എല്ലാതവണയും 'ഇന്നത്തെ കൂലി' എന്ന് എനിക്ക് ജാള്യതയോടെ, അപമാനത്തോടെ പറയേണ്ടി വന്നു

അഞ്ചും ആറും ക്ലാസ്സുകൾ മാത്രമേ പറമ്പ സ്‌കൂളിൽ പഠിച്ചുള്ളൂ. അതിഭീകര ദാരിദ്ര്യത്തിന്റെ പശയിൽ ഒട്ടിപ്പോയ വർഷങ്ങളായിരുന്നു അത്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ അച്ഛന് ടാപ്പിംഗ് ഉണ്ടായിരുന്നുള്ളൂ. സ്‌കൂളിലേക്ക് നടന്നുപോകുമ്പോൾ എനിക്ക് മുറിച്ചു കടക്കേണ്ടി വരുന്ന ഒരു റബ്ബർ തോട്ടം അച്ഛൻ വെട്ടുന്ന തോട്ടമായിരുന്നു.( വെട്ടുക എന്ന് വായിക്കുമ്പോൾ റബ്ബർ വെട്ട് എന്ന് ചിന്തിക്കണം , ടാപിങ്ങിന് നാട്ടിൽ അതായിരുന്നു പേര്). പൂക്കോട്ടുംപാടം അങ്ങാടിയിൽ പച്ചക്കറിയുടെ മൊത്തവ്യാപാരം നടത്തിയിരുന്ന വേലായുധേട്ടന്റെ തോട്ടമായിരുന്നു അത്. ആ കച്ചവടം അയാളുടെ പേര് പച്ചക്കറി വേലായുധൻ എന്നാക്കി. വെളുത്ത, കൗമാരത്തിലെ മുഖക്കുരുകൾ ചുവപ്പിച്ച കവിളുകൾ ഉള്ള അയാളുടെ മൂത്തമകനെ കൂട്ടുകാർ തക്കാളി എന്ന് വിളിച്ചു. പതിയെ അവന്റെ യഥാർത്ഥ പേര് എല്ലാവരും മറന്നു പോയി.
ക്ലാസ് കഴിഞ്ഞു വന്നാൽ അച്ഛന് പണിയുള്ള ദിവസങ്ങളിൽ പച്ചക്കറി വേലായുധേട്ടന്റെ കടയിൽ പോയി അന്നത്തെ കൂലി വാങ്ങാനുള്ള ചുമതല അച്ഛൻ എന്നെ ഏൽപ്പിച്ചു. അതായത്, ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുംവെയിലത്ത് നടന്ന് എനിക്ക് അങ്ങാടിയിലേക്ക് പോകേണ്ടിവന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറക്കുന്ന വായനശാല അക്കാലത്ത് എന്നെ സമാധാനിപ്പിച്ചു. കൂലി വാങ്ങി നേരെ ഇങ്ങോട്ട് പോര് എന്ന് ആ സ്ഥലം എന്നെ കയ്യേറ്റു. ആ ഒരൊറ്റ കാരണംകൊണ്ട് പച്ചക്കറി കടയിലെ ആളുകളുടെ മുൻപിൽ വച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഏറ്റ അപമാനം എനിക്ക് പൊറുക്കാനായി. എന്തിനാണ് ഞാൻ അയാളുടെ ശ്രദ്ധയിൽ പെടും വിധം, എന്നാൽ സങ്കോചത്തോടെ കടയുടെ മുൻപിൽ വന്ന് വിയർത്തുനിൽക്കുന്നത് എന്ന് വേലായുധേട്ടന് അറിയാമായിരുന്നല്ലോ. എങ്കിലും എല്ലാതവണയും എന്താ വേണ്ടത് എന്ന് അയാൾ ചോദിച്ചു. ഒരു ചെറിയ പെൺകുട്ടിയോട് ഒരിക്കലും കാണിക്കരുതാത്ത പരിഹാസം അയാളുടെ മുഖത്ത് അപ്പോഴൊക്കെ മഹാ വൃത്തികേടായി പരന്നിരുന്നു.