സോഫ്റ്റ് സേവിങ്‌സ്: ഭാവി മാത്രം പോരാ, വർത്തമാനകാല സന്തോഷങ്ങളും പ്രധാനം!

'ഇന്ന് വിയർപ്പൊഴുക്കി പണിയെടുത്താൽ നാളെ വിശ്രമ ജീവിതം നയിക്കാം', 'വയസ്സുകാലത്തേക്ക് വേണ്ടി ഇപ്പോഴേ വയറു മുറുക്കിയുടുക്കുക' സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം.... തലമുറകളായി നമ്മൾ കേട്ടുപഴകിയ സാമ്പത്തിക ഉപദേശങ്ങളാണിതൊക്കെ. റിട്ടയർമെന്റ് കാലത്തെ സുഖസൗകര്യങ്ങൾക്കായി ഇന്നത്തെ സന്തോഷങ്ങളൊക്കെ മാറ്റിവെച്ച്, ബഡ്ജറ്റിന്റെ കടുപ്പമുള്ള ചട്ടക്കൂടുകളിൽ സ്വന്തം ആഗ്രഹങ്ങളെ തടവിലിട്ടവരാണ് നമ്മുടെ മുൻതലമുറ. എന്നാൽ പുതിയ കാലത്തെ മില്ലേനിയലുകളും ജെൻസി (Gen Z) തലമുറയും ഈ പഴയ ചിന്താഗതിയെ പൂർണ്ണമായി പൊളിച്ചെഴുതുകയാണ്. അവരുടെ ഈ പുതിയ സാമ്പത്തിക തത്ത്വചിന്തയുടെ പേരാണ് 'സോഫ്റ്റ് സേവിങ്‌സ്' (Soft Savings).
എന്താണ് ഈ സോഫ്റ്റ് സേവിങ്സ്? ലളിതമായി പറഞ്ഞാൽ, ഭാവിക്കായി കഠിനമായി പണം ലാഭിക്കുന്നതിന് പകരം, സ്വന്തം മാനസികാരോഗ്യത്തിനും വർത്തമാനകാല ജീവിതാനുഭവങ്ങൾക്കും മുൻഗണന നൽകുന്ന രീതിയാണിത്. 60-ാം വയസ്സിൽ ഒരു വലിയ ബംഗ്ലാവ് പണിയുന്നതിനേക്കാൾ അല്ലെങ്കിൽ ബാങ്ക് ബാലൻസ് കോടികളാക്കുന്നതിനേക്കാൾ, ഇന്നത്തെ ഒരു യാത്രയ്‌ക്കോ, ഇഷ്ടപ്പെട്ട ഒരു കപ്പ് കാപ്പിക്കോ, മാനസികസമാധാനം തരുന്ന ഒരു ഹോബിക്കോ ഇവർ പ്രാധാന്യം നൽകുന്നു. ഇതിനർത്ഥം അവർ പണം മുഴുവൻ ധൂർത്തടിക്കുകയാണെന്നോ ഭാവി പേടിയോടെ കാണുന്നു എന്നോ അല്ല; മറിച്ച്, ഭാവിയിലെ അനിശ്ചിതത്വങ്ങളെക്കാൾ ഇന്നത്തെ സന്തോഷങ്ങൾക്ക് മൂല്യം നൽകുന്നു എന്ന് മാത്രം.