ഒരു വീടും കയറിച്ചെല്ലുന്ന മനുഷ്യരെ സ്വന്തം എന്ന് അടയാളപ്പെടുത്തില്ല

ഏഴാം ക്ലാസിൽ തോറ്റുപോകുമോ എന്ന് പേടിച്ചിരുന്നു. അത്രയും ശൂന്യമായ മനസ്സുമായാണന്ന് പരീക്ഷ എഴുതിയത്. തോറ്റാൽ ആ നാട്ടിൽ തന്നെ തുടരേണ്ടി വരുമല്ലോ എന്നായിരുന്നു പേടി. കാലം തോൽപ്പിച്ചില്ല. എട്ടാം ക്ലാസിൽ നാട്ടിൽ ചേർത്താൽ മതിയെന്ന് ഞാൻ നിർബന്ധം പിടിച്ചു. അച്ഛനും അമ്മയും രണ്ടിടത്തായാലും വേണ്ടില്ല, സമാധാനം മതിയെന്ന് അതിനോടകം തോന്നിത്തുടങ്ങിയിരുന്നു. ഞങ്ങൾ നാട്ടിലേക്ക് എത്തിയതോടെ അമ്മായി മോളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. ആ കുടുംബം അപ്പോഴേക്കും കൂട്ടിച്ചേർക്കാൻ പറ്റാത്തവിധം വേർപെട്ടു പോയിരുന്നു. അമ്മമ്മ ഏതോ വീട്ടിൽ ജോലിക്ക് കൂടി പോയതോടെ തറവാട്ടിൽ ഞങ്ങൾ മാത്രമായി.
ഇത് നിങ്ങളുടെ വീടല്ല എന്ന സൂചനകൾ ചുറ്റിലുമുള്ള വീട്ടിൽ കഴിയുന്നത് ഞങ്ങൾ കുട്ടികളെ ബാധിച്ചില്ല. പക്ഷേ, അത് അമ്മയെ എങ്ങനെയൊക്കെ വിഷമിപ്പിച്ചിട്ടുണ്ടാവും എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. മാമന്റെ കാര്യം അതിലും ദയനീയമായിരുന്നു. സ്വന്തം വീട്ടിൽ വിരുന്നുകാരനായി മാറിയ മാമൻ അക്കാലത്ത് എവിടെയാണ് താമസിച്ചിരുന്നത് എന്നറിയില്ല. മാമന്റെ മോളെ ഞങ്ങൾക്ക് കൊതി തീരുവോളം കാണാൻ പോലും കിട്ടിയില്ല. പക്ഷേ, തമ്മിൽ ചേരാത്തവർ ഒരേ കൂരയ്ക്ക് താഴെ വലിയ യുദ്ധങ്ങൾ തുടരുന്നതിലും നല്ലത് ഒറ്റയൊറ്റ സമാധാനജീവിതം തിരഞ്ഞെടുക്കുന്നതാണ് എന്നാണ് തോന്നുന്നത്. ഞങ്ങളുടെ ജീവിതത്തിൽ വഴക്കുകളും ബഹളങ്ങളും ഇല്ലാത്ത ദിവസങ്ങൾ കുറവായിരുന്നു. കൺമുന്നിൽ കണ്ട രണ്ട് ജീവിതങ്ങളിൽ സമാധാനം കൂടുതലുള്ളത് പരസ്പരം തട്ടിക്കലങ്ങാതെ പിരിഞ്ഞു പോയവരിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.