ലെക്‌സസ് എൽഎക്‌സ് മുതൽ റേഞ്ച് റോവർ വരെ, കെ.ജി.എഫ് താരം യഷിന്റെ വാഹനശേഖരം

യഷ് (X, Instagram)
യഷ് (X, Instagram)

കെ.ജി.എഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ലോകമെമ്പാടും പ്രശസ്തനായ നടൻ യഷ് ഇന്ന് തന്റെ 40-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ ജീവിതത്തോടൊപ്പം തന്നെ, ആഡംബര വാഹനങ്ങളുടെ ആകർഷകമായ ഒരു ശേഖരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുത്ത ലെക്‌സസ് എൽഎക്‌സ്, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി തുടങ്ങി നിരവധി അത്യാധുനിക മോഡൽ വണ്ടികൾ അദ്ദേഹത്തിന്റെ ഗാരേജിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

യഷിന്റെ പക്കലുള്ള പ്രധാന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ലെക്‌സസ് എൽഎക്‌സ്: ഏകദേശം 2.82 കോടി രൂപ വിലവരുന്ന ഈ ഫുൾ സൈസ് ലക്ഷ്വറി എസ്യുവി, കരുത്തുറ്റ നിർമ്മാണശൈലിക്കും മികച്ച എഞ്ചിനും സുഖകരമായ ഇന്റീരിയറിനും പേരുകേട്ടതാണ്. ദീർഘദൂര യാത്രകൾക്കും റഫ് റോഡുകൾക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി : യഷിന്റെ ശേഖരത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനമാണിത്. ഏകദേശം 4.38 കോടി രൂപയാണ് ഇതിന്റെ വില. അത്യാധുനിക സാങ്കേതികവിദ്യയും കരുത്തുറ്റ ഡ്രൈവ്‌ട്രെയിനും ഒത്തുചേരുന്ന ഈ മോഡൽ റേഞ്ച് റോവർ ശ്രേണിയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ്.

മെഴ്സിഡസ് ബെൻസ് എസ്യുവികൾ: യഷിന് രണ്ട് മെഴ്സിഡസ് ബെൻസ് മോഡലുകൾ കൂടിയുണ്ട്. 72 ലക്ഷം രൂപ വിലവരുന്ന GLC 250d, 78 ലക്ഷം രൂപ വിലയുള്ള GLC 350d എന്നിവയാണവ. സിറ്റി ഡ്രൈവിങ്ങിനും ഹൈവേ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ പ്രകടനവും സൗകര്യവും ഇവ വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട വെൽഫയർ : ഏകദേശം 1.22 കോടി രൂപ വിലവരുന്ന ഈ ആഡംബര എംപിവി (MPV) സ്‌പേഷ്യസ്സും യാത്രാസൗകര്യത്തിനുമാണ് മുൻഗണന നൽകുന്നത്. മികച്ച സീറ്റിങ്ങും ക്യാബിനും ഇതിന്റെ പ്രത്യേകതയാണ്.

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്‌സിക്'. ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരും ചിത്രത്തിൽ വേഷമിടും. ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore K.G.F star Yash`s impressive collection of luxury cars, including the Lexus LX and Range Rover Autobiography. See his amazing vehicle fleet!