപകരണമാണ്. കവി തന്റെ സൂക്ഷ്മദൃഷ്ടിയാൽ കാലത്തെയും ദേശത്തെയും ഭൂത-ഭാവി വർത്തമാനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ശക്തമായി ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് കവിത പൂർണ്ണമാകുന്നത്.

പ്രമേയ സ്വീകരണത്തിലും ആഖ്യാന ശൈലിയിലും വാഗ്പ്രയോഗത്തിലും ഒക്കെ നവീനമായ പരീക്ഷണങ്ങൾ നടത്തിയ ആധുനിക, ആധുനികാനന്തര കവിതക്കാലത്ത് കവിതയുടെ വിശാലമായ പരപ്പുകളിൽ വിത തേടിയിറങ്ങിയ അന്വേഷികളിൽ പ്രമുഖനാണ് കെ. സച്ചിദാനന്ദൻ. അനുഭാവപൂർവ്വം കവിതയെ പരിഗണിക്കുകയും അനുതാപപൂർവ്വം ലോകത്തെ പരിഗണിക്കുകയും ചെയ്ത സച്ചിദാനന്ദൻ തന്റെ പൂർവ്വസൂരികളെ കുറിച്ചുള്ള സ്മരണകൾ സ്വാഭിമാനം പങ്കുവയ്ക്കുവാനും അവരുടെ സാഹിത്യ സപര്യയെ അടയാളപ്പെടുത്താനും കവിതയെ ഉപയോഗിച്ചിട്ടുണ്ട്. ആദികവികൾ, എഴുത്തച്ഛനെഴുതുമ്പോൾ, കായിക്കരയിലെ മണ്ണ്, ഇവനെക്കൂടി, സുഗതകുമാരിയോട് തുടങ്ങിയ കവിതകൾ ഇതിന് ഉദാഹരണങ്ങളാണ്.

മണ്ണിൽ വിയർപ്പൊഴുക്കിയ മനുഷ്യന്റെ വായ്‌മൊഴിത്താളമായി മലയാളപ്പച്ചതൊട്ട പഴക്കമാണ് നമ്മുടെ പദ്യസാഹിത്യത്തിനുള്ളത്. ദ്രാവിഡ ഭാഷയുടെ സമ്പന്നമായ കാവ്യാരംഭം അന്വേഷിച്ചെത്തുന്ന സച്ചിദാനന്ദൻ കപിലർ, പരണർ, പെരുംകടുങ്കോ, ഇടൈക്കാടനാർ, അമ്മൂവനാർ, ഇളങ്കോ അടികൾ, ഔവ്വയാർ, ഗൗതമനാർ തുടങ്ങി സംഘകാല കവികളുടെ ഒരു നീണ്ട നിര തന്നെ കണ്ടെത്തുന്നു.

സ്വന്തം കവിതയ്ക്ക് ചലനവും ചന്തവുമേകിയ പൂർവികരോടുള്ള കവിയുടെ ചോദ്യങ്ങളിലെല്ലാം ഒരേസമയം ശിശു സഹജമായ കൗതുകവും വ്യാഖ്യാനത്തിന്റെ ഗൗരവവും ദർശിക്കാം. ആദികവിതയുടെ വിത്തുണർന്നത് മണ്ണിന്റെയും മനുഷ്യന്റെയും അധികാരത്തിന്റെയും വിശ്വാസങ്ങളുടെയും നാനാത്വത്തിൽ നിന്നാണെന്ന് സമർത്ഥിക്കുന്ന കവി ഓരോ സംഘകാല കവികളുടെയും സവിശേഷതകൾ വിശദമായിത്തന്നെ കവിതയിൽ ആവിഷ്‌കരിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ നിന്നും മുക്കുവച്ചേരികളിൽ നിന്നും ഇടയക്കുടിലുകളിൽ നിന്നും യുദ്ധഭൂമിയിൽ നിന്നുമൊക്കെ കണ്ണീരും വിയർപ്പുമൊഴുക്കി സംഘകാല കവികൾ രൂപപ്പെടുത്തിയെടുത്തിയ

ആ പാലമരത്തിൽ നിന്ന് ഏറ്റവുമിളയ ഒരു പൂവ്
ഇതാ സ്വന്തം വൃക്ഷത്തെ നോക്കിക്കാണുന്നു

എന്ന് കവി കുറിക്കുമ്പോൾ കവിത പ്രകൃതിയുടെയും പാരമ്പര്യത്തിന്റെയും പരിച്ഛേദമായി മാറുന്നു. കവിതയുടെ ജീവിതദർശനവും മൂല്യബോധവും സംവേദനക്ഷമതയും ഒക്കെ പരമ്പരാഗതമായി കൈമാറി കിട്ടിയ സ്വത്താണെന്ന വലിയ വ്യാഖ്യാനത്തിലേക്കാണ് ആദികവികൾ എന്ന കവിതയെ സച്ചിദാനന്ദൻ പകർന്നു വയ്ക്കുന്നത്.

ഴാക്ക് ദെറീദയുടെ അപനിർമ്മാണ സിദ്ധാന്തത്തിന്റെ വ്യാഖ്യാന തലങ്ങളിൽ വായിച്ചെടുക്കാവുന്ന കവിതയാണ് ‘എഴുത്തച്ഛനെഴുതുമ്പോൾ’. ഭാഷാപരിണാമത്തിലും അക്ഷരമാല പരിണാമത്തിലും നിസ്തുലമായ സംഭാവനകൾ നൽകിയ, ആധുനിക മലയാളഭാഷയുടെ പിതാവ് എന്ന് ഖ്യാതി കൊണ്ട എഴുത്തച്ഛൻ രാമായണ രചനാവേളയിൽ നേരിട്ട മാനസികവും ശാരീരികവുമായ അവസ്ഥകളെക്കുറിക്കുന്ന ഈ കവിത എല്ലാ എഴുത്തച്ഛന്മാരും (എഴുത്തമ്മമാരും) അനുഭവിക്കുന്ന സാഹിത്യപ്രസവ പ്രശ്‌നങ്ങളുടെ കൂടി പ്രതിബിംബമാണ്. പാശ്ചാത്യ സാഹിത്യ മീമാംസകരുടെ വ്യാഖ്യാന പരിസരങ്ങളിലേക്ക് കടന്നു കയറുന്ന ഈ കവിത രാമായണം എന്ന ബൃഹത് കൃതിയിലെ ഓരോ കഥാസന്ദർഭങ്ങളേയും ലഘുവായും അലഘുവായും ആവിഷ്‌കരിക്കുന്നുണ്ട്.

മലയാളഭാഷയുടെ നവീന അക്ഷര സമ്പ്രദായത്തിന് കാരണക്കാരനായ എഴുത്തച്ഛനെയും സാമൂഹിക-സാഹിത്യ നവോത്ഥാനത്തിന് വെളിച്ചമായ അദ്ദേഹത്തിന്റെ ഭക്തിപ്രസ്ഥാനത്തെയും ചൂണ്ടിക്കാണിക്കുന്ന എഴുത്തച്ഛനെഴുതുമ്പോൾ എന്ന കവിത ആഖ്യാനശൈലിയിലെ വ്യത്യസ്തത കൊണ്ടും പ്രയോഗ സവിശേഷതകൾ കൊണ്ടും ആസ്വാദകനെ അമ്പരപ്പിക്കുന്നു. സർഗ്ഗസൃഷ്ടി അത്ര ലളിതമല്ലെന്നും ആ നേരത്ത് രചയിതാവിനുണ്ടാകുന്ന പ്രയാസങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുന്ന ഈ കവിത പൗരാണിക ജ്ഞാനത്തിന്റെയും ഭാഷാജ്ഞാനത്തിന്റെയും സംഗമഭൂമി കൂടിയാണ്.

കായിക്കരയിലെ മണ്ണ് എന്ന കവിതയിൽ സച്ചിദാനന്ദൻ 'തുളവീണൊരാത്മാവു കുഴലാക്കി പാടിയ' കുമാരനാശാനെ സ്മരിക്കുന്നു. ആ കാവ്യശാഖിയുടെ തുമ്പത്തെ ആദ്യ ഖണ്ഡകാവ്യത്തിൽ നിന്ന് ഒടുവിലത്തെ കൃതിയായ കരുണയിലേക്ക് വരെ വ്യാപിക്കുന്ന അന്വേഷണത്തിൽ സച്ചിദാനന്ദൻ, മലയാളത്തിന് എത്രത്തോളം പ്രിയപ്പെട്ടതാണ് 'ആശാനെഴുത്ത്' എന്ന് വ്യക്തമാക്കുന്നുണ്ട്. വീണുപോയ വെറുമൊരു പൂവിൽ നിന്ന് അനശ്വരമായ കവിതയുടെ കോട്ട പണിതെടുത്ത കുമാരനാശാൻ കാല്പനികതയുടെ വരവിന് വളക്കൂറുള്ള മണ്ണൊരുക്കി കൊടുക്കുകയും ചെയ്തു. നിർജ്ജീവമായ വസ്തുക്കളിലും അമൂർത്തമായ ആശയങ്ങളിലുമെല്ലാം മനുഷ്യഭാവങ്ങൾ ആരോപിക്കുന്ന പെർസോണിഫിക്കേഷനിൽ (വ്യക്തിസ്വത്വം ആരോപിക്കൽ) ഏ. ആർ. രാജരാജവർമ്മയുടെ പാത പിന്തുടർന്ന കുമാരനാശാൻ നെയ്‌തെടുത്ത ആശയങ്ങളെ കൈരളി ഇരുകരവും നീട്ടി സ്വീകരിച്ചു. ജാതി ചിന്തയുടെ ക്രൂരതകളിൽ, പ്രണയത്തിന്റെ വിശാലതയിൽ, സ്‌നേഹത്തിന്റെ വ്യാഖ്യാനങ്ങളിൽ ഗാംഭീര്യമുള്ള ആശയങ്ങൾ തേച്ചു മിനുക്കിയെടുത്ത് സൃഷ്ടിച്ച ആ കാവ്യധാര കാലാതിവർത്തിയായതിനാലാണ് കവി കായിക്കരയിലെ കടലുപ്പ് തൊടുമ്പോൾ കുമാരനാശാനെ ഓർക്കുന്നത്.

സഹയാത്രികരെല്ലാം
മുങ്ങിപ്പോയ്, തീരത്തൊറ്റ-
യ്ക്കണയും മരവിച്ച
നാവികനെപ്പോൽ കവി
തിരിച്ചെത്തുന്നൂ;...

എന്ന് സച്ചിദാനന്ദൻ കുറിക്കുമ്പോൾ പല്ലനയാറ്റിന്റെ ഓളച്ചതിയിൽ കെട്ടടങ്ങിയ മറ്റു മനുഷ്യരെല്ലാം ഓർമ്മത്തുരുത്തുകളിൽ നിന്ന് മാഞ്ഞുപോയിട്ടും കുമാരനാശാൻ മലയാളത്തിന്റെ ഹൃദയത്തിൽ സ്‌നേഹഗായകനായി എന്നും നിറഞ്ഞുനിൽക്കും എന്നൊരു വിശാലമായ അർഥമാണ് നമുക്ക് ലഭിക്കുക.

മലയാളത്തിന്റെ സ്വർണ്ണക്ക(ഖ)നിയായ വൈലോപ്പിള്ളിക്കവിതകളുടെ അന്തഃസത്തയിൽ അലിഞ്ഞുചേർന്ന ബാഷ്പാഞ്ജലിയാണ് 'ഇവനെക്കൂടി'. സമഗ്ര ജീവിതവീക്ഷണങ്ങളും വാഗ്പ്രയോഗത്തിലെ ഔചിത്യവും കൊണ്ട് ഔന്നത്യം നേടിയ വൈലോപ്പിള്ളിക്കവിതയിലെ പാരിസ്ഥിതിക, മാനുഷിക, മിത്തിക്കൽ തലങ്ങളെയെല്ലാം ഈ കവിതയിൽ സച്ചിദാനന്ദൻ ചെന്ന് തൊടുന്നുണ്ട്. കവിതകൊണ്ട് സമ്പന്നനായ വൈലോപ്പിള്ളിയെ അതേ കവിത കൊണ്ട് തന്നെ അളന്നെടുക്കുവാനുള്ള സാഹസം മലയാളത്തിൽ സച്ചിദാനന്ദനല്ലാതെ മറ്റാർക്കാണുള്ളത്. അന്നത്തെ സാഹിത്യ പ്രസ്ഥാനങ്ങളുടെ നിഴലിൽ നിന്ന് വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത് മലയാളിയുടെ വായനക്കാലങ്ങളിൽ മാമ്പഴമധുരവും വിഷുച്ചേലും നിറച്ച വൈലോപ്പിള്ളി ഭാഷയുടെ, സാഹിത്യത്തിന്റെ, ഒരു തലമുറയുടെ മാർഗ്ഗദർശ്ശി കൂടിയായിരുന്നു. സച്ചിദാനന്ദൻ എന്ന കവിയ്ക്ക് വൈലോപ്പിള്ളിയോടുണ്ടായിരുന്ന ആത്മബന്ധത്തിന്റെ അവശേഷിപ്പാണ് ഇവനെക്കൂടി എന്ന കവിത.

തനിക്ക് മുൻപേ കവിതയുടെ കൈപിടിച്ച സുഗതകുമാരിയുടെ 'ഇനിയീ മനസ്സിൽ കവിതയില്ല' എന്ന കവിതയോടുള്ള പ്രതികരണമാണ് സച്ചിദാനന്ദന്റെ 'സുഗതകുമാരിയോട്' എന്ന കവിത.
എഴുത്തിടത്തിൽ തളർന്നു പോയെങ്കിൽ സോദരീ എന്റെ കൈപിടിച്ച് ഈ ഭൂമിയുടെ ഭംഗി ആസ്വദിക്കുക എന്നോതിക്കൊണ്ട് സഹജീവിക്ക് എഴുത്തൂർജ്ജം പകരുന്ന ഒരു മനുഷ്യസ്‌നേഹിയെ നമുക്ക് ഈ കവിതയിൽ കാണാം. സുഗതകുമാരിയുടെ കാവ്യ പ്രപഞ്ചത്തെ സമഗ്രമായി വീക്ഷിക്കുകയും അതിന്റെ അർത്ഥതലങ്ങളെ വിശദമായി കണ്ടെത്തുകയും ചെയ്യുന്ന ഈ കവിത സുഗതകുമാരിയുടെ കാവ്യ സംഭാവനകളെ കൃത്യമായി അടയാളപ്പെടുത്തുന്നു.

ഇന്നു വറ്റുന്നുവെന്നോ കടമ്പിനെ-
കണ്ണനാക്കിയ സുധാധാരകൾ

ആശങ്കയുടെ ധ്വനികൾ മുഴങ്ങുന്ന ഈ വരികളിൽ സർഗ്ഗസൃഷ്ടി നടത്തുന്നവരുടെ ശക്തിയും കഴിവും നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഭാവനയുടെ ആകാശത്ത് തേർത്തെളിക്കുന്ന എഴുത്തുകാർ നിസ്സാരമെന്ന് മറ്റുള്ളവർ കരുതുന്ന വസ്തുക്കളെ, കാഴ്ചകളെയൊക്കെ സവിശേഷമായ ദൃഷ്ടിയിൽ വീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യും. കാവ്യദേവതയുടെ ഈ അനുഗ്രഹത്തെ ത്യജിക്കുവാൻ സുഗതകുമാരിക്ക് കഴിയാതെ പോകട്ടെ എന്നൊരു പ്രാർത്ഥനയും ഉപദേശവും ഈ കവിതയിൽ മുഖമുയർത്തി നിൽക്കുന്നുണ്ട്.

സച്ചിദാനന്ദകാലം 80 പിന്നിടുമ്പോൾ ഭാഷയുടെയും ഭാവനയുടെയും ആഖ്യാനശൈലിയുടെയും കാര്യത്തിൽ ഒരു ന്യൂനതയും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല തിളക്കവും മൂർച്ചയും കൂടിയിട്ടുണ്ടെന്ന് തന്നെ വേണം പറയാൻ. കാലത്തിൽ നിന്ന് അടർത്തിയെടുത്ത കാവ്യ സന്ദർഭങ്ങളുമായി കവിതയുടെ മായികലോകം തീർക്കുന്ന സച്ചിദാനന്ദൻ ആധുനിക, ആധുനികാനന്തര കവിതയുടെയും അത്യുത്തരാധുനിക കവിതയുടെയും ഭാവമാറ്റങ്ങളെ ഉൾക്കൊള്ളുകയും ആത്മാവുകൊണ്ട് രുചിച്ചു നോക്കുകയും ചെയ്ത് മലയാള കവിതയ്ക്ക് പുതിയൊരു ദിശാബോധംപകർന്നു നൽകുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Analysis of K. Satchidanandan's tribute to classical and modern Malayalam poets. Reflection on the evolution of Satchidanandan's craft as he turns 80.