സ്റ്റിച്ചിടുമ്പോള്‍ ഡോക്ടര്‍ പഴയ മലയാളം മെലഡിപാട്ടുകള്‍ പാടി

കുഞ്ഞുപിറന്ന് മിനിറ്റുകള്‍ കഴിഞ്ഞ് എന്നെ തേടിയെത്തിയത് നിറയെ ചേര്‍ത്തുകെട്ടിയ ചുവന്ന ചെത്തിപ്പൂക്കള്‍ കൊണ്ടുള്ള ഒരു ചെണ്ടായിരുന്നു. ചിരിയോടെ ചെത്തിപ്പൂനിറമുള്ള കുര്‍ത്തയണിഞ്ഞ് അതിന് പിന്നില്‍ ബാല ഡോക്ടറും. ഹാപ്പി മദേഴ്‌സ് ഡേ എന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. അന്ന് മദേഴ്‌സ് ഡേ ആയിരുന്നു. പിന്നെയൊരു സെല്‍ഫിയെടുത്തു ഞങ്ങള്‍, പ്രസവമുറിയില്‍.
ഗര്‍ഭിണിയായപ്പോള്‍ ആദ്യം കണ്ടത് ബാല ഡോക്ടറെയായിരുന്നില്ല. കോഴിക്കോടെ വളരെ പ്രസിദ്ധമായ ഒരു ആശുപത്രിയിലെ പ്രഗത്ഭയായ ഒരു ഡോക്ടറെയായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്ന് അവരെ കാണുമ്പോള്‍ ഓ ഇതിപ്പോള്‍ അഞ്ചാഴ്ചയല്ലെ ആയുള്ളു ഒരു ആറൊക്കെ ആവട്ടെ, സ്‌കാന്‍ ചെയ്യാം എന്ന് പറഞ്ഞ് അവരെന്നെ മടക്കി. എനിക്ക് യൂറിനറി ഇന്‍ഫ്ക്ഷനുണ്ടെന്നോ ഒന്നും പറഞ്ഞത് കേള്‍ക്കാനുള്ള സമയമോ സാവകാശമോ ആ ഡോക്ടര്‍ക്ക് ഇല്ലായിരുന്നു.
ശരി, ഇതിപ്പോ എന്റെ ആദ്യത്തെ ഗര്‍ഭമാണ്, അവര്‍ക്കിത് നൂറോ അഞ്ഞൂറോ ആവാം. അതാവും എന്ന് കരുതി വീണ്ടും ആറാഴ്ചയെത്തിയപ്പോള്‍ സ്‌കാനിങ്. അന്നാണ് ഡോക്ടര്‍ എനിക്ക് ഗര്‍ഭം ഉണ്ടെന്ന് തന്നെ സമ്മതിച്ചതെന്ന് തോന്നുന്നു. അന്ന് ഞങ്ങള്‍ ഡോക്ടറെ കാണാന്‍ കാത്തിരുന്നത് നാല് മണിക്കൂറാണ്. അകത്ത് സ്റ്റുഡന്റ്‌സിനോട് സംസാരിക്കുന്ന തിരക്കിലാണവര്‍. സ്‌കാനിങ് റിപ്പോര്‍ട്ടിലേക്കോ എന്തിനേറെ എന്റെ മുഖത്തേക്കോ പോലും നോക്കാതെ അവര്‍ ഫോളിക്ക് ആസിഡ് ഗുളിക കുറിച്ചു. രണ്ടേ രണ്ട് മിനിറ്റ് നഴ്‌സ് ഞങ്ങള്‍ക്ക് പുറത്തേക്കുള്ള വഴിയും കാണിച്ചു.
ഒരു മൂക്കിപ്പനിയുമായി വരുന്ന ആളുടെ പോലും പ്രഷറും ഷുഗറും നോക്കുന്ന നാട്ടില്‍ അവരെന്റെ പ്രഷറോ ഭാരമോ എന്തിന് ബ്ലഡ് ടെസ്റ്റ് പോലും പറഞ്ഞില്ല. മൂന്നാം മാസം സ്‌കാനിങ്ങിന് വന്നോളൂ എന്ന് പറഞ്ഞു. ഈ മൂന്നാം മാസം എന്നാണെന്ന് എങ്ങനെയറിയുമെന്ന് ഞാന്‍ ഗൂഗിളില്‍ നോക്കേണ്ടി വന്നു പിന്നെ.
പിന്നെ ദിവസങ്ങള്‍ കഴിയും തോറും ഭക്ഷണത്തോടുള്ള മടുപ്പായി, കോണ്‍സ്റ്റിപ്പേഷനായി, വയറുവേദനയായി, ക്ഷീണമായി, മൂഡ്‌സ്വിങ്‌സായി.. വേണ്ടിയിരുന്നില്ലെന്ന തോന്നലായി. ഓഫീസില്‍ നിന്ന് വയറുവേദന കലശലായപ്പോള്‍ ഓഫീസിലെ ചേച്ചിയാണ് ബാല ഡോക്ടറെപ്പറ്റി (ഡോ.ബാലാ ഗുഹന്‍) പറയുന്നത്. ഡോക്ടറിനെ മാറിക്കാണണോ, അങ്ങനെ കാണാന്‍ പറ്റുമോ അങ്ങനെ കാണുന്ന ഡോക്ടര്‍ നോക്കുമോ എന്നൊക്കെയായിരുന്നു അപ്പോഴും എന്റെ സംശയങ്ങള്‍.
രണ്ടും കല്പിച്ച് കോഴിക്കോട് കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്ക്. കാത്തിരുന്ന് ഡോക്ടറുടെ മുറിയിലെത്തുത്തുമ്പോള്‍ പിങ്ക് കുര്‍ത്തയിട്ട് നെറ്റിനിറയെ പലനിറത്തിലുള്ള പൊട്ടുകള്‍ നിരനിരയായി മൂക്കുവരെ തൊട്ട് ഒരു ഗൗരവക്കാരി. ബാക്ക് ഗ്രൗണ്ടില്‍ ഭക്തിഗാനം. എത്തിയത് ഡോക്ടറുടെ മുറിയിലാണോ എന്ന് സംശയിച്ചു പോയി. ഡോക്ടറുടെ സഹായത്തിന് നില്‍ക്കുന്ന ഒരു കുഞ്ഞ് നഴ്‌സുപെണ്ണുമുണ്ട്. കണ്ണടവച്ചൊരു ചെറിയ പെണ്‍കുട്ടി.
ഇതുവരെ ടെസ്റ്റുകളൊന്നും ചെയ്തില്ലെന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍ അമ്പരന്നു. അവിടം മുതല്‍ തുടങ്ങുകയായിരുന്നു ഡോക്ടറുമായുള്ള എന്റെ ബന്ധം. എപ്പോഴും കോഴിക്കോട് വരെ പോകാനാവാത്തതിനാല്‍ ഇടയ്ക്കിടയ്ക്കുള്ള എന്റെ സംശയങ്ങള്‍ക്ക് വാട്‌സാപ്പില്‍ ഡോക്ടറുടെ മറുപടിയെത്തി. കോവിഡ് ബാധിച്ച് കിടപ്പായപ്പോഴും ഡോക്ടര്‍ തന്ന ധൈര്യം വലുതാണ്. ഒരു കാര്യങ്ങളും ഊതിപ്പെരുപ്പിച്ച് പേടിപ്പിക്കുന്ന സ്വഭാവം ബാല ഡോക്ടര്‍ക്കില്ല. ഭാരം കുറയുന്നതിനും ഭക്ഷണം ശരിക്കു കഴിക്കാത്തതിനും ഉപദേശങ്ങളായും ശകാരങ്ങളായും ഭീക്ഷണിയായുമൊക്കെ ഡോക്ടര്‍ കൂടെ നിന്നു. എന്നാല്‍ ഒരിക്കലും അതൊരു കാരണവര്‍ മട്ടായിരുന്നുമില്ല. കൂടെ നില്‍ക്കാന്‍ ആരുമില്ലാത്തവര്‍ക്ക് ആശ്രയം പോലെ.
ഒരിക്കലും ഡോക്ടര്‍ എന്നെ ടെന്‍ഷനടിപ്പിച്ചിട്ടില്ല എന്നതാണ് മറക്കാനാവാത്ത ഒരു കാര്യം. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരും കൂടെയില്ലെന്നറിഞ്ഞ് തന്നെ എന്നെ സ്വയം നോക്കാന്‍ പഠിപ്പിക്കുകയായിരുന്നു അവര്‍. കാല് നീര് വച്ചാല്‍ കാല് അധിക നേരം തൂക്കിയിട്ട് ഇരിക്കരുതെന്നാവും ഡോക്ടര്‍ പറയുക. വയറിലെയും കൈകാലിലെയും ചര്‍മത്തിലെ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും വാസ്‌ലിന്‍ പുരട്ടാനാണ് പറഞ്ഞത്. നടുവേദനയക്ക് സ്വയം പുരട്ടാന്‍ റോള്‍ ഓണ്‍ തന്നു... വലിയ വലിയ കാര്യങ്ങളൊന്നും പറഞ്ഞു പേടിപ്പിച്ചില്ല. ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഇതൊരു സാധാരണ കാര്യമാണ്, പേടിക്കേണ്ട, സൂക്ഷിച്ചാല്‍ മതിയെന്ന് പറയാതെ പറയുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ചുറ്റിയ അവസ്ഥയിലായിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍ ഒരിക്കലും ഇത് സിസേറിയനാകുമെന്നോ റിസ്‌ക് ആകുമെന്നോ ഒന്നും പറഞ്ഞതേയില്ല. നമുക്ക് നോക്കാം, ടെന്‍ഷനൊന്നും വേണ്ട, കുഞ്ഞിന്റെ അനക്കമൊക്കെ കൃത്യമായി നോക്കൂ എന്നുമാത്രം നിര്‍ദേശിച്ചു.
ഒടുവില്‍ ആ ദിനമെത്തി. മെയ് എട്ട്. ഒരു മാതൃദിനമായിരുന്നു. ആശുപത്രിയിലെ മാലാഖമാരുടെ നേതൃത്വത്തില്‍ ഡോക്ടര്‍വരുന്നതിന് മുമ്പ് ഞാനങ്ങ് പ്രസവിച്ചു. ശുഭം. ഡോക്ടര്‍ ഓടിപ്പിടിച്ച് എത്തിയപ്പോഴേക്കും പ്രസവം കഴിഞ്ഞു. നീ എന്താ കാത്തിരിക്കാഞ്ഞതെന്നൊരു പരിഭവത്തോടെ ഒരു കെട്ട് ചെത്തിപ്പൂക്കുലകള്‍ കൊണ്ടൊരു ചെണ്ട് ഡോക്ടര്‍ നീട്ടി. അപ്പോള്‍ പറിച്ചുകെട്ടിയതാണെന്ന് അതിലെ വെള്ളത്തുള്ളികള്‍ പറഞ്ഞു. ഹാപ്പി മദേഴസ് ഡേ, അവരെന്നെ ചേര്‍ത്തു പിടിച്ചു. സ്റ്റിച്ചിടുമ്പോള്‍ ഡോക്ടര്‍ പഴയ മലയാളം മെലഡിപാട്ടുകള്‍ പാടി. നിനക്കേതു പാട്ടാണ് ഇഷ്ടമെന്ന് ചോദിച്ചു. പുതിയ പാട്ടുകളെന്ന് ഞാന്‍ മറുപടി പറഞ്ഞു. പഴയപാട്ടുകളാണ് സാന്ത്വനിപ്പിക്കുക എന്ന് അറിഞ്ഞപോലെ ഡോക്ടര്‍ തന്റെ മൂളിപ്പാട്ടുകള്‍ തുടര്‍ന്നു, മനോഹരമായ ശബദമായിരുന്നു അത്. ഇതിനിടയില്‍ നിര്‍ദേശങ്ങളുണ്ട്. അവള്‍ക്ക് കാപ്പി കൊടുക്കൂ, പുറത്ത് ഇറക്കി കുളിപ്പിച്ചാല്‍ ഭക്ഷണം കഴിപ്പിക്കണം.. അങ്ങനെയങ്ങനെ... പിന്നെ പാട്ടുകളും.
എന്റെ സ്വന്തം ഡോക്ടര്‍... അങ്ങനെയൊക്കെ ഒരു ഡോക്ടറിനെ പറ്റി പറയാനാകുമോ. പറയാനാകും എന്നാണ് ഈ അനുഭവം. ആശുപത്രിയില്‍ നിന്ന് തിരിച്ച് വീട്ടിലെത്തി പോസ്റ്റ്പാര്‍ട്ടം ബ്ലൂസില്‍ മുങ്ങിമരിക്കുമ്പോള്‍ ആദ്യം കൈനീട്ടിയത് ഡോക്ടറാണ്. നീ മിടുക്കിയാണ് ധൈര്യശാലിയാണ് എന്ന് പറഞ്ഞവര്‍ എന്നെ ചേര്‍ത്തുപിടിച്ചു. ഒരു വര്‍ഷം പിന്നിട്ട് മോളുടെ ഒന്നാം പിറന്നാളും കഴിഞ്ഞ് ഞങ്ങളിങ്ങനെ ചിരിച്ചു സന്തോഷിച്ച് ഈ ലോകത്തെ നോക്കിയിരിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ ബാല ഡോക്ടറുണ്ട്..
Content Highlights: a memory with doctor bala guhan