'രണ്ട് മാസത്തിനുള്ളില്‍ വഞ്ചിച്ചാല്‍ ആരാണ് ബന്ധം തുടരുക, ചിലര്‍ ഇപ്പോഴും ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കുന്നു'

ചാഹൽ ധനശ്രീയോടൊപ്പം (AFP), ചാഹൽ (Instagram)
ചാഹൽ ധനശ്രീയോടൊപ്പം (AFP), ചാഹൽ (Instagram)

തന്റെ മുന്‍ ഭാര്യ ധനശ്രീ വര്‍മ്മയെ ചുറ്റിപ്പറ്റിയുള്ള തുടര്‍ച്ചയായ അഭ്യൂഹങ്ങളിലും അവരുടെ വേര്‍പിരിയലിനെ തുടര്‍ന്നുണ്ടായ കിംവദന്തികളിലും മൗനം വെടിഞ്ഞ് ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍. 'റൈസ് ആന്‍ഡ് ഫാള്‍' എന്ന ഷോയിലെ മത്സരാര്‍ത്ഥിയായ ധനശ്രീ, കുബ്ര സെയ്തുമായുള്ള സംഭാഷണത്തിനിടെ, വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ചാഹല്‍ തന്നെ വഞ്ചിച്ചുവെന്ന് പറഞ്ഞിരുന്നു. ഈ ആരോപണത്തോട് ഒടുവില്‍ പ്രതികരിക്കുകയാണ് താരം.

ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ ചാഹല്‍, ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്ന് വിശേഷിപ്പിച്ചു. ജീവിതത്തിലെ ഈ ഘട്ടത്തില്‍ നിന്ന് താന്‍ മൂവ് ഓണ്‍ ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കി. വെറും രണ്ട് മാസത്തിനുള്ളില്‍ ആരെങ്കിലും വഞ്ചിച്ചാല്‍, ആ ബന്ധം ഇത്രയും കാലം നിലനില്‍ക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

'ഞാന്‍ ഒരു കായികതാരമാണ്, ഞാന്‍ വഞ്ചിക്കാറില്ല. എനിക്ക് ഈ അധ്യായം കഴിഞ്ഞു. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോയി, മറ്റുള്ളവരും അങ്ങനെ ചെയ്യണം. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാലര വര്‍ഷമായി. രണ്ട് മാസത്തിനുള്ളില്‍ വഞ്ചന നടന്നിരുന്നെങ്കില്‍ ആരാണ് ഇത് തുടരുക? എന്റെ പഴയ ജീവിതം കഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞല്ലോ. എന്നാല്‍ ചിലര്‍ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്.' ചാഹല്‍ പറഞ്ഞു.

തന്റെ ഭൂതകാലത്തെക്കുറിച്ച് ഇത് അവസാനത്തെ തവണയാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഈ അധ്യായം മറന്നു. ആരെങ്കിലും എന്തെങ്കിലും പറയുന്നു, അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. നൂറുകണക്കിന് കാര്യങ്ങളാണ് പ്രചരിക്കുന്നത്. പക്ഷേ സത്യം ഒന്ന് മാത്രമാണ്, പ്രാധാന്യമുള്ളവര്‍ക്ക് അത് അറിയാം. ഇനി എനിക്ക് അത് അഭിസംബോധന ചെയ്യാന്‍ താല്‍പ്പര്യമില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മുന്‍ഗണന തന്റെ വ്യക്തിപരമായ വളര്‍ച്ചയും കരിയറുമാണെന്നും ചാഹല്‍ ഊന്നിപ്പറഞ്ഞു. 2020 ഡിസംബറില്‍ കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് ചഹല്‍ അവരുടെ ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസുകളില്‍ ചേര്‍ന്നപ്പോഴാണ് ചഹലും ധനശ്രീയും പരിചയപ്പെട്ട് വിവാഹിതരായത്. 2024 ഫെബ്രുവരിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ദമ്പതികള്‍ ഈ വര്‍ഷം ആദ്യം നിയമപരമായി വേര്‍പിരിഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: indian cricketer yuzvendra chahal breaks silence on his separation from ex-wife dhanashree verma, refuting cheating allegations and stating he has moved on.