'അവസാനത്തെ നൃത്തം, അവസാനമായി ഒരിക്കൽ കൂടി'; ജനനായകൻ കണ്ട് പ്രതികരിച്ച് തൃഷ

കഴിഞ്ഞദിവസമാണ് 'ജനനായകൻ' (Jana Nayagan) റിലീസായത്. സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തെ തേടിയെത്തുന്നത്. തകർപ്പൻ എന്റർടെയിനർ എന്ന് ഒരു വിഭാഗം പറയുമ്പോൾ, വിജയ് ഇതിലും മികച്ചൊരു യാത്രയയപ്പ് ചിത്രം അർഹിച്ചിരുന്നുവെന്നാണ് മറ്റൊരു പക്ഷം. പക്ഷേ തങ്ങൾക്ക് ആഘോഷിക്കാനുള്ളതെല്ലാം സിനിമയിലുണ്ടെന്നാണ് ആരാധകപക്ഷം. ടൈറ്റിൽകാർഡ് മുതൽ തുടങ്ങുന്നുവത്.
ആരാധകർക്ക് സന്തോഷത്തിനൊപ്പം തന്നെ ആശങ്കയുമുണ്ട്. നേരത്തെ തിരഞ്ഞെടുപ്പുപ്രചരണവേളയിലെല്ലാം ഈ സിനിമയോടെ താൻ അഭിനയരംഗത്തേക്ക് വിടപറയുകയാണെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ദളപതിയുടേതായി ഇനിയൊരു 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' ഉണ്ടാവില്ലെന്നതാണ് അവരിലേറെ പേരെയും വേദനിപ്പിക്കുന്നത്. അവസാനമായി ഒരിക്കൽ കൂടി വിജയ്‌യുടെ നൃത്തവും ആക്ഷനും പ്രണയവുമെല്ലാം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പലരും തിയേറ്ററിലെത്തിയത്. അണിയറപ്രവർത്തകർ സിനിമ റിലീസാവുന്നതിനുമുമ്പ് മാർക്കറ്റിങ് തന്ത്രമാക്കിയതും ഇതുതന്നെ.
താരങ്ങളായ കീർത്തി സുരേഷ്, തൃഷ കൃഷ്ണൻ എന്നിവരും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരുന്നു. തൃഷ സുഹൃത്തുക്കൾക്കൊപ്പമാണ് സിനിമ കാണാനെത്തിയത്. സുഹൃത്തുക്കളിലൊരാളായ പ്രിയ ശ്യാം അതിനുശേഷം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടു. ''one last time. one last dance. the madness that was jananayagan'' എന്നാണ് അവർ കുറിച്ചത്. മൂന്നുപേരും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പ് പങ്കുവെച്ചത്. ഇത് പിന്നീട് തൃഷയും റീഷെയർ ചെയ്തു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരുന്നത്. പക്ഷേ ഏപ്രിലിൽ സിനിമ ഓൺലൈനിൽ ചോർന്നത് തിരിച്ചടിയാകുമോ എന്ന് നിർമാതാക്കൾ ഭയപ്പെട്ടിരുന്നു. പക്ഷേ പ്രതീക്ഷിച്ചത്ര പ്രശ്‌നമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാക്‌നിക് റിപ്പോർട്ടുകൾ പ്രകാരം ആദ്യദിവസത്തെ കളക്ഷൻ 78.27 കോടി രൂപയാണ്.
മറ്റൊരു ചരിത്രനേട്ടവും ചിത്രത്തെ തേടിയെത്തി. ആദ്യപ്രദർശനം തുടങ്ങുന്നതിനുമുമ്പ് തന്നെ ബുക്ക് മൈ ഷോയിൽ 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇതൊരു അപൂർവനേട്ടമായി മാറി. അതോടെ ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമിൽ 10 ലക്ഷം പ്രീ-സെയിൽസ് എന്ന നാഴികക്കല്ല് പിന്നിടുന്ന വിജയ്‌യുടെ തുടർച്ചയായ മൂന്നാമത്തെ ചിത്രമായി 'ജനനായകൻ' മാറി; 'വാരിസു', 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) എന്നിവയാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jana Nayagan marks Thalapathy Vijay's final film before his political career. The film achieved a massive 78.27 crore opening day collection., Trisha Krishnan shared an emotional tribute, calling it 'one last dance'.