വിംബിൾഡണിനെ ഫാഷൻ ഷോയാക്കുന്നു, താരങ്ങൾക്ക് കളിയിൽ സീറോ ഇന്ററസ്റ്റ്-സോഫി ചൗധരി

സോഫി ചൗധരി | ANI
സോഫി ചൗധരി | ANI

പ്രിയങ്ക ചോപ്ര, സോനം കപൂർ, ജാൻവി കപൂർ, ഉർവശി റൗട്ടേല, ജാക്വിലിൻ ഫെർണാണ്ടസ്, നീന ഗുപ്ത, അവ്നീത് കൗർ, അനുഷ്ക ശർമ്മ.. ഇത്തവണ വിംബിൾഡൺ ടെന്നിസ് കാണാനെത്തിയവരിൽ ബോളിവുഡ് താരങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാട്ടുകാരി സോഫി ചൗധരി. ഈ കായികമത്സരത്തെ 'അടുത്ത കാൻ' ആക്കി മാറ്റരുതെന്നാണ് സോഫി പറഞ്ഞത്. ബ്രിട്ടിഷ് പാട്ടുകാരിയാണ് സോഫി ചൗധരി, ബോളിവുഡ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
“ദൈവമേ. ദയവായി വിംബിൾഡണിനെ അടുത്ത കാൻ ആകാൻ അനുവദിക്കരുത്. ഞാൻ 30 വർഷത്തിലേറെയായി കടുത്ത ടെന്നീസ് ആരാധികയാണ്. ഇഷ്ടതാരങ്ങളായ സാംപ്രാസ്, അഗാസി, നദാൽ, ഇപ്പോഴത്തെ അൽകാരസ് എന്നിവർക്ക് വേണ്ടി സന്തോഷവും സങ്കടവും കൊണ്ട് അക്ഷരാർഥത്തിൽ ഞാൻ കണ്ണീരൊഴുക്കിയിട്ടുണ്ട്. പഠിക്കുന്നതിനിടയിൽ മത്സരങ്ങൾ കാണാനായി ഞാൻ സമയം കണ്ടെത്തിയിരുന്നു. എല്ലാം ഒരു ഇൻസ്റ്റാ പോസ്റ്റിന് വേണ്ടിയാകുന്നതിന് മുൻപ്, ഇതിഹാസതാരം മാർട്ടിന നവരത്തിലോവയുടെ അവസാന വിംബിൾഡൺ ഫൈനൽ ഉൾപ്പെടെയുള്ള  മത്സരങ്ങൾ കാണാൻ എനിക്ക് ഭാഗ്യമുണ്ടായി."-തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സോഫിയെഴുതി.

ഇക്കൊല്ലം ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും മറ്റുള്ളവരെ കാണിക്കാൻവേണ്ടി മാത്രം വിംബിൾഡണിൽ പോകുന്നുവെന്ന് സോഫി വിമർശിച്ചു. ചിലർക്ക് ടെന്നിസ് ആത്മാർഥമായി ഇഷ്ടമാണെന്ന കാര്യം ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ പലരും സോഷ്യൽ മീഡിയയിൽ പോസ് ചെയ്യാൻ വേണ്ടി മാത്രമാണ് അവിടെ പോകുന്നത്. അവർക്ക് കളിയെക്കുറിച്ചോ കളിക്കുന്നവരെക്കുറിച്ചോ ധാരണയോ താൽപര്യമോ ഇല്ല. അത് വളരെ മോശമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ ടൂർണമെൻ്റുകളിലൊന്നിനെ ദയവായി നശിപ്പിക്കരുതെന്നും അവർ പറഞ്ഞു.

വിംബിൾഡണിലെ 'ദേശിവൽക്കരണ'ത്തെക്കുറിച്ച് 'ഡയറ്റ് സബ്യ' ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനോട് നടി സോനം കപൂർ പ്രതികരിച്ചു. 'എല്ലായിടത്തും ഇന്ത്യക്കാർ, നല്ലതല്ലേ?' എന്നായിരുന്നു സോനത്തിന്റെ ചോദ്യം. മിലിന്ദ് സോമൻ, പ്രീതി സിൻ്റ, ഫർഹാൻ അക്തർ, ജാവേദ് അക്തർ, ഷിബാനി ദണ്ഡേക്കർ, മസാബ ഗുപ്ത തുടങ്ങിയവരും വിംബിൾഡണിൽ എത്തിയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi