വേഗം വീട്ടിലെത്താൻ എനിക്കൊരു കാരണമുണ്ടായി, തൊടിയിലെ ചെറിയ തണലിലേക്ക് പുസ്തകവുമായി ഞാനെന്നും ചേക്കേറി

മണിക്കുട്ടിയോർമ്മകൾ വായിച്ച് ഏറെക്കാലത്തിനുശേഷം വർണ്ണ മെസ്സേജ് അയച്ചു. നമ്മുടെ കുട്ടിക്കാലത്തെ സന്തോഷത്തിന്റെ ഓർമ്മകളിൽ ഒന്നും ഞാനില്ല അല്ലേ എന്ന് അവൾ ചോദിച്ചു. അത് വായിച്ചപ്പോൾ അകാരണമായ കുറ്റബോധം തോന്നി. ഏതുകാലത്തും അദൃശ്യമായ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ട്. ടീച്ചർമാരുടെ മക്കളോട് ആരോഗ്യകരമായ ബന്ധം ഞങ്ങൾക്കൊരുകാലത്തും ഉണ്ടായിട്ടില്ല. അത് ഞങ്ങൾ കുട്ടികളുടെ പ്രശ്‌നമായിരുന്നില്ല. ടീച്ചർമാരുടെ മക്കൾക്ക് കിട്ടുന്ന സവിശേഷ പരിഗണനയും ഞങ്ങളോടുള്ള ബോധപൂർവ്വമായ അവഗണനയും കണ്ടു മടുക്കുമ്പോൾ വരുന്ന സ്വാഭാവികമായ അകൽച്ചയാണ്. നിങ്ങളും ഞങ്ങളും എന്ന പകുക്കലും ആ സിസ്റ്റം ഉണ്ടാക്കിയതാണ്. ആഴത്തിൽ ഉറച്ചുകിട്ടുമായിരുന്ന ഒരു സൗഹൃദം അങ്ങനെ ഇല്ലാതായി പോയതാണ് വർണയോട്. മണിക്കുട്ടിയുടെ പിറന്നാളോർമ്മ നിന്നെ വിഷമിപ്പിച്ചെങ്കിൽ എന്നോട് പൊറുക്കുക. നമ്മളാരും ഇതിൽ അപരാധികളല്ല എന്ന് ഓർക്കുക.
ലോവർ പ്രൈമറി ക്ലാസുകളിൽ മാത്രമേ മണിക്കുട്ടി പൂക്കോട്ടുംപാടത്ത് ഉണ്ടായുള്ളൂ (പൂക്കോട്ടുംപാടം എന്ന നാടിന്റെ പേര് ഞാൻ ഇതുവരെ ഒരു ഓർമ്മയിലും രേഖപ്പെടുത്തിയില്ല എന്ന് ഇപ്പോൾ ഈ വരി എഴുതിയപ്പോഴാണ് ഓർത്തത്!) പിന്നീടുള്ള മൂന്നുവർഷക്കാലം അവളും ചേച്ചിയും നളിനിചേച്ചിയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. മഞ്ചേരിക്ക് അടുത്തുള്ള കാരക്കുന്ന് എന്ന സ്ഥലത്തായിരുന്നു അവളുടെ അമ്മവീട്. അവൾ പോയപ്പോൾ എനിക്ക് നാട്ടിൽ കൂട്ടുകാരുമായി ഉണ്ടായിരുന്ന കണ്ണിയറ്റുപോയി. വീടിനു പുറത്തിറങ്ങാൻ കാരണങ്ങളോ മനുഷ്യരോ ഇല്ലാതായി. മണിക്കുട്ടി എന്തിനാ പോയത് എന്ന് ചോദിച്ച് ഞാൻ അമ്മയുടെ പുറകെ നടന്നു.