നള-ദമയന്തി കഥയിലെ ജാതി; ദമയന്തിയെ 'വഷളായിപ്പോയ പണക്കാരിപ്പെണ്ണ്' എന്നു വിളിച്ച ആനന്ദ് നീലകണ്ഠന്‍

'നളന്റെ ദമയന്തി' പുസ്തകത്തിന്റെ കവർ
'നളന്റെ ദമയന്തി' പുസ്തകത്തിന്റെ കവർ

പോസ്റ്റ് കൊളോണിയലിസത്തിന്റെ വരവോടെ ഒരു കാലത്ത് അവഗണിക്കപ്പെട്ടിരുന്ന കഥാപാത്രങ്ങള്‍, ജനവിഭാഗങ്ങള്‍, ഒരു സമൂഹത്തിലോ ഒരുകൂട്ടം ആളുകളിലോ നിലനിന്നിരുന്ന പോരായ്മകള്‍ എന്നിവ പുറംലോകം ശ്രദ്ധിച്ചു തുടങ്ങി. എഡ്വേഡ് സെയ്ദിന്റെ 'ഓറിയന്റലിസം', അന്റോണിയോ ഗ്രാംചിയുടെ പ്രിസണ്‍ നോട്ട്ബുക്ക്‌സ്' എന്നീ പുസ്തകങ്ങള്‍ ഈ മാറ്റത്തിന് കാരണമായി. ഗായത്രീ ചക്രവര്‍ത്തി സ്പിവാക്കിന്റെ 'ക്യാന്‍ ദി സബാര്‍ട്ടേണ്‍ സ്പീക്ക്' എന്ന പുസ്തകത്തിന്റെ വരവോടെ കീഴാളരുടെ ജീവിതം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പുരാണകഥകളെ ഡീകണ്‍സ്ട്രക്റ്റ് (അപനിര്‍മ്മാണം) ചെയ്ത് അവതരിപ്പിക്കാനും അതിന് ആക്ഷേപഹാസ്യത്തെ ഒരു മാധ്യമമായി ഉപയോഗിക്കാനും ആനന്ദ് നീലകണ്ഠന്‍ എന്ന എഴുത്തുകാരന് അനിതരസാധാരണമായ കഴിവുണ്ട്. ആനന്ദ് നീലകണ്ഠന്റെ ഭൂരിഭാഗം രചനകളും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ശബ്ദമാണ്. സാമൂഹിക നിയമങ്ങളെ പോലും ചോദ്യം ചെയ്യുന്ന ജുവനാലിയന്‍ സറ്റയറിന്റേയും അതേസമയം തന്നെ ജനങ്ങളെ രസിപ്പിക്കുന്ന ഹൊറേഷ്യന്‍ സറ്റയറിന്റെയും പ്രത്യേകതകള്‍ ആനന്ദ് നീലകണ്ഠന്റെ കൃതികളില്‍ ദൃശ്യമാണ്. ആനന്ദ് നീലകണ്ഠന്‍ ഇംഗ്ലീഷില്‍ എഴുതി പ്രിയരാജ് ഗോവിന്ദരാജ് അതിമനോഹരമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത 'നളന്റെ ദമയന്തി 'ഈ വിഭാഗത്തില്‍ വരുന്ന ഒരു പുസ്തകമാണ് .ഉണ്ണായി വാര്യരുടെ 'നളദമയന്തി 'കഥയെ ഹൃദ്യമായി ,അതീവ രസകരമായി ,കാലത്തിന് അനുഗുണമായി പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണ് ഈ കൃതിയിലൂടെ. വി.കെ എന്നിന്റെ 'നളചരിതം മൂലം' എന്ന കൃതിക്ക് ശേഷം നള-ദമയന്തി കഥയെ ഇത്രയധികം ഹാസ്യാത്മകമായി, കാലിക പ്രസക്തമായി അവതരിപ്പിച്ച ഒരു കൃതി മലയാളത്തില്‍ ഇല്ലായെന്ന് നിസ്സംശയം പറയാം.

മഹാഭാരതത്തിന്റെ ഭാഗമായി വരുന്ന ഒരു എപ്പിക് നരേറ്റിവിനെ മോക്ക് എപ്പിക് രീതിയില്‍ അവതരിപ്പിക്കുന്നതിനായി ശുദ്ധഹാസ്യത്തോടൊപ്പം, അതിശയോക്തി, വിരോധാഭാസം എന്നീ സങ്കേതങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ബ്രഹ്‌മദേവന്‍ തന്റെ അവസാന സൃഷ്ടിയായ മനുഷ്യനെക്കുറിച്ച് പരിതപിച്ചു കൊണ്ടാണ് കഥയാരംഭിക്കുന്നത്. തന്റെ സൃഷ്ടികളെക്കൊണ്ട് താന്‍ പൊറുതി മുട്ടിയെന്നും അവരുടെ അത്യാഗ്രഹം, സ്വാര്‍ത്ഥത, അഹങ്കാരം ഇതെല്ലാം തന്നെ നിരാശനാക്കിയെന്നും അതിനാല്‍ തന്റെ സൃഷ്ടിയെ ഉന്‍മൂലനം ചെയ്യണ്ടതുണ്ടെന്നും പറയുമ്പോള്‍ ഭൂമിയില്‍ ശുദ്ധമായ സ്‌നേഹം നിലനില്‍ക്കുന്നുണ്ടെന്നും നിസ്വാര്‍ത്ഥരായ മനുഷ്യനെ താന്‍ കണ്ടെത്തുമെന്നും ഹേമാംഗന്‍ എന്ന സുവര്‍ണ്ണഹംസം പ്രതിരോധിക്കുന്നു. പരസ്പരം സ്‌നേഹിക്കുന്ന പുരുഷനേയും സ്ത്രീയേയും കണ്ടെത്താമെന്ന ഉദ്ദേശ്യവുമായാണ് ഹേമാംഗന്‍ ഭൂമിയിലെത്തുന്നത്. നാരദനില്‍ നിന്നും നിഷാദരുടെ രാജാവായ നളനെക്കുറിച്ചും വിദര്‍ഭയിലെ രാജകുമാരിയായ ദമയന്തിയെക്കുറിച്ചും അവളുടെ ബുദ്ധിശക്തിയെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും ഹേമാംഗന്‍ മനസ്സിലാക്കുന്നു. അതോടൊപ്പം തന്നെ കലി മനുഷ്യജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും നാരദന്‍ ഹേമാംഗനോട് പറയുന്നു. ഇതനുസരിച്ച് ഹേമാംഗന്‍ ദമന്തിയേയും നളനേയും ഒരുമിച്ച് ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനായി ആദ്യം ദമയന്തിയെ സമീപിക്കുന്നുവെങ്കിലും അവള്‍ വഴങ്ങുന്നില്ല. പിന്നീട് ഹംസം നളന്റെ രാജധാനിയിലെത്തുകയും പാചകവിദഗ്ധനായ നളന്‍ ഉണ്ടാക്കിയ ഒരു പലഹാരം മോഷ്ടിച്ച് ദമയന്തിക്ക് കൊടുക്കുകയും ചെയ്യുന്നു. നളന്റെ പാചകമികവിലും സ്വഭാവ വൈശിഷ്ട്യത്തിലും ആകൃഷ്ടയാകുന്ന ദമയന്തിക്ക് നളനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തോന്നുന്നു. നിഷാദ ജാതിയില്‍പ്പെട്ട നളന്‍ ഉന്നതകുലജാതയായ ദമയന്തിയെ വിവാഹം കഴിക്കാന്‍ താന്‍ യോഗ്യനല്ല എന്ന് പറയുകയും ഹംസത്തിന്റെ അപേക്ഷ നിരസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹേമാംഗന്‍ തന്റെ സമര്‍ത്ഥമായ ഇടപെടലുകളിലൂടെ നളനെ സ്വയംവരമണ്ഡപത്തിലേക്ക് എത്തിക്കുന്നു. ദേവന്മാര്‍ നളന്റെ രൂപത്തില്‍ വരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അതീവ ബുദ്ധിമതിയായ ദമയന്തി നളനെ വിവാഹം കഴിക്കുന്നു. അതിനുശേഷം അവര്‍ നിഷാദ രാജ്യത്തെത്തി സന്തോഷത്തോടെ ജീവിക്കുന്നു. എന്നാല്‍ കലിയുടെ ഇടപെടല്‍ മൂലം നളന്‍ ചൂതുകളിയില്‍ പരാജയപ്പെടുകയും രാജ്യം നഷ്ടപ്പെട്ട് കാട്ടില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെവെച്ച് പാമ്പിന്റെ രൂപത്തില്‍ വരുന്ന കലിയുടെ ദംശനംമൂലം നളന് രൂപമാറ്റം സംഭവിക്കുകയും ദമയന്തിക്ക് നളനെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ദുഃഖിതനായ നളന്‍ ഒരു യാത്രാ സംഘത്തോടൊപ്പം പല നാടുകളില്‍ സഞ്ചരിക്കുന്നു. കാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന ദമയന്തി ധാരാളം ബുദ്ധിമുട്ടുകളെ അതിജീവിച്ച് അവസാനം തന്റെ അച്ഛന്റെ അടുത്തെത്തുന്നു. ഇതിനിടയില്‍ പല ദുരിതാവസ്ഥകളിലൂടെ കടന്നുപോകുന്ന നളന്‍ ഒടുവില്‍ ഋതുപര്‍ണ്ണ മഹാരാജാവിന്റെ കൊട്ടാരത്തില്‍ എത്തുകയും അവിടുത്തെ ആസ്ഥാന പാചകക്കാരനായി മാറുകയും ചെയ്യുന്നു. നളനോട് വളരെയധികം സ്‌നേഹത്തോടെ പെരുമാറുന്ന ഋതുപര്‍ണ്ണ മഹാരാജാവാണ് ജീവിതത്തെക്കുറിച്ചുള്ള പുതിയ സത്യങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കുന്നത്. ഋതുപര്‍ണ്ണന്റെ സഹായത്തോടു കൂടി നളന്‍ വീണ്ടും ദമയന്തിയുമായി കൂടിച്ചേരുകയും നഷ്ടപ്പെട്ട രാജ്യം തിരിച്ചെടുക്കുകയും ചെയ്യുന്നു.

ഒരു റൊമാന്റിക് കോമഡി എന്നതിനുമപ്പുറം സമകാലികമായ നിരവധി സംഭവങ്ങളെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന കപടതകളെ, ജാതീയമായ വേര്‍തിരിവുകളെ അതിശയോക്തിയിലൂടെയും വിരോധാഭാസത്തിലൂടെയും അതുപോലെ കഥാപാത്രങ്ങളുടെ മാനസിക തലത്തില്‍ ഊന്നി നിന്നുകൊണ്ടും അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഇത് വ്യത്യസ്തമാക്കുന്നത്. പുരാണങ്ങളില്‍ നിഷധ രാജ്യം എന്ന പേരില്‍ പ്രസിദ്ധമായ രാജ്യത്തെ ഈ നോവലില്‍ 'നിഷാദരാജ്യം'എന്നാണ് ആനന്ദ് നീലകണ്ഠന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നിഷാദന്‍ എന്ന വാക്കിന് കാട്ടാളന്‍ എന്നാണര്‍ത്ഥം. നിഷാദന്മാര്‍ വിന്ധ്യാപര്‍വതനിരയിലെ ആദിമ വിഭാഗമാണ്. കാട്ടില്‍ വേട്ടയാടാന്‍ വേണ്ടിയാണ് ബ്രഹ്‌മദേവന്‍ അവരെ സൃഷ്ടിച്ചത്. ജനിച്ച ജാതിയെ മൂല്യവത്തായി കാണുന്ന വിചിത്രമായ രീതികളെക്കുറിച്ച് ആനന്ദ് നീലകണ്ഠന്‍ തന്റെ 'വാനരന്‍'എന്ന കൃതിയിലും അവതരിപ്പിച്ചിട്ടുണ്ട്. അതേ വിഷയം ഈ നോവലിലും ശക്തമായ ഒരു പ്രതിപാദ്യവിഷയമാണ്. വിദര്‍ഭയിലെ കുലീനയും ഉന്നതകുലജാതയും ആയ രാജകുമാരി നിഷാദനെ വിവാഹം കഴിക്കുന്നതിന് രാജപുരോഹിതന്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പും സ്വയംവരമണ്ഡപത്തിലേക്ക് വരുന്ന നളനെ മാറ്റിനിര്‍ത്തുന്നതും നളന്റെ ഉള്ളിലെ ഭയം, അരക്ഷിതാവസ്ഥ ഇതിനെല്ലാം കാരണമാകുന്നതും ഇതേ ജാതിവ്യവസ്ഥ തന്നെയാണ്. എഡ്വാര്‍ഡ് സെയ്ദിന്റെ 'ഓറിയന്റലിസത്തില്‍ പറയുന്ന അതറിംങ്ങിന്റെ (മാറ്റിനിര്‍ത്തല്‍) ആഴം എത്ര മാത്രമാണെന്ന് ഈ നോവല്‍ കൃത്യമായി വരച്ച് കാട്ടുന്നു.

ബേളെസ്‌ക് എന്ന സാഹിത്യസങ്കേത( Burlesque) (ഗൗരവമേറിയ വിഷയങ്ങളെ നിസ്സാരമായി കൈകാര്യം ചെയ്യുന്നു) ത്തിലൂടെ സാമൂഹ്യ സ്ഥാപനങ്ങളെയും, മനുഷ്യന്റെ പെരുമാറ്റ രീതിയിലെ വൈകല്യങ്ങളെയും സൂക്ഷ്മമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഹേമാംഗന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടി ഇതിന് ഉത്തമോദാഹരണമാണ്. ഹേമാംഗന്‍ ഉപയോഗിക്കുന്ന ഭാഷ അതീവ രസകരവും ഹാസ്യാത്മകവുമാണ്. 'വഷളായിപ്പോയ ഒരു പണക്കാരിപ്പെണ്ണ് 'എന്ന് ദമയന്തിയെ വര്‍ണ്ണിക്കുമ്പോഴും 'ദേവന്‍മാരുടെ ഇടയിലെ കോമാളി 'എന്ന് യമദേവനെ കുറിച്ച് പറയുമ്പോഴുമെല്ലാം ശുദ്ധഹാസ്യം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വായനക്കാരനിലേക്ക് സന്നിവേശിക്കപ്പെടുന്നു. പുരാണങ്ങളില്‍ അവതരിപ്പിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ദേവന്മാരെ സാധാരണ മനുഷ്യരെപ്പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പരിഷ്‌കൃതമായ ഒരു സമൂഹം പോലും വിധി, ശാപം ദൈവഹിതം ഇത്തരം അന്ധമായ ചിന്താരീതികള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യത്തെ ചോദ്യം ചെയ്യുകയാണ് ഋതുപര്‍ണ്ണന്‍ എന്ന കഥാപാത്രത്തിലൂടെ. മനസ്സു തകര്‍ന്ന് പരാജയ ഭീതിയില്‍ നില്‍ക്കുന്ന നളന് ആത്മവിശ്വാസം നല്‍കുന്നതിനും ഇന്നില്‍ ജീവിക്കുന്നതിനും ജീവിതം ആസ്വദിക്കുന്നതിനും ഋതുപര്‍ണ്ണനുമായുള്ള കൂടിക്കാഴ്ച സഹായിക്കുന്നു. ശാന്തമായ ആനന്ദത്തില്‍ ഊന്നിയുള്ള എപ്പിക്യൂറിയന്‍ തത്ത്വചിന്തയുടെ വക്താവാണ് ഋതുപര്‍ണ്ണന്‍. ഈ ജീവിതദര്‍ശനത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണ് 'കഴിക്കൂ കുടിക്കൂ ആസ്വദിക്കൂ. സ്വര്‍ഗ്ഗവും നരകവും ഒക്കെ വെറും മിഥ്യ' എന്ന് അദ്ദേഹം തന്റെ പ്രജകളോട് ആഹ്വാനം ചെയ്യുന്നത്. ഏത് വിധിയേയും മറികടക്കാന്‍ ആകുമെന്നും മനക്കരുത്ത് ഉണ്ടായാല്‍ മാത്രം മതി എന്നും നളനെ ഉപദേശിക്കുന്ന ഋതുപര്‍ണ്ണന്‍ കഥാഗതിയില്‍ മുഖ്യപങ്ക് വഹിക്കുന്നു .

നളനെ ധാരാളം ഗുണഗണങ്ങളുള്ള വ്യക്തിയായി അവതരിപ്പിച്ചിരിക്കുന്നുവെങ്കിലും പുരാണത്തിലെ 'വിഖ്യാത വംശജന്‍' അല്ല നളന്‍. കീഴാള ജീവിതത്തിന്റെ നിരാശ്രയതയെ അവതരിപ്പിക്കുകയും ഒപ്പം തന്നെ വരേണ്യവിഭാഗത്തിന്റെ കപടതകള്‍ തുറന്നുകാണിക്കുകയും ചെയ്യുന്നുണ്ട്. ചിതറിത്തെറിച്ച് കിടക്കുന്ന ജീവിതങ്ങളിലെ ദൈന്യതയും പരാജയഭീതിയും എല്ലാം ഹ്യൂമര്‍ എന്ന മാധ്യമത്തിന്റെ സഹായത്തോടെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. സംസ്‌കാരത്തെ, രാഷ്ട്രീയത്തെ, മനുഷ്യ സ്വഭാവത്തെയെല്ലാം നിരവധി ആര്‍കിടൈപ്പ്‌സ് (മാതൃക )കളിലൂടെ വരച്ചുകാട്ടുന്നു. കാട് ഒരു ശക്തമായ പ്രതീകമായി ഈ നോവലില്‍ ഉടനീളം വരുന്നുണ്ട്. ജീവിതത്തിലെ അസംബന്ധങ്ങളെയും മനുഷ്യസ്വഭാവത്തിലെ വിഡ്ഢിത്തങ്ങളേയും മാത്രമല്ല വിഷജന്തുക്കള്‍ ഉള്‍പ്പെടുന്ന ഒരു സ്ഥലത്ത് മനുഷ്യന് അഭയമായും രക്ഷയായും കാട് എന്ന പ്രതീകം വര്‍ത്തിക്കുന്നു.ഇതിനുമുപരിയായി നള ദമയന്തിമാരുടെ ജീവിതത്തിന്റെ ഗതി മാറ്റുന്ന പല സംഭവങ്ങളും നടക്കുന്നത്; നളന് സര്‍പ്പദംശനത്താല്‍ രൂപമാറ്റം സംഭവിക്കുന്നതും, ദമയന്തിക്ക് കാട്ടാളനില്‍ നിന്നും ആക്രമണം നേരിടേണ്ടി വരുന്നതും എല്ലാം കാട്ടില്‍ വച്ചാണ്. നളദമയന്തി കഥയുടെ പുനരാവിഷ്‌ക്കരണങ്ങളെല്ലാം ഈ കഥയെ ഗൗരവത്തോടെ അവതരിപ്പിച്ചപ്പോള്‍ ഒരു അപഹാസ നോവല്‍ എന്ന രീതിയിലാണ് ആനന്ദ് നീലകണ്ഠന്‍ 'നളന്റെ ദമയന്തിയെ' വിഭാവനം ചെയ്തിരിക്കുന്നത്. അതീ നോവലിന്റെ സാമൂഹിക പ്രസക്തി വര്‍ര്‍ദ്ധിപ്പിക്കുന്നു. സമകാലിക സംഭവങ്ങളെ പുരാണമെന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കാനുള്ള ആനന്ദ് നീലകണ്ഠന്റെ കഴിവ് അപരിമേയമാണ് എന്നതിന് ഉത്തമ നിദര്‍ശനം കൂടിയാണീ നോവല്‍.

Content Highlights: Explore Anand Neelakantan`s satirical take on the Nal-Damyanti story. This retelling deconstructs myths, challenges social norms, and uses humor to highlight caste, inequality, and human nature.