ആത്മഹത്യയും പകരുമോ? എന്താണ് ആളെക്കൊല്ലുന്ന വെർതർ ഇഫക്ട്

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്ന ഒരേ രീതിയിലുള്ള ആത്മഹത്യകളും കൊലപാതകങ്ങളും വാർത്തകളിൽ നിറയുമ്പോൾ, പലപ്പോഴും നമുക്ക് ഇതെന്താ ഇങ്ങനെ എന്ന് തോന്നാറില്ലേ? സമീപകാലത്തായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ഗാർഹികപീഡനങ്ങളും അമ്മയും കുഞ്ഞും ഒന്നിച്ചുള്ള മരണവും എല്ലാം നമ്മെ അങ്ങനെ ചിന്തിപ്പിക്കുന്നു.

ആത്മഹത്യകളും അനുകരണമാണോ എന്നു പോലും തോന്നിപ്പോകും. എന്നാൽ അങ്ങനെയൊന്നുണ്ട്, സെൻസേഷണലിസം പലപ്പോഴും ആത്മഹത്യകളെ ബാധിക്കാറുണ്ട്. അതിനൊരുദാഹരണമാണ് 1774-ൽ പുറത്തിറങ്ങിയ ‘ദി സോറോസ് ഓഫ് യങ് വെർതർ’ എന്ന നോവൽ. ഗൊഥെ എഴുതിയ നോവലാണ് “ദി സോറോസ് ഓഫ് യങ് വെർതർ”.

നോവലിലെ കേന്ദ്ര കഥാപാത്രമായ വെർതർ എന്ന യുവാവിന് ഒരു സ്ത്രീയോടു തോന്നുന്ന പ്രണയം പല കാരണങ്ങൾ കൊണ്ടു വിവാഹത്തിലേക്കെത്തിക്കാൻ കഴിയാതെ വരികയും ആ മനോവിഷമത്തിൽ വെർതർ ആത്മഹത്യ ചെയ്യുന്നതുമാണ് നോവലിന്റെ ഇതിവൃത്തം. നോവൽ പുറത്തിറങ്ങിയ ശേഷം, യൂറോപ്പിനെ മുഴുവൻ ഞെട്ടിക്കുന്ന രീതിയിൽ ആത്മഹത്യകളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. അതും ഈ നോവലും തമ്മിലൊരു ബന്ധമുണ്ടായിരുന്നു.

ചിലർ ആത്മഹത്യചെയ്യുമ്പോൾ വെർതറിനെ പോലെ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതറിന്റെ ആത്മഹത്യയ്ക്ക് സമാനമായി പിസ്റ്റൾ ഉപയോഗിച്ച് ജീവനെടുത്തു. ചിലർ മരണസമയത്ത് ഈ നോവൽ കയ്യിൽ കരുതി. അങ്ങനെ നിരവധി യുവവായനക്കാർ പുസ്തകത്തിലെ നായകനായ വെർതറിനെ അനുകരിച്ചു. ആത്മഹത്യാനിരക്ക് വർധിക്കുന്നതുമൂലം പല രാജ്യങ്ങളിലും ഈ പുസ്തകം നിരോധിച്ചു.

ഈ വിഷയത്തിൽ ഫിലിപ്പ്സ് നടത്തിയ പഠനം ശ്രദ്ധേയമാണ്.
1974-ൽ, അമേരിക്കൻ ശാസ്ത്രജ്ഞനായ ഡേവിഡ് ഫിലിപ്പ്സ്, പതിവായി അരങ്ങേറുന്ന  ആത്മഹത്യപ്രവണതകളെക്കുറിച്ച് പഠനം നടത്തി. ആത്മഹത്യയെക്കുറിച്ചുള്ള അമിതമായ റിപ്പോർട്ടിങ്, ആത്മഹത്യാ നിരക്കിൽ പ്രതിഫലിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. 

ആത്മഹത്യയെക്കുറിച്ച് യുഎസ് പത്രങ്ങളിൽ ഒന്നാം പേജിൽ വാർത്തകളും ലേഖനങ്ങളും ഉള്ള മാസങ്ങളിൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്നും, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളിൽ ആത്മഹത്യ കുറവാണെന്നും പഠനം നിഗമനത്തിലെത്തി. ഈയൊരവസ്ഥയെ ഫിലിപ്പ്സ് വിശേഷിപ്പിച്ചത് “വെർതർ ഇഫക്റ്റ്” എന്നായിരുന്നു.

1987-ൽ, ഗായിക ദലിദയുടെ ആത്മഹത്യയെത്തുടർന്ന്, 45 മുതൽ 59 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളുടെ ആത്മഹത്യകളിൽ ഏകദേശം 25 ശതമാനം വർധനവ് ഉണ്ടായി. മുൻ ഫ്രഞ്ച് പ്രധാനമന്ത്രി പിയറി ബെറെഗോവോയ് (1992), ഗായകൻ കർട്ട് കോബെയ്ൻ (1994) എന്നിവരുടെ മരണശേഷവും ഇത് ആവർത്തിക്കപ്പെട്ടു. 

ഓരോ സംഭവത്തിനും ശേഷമുള്ള ആഴ്ചകളിൽ, ഒരേ പ്രായത്തിലുള്ള, പലപ്പോഴും ഒരേ ലിംഗത്തിലുള്ള, നിരവധി ആളുകൾ അവരുടെ ജീവിതം അവസാനിപ്പിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു. ഇത് സെലിബ്രിറ്റിയുടെ ആത്മഹത്യയും അവരുടെ പ്രവൃത്തിയും സാധാരണക്കാരെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനുളള തെളിവാണ്.

മാത്രമല്ല,തുടരെത്തുടരെയുള്ള ഇത്തരം നെഗറ്റീവ് വാർത്തകൾ ആളുകളിൽ സ്വാധീനം ചെലുത്താനും അത് അവർ അനുകരിക്കാനും സാധ്യത കൂടുതലാണ്. പ്രാദേശികമായ അറിവിലൂടെയോ, ടെലിവിഷൻ പോലുള്ള മാധ്യമങ്ങളിലെ വിവരണങ്ങളിലൂടെയോ ചിത്രീകരണങ്ങളിലൂടെയോ അറിയുന്ന മറ്റൊരു ആത്മഹത്യയെ അനുകരിക്കുന്നതിനെയാണ് കോപ്പിക്യാറ്റ് ആത്മഹത്യ എന്ന് പറയുന്നത്.

ദുർബലരും എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നവരുമായ വ്യക്തികളെ സംബന്ധിച്ച്, ഇത്തരം വാർത്തകൾ ആത്മഹത്യ ചെയ്യാനുള്ള പ്രേരണയാകാം. അതിനാൽ, ആത്മഹത്യയെ ഒരിക്കലും പോസിറ്റീവ് രീതിയിലോ, കഷ്ടപ്പാടിനും നിരാശയ്ക്കുമുള്ള ഒരു പരിഹാരമായോ, ധീരമായ ഒരു പ്രവൃത്തിയായോ അവതരിപ്പിക്കരുതെന്ന് ആത്മഹത്യാ പ്രതിരോധ മേഖലയിലെ വിദഗ്ധർ നിർബന്ധിക്കുന്നു.

(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മോശം സമയങ്ങളിൽ സഹായത്തിനായി മനശാസ്ത്ര വിദഗ്ദരെ ബന്ധപ്പെടുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Explore the Werther Effect, a phenomenon where sensationalized media reports and suicides can lead to copycat incidents.