പൊടിപിടിച്ച പുസ്തക ഷെല്‍ഫുകളിലെ പാവം ഡിറ്റക്ടീവുമാര്‍

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

പണ്ടേയ്ക്ക് പണ്ട്, ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും ഇ-വായനയ്ക്കും മുന്‍പ്. അന്ന്, സായാഹ്നങ്ങളില്‍ ഞങ്ങളുടെ കുടിയേറ്റ ഗ്രാമത്തിലെ നെഹ്‌റു ഗ്രന്ഥശാലയുടെ വരാന്തകളില്‍ പുസ്തകമെടുക്കാനായി എത്തുന്നവരുടെ നീണ്ട നിരകള്‍ രൂപപ്പെടും. വായനയുടെ മഹത്വത്തെപ്പറ്റിയോ മഹാകൃതികളെക്കുറിച്ചോ അവ തരുന്ന ദര്‍ശനങ്ങളെക്കുറിച്ചോ അറിയാത്ത കാലം. വായനയിലൂടെ അറിഞ്ഞതാകട്ടെ ഉത്കണ്ഠയുടെയും ജിജ്ഞാസയുടെയും ലോകം. മുതിര്‍ന്നവരെപ്പോലെ ഞങ്ങള്‍ കുട്ടികളെയും അത് കൊണ്ടെത്തിച്ചത് കോട്ടയം പുഷ്പനാഥിലേക്കും ബാറ്റണ്‍ ബോസിലേക്കും പ്രണാബിലേക്കും മെഴുവേലി ബാബുജിയിലേക്കും ദുര്‍ഗാപ്രസാദ് ഖത്രിയിലേക്കുമായിരുന്നു. നിരനിരയായുള്ള ഷെല്‍ഫുകളില്‍ അടുക്കും ചിട്ടയോടെയുമിരിക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍ ചില പേരുകള്‍ മിന്നിമറിയും. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്, ലിയോ ടോള്‍സ്‌റ്റോയ്, ദസ്തവയേസ്‌കി, വിക്ടര്‍ ഹ്യൂഗോ, ആശാ പൂര്‍ണാദേവി, താരാശങ്കര്‍ ബാനര്‍ജി...എന്നാല്‍, ഗ്രാമത്തിലെ ചുരുക്കം ചില അധ്യാപകരല്ലാതെ ആരും ഇവരെ തേടിയെത്തിയില്ല. കോട്ടയം പുഷ്പനാഥിനെയായിരുന്നു ഏവര്‍ക്കും വേണ്ടിയിരുന്നത്. അദ്ദേഹം വായനക്കാര്‍ക്കായി രണ്ട് അപസര്‍പ്പകരെ സൃഷ്ടിച്ചു.

ഇന്ത്യയില്‍ അന്വേഷണം നടത്തുന്ന ഡിറ്റക്ടീവ് പുഷ്പരാജ്, ഇന്ത്യയ്ക്ക് പുറത്തുള്ള ഡിറ്റക്ടീവ് മാര്‍ക്‌സിന്‍. പാരീസിലെ വിക്ടര്‍ ഹ്യൂഗോ അവന്യൂവിലൂടെ കൊലയാളികള്‍ക്ക് പിറകെ റോള്‍സ്റോയ്‌സ് കാറില്‍ പായുന്ന മാര്‍ക്‌സിന്‍, ഹാഫ് ഓഫ് കൊറോണാ സിഗററ്റിന് തീകൊളുത്തി നിഗൂഢമായ വഴികളിലൂടെ കൊടുംകുറ്റവാളികളെ തേടിപ്പോകുന്ന മാര്‍ക്‌സിന്‍, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ നൂണ്ടിറങ്ങുന്ന സാഹസികനായ മാര്‍ക്‌സിന്‍. ഡ്രാക്കുള കോട്ട സ്ഥിതിചെയ്യുന്ന കാര്‍പാത്യന്‍ മലനിരകളിലേക്ക് ഭീകരസത്വത്തിന്റെ ഉള്ളറക്കഥ തേടിയിറങ്ങുന്ന മാര്‍ക്‌സിന്‍. ഒരുവേള, നെഞ്ചിടിപ്പേറിപ്പോകുന്ന നിമിഷങ്ങള്‍. അവസാന താളുകള്‍ പിന്നിടുമ്പോള്‍ അവിശ്വസനീയത തോന്നുമെങ്കിലും അന്തിമവിജയം ഡിറ്റക്ടീവ് മാര്‍ക്‌സിന് ആകുമ്പോള്‍ ലഭിക്കുന്ന ആശ്വാസം. കോട്ടയം പുഷ്പനാഥിന്റെ 'ബ്ലാക്ക് ഡ്രാഗണ്‍' എന്ന നോവല്‍ അക്കാലത്ത് അഞ്ചുതവണയിലധികം വായിച്ചിട്ടുണ്ടെന്നാണ് ഓര്‍മ. പില്‍ക്കാലത്താണ് അറിയുന്നത് വിദേശരാജ്യങ്ങളിലെ നിഗൂഢമായ ഭൂപ്രദേശങ്ങിലേക്ക് വായനക്കാരെയെത്തിച്ച കോട്ടയം പുഷ്പനാഥ് ജീവിതത്തിലൊരിക്കലും ഒരു വിദേശരാജ്യം പോലും സന്ദര്‍ശിച്ചിരുന്നില്ലത്രെ! 

ബാറ്റണ്‍ ബോസ്, ദുര്‍ഗാപ്രസാദ് ഖത്രി

ഡിറ്റക്ടീവ് മാര്‍ക്‌സിനെപ്പോലെ നിരവധി അപസര്‍പ്പകര്‍ ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായി. അതിലൊന്നാണ് 'പ്രണാബി'ന്റെ കമാണ്ടര്‍ ബ്ലേക്ക്‌. പ്രണാബിന്റെ ചില നോവലുകളില്‍ അദ്ദേഹം ഡോക്റ്റര്‍ ബ്ലീറ്റ് എന്നും അറിയപ്പെട്ടു. ഓപ്പറേഷന്‍ പെക്‌സോ, ഓപ്പറേഷന്‍ സൈക്കോ എന്നീ അപസര്‍പ്പക നോവലുകള്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതിയിട്ടുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനയായി അറിയപ്പെടുന്ന അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (CIA) യിലെ സമര്‍ഥനായ അപസര്‍പ്പകനാണ് ഡോക്റ്റര്‍ ബ്ലീറ്റ് അഥവാ കമാണ്ടര്‍ ബ്ലേക്ക്‌ എന്ന കഥാപാത്രം. അപസര്‍പ്പകത്വം സൃഷ്ടിച്ച മായികവലയത്തില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് ബാറ്റണ്‍ ബോസിന്റെ 'അഗ്നിമേഘങ്ങള്‍' എന്ന ഡിറ്റക്ടീവ് നോവല്‍ കൈയില്‍ കിട്ടുന്നത്. ഡിറ്റക്ടീവ് ടൈംസ് ആണ് അതിലെ നായകന്‍. ഓരോ താളുകള്‍ പിന്നിടുമ്പോഴും നിറയുന്ന ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍. വില്യം ഡിക്രൂസ് എന്ന കുറ്റവാളിയെ തേടിയിറങ്ങുന്ന ഡിറ്റക്ടീവ് ടൈംസ്, എത്തിച്ചേരുന്നത് ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തെ കുന്നിന്‍ചെരുവിലെ വിജനമായ സെമിത്തേരിക്ക് സമീപമാണ്.

കഠാരയില്‍ മാരകവിഷം പുരട്ടിയുള്ള ഡിക്രൂസിന്റെ ആയുധപ്രയോഗത്തില്‍നിന്ന് ഇതുവരെയാരും രക്ഷപ്പെട്ടിട്ടുമില്ല. 'ടൈംസിന്റെ മരണം ഡിക്രൂസിന്റെ കൈകള്‍ക്കൊണ്ടായിരിക്കുമോ?' ഉത്കണ്ഠയുടെ നിമിഷങ്ങള്‍ കടന്നുപോകുമ്പോള്‍ അമ്മയുടെ ശകാരമെത്തും. 'പത്താംക്ലാസ് ആയിട്ടും കണ്ട പുസ്തകങ്ങള്‍ വായിക്കുന്നതല്ലാതെ പാഠപുസ്തകം അവന്‍ കൈകൊണ്ട് തൊടില്ല'. പക്ഷേ, ഇതൊക്കെപ്പറയുമെങ്കിലും അമ്മയും ഈ ഡിറ്റക്ടീവ് നോവലുകള്‍ ആവേശത്തോടെ വായിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ തിരുവനന്തപുരത്ത് വെച്ച് ഒരു സുഹൃത്ത് പരിചയപ്പെടുത്തി. 'ഇതാരാണെന്ന് അറിയുമോ? ഇദ്ദേഹമാണ് ബാറ്റണ്‍ ബോസ്'. ഒരുവേള അതിശയത്താലും ആരാധനയാലും ഞാന്‍ ആ കൈകളിലേക്ക് നോക്കി. ഡിറ്റക്ടീവ് ടൈംസിനെ സൃഷ്ടിച്ച കൈകള്‍. കാവിമുണ്ടും പഴകിയ ഫുള്‍ക്കൈ ഷര്‍ട്ടും ധരിച്ചുനില്‍ക്കുന്ന മധ്യവയ്‌സകന്‍. 'അഗ്നിമേഘങ്ങളിലെ ഡിറ്റക്ടീവ് ടൈംസും വില്യം ഡിക്രൂസും ഏറ്റുമുട്ടിയ സെമിത്തേരി എവിടെ'യായിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

'അത് നോര്‍ത്ത് ഇന്ത്യയൊന്നുമായിരുന്നില്ല, ഇടുക്കിയിലെ എന്റെ വീടിന് സമീപത്തുള്ള പള്ളിയും സെമിത്തേരിയും. അതിനെ ഉത്തരേന്ത്യന്‍ പശ്ചാത്തലമാക്കി സൃഷ്ടിക്കുകയായിരുന്നു'. 

ഉത്കണ്ഠയുടെ മൂന്ന് ഖണ്ഡങ്ങള്‍
ഇരുട്ടുനിറഞ്ഞതും ഇടുങ്ങിയതുമായ തുരങ്കത്തിലൂടെ വളരെ ദൂരം മുന്നോട്ടു പോയപ്പോള്‍ ഒരു ചെറിയ വാതില്‍ കാണപ്പെട്ടു. രണ്ടുമൂന്നുതവണ തുടര്‍ച്ചയായി മുട്ടിയതിന്റെ ഫലമായിട്ട് ആ വാതില്‍ സാവധാനം അല്പം തുറന്നു. ഉള്ളില്‍നിന്ന് ആരോ ഒരു പ്രത്യേക ഭാഷയില്‍ എന്തോ ചോദിച്ചു. യുവാവിന്റെ കൂട്ടുകാരന്‍ അതേ ഭാഷയില്‍ എന്തോ മറുപടി പറഞ്ഞപ്പോള്‍ വാതില്‍ പൂര്‍ണമായും തുറക്കപ്പെട്ടു. അതോടെ അവിടെമെങ്ങും നിലാവ് പരന്നു. ആ വെളിച്ചത്തില്‍ മുകളിലേക്ക് കയറുവാനുള്ള കോവണിപ്പടികളിലൂടെ അവര്‍ രണ്ടുപേരും മുകളിലേക്ക് കയറിപ്പോയി.
 -(മൃത്യുകിരണം)

ചെമന്ന കൈപ്പത്തി, മൃത്യുകിരണം (നാല് വാള്യം), വെളുത്ത ചെകുത്താന്‍ (നാല് വാള്യം) എന്നിങ്ങനെ ഒമ്പത് പുസ്തകങ്ങള്‍ ചേരുന്ന ഉത്കണ്ഠയുടെ മൂന്ന് ഖണ്ഡങ്ങളായിരുന്നു 'രക്തമണ്ഡല്‍' എന്ന ഹിന്ദിയില്‍ ഇറങ്ങിയ ശാസ്ത്രീയ അപസര്‍പ്പക നോവല്‍. നാല് പതിറ്റാണ്ടുകാലമെങ്കിലും സാധാരണ വായനക്കാരന്റെ വായനാജീവിതത്തില്‍ ഉദ്വേഗവും ആകാംക്ഷയും നിറച്ച, വായനശാലാ ജീവിതത്തെ വിസ്മയഭരിതമാക്കിയ അദ്ഭുതലോകത്തില്‍നിന്ന് പിറവിയെടുത്ത ഒമ്പത് പുസ്തകങ്ങള്‍. ദുര്‍ഗാപ്രസാദ് ഖത്രിയെന്ന ഹിന്ദി ജനപ്രിയ നോവലിസ്റ്റും മോഹന്‍ ഡി കങ്ങഴയെന്ന വിവര്‍ത്തകനും ചേര്‍ന്ന് സൃഷ്ടിച്ച പരിണാമഗുപ്തിയുടെ ലോകം.

ശാസ്ത്രപരികല്പനയും നിഗൂഢതയും അപസര്‍പ്പകത്വവും ചേരുന്ന ജനകീയ സാഹിത്യമായിരുന്നു രക്തമണ്ഡല്‍ എങ്കിലും അത്, ഞങ്ങള്‍ കുട്ടികളിലേക്ക് എത്താന്‍ ഏറെ വൈകി. കാരണം, മുതിര്‍ന്നവര്‍ വായിച്ചശേഷം മാത്രമേ കുട്ടികള്‍ക്ക് പുസ്തകം തരുകയുള്ളൂ. തുടര്‍ച്ചയായി ഒമ്പത് പുസ്തകങ്ങള്‍ ഉള്ളതിനാലും ഒരു കോപ്പി മാത്രം ഉള്ളതിനാലും രക്തമണ്ഡലത്തിനായി കാത്തിരുന്ന കാലം മറക്കാനാകില്ല. ഗോപാല്‍ശങ്കര്‍ എന്ന നായക കഥാപാത്രം മൃത്യുകിരണത്തിന്റെ രണ്ടാംഭാഗത്തില്‍ അപകടത്തില്‍പ്പെടുന്നു. ഇനിയെന്ത് സംഭവിക്കുമെന്ന ഉദ്വേഗത്താല്‍ മൂന്നാം ഭാഗം വായനയ്ക്ക് എടുക്കുമ്പോള്‍ ഗോപാല്‍ശങ്കറിനെക്കുറിച്ച് ഒരുകാര്യം പോലും ആ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടാകില്ല. പരിണാമഗുപ്തിയാല്‍ നാലാംഭാഗം വായിക്കാനായി ചെല്ലുമ്പോള്‍ വായനശാലയില്‍ നിന്ന് അത് മറ്റാരെങ്കിലും കൊണ്ടുപോയിട്ടുണ്ടാകും. അങ്ങനെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃത്യുകിരണവും വെളുത്തചെകുത്താനും വായിക്കാനായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്കണ്ഠയുടെ മൂന്ന് ഖണ്ഡങ്ങള്‍ മലയാളത്തില്‍ വീണ്ടും ഇറങ്ങുകയുണ്ടായി. 

യക്ഷികളും ഭീകരസത്വങ്ങളും
കുടിയേറ്റ ഗ്രാമമായതിനാല്‍ ഞങ്ങളുടെ ചെറുപ്പകാലത്ത് ഗ്രാമത്തില്‍ വൈദ്യുതി സാര്‍വത്രികമായിരുന്നില്ല. അക്കാലത്ത് ഏറ്റവും ഭയന്നിരുന്നത് ഇരുട്ടിനെയായിരുന്നു. അതേസമയം, ഇരുട്ടിന്റെ മറപറ്റി ഏവരെയും ഭയപ്പെടുത്തിയ ചില കഥാപാത്രങ്ങള്‍ നെഹ്‌റു ഗ്രന്ഥശാലയില്‍ ഉണ്ടായിരുന്നു. ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയും ബ്രഹ്മരക്ഷസ്സും. അതിന് പുറമെ ഏറ്റുമാനൂര്‍ ശിവകുമാര്‍, ജിജി ചിലമ്പില്‍, സുനില്‍ പരമേശ്വരന്‍ തുടങ്ങിയവരുടെ മാന്ത്രിക നോവലുകളും. അങ്ങനെയിരിക്കെയാണ് ജോയ്‌സിയുടെ 'കാര്‍ത്തിക' എന്ന മാന്ത്രിക നോവല്‍ നെഹ്‌റു ഗ്രന്ഥശാലയുടെ ഷെല്‍ഫില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന വാര്‍ത്ത പരന്നത്. ജോയ്‌സി അന്ന് മംഗളം, മനോരമ വാരികളില്‍ ജനപ്രിയ നോവലുകള്‍ എഴുതുന്ന കാലമാണ്. അങ്ങനെയൊരാള്‍ ഹൊറര്‍ നോവല്‍ എഴുതുമോ അതും ഒരു യക്ഷിക്കഥ. എന്തായാലും വായിച്ചുകളയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അമാവാസി നാളില്‍ കാര്‍ത്തിക എന്ന യുവതി യക്ഷിയായി മാറുന്ന അധ്യായം ചെറുതല്ലാത്ത ഭീതിയാണ് മനസ്സില്‍ വിതച്ചത്.

രാത്രി വായിക്കാന്‍ ഭയമായതിനാല്‍ കാര്‍ത്തിക പകല്‍നേരത്താണ് വായിച്ചുതീര്‍ത്തത്. എന്നാല്‍, എന്റെ സുഹൃത്ത് രാത്രി തന്നെ വായിക്കാന്‍ തീരുമാനിച്ചു. വൈദ്യുതി എത്താത്ത പ്രദേശമായതിനാല്‍ മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിലാണ് സുഹൃത്തിന്റെ വായന. മഴക്കാലമായതിനാല്‍ കാറ്റും കനത്ത പേമാരിയും. പോരാത്തതിന് വീടിനോട് ചേര്‍ന്നൊഴുകുന്ന തോടിന്റെ ഭീതിപ്പെടുത്തുന്ന ശബ്ദം. പ്രതികാരദാഹിയായി എത്തുന്ന യക്ഷി, അവള്‍ കാര്‍ത്തികയായി വേഷം മാറി പഴയ തറവാട്ടില്‍ എത്തുന്നു. അവളെ കാണുമ്പോള്‍ കുറുനരികളും നായ്ക്കളും ഓരിയിടുന്നു. മൃഗങ്ങള്‍ക്ക് അങ്ങനെയാണത്രെ യക്ഷികളെ പെട്ടെന്ന് മനസ്സിലാകുമത്രെ! പിന്നാലെയെത്തുന്ന പേമാരിയും കാറ്റും... വല്ലാത്തൊരു അന്തരീക്ഷമാണ് നോവലില്‍. വായന മുറുകി വരവെ മഴക്കാലമായതിനാല്‍ ഇവിടെയും കാറ്റുവീശുന്നു പിന്നാലെ മണ്ണെണ്ണ വിളക്ക് കെട്ടുപോകുന്നു. പെട്ടെന്ന് ഭയത്താല്‍ ഇഷ്ട്ടന് മൂത്രശങ്ക അനുഭവപ്പെട്ടു. പുറത്തിറങ്ങാമെന്ന് വെച്ചാല്‍ പേടി.

വീട്ടുകാരെ വിളിക്കാമെന്ന് വെച്ചാല്‍ പൊടിമീശ മുളക്കണ കാലവും. പിന്നെ ഒന്നും ആലോചിച്ചില്ല വീടിന്റെ ജനാലയിലൂടെ പുറത്തേക്കങ്ങ് സ്ഥാപിച്ചു. അക്കാലത്ത് ചില ഇക്കിളിപ്പെടുത്തുന്ന പുസ്തകങ്ങളും വായനശാലയുടെ ഷെല്‍ഫില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ രഹസ്യമായി അറിഞ്ഞു. കുട്ടികളുടെ കണ്ണെത്താത്ത ഇടങ്ങളിലായിരുന്നു അവയുടെ സ്ഥാനം. പമ്മന്റെ 'ഭ്രാന്തി'നെക്കാളും മൊയ്തു പടിയത്തിന്റെ 'പിഴച്ചവളെ'ക്കാളും ഉന്മാദം സൃഷ്ടിക്കുന്ന ഭാഷ. കൈമാറി കൈമാറി തേഞ്ഞുതീരാറായ താളുകള്‍. ചില പേജുകളില്‍ പേനകള്‍ കൊണ്ട് കോറിയിട്ട നിഗൂഢമായി ചില അടയാളങ്ങള്‍. കൗമാരത്തിലെ ഉന്മാദം പൂത്ത രാവുകളില്‍ അത്തരം പുസ്തകങ്ങള്‍ രഹസ്യമായി കുട്ടികള്‍ കൊണ്ടുപോയിരുന്നു. ഭയം മൂലം മാന്ത്രിക നോവലുകള്‍ പകല്‍നേരങ്ങളില്‍ വായിച്ചിരുന്നപ്പോള്‍, ഇക്കിളിപ്പെടുത്തുന്ന സാഹിത്യം രാത്രി ഏവരും ഉറങ്ങിയ ശേഷം മാത്രമേ വായിക്കാന്‍ കഴിയുമായിരുന്നുള്ളൂ... 

കാലം ഏറെ പിന്നിട്ടിരിക്കുന്നു. ഇന്ന് ആരും പഴയ ഡിറ്റക്ടീവ് മാര്‍ക്‌സിനെയോ ഡിറ്റക്ടീവ് ടൈംസിനെയോ തേടി നെഹ്‌റു ഗ്രസ്ഥശാലയിലേക്ക് വരുന്നില്ല. അവര്‍ സൃഷ്ടിച്ച സാഹസികതയുടെയും അതിശയോക്തിയുടെയും കഥകള്‍ ആര്‍ക്കും വേണ്ടാതായിരിക്കുന്നു. ഇക്കിളിപ്പെടുത്തിയിരുന്ന പൈങ്കിളി കഥകള്‍ ഇനി ആര്‍ക്കുവേണ്ടി കാത്തിരിക്കണം? വളരെ കാലത്തിന് ശേഷം ഒരിക്കല്‍ പഴയ ഗ്രസ്ഥശാലയില്‍ വീണ്ടും പോവുകയുണ്ടായി. ലൈബ്രേറിയന്‍ ഇരുപത്തിയെട്ട് കോളങ്ങള്‍ നീക്കിവെച്ച് വായനക്കാരെ കാത്തിരിക്കുന്നു. ബി ഗ്രേഡ് ലൈബ്രറിക്ക് സര്‍ക്കാരില്‍നിന്ന് ഗ്രാന്റ് അനുവദിക്കണമെങ്കില്‍ ദിനേന ഇരുപത്തിയെട്ട് പേര്‍ പുസ്തകം എടുക്കണമത്രെ! മിക്ക ദിവസങ്ങളിലും ആരും വായനശാലയിലേക്ക് വരാതായിരിക്കുന്നു. അങ്ങനെവരുമ്പോള്‍ 28 കോളങ്ങളില്‍ കൃത്രിമമായി എഴുതിച്ചേര്‍ക്കുന്നു. നരവീണ് വൃദ്ധിക്ഷയം ബാധിച്ച് കുമ്മായം അടര്‍ന്ന കോലത്തില്‍ നെഹ്‌റു ഗ്രന്ഥശാല ഇന്നും അവശേഷിക്കുന്നു. അതിനുള്ളിലെ പൊടിപിടിച്ച പുസ്തക ഷെല്‍ഫുകളില്‍ അന്യംനിന്ന ജനകീയ സാഹിത്യം കാത്തിരിപ്പിനിടയില്ലാവിധം വിസ്മൃതിയിലാണ്ടിരിക്കുന്നു.

Content Highlights: childhood reading memory kottayam pushpanath batten bose durgaprasad khatri