ഒന്നര കോടി രൂപയുടെ കാർ അദ്ദേഹം വേണ്ടെന്നുവെച്ചു, പകരം കർഷകർക്ക് 15,000 രൂപ വീതം നൽകി

മഹാരാഷ്ട്രയിലാണ് വിശ്വനാഥ് പടേക്കർ എന്ന നാനാ പടേക്കറിന്റെ (Nana Patekar) ജനനം. സ്മിതാ പാട്ടീൽ നായികയായ 'ഗമൻ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. എങ്കിലും അതിനുശേഷം അദ്ദേഹത്തിന്റെ കരിയറിൽ കാര്യമായ ഉയർച്ചയൊന്നുമുണ്ടായില്ല. മറാത്തിസിനിമയിൽ കുറേ ചെറിയ വേഷങ്ങൾ ചെയ്തു.
'സലാം ബോംബെ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം നന്നായി ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നാനയുടെ കരിയറിൽ വഴിത്തിരിവാകുന്നത് 'പരിന്ദ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ്. അതിന് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
അവിടുന്നങ്ങോട്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തു. അഗ്നിസാക്ഷി, തിരംഗ, ക്രാന്തിവീർ, അഭയ്, ഹം ദോനോ, ഖാമോഷി, വജൂദ്, യുഗ്പുരുഷ് ഇങ്ങനെ എത്രയെത്ര സിനിമകൾ. ആമസോൺ എം.എക്‌സ് പ്ലെയറിൽ സംപ്രേഷണം ചെയ്യുന്ന 'സങ്കൽപ്' എന്ന ടെലിവിഷൻ സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരത്തിന്റെ വിടവാങ്ങൽ.
അവസാനകാലത്ത് കോടികളായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. അതിനുപിന്നിൽ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും കഥകളുണ്ട്. സിനിമാമേഖലയിൽ യാതൊരു മുൻപരിചയമോ ബന്ധങ്ങളോ ഇല്ലാതിരുന്ന അദ്ദേഹം, സ്വന്തം കഴിവുകൊണ്ടാണ് ഉയർന്നുവന്നത്. ചെറുപ്പകാലത്തും സാമ്പത്തികപ്രശ്‌നങ്ങൾ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
പിതാവിന് സ്വത്തുക്കൾ നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം വന്നു. വിശപ്പിന്റെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും അനുഭവങ്ങളാണ് അദ്ദേഹത്തെ അക്കാലത്ത് കാത്തിരുന്നത്. ജീവിക്കാൻവേണ്ടി പല പണികളും ചെയ്തു. 11 വയസ്സുള്ളപ്പോൾ മുതൽ പല ജോലികളും ചെയ്തുതുടങ്ങി. ആദ്യം ഒരു ക്വാറിയിൽ ജോലി ചെയ്തതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സിനിമാ പോസ്റ്ററുകൾ വരച്ച് പണം സമ്പാദിക്കാൻ തുടങ്ങി. കിലോമീറ്ററുകളോളം നടന്നുപോയി സിനിമാപോസ്റ്ററുകൾ വരച്ചിരുന്ന കാര്യം അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. എട്ടുകിലോമീറ്റർ ദൂരമായിരുന്നു നടന്നുപോയത്. അന്ന് പ്രതിമാസം 35 രൂപയും ദിവസവും ഒരു നേരത്തെ ഭക്ഷണത്തിനും വേണ്ടിയായിരുന്നു അതുചെയ്തത്.
സീബ്രാ ക്രോസിങ്ങുകൾ പെയിന്റ് ചെയ്തും ജീവിക്കാനുള്ള വക കണ്ടെത്തിയെന്ന് ഒരിക്കൽ നാന പറഞ്ഞിട്ടുണ്ട്. ''ഞങ്ങൾ സീബ്രാ ക്രോസിംഗുകൾ വരയ്ക്കുകയും 15 രൂപ സമ്പാദിക്കുകയും ചെയ്തു. പണത്തിനായി യാചിക്കേണ്ടി വരുന്നില്ലല്ലോ. അതുനൽകിയ സന്തോഷം വലുതായിരുന്നു. എന്റെ വഴിയിൽ വന്ന ഏത് ജോലിയും ഞാൻ ഏറ്റെടുത്തു''.
എന്നാൽ, അവസാനകാലത്ത് മൂന്നുകോടി വരെയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. പണമുണ്ടായപ്പോഴും അത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി മാറ്റിവെക്കാനും അദ്ദേഹം മറന്നില്ല.
തിരക്കഥാകൃത്ത് രൺബീർ പുഷ്പ് ഒരിക്കൽ നാനയെ കുറിച്ച് പറഞ്ഞതിങ്ങനെ, ''ഒരിക്കൽ വാർത്തകൾ കാണുന്നതിനിടെ, നിരവധി കർഷകർ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് അവരുടെ കുടുംബങ്ങൾ ദുഃഖിക്കുന്നത് അദ്ദേഹം കണ്ടു. പിറ്റേന്ന് 1.5 കോടി രൂപ വിലയുള്ള ഒരു കാർ വാങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അതിനുപകരം, തന്റെ കലാകാരനായ സുഹൃത്തിനെ വിളിച്ച് 15,000 രൂപയുടെ ചെക്കുകൾ തയ്യാറാക്കി കർഷകരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ കണ്ണുനീർ തുടയ്ക്കുന്ന ഒരാൾക്ക് ഒരിക്കലും മറ്റൊരാളെ ദ്രോഹിക്കാൻ കഴിയില്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nana Patekar's rise from extreme poverty and hardship to a successful Bollywood actor. Worked various jobs from age 11, including painting cinema posters and zebra crossings. Declined a luxury car worth 1.5 crore rupees to financial aid distressed farmers' families.