സന്തോഷം വരുമ്പോൾ ഞാൻ മാത്തനെ ഓർക്കും; മിഴിയിൽനിന്ന് മിഴിയിലേക്ക് തോണി തുഴഞ്ഞ കാമുകൻ

'മായാനദി'യിൽ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും
'മായാനദി'യിൽ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും

ആഷിക് അബു സംവിധാനം ചെയ്ത 'മായാനദി'യിലെ മാത്തനെ ഓർമ്മയില്ലേ? ആപ്സ് എന്ന് വിളിച്ച് അപ്പുവിന്റെ മുമ്പിലേക്ക് എവിടെനിന്നോ പ്രത്യക്ഷപ്പെട്ട് എങ്ങോട്ടേക്കോ നടന്നുമറയുന്ന മാത്തൻ. ടൊവിനോയും ഐശ്വര്യലക്ഷ്മിയും അവിസ്മരണീയമാക്കിയ രണ്ട് കഥാപാത്രങ്ങൾ.

ടൊവിനോ ചെയ്തിട്ടുള്ള കാമുകന്മാരിൽ എനിക്കെന്തോ മാത്തനെ വലിയ ഇഷ്ടമാണ്. മിക്ക കാര്യങ്ങളിലും ഭൂലോക ഉഡായിപ്പാണ് മാത്തൻ. അവന് നൂറ് ശതമാനം ആത്മാർത്ഥതയുള്ള ഒരേ ഒരുകാര്യമേ ഉള്ളൂ. അത് അവന്റെ അപ്പുവിനോടുള്ള (അപർണ) പ്രണയമാണ്.

എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്ത് പ്രേമിച്ചിരുന്നവരാണ് മാത്തനും അപ്പുവും. അക്കാലത്ത് അപ്പുവിന്റെ സുഹൃത്തിന് അഡ്മിഷൻ ശരിയാക്കാമെന്നുപറഞ്ഞ് മാത്തൻ അമ്പതിനായിരം രൂപ വാങ്ങി. പക്ഷേ, മാത്തൻ ഉദ്ദേശിച്ചത് പോലെ അത് ശരിയായില്ല. തന്നെ മറ്റൊരാൾ പറ്റിച്ചതാണെന്നാണ് അവൻ പറയുന്നത്. ആ കടം തീർക്കാൻ അപ്പുവിന് പഠനം തന്നെ ഉപേക്ഷിച്ച് പല ജോലികൾ ചെയ്യേണ്ടിവരുന്നു. അവനോടുള്ള തന്റെ ട്രസ്റ്റ് നഷ്ടപ്പെട്ടെന്നാണ് മാത്തനെ പിന്നീട് കാണുമ്പോൾ അവൾ പറയുന്നത്. എന്നാൽ അവൾ എത്ര ദേഷ്യപ്പെട്ടിട്ടും അവൻ തിരിച്ച് ദേഷ്യപ്പെടുന്നേയില്ല. 'എന്നാ ഞാൻ പോയി നാളെ വരാം' എന്നാണ് അവന്റെ മറുപടി.

അവൾക്കിഷ്ടപ്പെട്ട ബൂസ്റ്റ് വാങ്ങിച്ചുകൊടുക്കുന്ന, അവളെ വന്നൊന്ന് കണ്ടോട്ടെ എന്ന് ചോദിക്കുന്ന മാത്തൻ. അവനറിയാം അവൾ എത്ര ആട്ടിയിറക്കിയാലും അവളുടെ ഉള്ളിലും അവനുണ്ടെന്ന്. അതുകൊണ്ടുതന്നെയാണ് ആത്മവിശ്വാസം നഷ്ടപ്പെട്ട് ഓഡീഷന് നിൽക്കുമ്പോൾ അപ്പു അവനെത്തന്നെ വിളിക്കുന്നത്. എത്ര മനോഹരമായാണ് അവൻ അവളെ മോട്ടിവേറ്റ് ചെയ്തത്.

കണക്കില്ലാത്ത പണം തട്ടിയെടുത്ത്, കൊലപാതകംകൂടി ചെയ്തിട്ടാണ് ഇത്തവണ മാത്തന്റെ വരവ്. ആ പണംകൊണ്ട് ഗൾഫിലേക്ക് പോയി രക്ഷപ്പെടണം. പക്ഷേ, കൂടെ അവളും വേണം. അതിനാണ് അവൻ അവൾക്കു പുറകേ നടക്കുന്നത്.

ഒടുവിൽ പോലീസുകാരുടെ പിടിയിൽപ്പെട്ട മാത്തനോട് പോലീസുകാരൻ തന്നെ പറയുന്നുണ്ട്. അവനെ പിടികൂടാൻ സഹായിച്ചത് അവളാണെന്ന്. 'പെണ്ണുങ്ങളെ നമ്പക്കൂടാത്' എന്നാണ് ആ തമിഴൻ പോലീസുകാരൻ പറഞ്ഞത്. പക്ഷേ, അപ്പോഴും മാത്തൻ പറയുന്നത് ഇങ്ങനെയാണ്: 'ഇറ്റ്സ് ഓകെ. അവളാണ് കറക്റ്റ്. എന്നെപ്പോലുള്ളവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുകയല്ലേ വേണ്ടത്. എന്നാലും എനിക്കവളെ ഭയങ്കര ഇഷ്ടമാണ്'. പറഞ്ഞ് മുഴുമിപ്പിക്കും മുൻപേ അവന്റെ നേരെ വെടിപൊട്ടുകയാണ്. മരിച്ച് വീഴുന്നതിന് തൊട്ടുമുൻപ് പോലും അവൻ കാണുന്ന മായക്കാഴ്ചയിൽ അപ്പുവാണ്. അവളുടെ സിൻഡ്രല്ലാ നോട്ടം. വിഷാദച്ചിരി. അപ്പുവാണെങ്കിലോ മാത്തൻ എന്നെങ്കിലും തിരിച്ചുവരുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. കാരണം അവൻ അങ്ങനെയായിരുന്നു.

ചിട്ടിക്കമ്പനി പൊട്ടി എല്ലാം നഷ്ടപ്പെട്ട മാത്തന്റെ അച്ഛൻ, കൊച്ചുമാത്തനേയും സഹോദരിമാരെയും കൊണ്ട് വീഗാലാൻഡിൽ ഒരു പകൽ ചെലവിടുന്നു. ശേഷം ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുന്നു. അതിൽ പക്ഷേ, വിഷം ചേർത്തിട്ടുണ്ടായിരുന്നു. മാത്തൻ മാത്രം അന്ന് രക്ഷപ്പെട്ടു. 'ഹി ഈസ് എ സർവൈവർ' എന്നാണ് അപ്പു മാത്തനെക്കുറിച്ച് പറയുന്നത്. പൂച്ചയുടെ ജന്മമാണത്രേ അവന്റേത്. എത്ര വീണാലും എഴുന്നേറ്റ് നാലുകാലിൽ നടക്കും.

സിനിമ അവസാനിക്കുമ്പോൾ അപ്പുവിന്റെ സ്വപ്നം പോലെ അവൾ നായികയായ സിനിമ റിലീസാവുകയാണ്. മാത്തനെക്കുറിച്ചോർത്ത് റോഡരികിൽക്കൂടി നടക്കുന്ന അപ്പു. സന്തോഷം വരുമ്പോൾ അവൾ മാത്തനെ ഓർക്കും. ആപ്സ് എന്നുവിളിച്ച് എവിടെനിന്നോ അവളുടെ അടുത്തേക്ക് ഓടിയെത്തുന്ന മാത്തൻ. കാണുമ്പോഴെല്ലാം ടൊവിനോയല്ല, അത് മാത്തൻ തന്നെയാണെന്ന് തോന്നിപ്പോകും. മിഴിയിൽനിന്ന് മിഴിയിലേക്ക് തോണി തുഴഞ്ഞ് മാത്തൻ കയറിക്കൂടിയത് കാണുന്നവരുടെ ഹൃദയത്തിലേക്കൊരു നോവായിക്കൂടിയാണ്. മാത്തൻ വരുമെന്ന് അപ്പു വിശ്വസിക്കുന്നതുപോലെ പക്ഷേ, നമുക്ക് സമാധാനിക്കാൻ കഴിയില്ലല്ലോ. അവന്റെ അവസാനശ്വാസത്തിലും ആ കണ്ണുകളിൽ അപ്പുവിനോടുള്ള പ്രണയം നമ്മൾ പ്രേക്ഷകരല്ലേ കണ്ടിട്ടുള്ളൂ. ശരിക്കും മാത്തനൊരുക്കിയ പ്രണയത്തിന്റെ മായാനദി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: mayaanadhi's maathan, an unforgettable character full of love