തൊഴിലിടങ്ങളില്‍ നിന്ന് പുറത്താകുന്ന അമ്മമാര്‍; കുഞ്ഞുപിറക്കുന്നത് ഒരു ശിക്ഷയോ?

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

അമ്മയാകുന്നതോടെ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകള്‍ 73 ശതമാനം, മുപ്പത് വയസ്സിന് മുമ്പ് തന്നെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരിയറും സ്വപ്‌നങ്ങളും വേണ്ടെന്ന് വയ്ക്കുന്നവര്‍ 50 ശതമാനം, തിരിച്ചു ജോലിയിലേക്ക് വരുന്നവര്‍ 27 ശതമാനം, വീടും കുഞ്ഞുകുട്ടി പരാധീനതകള്‍ക്കിടയിലും ജോലിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്നവര്‍ 16 ശതമാനം.... ഇന്ത്യയിലെ തൊഴിലിടങ്ങളിലെ അമ്മമാരുടെ കണക്കുകളാണിത്. അശോകാ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണിവ. സ്ത്രീയുടെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിര്‍ണയിക്കുന്നത് ആരാണ്? അമ്മയാവുക എന്നത് വളരെ വലിയൊരു ദൗത്യമായാണ് ഇന്നും നമ്മുടെ സമൂഹം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അമ്മ വാഴ്ത്തലുകളില്‍ വീണുപോകുന്നവരാണ് സ്ത്രീകള്‍ പലരും. പക്ഷേ ആ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്വപ്‌നങ്ങളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും എന്തിനേറെ സ്വാതന്ത്ര്യങ്ങളില്‍ നിന്നുപോലും പടിയിറങ്ങേണ്ടി വരുന്ന സ്ത്രീകള്‍ നമുക്കുചുറ്റും ഏറെയുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

അശോക യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്ക് ഡേറ്റ നടത്തിയ മറ്റൊരു പഠനം ഇന്ത്യയിലെ കോര്‍പ്പറേറ്റീവ് മേഖലയിലെ സ്ത്രീപുരുഷ അസമത്വത്തെ വെളിച്ചത്ത് കൊണ്ടുവരുന്നതാണ്. ജീവിതവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പെടാപ്പാട് 34 ശതമാനം സ്ത്രീകളെയും വലയ്ക്കുമ്പോള്‍ വെറും നാല് ശതമാനം പുരുഷന്മാര്‍ക്ക് മാത്രമാണ് അത്തരമൊന്ന് നേരിടേണ്ടി വരുന്നത്.  ഇന്ത്യയിലെമ്പാടുമുള്ള 200 ഓളം എച്ച്.ആര്‍ പ്രൊഫഷണലുകളെയാണ് ഈ സര്‍വേയ്ക്കായി സമീപിച്ചത്. ഇന്ത്യയിലെ 37 ശതമാനം കമ്പനികള്‍ മാത്രമാണ് ഗവണ്‍മെന്റ് നിശ്ചയിച്ച രീതിയിലുള്ള (ആറ് മാസം) പ്രസാവാവധി നല്‍കുന്നത്. എന്നാല്‍ തുടര്‍ന്ന് കുട്ടികളെ പരിചരിക്കാനും മറ്റുമുള്ള പ്ലേസ്‌ക്കൂള്‍, ക്രഷ് പോലുള്ള സംവിധാനങ്ങള്‍ 17 ശതമാനം സ്ഥാപനങ്ങളില്‍ മാത്രമാണ് ഉള്ളത്. 

പഠനത്തിലെ രസരമായ കാര്യം ഇതൊന്നുമല്ല. ജോലിക്കുവേണ്ടി അപേക്ഷിക്കുന്ന സത്രീകളുടെ മാരിറ്റല്‍ സ്റ്റാറ്റസ് പരിശോധിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത് 37 ശതമാനം എച്ച്.ആര്‍ മാനേജര്‍മാരാണ്. അതായത് വിവാഹിതയും കുഞ്ഞുമുണ്ടെങ്കില്‍ നോ ജോബ് എന്ന് ചുരുക്കം. മാനേജര്‍ പോസ്റ്റുകളിലേക്ക് പരിഗണിക്കപ്പെടുന്ന സ്ത്രീകളും അവിവാഹിതരായിരിക്കണം എന്ന നിബന്ധന 43 ശതമാനം കമ്പനികളും ആവശ്യപ്പെടുന്നതായും പഠനം കണ്ടെത്തി. കുട്ടികളുണ്ടാവുന്നത് സ്ത്രീകളുടെ തൊഴിലെടുക്കാനുള്ള കഴിവിനെ ബാധിക്കുമെന്നാണ് അവരുടെയെല്ലാം ന്യായവാദം. 

ഇന്ത്യയിലെ 15 മുതല്‍ 64 വയസ്സുവരെ പ്രായമുള്ള സത്രീകളില്‍ 63 ശതമാനത്തോളം പേരും ശമ്പളം ലഭിക്കുന്ന തരത്തിലുള്ള ഒരു ജോലിയുടെയും ഭാഗമല്ല. വീട്ടുജോലിയും അമ്മ ഉത്തരവാദിത്തവും സൗജന്യസേവനങ്ങളാണല്ലോ. 

'ഓവര്‍ ക്വാളിഫൈഡ് ഹൗസ്‌വൈഫ്‌സ്' എന്ന പ്രതിഭാസം നമുക്കുചുറ്റും കൂടിവരികയാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും മത്സരപ്പരീക്ഷകളിലും മുന്നിലെത്തുന്ന പെണ്‍കുട്ടികള്‍ ഏറെയുണ്ടായിട്ടും പിന്നീടങ്ങോട്ട് നല്ല ജോലികളിലും ഉയര്‍ന്ന സ്ഥാനങ്ങളിലും അവരുടെ എണ്ണം കുറഞ്ഞുവരുന്നത് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമാണ്. വിവാഹത്തോടെ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളേക്കാള്‍ കൂടുതലാണ് കുഞ്ഞുങ്ങള്‍ പിറക്കുന്നതോടെ തൊഴിലിടങ്ങളോട് വിടപറയുന്നവര്‍. 

സ്ത്രീ ജീവനക്കാര്‍ക്ക് 180 ദിവസം നീളുന്ന പ്രസവാവധിക്കൊപ്പം രണ്ട് വര്‍ഷം ചൈല്‍ഡ്‌കെയര്‍ ലീവ് കൂടി നല്‍കുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് ഈ അടുത്ത് സുപ്രീകോടതി ഒരു വിധിന്യായത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നത് ഔദാര്യമല്ലെന്നും അതവരുടെ അവകാശമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. പ്രസാവവധിപോലുള്ളവ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതിന് ഇത്തരം നടപടികള്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആറ് മാസം ലീവ് നല്‍കണമെന്ന നിയമം തന്നെ സ്ത്രീകളുടെ തൊഴില്‍ ഇല്ലാതാക്കുന്ന നാട്ടില്‍ ഇതൊക്കെ നടപ്പാകുമോ എന്ന് കണ്ടറിയേണ്ടി വരും. പ്രസാവവധി നല്‍കേണ്ടി വരുന്നതുകൊണ്ട് വിവാഹിതരായ സ്ത്രീകളെ ജോലിക്കു വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളുണ്ട്.  മെറ്റേണിറ്റി ലീവില്‍ ശമ്പളം നല്‍കണമെന്ന നിയമമൊന്നും പലകമ്പനികളും പാലിക്കാറില്ല. 30 ശതമാനത്തോളം കമ്പനികളും ശമ്പളമില്ലാത്ത പ്രസവാവധിയാണ് നല്‍കുന്നത്.

' പുരുഷന്മാര്‍ നല്ല ശമ്പളം, തൊഴിലില്‍ ഉയരാനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം നോക്കി ജോലികള്‍ മാറുകയും ജോലി ഉപേക്ഷിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ കുഞ്ഞിനെ നോക്കണമെന്ന ഒറ്റക്കാരണം കൊണ്ടാണ് സ്ത്രീകള്‍ ജോലി ഉപേക്ഷിക്കുന്നത്. എന്നാല്‍ തിരിച്ച് നല്ലൊരു ജോലിയിലേക്കോ സ്ഥാനത്തേക്കോ തിരിച്ചുവരാന്‍ പറ്റുന്നവര്‍ അവരില്‍ ചുരുക്കമാണ്. സ്വപ്‌നങ്ങള്‍ തന്നെ ഉപേക്ഷിച്ചാണ് അവരില്‍ പലരും പടിയിറങ്ങുന്നത്. ' കരിയറില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന സത്രീകള്‍ക്കുവേണ്ടി Jobs4Her എന്ന സ്ഥാപനം നടത്തുന്ന നേഹ ബഗാരിയ ബിസിനസ് ടുഡേക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 

2021 ല്‍ വേള്‍ഡ് ബാങ്ക് നടത്തിയ പഠനം ഇന്ത്യയിലെ അഞ്ച്് സ്ത്രീകളെ എടുത്താല്‍ അവരില്‍ ഒരാള്‍പോലും ഫോര്‍മല്‍ ജോബ്‌സ് അതായത് ശമ്പളം വാങ്ങുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരില്ല എന്നാണ് കണ്ടെത്തി. എന്നാല്‍ വീട്ടുജോലികള്‍, കാര്‍ഷകമേഖല തുടങ്ങിയ അസംഘടിത മേഖലയില്‍ ധാരാളം സ്ത്ീകളുണ്ട് താനും. 

her zindag എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ മൂന്ന് അമ്മമാര്‍ തങ്ങളുടെ പ്രസവാവധിക്കു ശേഷമുള്ള തൊഴിലിടത്തെ അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞത് ഇങ്ങനെയാണ്. ' കുഞ്ഞിനെ വീട്ടില്‍ ആയയുടെ അടുത്താക്കിയാണ് ജോലിക്കെത്തിയത്. എനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മദര്‍ഗില്‍റ്റ് നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. എന്തോ തെറ്റ് ചെയ്യുന്നതുപോലെയാണ് കുഞ്ഞിനെ വീട്ടില്‍ ഒറ്റയ്ക്കാക്കി വരുമ്പോള്‍ തോന്നിയിരുന്നത്. വീട്ടിലും പരിചയത്തിലും ഉള്ള ഏറ്റവും അടുത്ത ആളുകള്‍പോലും കുഞ്ഞിനെ വിട്ട് ജോലിക്കുപോകുന്നതിനെ കുറ്റപ്പെടുത്തിയിരുന്നു. വിഷാദത്തിലേക്ക് വീണുപോകുമോ എന്നു പോലും പലപ്പോഴും തോന്നിയിരുന്നു. ' 

' ജോലിയില്‍ പഴയതുപോലെ പെര്‍ഫോംചെയ്യാന്‍ പറ്റിയിരുന്നില്ല. വേഗത കുറഞ്ഞതുപോലെ, കാര്യങ്ങള്‍ മനസ്സിലാക്കാനും മറ്റും ധാരാളം സമയം വേണമായിരുന്നു. ചുറ്റുനിന്നും ധാരാളം കുറ്റപ്പെടുത്തലുകള്‍ കേട്ടു. ആ വര്‍ഷം പ്രമോഷന്‍ ലിസ്റ്റിലോ സാലറി ഹൈക്കിനായുള്ള പരിഗണനയിലോ എന്റെ പേര് ഉണ്ടായിരുന്നില്ല.'

' ഞാനൊരു വെക്കേഷന്‍ കഴിഞ്ഞു വന്നതുപോലെയാണ് പലരും എന്നോട് ഓഫീസില്‍ പെരുമാറിയത്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കായി പലപ്പോഴും ലീവും മറ്റും ആവശ്യപ്പെടുമ്പോള്‍ സ്ത്രീയായിരുന്നിട്ടു കൂടി എന്റെ ബോസ് എന്നോട് ദേഷ്യപ്പെട്ടിരുന്നു. കുട്ടികളുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നത് കമ്പനിക്ക് നഷ്ടമാണെന്ന് അവര്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നു.' 

വിദ്യാഭ്യാസമുള്ള, നല്ല ജോലിയും ഭാവിയെപ്പറ്റി സ്വപ്‌നങ്ങളുമുള്ള മൂന്ന് സ്ത്രീകളുടെ അനുഭവങ്ങള്‍. അമ്മയാവുക എന്നത് ഒരു ശിക്ഷയായി സ്ത്രീകള്‍ക്ക് മാറാത്ത കാലത്തിന് വേണ്ടി കാത്തിരിക്കാനെ നമ്മുടെ സമൂഹത്തില്‍ ഇനിയും കഴിയൂ. അതെത്രകാലമെന്നത് ഇന്നും അറിയാക്കഥയാണ്. 

Content Highlights: Why motherhood makes Indian women quit their jobs